തൊടുപുഴ: ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയത് ഒഴിപ്പിച്ച് തുടങ്ങി. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ വിലക്ക് ഭാഗത്തുനിന്നാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്.
ആനയിറങ്കൽ ഡാമിന് തൊട്ടടുത്തായി 16 പേർ ചേർന്ന് കൈയേറി ഏലം കൃഷിചെയ്ത പ്രദേശമാണ് ആദ്യം ഒഴിപ്പിച്ചത്. ഇവിടെ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് കൈയേറ്റവും നിർമിതികളും തടസ്സമായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, 1250 മീറ്റർ നീളത്തിലുള്ള വേലികളാണ് നീക്കംചെയ്തത്.
75 തൂണുകളും ആറ് ഗേറ്റുകളും പിഴുതുമാറ്റി. വരുംദിവസങ്ങളിലും നടപടി തുടരും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വൈകീട്ട് പ്രദേശം സന്ദർശിച്ചു. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാത സംരക്ഷിക്കുന്നതിന്റെയും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
ഡാമിന്റെ ബഫർസോണിലെ അനധികൃത വൈദ്യുതവേലി, സൗരോർജ വേലി, മതിൽ, മറ്റ് നിർമാണം എന്നിവ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് നീക്കംചെയ്യാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിയോഗിച്ചിരുന്നു.
മൂന്നാർ ഡി.എഫ്.ഒ., കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സർക്കാർ കാലാകാലങ്ങളിൽ പട്ടയം നൽകിയ ഭൂമിയിലെ അതിർത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ നിർമിതികളോ നീക്കംചെയ്യില്ലെന്ന് കളക്ടർ അറിയിച്ചു. കൈയേറ്റം ഒഴിപ്പിച്ച് പ്രദേശത്തെ സ്വാഭാവിക സസ്യാവരണം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
ഒഴിപ്പിക്കൽ നടപടികളുടെ പുരോഗതി സബ് കളക്ടർ വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. റവന്യൂവകുപ്പ്, വനംവകുപ്പ്, കെ.എസ്.ഇ.ബി. ഡാം സേഫ്റ്റി വിഭാഗം, പോലീസ് എന്നിവ ചേർന്നസംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്.
മൂന്നാർ എ.എസ്.പി. അമൃത സതീപൻ, ദേവികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ, കെ.എസ്.ഇ.ബി. എക്‌സിക്യുട്ടിവ് എൻജിനിയർ പി.ആർ. മനോജ് കുമാർ, ഉടുമ്പൻചോല തഹസിൽദാർ ലാലുമോൻ ജോസഫ്, ഭൂരേഖ തഹസിൽദാർ കെ.പി. പോൾ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഗുൽസാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Authorities have begun evicting illegal encroachments on KSEB-owned land in the buffer zone of Anayirankal Dam, led by Devikulam Sub-Collector V.M. Arya, to restore wildlife corridors and reduce human-wildlife conflict. The initial eviction targeted 16 individuals who had encroached upon the land for cardamom cultivation, removing 1,250 meters of fencing, 75 posts, and six gates, with further actions planned. A committee, including the Munnar DFO and KSEB Executive Engineer, was appointed to oversee the removal of unauthorized structures, while ensuring that government-granted land boundaries remain intact, with progress reports submitted to the District Collector.
Published: 14 Nov 2026, 08:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented