സ്ത്രീ പോരാട്ടങ്ങളുടെ പേരില്‍ ആഗോള അംഗീകാരം നേടിയെടുത്ത മെയ്ര പെയ്ബിയെന്ന സംഘടന മണിപ്പുര്‍ കലാപത്തില്‍ വഹിച്ച സാമൂഹിക വിരുദ്ധ, മനുഷ്യത്വവിരുദ്ധ പങ്ക് വ്യാപകമായാണ് വിമര്‍ശിക്കപ്പെട്ടത്. ഈ സംഘത്തിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടതാണ് മണിപ്പുര്‍ കലാപം ആളിപ്പടരുന്നതില്‍ സ്ത്രീകള്‍ വഹിച്ച ഭയാത്മക പങ്ക്. അവരെ മുന്നില്‍ നിര്‍ത്തിയാണ് കലാപകാരികള്‍ നിയമസംവിധാനങ്ങളെ നേരിട്ടത്. കലാപം ആളിക്കത്തുന്നതിനിടെ  സ്ത്രീകളെ നിര്‍ത്തുകയായിരുന്നില്ല സ്ത്രീകള്‍ നേരിട്ടുതന്നെ രംഗത്തിറങ്ങുകയായിരുന്നു. തങ്ങളുടെ വിഭാഗത്തിലെ ഒരു സ്ത്രീ ബലാത്സംഗത്തിനിരയായാല്‍ എതിര്‍വിഭാഗത്തിലെ നാലു സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ കലാപകാരികള്‍ക്ക് പിടിച്ചുകൊടുക്കുന്ന വനിതാക്കൂട്ടം വംശീയവൈരത്തിന്റെ അതിഭീകരതയുടെ മുഖമായി മാറി.

To advertise here,

കലാപം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് അതിര്‍ത്തി മേഖലയിലും ഉള്‍നാടുകളിലുമുള്ള അര്‍ധസൈനികരുടെ ക്യാമ്പുകളില്‍ ജവാന്‍മാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മരുന്നും കൊണ്ടുപോകാന്‍ പോലും വാഹനങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സ്ത്രീകളുടെ കൂട്ടം അനുവദിച്ചില്ല. അവര്‍ റോഡ് തടഞ്ഞ് വഴിയില്‍ കുത്തിയിരുന്നു. റോഡില്‍ കാണുന്ന കുറച്ചുപേര്‍ മാത്രമേ തടയാനുള്ളൂവെന്ന് കരുതി മുന്നോട്ടുപോയാല്‍ ഇവര്‍ വഴിയരികിലെ ഇരുമ്പ് പോസ്റ്റിലടിച്ച് ശബ്ദസന്ദേശം കൈമാറുന്നതോടെ വന്‍തോതില്‍ സ്ത്രീകള്‍ ഇരമ്പിയെത്തും.

ഒടുവില്‍ റോഡുമാര്‍ഗം സാധനം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ അത്തരം ക്യാമ്പുകളിലേക്ക് ഹെലികോപ്റ്റര്‍ വഴി സാധനങ്ങള്‍ താഴേക്ക് ഇട്ടുകൊടുക്കേണ്ടിവന്നു. അത്തരം ക്യാമ്പുകളില്‍ നിന്ന് രോഗികളായവരും നാട്ടിലേക്ക് അവധിക്കുപോകേണ്ടവരും കയര്‍ ഏണിയില്‍ തൂങ്ങി ഹെലികോപ്റ്ററില്‍ കയറി പ്രധാന ക്യാമ്പിലെത്തേണ്ടി വന്നു.

placeholder
മെയ്റ പെയ്ബി ആഹ്വാനം ചെയ്ത ബന്ദിനിടെ ടയർ കത്തിച്ച് റോഡ് തടസ്സപ്പെടുത്തുന്ന സ്ത്രീകൾ |

പന്തമേന്തിയ സ്ത്രീകളുടെ ചരിത്രം

മെയ്ര പെയ്ബിയെന്നാല്‍ പന്തമേന്തിയ സ്ത്രീകള്‍. 'സിവില്‍ സമൂഹത്തിന്റെ സംരക്ഷകര്‍' എന്ന് വിളിക്കപ്പെടുന്ന മെയ്ര പെയ്ബി 1977 ല്‍ ഇന്നത്തെ കാക്കിംഗ് ജില്ലയിലാണ് രൂപംകൊണ്ടത്. പലപ്പോഴും രാത്രിയില്‍ നഗരവീഥികളിലൂടെ മാര്‍ച്ച് ചെയ്യുമ്പോള്‍ സ്ത്രീകള്‍ കൊണ്ടുപോകുന്ന ജ്വലിക്കുന്ന പന്തങ്ങളില്‍ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. നിരപരാധികള്‍ക്കെതിരേ അര്‍ധസൈനിക വിഭാഗങ്ങളും സായുധ സേനാ വിഭാഗങ്ങളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പരിഹാരം തേടിയും പ്രതിഷേധ സൂചകമായുമാണ് അവര്‍ രംഗത്തിറങ്ങിയത്. മണിപ്പുരിലെ ജനങ്ങള്‍ സ്വയം നിര്‍ണയാവകാശത്തിനും രാഷ്ട്രീയ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന സമയത്താണ് മെയ്ര പെയ്ബി സ്ഥാപിതപ്പെട്ടത്.

മെയ്ര പെയ്ബിക്കു മുമ്പും മണിപ്പുരിലെ അതിശക്തമായ സ്ത്രീകളുടെ സാമൂഹിക പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇത് ഉയര്‍ന്നു വന്നത്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകള്‍ പതാകാവാഹകരാകുന്ന നാടാണ് മണിപ്പുര്‍. ഒരുപാട് കാലത്തെ പാരമ്പര്യം അതിന് അവകാശപ്പെടാനുമുണ്ട്. 

placeholder
1904ലെടുത്ത് നുപി ലാൻ മുന്നേറ്റ ചിത്രം | By Not Accounted - http://archivesmanipur.nic.in/photos.htm, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=59349081

നുപി ലാന്‍ മുന്നേറ്റം

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ ആദ്യ വനിതാ മുന്നേറ്റം ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത് മണിപ്പുരിലാണ്. നുപി ലാന്‍ എന്നാണ് ഇതറിയപ്പെടുന്നത്. 1904ലും 1939ലും രണ്ട് നുപി ലാനുകള്‍ ഉണ്ടാവുന്നുണ്ട്. ഓരോ 30 ദിവസത്തിനുശേഷവും 10 ദിവസം നിര്‍ബന്ധിത സൗജന്യവേല ചെയ്യണമെന്ന് മണിപ്പുരി പുരുഷന്‍മാര്‍ക്കെതിരേ ബ്രിട്ടീഷ് ഉത്തരവ് നിലനിന്നിരുന്നു. ഇതിനെതിരായാണ് ആദ്യ കലാപം. ബ്രിട്ടീഷുകാരുടെ ബംഗ്ലാവ് മണിപ്പുരി വനിതകള്‍ തീയിട്ട് ചാമ്പലാക്കി. നൂറുകണക്കിന് സ്ത്രീകള്‍ സൈനിക നടപടികള്‍ക്ക് വിധേയമായി.

1939-ലാണ് രണ്ടാം നുപി ലാന്‍ പ്രക്ഷോഭം. മണിപ്പുരില്‍ ക്ഷാമം സൃഷ്ടിച്ച് മാര്‍വാഡി സംഘങ്ങള്‍ ബ്രിട്ടീഷ് സഹായത്തോടെ അരി കടത്തുന്നതിനെതിരായിരുന്നു സ്ത്രീകളുടെ നേതൃത്വത്തില്‍ കലാപം. പതിനാറാം നൂറ്റാണ്ടു മുതലുള്ള ചരിത്രം പറയാനുണ്ട് മണിപ്പുരിലെ ഇമ മാര്‍ക്കറ്റ് എന്ന വനിതാ മാര്‍ക്കറ്റിന്. രണ്ടാം നുപി ലാനിന്റെ ഭാഗമായി സ്ത്രീകള്‍ ഇത് ഒരുവര്‍ഷത്തോളം അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. സേനയുടെ പ്രത്യേകാധികാര നിയമത്തിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കും എതിരെ ശക്തമായ സാന്നിധ്യമായിരുന്ന മെയര പെയ്ബി മയക്കുമരുന്ന് കടത്തുസംഘങ്ങള്‍ക്കെതിരേ ശക്തമായ റെയ്ഡുകള്‍ വരെ നടത്താറുണ്ട്. മണിപ്പുരില്‍ മദ്യനിരോധനം കൊണ്ടുവന്നതും ഇവരുടെ സമ്മര്‍ദഫലമായാണ്. ഇത്രയും സാമൂഹിക സ്വാധീനം സൃഷ്ടിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.

ബിരേന്‍ സിങ്ങിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് ഈ തിരഞ്ഞെടുപ്പ് കടുത്ത പരീക്ഷണമാണ്. കേന്ദ്രം കൈകഴുകിയതോടെ കലാപം തന്റെ സൃഷ്ടിയല്ല എന്നു തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനു മാത്രമായിരിക്കുന്നു. കലാപം തുടങ്ങിയിട്ട് മെയ് മൂന്നിന് ഒരുവര്‍ഷം പൂര്‍ത്തിയായി. തകര്‍ക്കപ്പെട്ട മണിപ്പുരി ജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇനിയും ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത ബിരേന്‍ സിങ്ങിനോട് കടുത്ത എതിര്‍പ്പാണ് ജനങ്ങള്‍ക്ക്. സ്വന്തം സമുദായമായ മെയ്ത്തികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഇപ്പോള്‍ ബിരേന്‍ സിങ് നേരിടുന്നത്. ബിരേന്‍ സിങ്ങിനെ മാറ്റാതെ ചര്‍ച്ചയ്ക്കുപോലും ഇല്ലെന്ന നിലപാടിലാണ് കലാപത്തിന്റെ മറുവശത്തുണ്ടായിരുന്ന കുക്കികളും.

ഒരുനാട്ടില്‍ രണ്ടു ശത്രുരാജ്യക്കാരെപ്പോലെ കഴിയുകയാണ് ഇവിടുത്തെ ജനത. ഇംഫാല്‍ താഴ്വരയിലുള്ള മെയ്ത്തികള്‍ക്ക് മലമേഖലകളിലേക്കും മലമേഖലകളിലുള്ള കുക്കികള്‍ക്കു ഇംഫാല്‍ ഉള്‍പ്പെടുന്ന താഴ്വരയിലേക്കും പോകാനാകില്ല. കുക്കികളുടെ മേഖലയായതിനാല്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലേക്കു പോകേണ്ട അത്യാവശ്യമുണ്ടായാലും ഇപ്പോള്‍ വേണ്ടെന്നുവെക്കുകയാണ് മെയ്ത്തികള്‍.

placeholder
ബിരേൻ സിങ്
ഇംഫാല്‍ എയര്‍പോര്‍ട്ട് മെയ്ത്തികളുടെ മേഖലയിലായതിനാല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കു വേണ്ടി കുക്കികള്‍ ഇപ്പോള്‍ മിസോറമിലേക്ക് പോവുകയാണ്.

എതിര്‍ വിഭാഗത്തിലുള്ളയാളെ കണ്ടാല്‍ അപ്പോള്‍ തന്നെ വെടിവെച്ചുകൊല്ലാന്‍ തയ്യാറായി സായുധസംഘങ്ങള്‍ അവരവരുടെ ഇടങ്ങളില്‍ വാഹനങ്ങളില്‍ റോന്തുചുറ്റുന്നു. അര്‍ധസൈനികര്‍ പോലും കണ്ടിട്ടില്ലാത്ത തരം തോക്കുകളുമായാണ് ഈ കലാപകാരിസംഘങ്ങളുടെ സഞ്ചാരം. ആരുമില്ല തടയാന്‍. കുക്കികളുടെ ഇടയിലേക്ക് മണിപ്പുരി പോലീസുകാര്‍ക്കും മെയ്ത്തികളുടെ ഇടയിലേക്ക് കേന്ദ്രസേനകള്‍ക്കും വിലക്കുണ്ട്.

ഇങ്ങനെ പരസ്പരം കൊന്നുതള്ളി എത്രനാള്‍ ജീവിക്കുമെന്ന ആശങ്കയിലാണ് രണ്ടുവിഭാഗങ്ങളും. കലാപം സാമ്പത്തികരംഗം തകര്‍ത്തെറിഞ്ഞതോടെ ജീവനക്കാര്‍ക്ക് സമയത്ത് ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനു പറ്റുന്നില്ല.  കലാപകാലത്തുതന്നെ പഞ്ചാബികളടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പലതും പൂട്ടിയിരുന്നു. അതിനാല്‍ അവിടെ ജോലി ചെയ്തവര്‍ തൊഴില്‍ നഷ്ടപ്പെട്ട് നട്ടം തിരിയുകയാണ്. കലാപത്തില്‍ നിന്ന് അവസരം മുതലെടുക്കാന്‍ ചാടിവീണ, നിരോധിത സംഘടനകള്‍ ഇപ്പോള്‍ പണപ്പിരിവും ശക്തമാക്കിയിട്ടുണ്ട്. ഈ പിരിവ് ഭയന്ന് മെയ്ത്തികളിലെതന്നെ പലരും ബിസിനസ് അവസാനിപ്പിച്ചു. ഈ പിരിവുകൊടുക്കാന്‍ നിര്‍ബന്ധിതരായതോടെ രണ്ടുകൂട്ടരും ബിരേന്‍സിങ്ങിനെയാണ് ശപിക്കുന്നത്.

ഇന്നര്‍ മണിപ്പുരില്‍ 10 ലക്ഷത്തോളം വോട്ടര്‍മാരില്‍ ഏട്ടുലക്ഷത്തിലധികം മെയ്ത്തികളാണ്. കലാപത്തിനുമുമ്പ് ഈ വോട്ടുകള്‍ കണ്ണുമടച്ചു തനിക്കു കിട്ടുമെന്ന് ബിരേന്‍ സിങ്ങിന് ഉറപ്പിക്കാമായിരുന്നു. ഇപ്പോള്‍ ഇവര്‍ തന്നെ തങ്ങളുടെ ജീവിതം ഈ വിധമാക്കിയതിന് ബിരേന്‍ സിങ്ങാണ് ഉത്തരവാദിയെന്ന് ആരോപിക്കുന്നു. കലാപം അടിച്ചമര്‍ത്താന്‍ തയ്യാറാകാതിരുന്ന കേന്ദ്രസര്‍ക്കാരിനുനേരേയും ഇവര്‍ വിമര്‍ശനമുന്നയിക്കുന്നു.

കേന്ദ്രം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഇത്രയും നാള്‍ നീണ്ടുനില്‍ക്കില്ലായിരുന്നുവെന്നും തങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ഭയന്നു ജീവിക്കേണ്ടിവരില്ലായിരുന്നുവെന്നും അവര്‍ പറയുന്നു.

ഈ എതിര്‍പ്പ് ഊതിക്കെടുത്താന്‍ കഴിയാതിരുന്നാല്‍ മെയ്ത്തി വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനായാസം ജയിച്ചുകയറും. ഈ സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ എം.എല്‍.എ. മാരെയും അതാത് മണ്ഡലങ്ങളിലേക്ക് അയച്ചു വോട്ടുതേടുകയായിരുന്നു ബിരേന്‍ സിങ്. ഇതോടൊപ്പം കലാപത്തില്‍ പ്രധാനപങ്കുവഹിച്ച അരംബായ് ടെങ്കോലിന്റെ പിന്തുണയോടെ മെയ്ത്തിവോട്ടുകള്‍ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു മുഖ്യമന്ത്രി.

ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരില്‍ രണ്ടുലക്ഷം മെയ്ത്തികളാണ്. നാഗവിഭാഗത്തില്‍ നിന്നാണ് രണ്ടുകൂട്ടരുടെയും സ്ഥാനാര്‍ഥികൾ. നാലുലക്ഷത്തിനുമുകളിലുള്ള നാഗാ വോട്ടുകള്‍ ഇരുവര്‍ക്കുമായി വിഭജിക്കപ്പെടും. പിന്നീടുള്ള കുക്കിവോട്ടുകളാണ് നിര്‍ണായകം. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയ കുക്കി നേതൃത്വം പന്ത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായാല്‍ വോട്ട് നിങ്ങളുടെ സ്ഥാനാര്‍ഥിക്ക് അല്ലെങ്കില്‍ കോണ്‍ഗ്രസിന് എന്നു സൂചന നല്‍കിയിരുന്നു. ഇവര്‍ ആരെ പിന്തുണച്ചാലും അവര്‍ ജയിച്ചുകയറും. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ബിരേന്‍ സിങ്ങും ഒരുപോലെ പെട്ടു. എന്തായാലും എന്തിനുവേണ്ടിയായാലും ആരു തുടക്കമിട്ടതായാലും പരിഹരിക്കാന്‍ കഴിയാത്തവിധം വളര്‍ന്നുകൊണ്ടിരിക്കുന്ന മണിപ്പുര്‍ പ്രശ്‌നം ബിരേന്‍ സിങ്ങിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുമെന്നുറപ്പാണ്.

(യാത്ര തുടരും.....)