യല്‍രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമ്പോള്‍ 28.7 എന്ന മോശം നിരക്കാണ് 2023-ലെ ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. 125 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനം.  2015-ലെ 29.2 എന്ന സ്കോറിൽനിന്ന് 28.7 ആക്കി മെച്ചപ്പെടുത്തിയിട്ടും റാങ്കിങ്ങിൽ ഇന്ത്യ പുറകോട്ട് പോയത് മറ്റ് രാജ്യങ്ങൾ ഇക്കാലയളവ് കൊണ്ട് ഇന്ത്യയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതു കൊണ്ട് കൂടിയാണ്. 

To advertise here,

പാകിസ്താന്‍(102), ബംഗ്ലാദേശ്(81), നേപ്പാള്‍(69), ശ്രീലങ്ക(60) എന്നിങ്ങനെ അയല്‍രാജ്യങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച പട്ടികയിലാണ് 28.7 എന്ന സ്‌കോറുമായി  ലോകത്തിലെ 15-ാമത്തെ ഏറ്റവും മോശം പ്രകടനം ഇന്ത്യ രേഖപ്പെടുത്തിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായും ആഫ്രിക്കന്‍ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക് ആശ്വാസത്തിനുള്ള വക ലഭിക്കുന്നത്.

പോഷകക്കുറവ്, കുട്ടികളിലെ വളര്‍ച്ച മുരടിപ്പ്, കുട്ടികളിലെ ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയെല്ലാം കണക്കാക്കിയാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കുന്നത്. 9.9-ന് താഴെയുള്ള സ്‌കോര്‍ കുറഞ്ഞ വിശപ്പ്, 10-നും 19.9-നുമിടയില്‍ മിതമായത്, 20 മുതല്‍ 34.9 പോയിന്റ് വരെയുള്ള സ്‌കോര്‍ ഗുരുതരം, 35 മുതല്‍ 49.9 വരെയുള്ളത് അപകടകരം, 50 മുതല്‍ മുകളിലേക്കുള്ളത് അതീവ അപകടകരം എന്നിങ്ങനെയുള്ള സ്‌കോര്‍ അടിസ്ഥാനത്തിലാണ് പട്ടിക ക്രമീകരിച്ചിട്ടുള്ളത്. ഗുരുതര വിഭാഗത്തിലാണ് നിലവിൽ ഇന്ത്യയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്താനും തിമോര്‍ ലെഷെയും യെമനും മാത്രമാണ് ഇന്ത്യയേക്കാള്‍ മോശം പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. സാമ്പത്തിക ശക്തിയിലും ജി.ഡി.പി. വളർച്ചയിലും ഇന്ത്യയേക്കാള്‍  പുറകിലുള്ള രാജ്യങ്ങളാണ് ഇവയെന്നതു കൂടി ഇതോട് ചേര്‍ത്ത് വായിക്കണം. ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക തകര്‍ച്ചയും അനുഭവിക്കുന്ന ശ്രീലയങ്കയേക്കാളും പാകിസ്താനേക്കാളും മോശം പ്രകടനം ഇന്ത്യ പുറത്തെടുത്ത ഈ അവസരത്തിലും  സൂചികയെ പരിഹസിക്കുന്ന സമീപനമാണ് വനിത-ശിശു വികസന വകുപ്പ മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ ഭാരക്കുറവില്‍ ലോകത്ത് തന്നെ ഏറ്റവും മോശം സ്‌കോറും വനിതകളുടെ വിളര്‍ച്ചാ നിരക്കില്‍ 12-ാമത്തെ മോശം സ്ഥാനവും നേടിയ അവസരത്തില്‍ കൂടിയാണ് വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയുടെ പരിഹാസം. 

പോഷകക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ഭാരക്കുറവ് എന്നിവയില്‍ മറ്റു വര്‍ഷങ്ങളിലേക്കാള്‍ മോശം പ്രകടനമാണ് ഇന്ത്യയുടേത്. കുട്ടികളുടെ ഭാരക്കുറവ് ഇന്ത്യയില്‍ 18.7 ആണ്. ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണിത്. പട്ടികയില്‍ ഏറ്റവും പിന്നിലായ രാജ്യത്ത് പോലും  കുട്ടികളുടെ ഭാരക്കുറവിലെ കണക്ക് ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ടതാണ്. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പാവട്ടെ 35.5 ശതമാനവും പോഷകാഹാരക്കുറവ് 16.6-ഉം അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.1-മാണ് ഇന്ത്യയിൽ

placeholder
കുട്ടികളിലെ ഭാരക്കുറവിൽ ലോകത്ത് തന്നെ ഏറ്റവും മോശം സ്കോറാണ് ഇന്ത്യക്ക്

ആഗോള വിശപ്പ് സൂചികയനുസരിച്ച് സ്ത്രീകളിലെ വിളര്‍ച്ചയുടെ കാര്യത്തില്‍ ഏറ്റവും മോശം അഞ്ച് രാജ്യങ്ങളിലാണ് ഇന്ത്യയുടെ ഇടം. 58.1 ശതമാനമാണ് ഇന്ത്യയില്‍ സ്ത്രീകളുടെ വിളര്‍ച്ച.15-നും 24-നുമിടയിലെ സ്ത്രീകളുടെ വിളര്‍ച്ച കണക്കാക്കിയതിലാണ് ഗുരുതരമായ അവസ്ഥയുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളിലെ ഭാരക്കുറവ് നിരക്ക് ഇന്ത്യയിലാണ്-- 18.7%. അതിതീവ്രമായ പോഷകാഹാരക്കുറവിനുള്ള ഉദാഹരണമാണ് ഇന്ത്യയുടെ കണക്കെന്നു കൂടി സൂചിക പറയുന്നു..

അപ്പോഴും ഇന്ത്യയുടെ സ്‌കോര്‍ 2000 മുതല്‍ പ്രതീക്ഷ നല്‍കിയാണ് പോകുന്നതെന്നത് ആശ്വാസകരമാണ്. 2000-ത്തില്‍ 38.4 ആയിരുന്ന സ്ഥാനത്ത് 2008ല്‍ -35.5, 2015-ല്‍- 29.2, 2023-ൽ- 28.7 എന്നിങ്ങനെയായി കുറയുകയായിരുന്നു. പക്ഷെ, സ്‌കോര്‍ മെച്ചപ്പെടുത്തിയിട്ടും എന്ത് കൊണ്ട് ഇന്ത്യ പുറകോട്ടു പോയി എന്ന് ചോദിച്ചാല്‍ ഇക്കാലം കൊണ്ട് മറ്റ് പല രാജ്യങ്ങളും ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ്‌ ഉത്തരം. 

placeholder
സ്ത്രീകളുടെ വിളർച്ചാ നിരക്കിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ഹളിൽ 12ാം സ്ഥാനമാണ് ഇന്ത്യക്ക്

ലോകത്തിന്റെ പട്ടിണി കുറഞ്ഞോ?

2023-ല്‍ ലോകത്തിന്റെ ജി.എച്ച്‌.ഐ. സ്‌കോര്‍ 18.3 ആയിരുന്നു. 2015ലെ 19.1 എന്ന സ്‌കോറുമായി തട്ടിച്ചു നോക്കുമ്പോള്‍ ഭേദപ്പെട്ടതാണിത്. 2000, 2008, 2015-മായി താരതമ്യം ചെയ്യുമ്പോള്‍ ലോകം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2000- 28, 2008- 23.6, 2015- 19.1, 2023-18.3. എന്നാല്‍, പട്ടിണിയുടെ കാര്യത്തില്‍ ലോക ശരാശരിയേക്കാള്‍ എത്രയോ താഴെയാണ് ഇന്ത്യ. (ലോക സൂചിക- 18.3, ഇന്ത്യ-28.7).2030-നുള്ളില്‍ പട്ടിണിമുക്തമാവാനുള്ള പ്രതിജ്ഞ ലോകരാജ്യങ്ങളൊന്നടങ്കം കൈക്കൊണ്ടിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതിയനുസരിച്ച് പട്ടിണി കുറക്കുന്നതില്‍ 2030 വരെ 58 രാഷ്ട്രങ്ങള്‍ എത്തില്ലെന്നും സൂചിക മുന്നറിയിപ്പ് നല്‍കുന്നു. അതില്‍ ഇന്ത്യയുമുണ്ട്. 

ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചവ

കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതസന്ധികളായ വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചൂട് എന്നിവ പല രാജ്യങ്ങളിലും പട്ടിണി ആക്കം കൂട്ടിയ ഘടകങ്ങളാണ്. ഇതിനോടൊപ്പം മഹാമാരികളും പകര്‍ച്ചവ്യാധികളും സംഘര്‍ഷങ്ങളും യുദ്ധങ്ങളും അതുമൂലമുള്ള കിടപ്പാടം നഷ്ടപ്പെടും പലായനങ്ങളും തോത് വര്‍ധിപ്പിച്ചു. പട്ടികയില്‍ ഒമ്പത് രാജ്യങ്ങളിലാണ് അതീവ അപകടകരമായ പട്ടിണി നിരക്കുള്ളത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലെസോത്തോ, മഡഗാസ്‌കര്‍, നൈജര്‍, യെമന്‍ എന്നീ ആറ് രാജ്യങ്ങളില്‍ ഏറ്റവും അപകടകരമായ ജി.എച്ച്‌.ഐ. സ്‌കോര്‍ ആണുള്ളത്.  ജി.എച്ച്‌.ഐ. സ്‌കോറിന് വേണ്ട ഡാറ്റകള്‍ പോലും ലഭ്യമല്ലാത്ത ബുറുണ്ടി, സൊമാലിയ, ദക്ഷിണ സുഡാന്‍ എന്നീ മൂന്ന് രാജ്യങ്ങളെ താത്കാലികമായി അപകടകരമായവയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഹെയ്തി, നൈജീരിയ, സൊമാലിയ, ദക്ഷിണ് സുഡാന്‍, സുഡാന്‍, യെമന്‍, ബുര്‍ക്കിന ഫാസോ, മാലി എന്നിവയുടെ പ്രകടനം ഈ വര്‍ഷം ആശങ്കാജനകമാണ്. അപകടകരമായ പട്ടിണിയും മറ്റും അനുഭവിക്കുന്ന രാജ്യങ്ങളില്‍ പലതും ആഭ്യന്തര സംഘര്‍ഷങ്ങളോ യുദ്ധഭൂമികളോ ആണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പലായനം ചെയ്യപ്പെടുന്നവരാണ് ഇവിടുത്തെ ജനത. അതേസമയം, ലോകം പൊതുവായി നേരിടുന്ന വെല്ലുവിളികളെയെല്ലാം അതിജീവിച്ച് 2015-നു ശേഷം സ്തുത്യര്‍ഹമായ വളര്‍ച്ച കൈവരിച്ച രാജ്യങ്ങളുമുണ്ട്. ബംഗ്ലാദേശ്, ചാഡ്, ജിബൂട്ടി, ലാവോ പെഡര്‍, മൊസാമ്പിക്, നേപാള്‍, ടിമോര് ലെസെ എന്നിവയാണവ.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇന്ത്യയും മറ്റു രാജ്യങ്ങളും

placeholder

2008-ലെ സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ മിക്ക രാജ്യങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2000-ത്തിൽ 33.8 സ്കോറുണ്ടായിരുന്ന ബംഗ്ലാദേശിന് സ്കോർ 19 ആയി കുറക്കാനായി. 49.6 സ്കോറുണ്ടായിരുന്ന അഫ്ഗാനിസ്താൻ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ 30.6 ആക്കി വിശപ്പിന്റെ തോത്  കുറച്ചത്. ഇന്ത്യക്കാവട്ടെ ഇക്കാലയളവ് കൊണ്ട് ആകെ കുറക്കാനായത് 10 സ്കോർ മാത്രമാണ്(38.4ൽ നിന്ന് 28.7 ആക്കി).. മറ്റ് രാജ്യങ്ങളെല്ലാം കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ പട്ടിണിയെ നേരിട്ടതു കൊണ്ട് കൂടിയാണ് 10 സ്കോർ മെച്ചപ്പെടുത്തിയിട്ടും ഇന്ത്യ പിന്നിലേക്ക് പോയത്.  എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ മോശമാക്കാനുദ്ദേശിക്കുന്നതാണ് റിപ്പോര്‍ട്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ന്യായീകരണം. പഠനരീതി ശരിയല്ലെന്നായിരുന്നു സർക്കാറിന്റെ പ്രധാന ആരോപണം.. ഇന്‍ഡക്‌സ് നോക്കുന്നതില്‍ നാല് ഇന്‍ഡിക്കേറ്റേര്‍സില്‍ മൂന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു മറ്റൊരു ആരോപണം.

140 കോടി ജനങ്ങളില്‍ നിന്ന് 3000 പേരെ ഫോണില്‍ വിളിച്ച് നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ഇത്തരം സൂചകങ്ങള്‍ ഉണ്ടാക്കുന്നതെന്ന മട്ടിലായിരുന്നു സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. "ഡല്‍ഹിയിലെ എന്റെ വീട്ടില്‍നിന്ന് രാവിലെ നാലിന് പുറപ്പെട്ട് അഞ്ച് മണിക്കുള്ള ഫ്‌ളൈറ്റില്‍ ഞാന്‍ കൊച്ചിയില്‍ ഒരു കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ പോയി. പത്ത് മണിയായിട്ടും ഭക്ഷണമൊന്നും കിട്ടാത്ത എന്നോട് ആ സമയത്ത് ആരെങ്കിലും ഫോണില്‍ വിളിച്ച് താങ്കള്‍ക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട് എന്നേ ഞാന്‍ പറയൂ" എന്നാണ് സ്മൃതി ഇറാനി സൂചിക പുറത്തുവിട്ട കണക്കിനോട് പ്രതികരിച്ചത്.

ഇന്ത്യയുടെ ജനസംഖ്യാ കണക്കെടുപ്പല്ലാതെ മറ്റൊരു കണക്കെടുപ്പും മുഴുവന്‍ ആളുകളെയും വിളിച്ചു ചോദിച്ചല്ല എടുക്കുന്നത് . സാമ്പിള്‍ ശേഖരണം എന്ന ശാസ്ത്രശാഖ തന്നെ അതാണല്ലോ. സാമ്പിള്‍ ശേഖരണം മാത്രം നോക്കിയുള്ള എക്‌സിറ്റ് പോളുകളെ ഗൗരവത്തോടെ കാണുന്നവരാണ് സ്മൃതി ഇറാനിയടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍. അങ്ങനെ വരുമ്പോൾ മുഴുവന്‍ ആളുകളുടെയും പട്ടിണി നിലവാരം നോക്കിയില്ല എന്ന പരിഹാസം അസ്ഥാനത്താണ്. മാത്രവുമല്ല ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തതിനെ പട്ടിണി കിടക്കുന്നതുമായി താരതമ്യം ചെയ്തുള്ള പ്രതികരണം ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന ആളില്‍ നിന്ന് പ്രതീക്ഷിക്കുന്നതുമല്ല. 

placeholder
ഡോ. ആർ രാംകുമാർ

സ്മൃതി ഇറാനിയുടെ പ്രതികരണം അസംബന്ധമാണെന്നാണ് സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ ആർ. രാംകുമാര്‍ പറയുന്നത്. '"വിശപ്പ്‌ സൂചിക കണക്കിലെടുക്കുന്നത് ഇന്ത്യന്‍ സർക്കാരിന്റെ തന്നെ കണക്കുകള്‍ പരിഗണനക്കെടുത്തുകൊണ്ടാണ്. സൂചികയുടെ നാല് മാനദണ്ഡങ്ങളില്‍ ശിശു മരണം, ശിശു വളര്‍ച്ചാ മുരടിപ്പ്, കുട്ടികളുടെ ഭാരക്കുറവ് എന്നിവക്കെല്ലാം ഇന്ത്യന്‍ സര്‍ക്കാരിന്റെ തന്നെ ദേശീയാരോഗ്യ സര്‍വ്വേയുടെ കണക്കുകളാണ് ഉപയോഗിക്കുന്നത്. പോഷകാഹാരക്കുറവ് കണക്കാക്കാന്‍ ഇത്രനാളും ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കുകളാണ് ഉപയോഗിച്ചിരുന്നത്. 2011-12ലെ സര്‍ക്കാര്‍ കണക്ക് അത്തവണത്തെ സൂചികയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. എന്നാല്‍ 2017-18ല്‍ സര്‍വ്വേ നടന്നെങ്കിലും ആ കണക്ക് മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. അതിനാല്‍ മാത്രമാണ് മറ്റ് രണ്ട് മെത്തഡോളജി വഴി ആഗോള വിശപ്പ സൂചിക കണക്ക് ശേഖരിച്ചത്. ആ കണക്ക് ലഭ്യമല്ലാത്തതിനാൽ പോഷകാഹാരക്കുറവ് ഇത്തവണ രണ്ട് മെത്തഡോളജി വഴിയാണ് കണക്കാക്കിയത്. ഒന്ന്) ടെലിഫോണ്‍ സര്‍വ്വേ നടത്തിയും രണ്ട്) എത്രയാണ് ഇന്ത്യയുടെ ഭക്ഷ്യോത്പാദനമെന്നും അതിലെത്ര കലോറി ജനങ്ങളിലെത്തുന്നുവെന്നു കണക്കാക്കിയും. .2018-ലെ കണക്ക് പൂഴ്ത്തിവെക്കാതെ പുറത്തുവിട്ടിരുന്നെങ്കില്‍ ഈ പുതിയ മെത്തഡോളജി സ്വീകരിക്കേണ്ടിയും വരില്ലായിരുന്നു. പക്ഷെ വിശപ്പ്‌ സൂചിക നിര്‍ണ്ണയിച്ച നാല് മാനദണ്ഡങ്ങളില്‍ മൂന്നും ഇന്ത്യന്‍ സർക്കാരിന്റെ തന്നെ കണക്കുകളായിരുന്നു. അതില്‍ പോഷകാഹാരക്കുറവ് കണക്കാക്കിയ രണ്ട് ഘടകങ്ങളില്‍ ഒന്ന മാത്രമാണ് ഫോണ്‍ വഴിയുള്ള സാമ്പ്ലിങ്. പക്ഷെ സ്മൃതി ഇറാനി പറയുന്നത് കേട്ടാല്‍ ഈ സൂചികയ്ക്ക് വേണ്ടിയുള്ള മുഴുവന്‍ കണക്കെടുപ്പും ഫോണ്‍ വിളിച്ചാണ് നടത്തിയതെന്നാണ് തോന്നുക", രാം കുമാര്‍ പറയുന്നു. ഇത്തരത്തില്‍ സൂചികയുടെ വിശ്വാസ്യതയ്ക്ക് നേരെ ബി.ജെ.പി. അംഗങ്ങളടക്കമുള്ളവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം ആഗോള വിശപ്പ്‌ സൂചികയുടെ പഠനറിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമായ മറുപടി അവര്‍ നല്‍കുന്നുണ്ട്.

പൊതുവെ ഉയര്‍ന്ന ചോദ്യങ്ങള്‍ റിപ്പോർട്ടിലെ ഉത്തരങ്ങള്‍

1.എന്ത്‌കൊണ്ടാണ് പട്ടിണി സൂചിക കണക്കാക്കുന്നതില്‍ ശിശു മരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്?

ലോകത്തുണ്ടാകുന്ന അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ 45% മരണങ്ങളും പോഷകാഹാരക്കുവാണെന്നാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ പ്രത്യേകിച്ചും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന് പ്രധാനകാരണം പോഷകാഹാരക്കുറവാണെന്നാണ് 2017-ല്‍ ഇന്ത്യ സ്‌റ്റേറ്റ് ലെവല്‍ ഡിസീസ് ബര്‍ഡന്‍ ഇനീഷ്യേറ്റീവ് മാല്‍നുട്രീഷന്‍ കൊളാബറേറ്റര്‍സിന്റെ കണ്ടെത്തല്‍. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്റെ 68 ശതമാനവും പോഷകാഹാരക്കുറവാണ്. പട്ടിണിയുടെ ഏറ്റവും വലിയ പ്രത്യാഘാതമെന്നത് മരണമാണെന്നതും അതിന് ഏറ്റവും അധികം വിധേയരാവുന്നത് കുട്ടികളാണെന്നതുമാണ് സൂചികയിലെ മാനദണ്ഡങ്ങളിലൊന്നായി ശിശു മരണം ഉള്‍പ്പെടുത്താനുള്ള പ്രധാന കാരണം. 

2.ജനിതകപരമായി വ്യത്യാസപ്പെട്ടു കിടക്കുന്ന മനുഷ്യരുള്ള രാജ്യങ്ങളിലെ കുട്ടികളുടെ ശരീരഭാരവും ഉയരവും മാനഡണ്ഡമാക്കുന്നത് ശരിയാണോ ?

ലോകത്തിലെ മറ്റിടങ്ങളിലുള്ള കുട്ടികളേക്കാള്‍ ഇന്ത്യന്‍ കുട്ടികള്‍ ജനിതകപരമായി ഉയരം കുറഞ്ഞവരും മെലിഞ്ഞവരുമായതിനാല്‍ ഭാരക്കുറവും വളര്‍ച്ചാ മുരടിപ്പും കണക്കാക്കാന്‍ ഒരേ മാനഡണ്ഡം ഉപയോഗിക്കുന്നത് ശരിയല്ലെന്ന വാദമുണ്ട്. എന്നാല്‍ അതിനും ജിഎച്ച്‌ഐ വിശദീകരണം നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശിശുവളര്‍ച്ച മാനദണ്ഡം  മള്‍ട്ടിസെന്റര്‍ ഗ്രോത്ത് റഫറന്‍സ് സ്റ്റഡി (MGRS) അടിസ്ഥാനമാക്കിയാണ് സൂചിക കണക്കാക്കുന്നത്.  ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലുള്ള ആവശ്യത്തിന് മുലപ്പാല്‍ ലഭിച്ച് വളര്‍ന്ന ആരോഗ്യമുള്ള ശിശുക്കളില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്നും പ്രാഥമിക വളര്‍ച്ചാ വിവരങ്ങളും അനുബന്ധ വിവരങ്ങളും MGRS ശേഖരിച്ചിരുന്നു. വിവിധരാജ്യങ്ങളില്‍  മാതൃകാപരമായ വളര്‍ച്ചാ അന്തരീക്ഷത്തില്‍ വളര്‍ന്ന കുട്ടികളുടെ വളര്‍ച്ചാ നിരക്കില്‍ വലിയ രീതിയിലുള്ള വ്യത്യാസം കാണിക്കുന്നില്ല എന്നതായിരുന്നു ആ ഡാറ്റ വെളിപ്പെടുത്തിയത്. ജനിതക ഘടകങ്ങള്‍ വളര്‍ച്ചയെ സ്വാധീനിക്കുമെങ്കിലും സൂചികയില്‍ ഈ വ്യത്യാസങ്ങള്‍ പരിഗണിക്കുന്നതിലപ്പുറമുള്ള വളര്‍ച്ചാ കുറവുള്ള കുട്ടികളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 

3..ഒരു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന പഠനത്തിലെ നാലില്‍ മൂന്ന് ഇന്‍ഡിക്കേറ്റര്‍സും കുട്ടികളുടെ പോഷകവും ആരോഗ്യവുമായി ബന്ധപ്പെട്ടതാകുന്നത് ശരിയാണോ ?

സുസ്ഥിര വികസനത്തിലേക്കുള്ള ലക്ഷ്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ ധാരാളം പഠനം നടത്തി തീരുമാനിക്കപ്പെട്ട ഇന്‍ഡിക്കേറ്റേഴ്‌സ്‌ ആണിവ. പ്രത്യേകിച്ച് വിശപ്പുമായി ബന്ധപ്പെട്ടുള്ള സൂചികയുടെ ഇൻഡിക്കേറ്റേഴ്‌സ്‌ ഇന്ത്യ അക്കമുള്ള രാജ്യങ്ങൾ അംഗീകരിച്ചതുമാണ്. 2025-നുള്ളില്‍ കുട്ടികളുടെ വളർച്ചാ മുരടിപ്പും ഭാരക്കുറവും പോഷകാഹാരക്കുറവും തടയുക എന്ന ഉദ്ദേശത്തില്‍ പ്രോഗ്രസ്സ് മനസ്സിലാക്കാന്‍ കണക്കാക്കുന്ന മാനദണ്ഡങ്ങൾ കൂടി ആണവ. 

പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗമാണ് കുട്ടികളാണ്. മാത്രവുമല്ല, പോഷകാഹാരക്കുറവ്, ഭാരക്കുറവ്, വളർച്ചാ മുരടിപ്പ് എന്നിവ ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് ഒരു വ്യക്തിയില്‍ സൃഷ്ടിക്കുക. അതവരുടെ മരണത്തിലേക്ക് വരെ നയിക്കും. പകർച്ചവ്യാധികള്‍ വന്ന് മരിക്കുന്ന പല കുട്ടികളുടെയും പ്രതിരോധശേഷി വളരെ കുറവാണ്. പ്രതിരോധശേഷി ക്ഷയിക്കുന്നതിനുള്ള കാരണമായി പറയുന്നത് പോഷകാഹാരക്കുറവും. അതിനാല്‍ തന്ന ഒരു സമൂഹത്തിന്റെ ശാരീരികക്ഷമതയെ സംബന്ധിച്ച് ഏറ്റവും നന്നായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതാണ് കുട്ടികളുമായി ബന്ധപ്പെട്ട ഈ മൂന്ന് മാനദണ്ഡങ്ങളും.

4.കാര്‍ഷികോത്പാദനവും മറ്റും പ്രതിശീര്‍ഷം വര്‍ധിച്ചിട്ടും എങ്ങനെയാണ് രാജ്യത്ത് പോഷകാഹാരക്കുറവ് വ്യാപകമാവുന്നത്. ആ കണക്കില്‍ വിരോധാഭാസമില്ലേ?

ഭക്ഷ്യക്ഷാമത്തെ ഹരിതവിപ്ലവത്തിലൂടെ മികച്ച രീതിയില്‍ നേരിട്ട രാജ്യമാണ് ഇന്ത്യ. ഭക്ഷ്യോത്പാദനവും ഭക്ഷ്യവിതരണവും ശക്തിപ്പെടുത്തിയാണ് ഇന്ത്യ അത് സാധ്യമാക്കിയത്. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് വര്‍ധിച്ച അരി ഗോതമ്പ് ഉത്പാദനം ഇന്ത്യയുടെ ഭക്ഷ്യവിതരണം സുസ്ഥിരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സമീപകാല ചരിത്രത്തില്‍ ഭക്ഷ്യക്ഷാമം നമുക്ക് ഭീഷണിയായിട്ടില്ല. എന്ത് തന്നെയായാലും  വിശപ്പ് സൂചികയുടെ മാനദണ്ഡം ഭക്ഷ്യക്ഷാമമല്ല പകരം പോഷകാഹാരക്കുറവും കുട്ടികളിലെ വരള്‍ച്ചാ മുരടിപ്പും ഭാരമില്ലായ്മയുമാണ്. ഭക്ഷ്യോത്പാദനം വര്‍ധിച്ചിട്ടും ഭക്ഷ്യവിതരണം അഥവാ ധാന്യവിതരണം വര്‍ധിച്ചിട്ടും വിശപ്പ് സൂചികയില്‍ ഇന്ത്യ പിന്നില്‍ നില്‍ക്കുന്നതിന് പല കാരണങ്ങളുണ്ട്. ഭക്ഷ്യോത്പാദനവും ഊർജ്ജോത്പാദനവും കൂടിയിട്ടും ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ ആളുകളിലേക്കെത്തുന്നില്ല. അത് ഭക്ഷിക്കപ്പെടുന്നില്ല എന്ന് വേണം കണക്കാക്കാന്‍. ഇതിനുള്ള പ്രധാന കാരണം ഇന്ത്യയുടെ ഭക്ഷ്യ വിതരണ സംവിധാനം കാര്യക്ഷമമല്ലാത്തതു കൊണ്ടാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി പോഷകാഹാരക്കുറവ് ഇന്ത്യയില്‍ 2016-നും 2018-നുമിടയിലും 2020-നും 2022-നുമിടയിലും വര്‍ധിക്കുകയാണുണ്ടായതെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു

 "സബ്‌സിഡി നിരക്കിലുള്ള ധാന്യങ്ങള്‍ കിട്ടാത്ത വലിയൊരു ശതമാനം തന്നെയുണ്ട് നമ്മുടെ രാജ്യത്ത്. ഗ്രാമീണ മേഖലയിലെ 75% കുടുംബങ്ങള്‍ക്കും നഗരമേഖലയിലെ 50% കുടുംബങ്ങള്‍ക്കും ബി.പി.എല്‍. കാര്‍ഡ് പ്രകാരമുള്ള പരിഗണനയര്‍ഹിക്കുന്ന വിഭാഗത്തില്‍പെട്ടവരാണ്. എന്നാല്‍, ഈ 75 ശതമാനത്തെ കണക്കാക്കുന്നത് 2011-ലെ സെന്‍സസ് പ്രകാരമാണ്. 2011-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യ എത്രയോ വര്‍ധിച്ചു. സമയബന്ധിതമായി ജനസംഖ്യാ നിര്‍ണ്ണയം നടത്താത്തതു കാരണം ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയുള്ളവര്‍ പരിഗണന പട്ടികയ്ക്ക് പുറത്താവുകയാണ്.  മാത്രവുമല്ല, താഴെക്കിടയില്‍ ആധാര്‍ ലിങ്കുമായി ബന്ധപ്പെട്ടും ഒരു വലിയ ശതമാനം പുറത്താക്കപ്പെടുന്നു." രാം കുമാര്‍ കൂട്ടിച്ചേര്‍ത്തു. . 

5.പ്രതിശീര്‍ഷ വരുമാനം കൂടിയിട്ടും എന്ത് കൊണ്ട് സൂചികയില്‍ പ്രതിഫലിക്കുന്നില്ല?

പ്രതീശീര്‍ഷ വരുമാനം കൂടുന്നതിനനുസരിച്ച് ഭക്ഷണത്തിനുള്ള ആവശ്യവും കൂടുന്നുണ്ട്. ആ ആവശ്യത്തിനനുസരിച്ചുള്ള ഭക്ഷ്യ വിതരണം  നടക്കുന്നുണ്ടോ എന്ന സംശയം നിനില്‍ക്കുന്നു. ഉത്പാദനം കൂടുന്നു എന്ന് പറയുമ്പോഴും പല സംസ്ഥാനങ്ങളിലും പല തരത്തിലാണ് ഉത്പാദനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് ഗുണം കിട്ടിയിട്ടുണ്ടാവാം. അല്ലാവത്തവര്‍ക്ക് റേഷന്‍ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ എത്തിയില്ലെങ്കില്‍ പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ധന ജീവിതനിലവാരത്തില്‍ പ്രതിഫലിക്കില്ല. 

 ഇന്ത്യയുടെ റാങ്കിങ് എങ്ങനെ മെച്ചപ്പെടുത്താം

ഇന്ത്യയുടെ റാങ്കിങ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് റിപ്പോര്‍ട്ടില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പോഷകാഹാരക്കുറവു മെച്ചപ്പെടുത്താന്‍ വലിയ രാഷ്ട്രീയ ഇച്ഛാശക്തി തന്നെ ഇന്ത്യ ഇന്നോളം കാണിച്ചിട്ടുണ്ട്. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട്, പോഷന്‍ അഭിയാന്‍, പിഎം ഗരീബ് കല്ല്യാണ്‍ യോജന, നാഷണല്‍ മിഷന്‍ ഫോര്‍ റൂറല്‍ ഫാമിങ് എന്നിവയാണവ. പക്ഷെ പല മേഖലകളിലും ഇനിയും ഇന്ത്യ മെച്ചപ്പെടേണ്ടതുണ്ട്.

പ്രധാനമായും കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ് എന്നീ രണ്ട് വിഷയങ്ങളെ ഗൗരവമായി കണ്ട് പരിഹാരം കാണാതെ സൂചികയില്‍ ഇന്ത്യക്ക് മുന്നേറാന്‍ കഴിയില്ല.  18.7 ആണ് ഇന്ത്യയിലെ കുട്ടികളുടെ ഭാരക്കുറവ് നിരക്ക്. ഇത് ലോകത്തിലെ തന്നെ ഏറ്റവും മോശം സ്‌കോറാണ്. വളര്‍ച്ചാ മുരടിപ്പാവട്ടെ 35.5-ഉം. ഇത് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ 15-ാമത്തെ നിരക്കാണ്. സൂചികയിലെ സ്‌കോര്‍ മെച്ചപ്പെടുത്തിയത് കൊണ്ട് മാത്രം ഇന്ത്യക്ക് മുന്നേരാനാവില്ല. കാരണം ഇന്ത്യയേക്കാള്‍ ഗംഭീരമായി പല രാജ്യങ്ങളും സൂചികയില്‍ സ്‌കോര്‍ മെച്ചപ്പെടുത്തിയവരാണ്. അതിനാൽതന്നെ സൂചികയില്‍ മെച്ചപ്പെട്ട റാങ്കിങ് ലഭിക്കണമെങ്കില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യ പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 

സ്‌കോര്‍ മെച്ചപ്പെട്ടിട്ടും റാങ്ക് മെച്ചപ്പെടാത്തതിനുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പോഷകാഹാരം, കുട്ടികളുടെ വളർച്ചാ മുരടിപ്പ് കുട്ടികളിലെ ഭാരക്കുറവ്, ശിശുമരണം തുടങ്ങീ നമ്മുടെ ഇന്‍ഡിക്കേറ്റേഴ്‌സ്‌ എന്ത് കൊണ്ട് മെച്ചപ്പെടുന്നില്ല എന്ന ചോദ്യമാണ് ഇന്ത്യ സ്വയം ഉന്നയിക്കേണ്ടത്. മാത്രവുമല്ല, എത്ര പ്രതിശീര്‍ഷ വരുമാനം കൂടിയിട്ടും കാര്യമില്ല, സമ്പ്ദ് ഘടന അസമത്വം നിറഞ്ഞതാണെങ്കില്‍ ആ രാജ്യത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടില്ല. കുറച്ചു പേരുടെ വരുമാനം വര്‍ധിക്കുന്നതിനാല്‍ ദേശീയ ശരാശരി വര്‍ധിക്കുമെങ്കിലും അസമത്വം വര്‍ധിക്കും. വരുമാനം വര്‍ധിച്ചിട്ടും ജീവിത നിലവാരം മെച്ചപ്പെടുത്താനാവാത്തതിനു പരിഹാരമായി ഭക്ഷ്യ വിതരണ സംവിധാനം സാര്‍വ്വത്രികമാക്കണം. എ.പി.എല്‍., ബി.പി.എല്‍. സംവിധാനം മാറി എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം.