ന്യൂഡൽഹി: ഇരുവിഭാഗങ്ങൾതമ്മിൽ കലാപംനടന്ന മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകളിലുണ്ടായ അസ്വാഭാവികമരണങ്ങളിൽ ഞെട്ടലറിയിച്ച് സുപ്രീംകോടതി. ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിർദേശംനൽകി. ക്യാമ്പുകളിലെ 34 മരണങ്ങളിൽ 20 എണ്ണത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.
അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷിച്ചതിെന്റയും ക്രിമിനൽ നടപടിക്രമങ്ങളുടെയും റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. കലാപത്തെത്തുടർന്ന് വീടുവിട്ട് കഴിയേണ്ടിവന്നവർക്ക് എന്തുകൊണ്ടാണ് 20,000 മുതൽ 30,000 രൂപവരെ മാത്രം നഷ്ടപരിഹാരം നൽകിയതെന്നും വിശദമാക്കണം.
സംഭവത്തെക്കുറിച്ച് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയോടും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പ്രത്യേക റിപ്പോർട്ട് തേടി. അസ്വാഭാവിക മരണങ്ങളിൽ അന്വേഷണം വേഗത്തിൽ നടക്കുന്നുണ്ടോയെന്ന് അതോറിറ്റി പരിശോധിക്കണം.
ക്യാമ്പുകളിലെ അസ്വാഭാവിക മരണങ്ങളെക്കുറിച്ച് ജസ്റ്റിസ് ഗീതാ മിത്തൽ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്തതെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. അസ്വാഭാവിക മരണങ്ങളിലൊന്ന് ലൈംഗിക പീഡനത്തെത്തുടർന്നാണെന്നും റിപ്പോർട്ടിലുണ്ട്.
2023-ലെ കലാപവുമായി ബന്ധപ്പെട്ട് സി.ബി.ഐ., എൻ.ഐ.എ. കോടതികളിൽ നടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. സി.ബി.ഐ. അന്വേഷിക്കുന്ന കേസുകൾ നിരീക്ഷിക്കുന്നത് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ദത്താത്രേയ പട്‌സാൽഗികാർ ആണ്. 31 കേസുകളിൽ 28-ലും അന്തിമ റിപ്പോർട്ട് ഫയൽചെയ്തു.
കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ ഇരുനൂറിലേറെപ്പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. ആയിരക്കണക്കിനാളുകൾക്ക് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. അതിൽ പലരും ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്.
Content Highlights: Supreme Court expressed concern over unnatural deaths in Manipur relief camps and directed the Chief Secretary to report on the issue, questioning the necessity of post-mortems in 20 out of 34 deaths. The court demanded reports on investigations and criminal proceedings related to the deaths and sought clarification on the low compensation provided to displaced individuals.
Published: 18 Sept 2026, 07:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented