ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും എല്ലാവര്‍ക്കും മികച്ച വൈദ്യസഹായം ലക്ഷ്യമാക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും യഥാര്‍ഥത്തില്‍ ഒരൊറ്റ വഴിയേ ഉള്ളൂവെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിനുള്ള അമ്പരപ്പിക്കുന്ന 1 ട്രില്യണ്‍ (1,000,000,000,000) ഡോളറിന്റെ ശമ്പള പാക്കേജിന് ടെസ്‌ല ഓഹരിയുടമകള്‍ അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പരാമര്‍ശം. ഭാവിയില്‍ ജോലി ചെയ്യുന്നത് ഒരു ഹോബിയായി മാറുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

To advertise here,

മനുഷ്യരൂപമുള്ള 'ഓപ്റ്റിമസ്' റോബോട്ട് ദാരിദ്ര്യം അവസാനിപ്പിക്കുകയും, ജോലികള്‍ ഇല്ലാതാക്കുകയും, കുറ്റവാളികളെ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് ലോകത്തിലെ ഏറ്റവും ധനികനായ മസ്‌ക് അവകാശപ്പെടുന്നത്. ജോലികള്‍ ഇല്ലാതാക്കും എന്ന പരാമര്‍ശത്തില്‍ ആശങ്കവേണ്ട. ജോലി ചെയ്യണോ വേണ്ടയോ എന്ന് ഒരാള്‍ക്ക് തീരുമാനിക്കാം. ഓപ്റ്റിമസുകള്‍ ആഗോള സമ്പദ് വ്യവസ്ഥയെ 100 മടങ്ങുവരെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതോടെ മനുഷ്യര്‍ക്ക് ജോലിയെക്കുറിച്ചുള്ള ആശങ്കകള്‍ പൂര്‍ണമായും അവസാനിപ്പിക്കാം. ജോലിക്ക് പകരം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം.

'ദാരിദ്ര്യം ഇല്ലാതാക്കുന്നതിനെക്കുറിച്ചും എല്ലാവര്‍ക്കും മികച്ച വൈദ്യസഹായം നല്‍കുന്നതിനെക്കുറിച്ചും പലരം വാതോരാതെ സംസാരിക്കാറുണ്ട്. അതൊക്കെ സാധ്യമാകാന്‍ യഥാര്‍ഥത്തില്‍ ഒരൊറ്റ വഴിയേയുള്ളൂ. അതൊക്കെ സാധ്യമാകുക ഓപ്റ്റിമസ് റോബോട്ടിനെക്കൊണ്ടാണ്' - ടെസ്‌ല ഓഹരിയുടമകളുടെ യോഗത്തില്‍ മസ്‌ക് പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ദശകത്തില്‍ ഒരു മില്യണ്‍ (പത്തുലക്ഷം) ഓപ്റ്റിമസ് റോബോട്ടുകള്‍ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ചില വലിയ ലക്ഷ്യങ്ങള്‍ ടെസ്ല കൈവരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മസ്‌കിന്റെ ട്രില്യണ്‍ ഡോളറിന്റെ ശമ്പള പാക്കേജ്. വികസന ഘട്ടത്തിലാണ് നിലവില്‍ ഈ ഹ്യൂമനോയിഡുകള്‍. ഒരുനാള്‍ ഈ റോബോട്ടുകള്‍ ലോക സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുമെന്നും മനുഷ്യന്റെ അധ്വാനം ഏതാണ്ട് അപ്രസക്തമാക്കുമെന്നും മസ്‌ക് അവകാശപ്പെടുന്നു. ''നിര്‍മ്മിത ബുദ്ധിക്ക് (എഐ) മനുഷ്യന്റെ ഉത്പാദനക്ഷമത ഒരു പരിധി വരെ മാത്രമേ വര്‍ധിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ മനുഷ്യരൂപമുള്ള നിര്‍മ്മിത ബുദ്ധി റോബോട്ടിന് അത്തരത്തിലുള്ള പരിധികളില്ല. ഓരോ ഓപ്റ്റിമസും ഒരു മനുഷ്യനേക്കാള്‍ അഞ്ചിരട്ടി ഉത്പാദനക്ഷമതയുള്ളതും രാവും പകലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതുമായിരിക്കും എന്ന് മസ്‌ക് പറയുന്നു. അവയെ വിന്യസിച്ചാല്‍ മനുഷ്യരാശി സാര്‍വത്രികമായ ഉയര്‍ന്ന വരുമാനം നേടുന്ന ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കും. അവിടെ ആര്‍ക്കും ആവശ്യമുള്ള ഏത് ഉത്പന്നങ്ങളും വാങ്ങാനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഓപ്റ്റിമസുകളെക്കുറിച്ചുള്ള മസ്‌കിന്റെ അവകാശവാദങ്ങള്‍ സാമ്പത്തിക രംഗത്ത് മാത്രം ഒതുങ്ങുന്നില്ല. ഓപ്റ്റിമസിന് നീതിന്യായ വ്യവസ്ഥയെയും മാറ്റിമറിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. റോബോട്ടുകള്‍ക്ക് മനുഷ്യരെ പിന്തുടര്‍ന്ന് കുറ്റകൃത്യം തടയാന്‍ കഴിയാണ് അദ്ദേഹം പറയുന്നത്. അമേരിക്കയെ വരാനിരിക്കുന്ന കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ ശേഷിയുള്ള ഒരേയൊരു ഉപാധി നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്‌സുമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. കടക്കെണിയില്‍ നിന്ന് കരകയറാനും അമേരിക്ക പാപ്പരാകുന്നത് തടയാനുമുള്ള ഒരേയൊരു മാര്‍ഗം അത് മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കുമ്പോള്‍ ഓപ്റ്റിമസിന് 20,000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍ വരെ വിലയുണ്ടാകുമെന്ന് മസ്‌ക് പറയുന്നു. അത് ഒരു ഫാമിലി കാറിന്റെ വിലയാണ്, പക്ഷേ അതിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് മസ്‌ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്.