രണ്ടു വശത്തുമായി നിന്നവര്‍ റിക്കാര്‍ഡോ അരാനയെ മാറി മാറി തോളില്‍ ഇടിച്ചു. അവരോട് ഇടിക്കാന്‍ ആവശ്യപ്പെട്ട നായകനെന്നു തോന്നിച്ച ശബ്ദമുള്ള മുതിര്‍ന്ന വിദ്യാര്‍ഥി റിക്കാര്‍ഡോയോട് ചോദിച്ചു. 'നായേ….. നിനക്ക് വേദനിച്ചോ?'
'ഇല്ല?' റിക്കാര്‍ഡോ പറഞ്ഞു. അത് സത്യമായിരുന്നു. കുറച്ചു നേരമായി അവന്‍ വേദനയൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവന്‍റെ കലങ്ങിയ മനസ്സ് പ്യുവര്‍ട്ടോ ഏതനിലെ തിരമാലകളില്ലാത്ത കടല്‍ത്തീരത്തായിരുന്നു. കത്തിയെരിയുന്ന സൂര്യനു താഴെ കടല്‍ത്തീരത്തു കൂടെ നടക്കുമ്പോള്‍ അമ്മ അവനെ കൈനീട്ടി ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചുകൊണ്ട് പറയുന്നത് അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
'റിക്കാര്‍ഡിറ്റോ…സൂക്ഷിച്ച്…. നീ ഇപ്പോള്‍ വാല്‍ത്തിരണ്ടിയുടെ കുത്തു വാങ്ങും'.
(പെറുവിലെ മഹാനായ സാഹിത്യകാരന്‍ മരിയോ വര്‍ഗാസ് യോസയുടെ The time of the hero എന്ന നോവലില്‍ നിന്നുള്ള ഒരു ഭാഗം.)
ഇതെഴുതുമ്പോള്‍ അടിച്ചവരാണോ അടി കൊണ്ടവനാണോ തെറ്റു ചെയ്തതെന്ന് അറിയില്ല. പക്ഷേ, നിഷ്കളങ്കത വിട്ടുമാറാത്ത ആ കൗമാരക്കാരന്‍റെ മുഖത്തെ പകപ്പ് ആ കാഴ്ച കാണുന്നവരുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കും. പരാജിതനും അപമാനിതനുമാവേണ്ടി വന്നതിലെ പരിഹാസ്യതയെ അവന്‍ മനസ്സിലും ശരീരത്തിലും സഹിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഓര്‍ത്തത് അവന്‍റെ അമ്മയെ ആയിരുന്നു. അവനും അപ്പോള്‍ ഓര്‍ത്തത് അവന്‍റെ അമ്മയെ ആയിരിക്കും. തോറ്റുപോവുന്ന കുട്ടികള്‍ എപ്പോഴും ആദ്യം ഓര്‍ക്കുന്നത് അവരുടെ അമ്മയെ ആയിരിക്കും.
സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ദൃശ്യത്തെക്കുറിച്ചാണ് പറയുന്നത്. രണ്ടു സ്കൂളുകളിലെ കുട്ടികള്‍ തമ്മിലുള്ള കശപിശയുടെ ബാക്കിപത്രമായിരിക്കും പ്രചരിപ്പിക്കപ്പെട്ട ആ ദൃശ്യം. വിഡിയോയിലെ വിദ്യാര്‍ഥികള്‍ ധരിച്ചിരിക്കുന്നത് രണ്ട് വ്യത്യസ്ത യൂണിഫോമുകള്‍ ആയിരിക്കുന്നതിനാല്‍ അവര്‍ രണ്ടു സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ആണെന്ന് മനസിലാക്കാന്‍ കഴിയും. ദൃശ്യത്തില്‍ നമ്മള്‍ കാണുന്നത് ഒരു വിദ്യാര്‍ഥിയെ കുറച്ചുപേര്‍ കൂട്ടമായി ആക്രമിക്കുന്നതാണ്.
തിരിച്ചടിക്കില്ലെന്ന ഉറപ്പില്‍ ക്രൂരമായ ഒരു തരം സന്തോഷത്തോടെ ഒരു സംഘം ഒരു വിദ്യാര്‍ഥിയെ വീണ്ടും വീണ്ടും അടിക്കുന്നു. ഇടിക്കുന്നു. തിരിഞ്ഞു നടക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി ഓടിച്ചെന്ന് മറ്റൊരു വിദ്യാര്‍ഥിയുടെ തോളില്‍ കൈകുത്തി ഉയര്‍ന്നു ചാടി സിനിമാസ്റ്റൈലില്‍ പുറത്തു തൊഴിക്കുന്നു. അപ്രതീക്ഷിതമല്ലെങ്കിലും അവന്‍ വീണ്ടും വേച്ചു പോകുന്നു. ഒരുപക്ഷേ, അടിക്കു കാരണം ആ കൗമാരക്കാരന്‍റെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും കൈത്തെറ്റാവാം. ആവാതിരിക്കാം. പക്ഷേ, എത്ര ക്രൂരമായിട്ടാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത്.
തനിക്ക് ഒരിക്കലും തിരിച്ചടിക്കാനാവില്ലെന്ന നിസ്സഹായത അടി വാങ്ങുന്ന വിദ്യാര്‍ഥിയുടെ കണ്ണുകളില്‍ നമുക്ക് കാണാന്‍ കഴിയും. നിയമവിരുദ്ധമായ ഒരു കാര്യത്തിലേക്ക് ഒരു കൂസലുമില്ലാതെ നെഞ്ചും വിരിച്ച് ഒരു സംഘം കയറിപ്പോകുന്നത് കാണുമ്പോള്‍ കേരളത്തിന്‍റെ ഭാവിയെക്കുറിച്ചും അപകടകാരിയാവുന്ന അക്രമാസക്തിയെക്കുറിച്ചുമെല്ലാം ആലോചിച്ച് നമ്മള്‍ ആകുലരാകുന്നു.
കുട്ടികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുന്നത് ഒരു പതിവു സംഭവമായിരിക്കുകയാണ് കേരളത്തില്‍. ബസ് സ്റ്റാന്‍ഡുകളില്‍, സ്കൂള്‍ ഗ്രൗണ്ടുകളില്‍, പൊതുനിരത്തില്‍…. എവിടെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരു അക്രമം സംഭവിക്കാം എന്നതാണ് അവസ്ഥ. കഴിഞ്ഞ വര്‍ഷവും ധാരാളം വീഡിയോ ദൃശ്യങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരക്രമത്തിലാണ് കോഴിക്കോട് താമരശ്ശേരിയില്‍ ഷഹബാസ് എന്ന ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുന്നത്. ഈ അക്രമത്തെത്തുടര്‍ന്ന്, പ്രതികളായ വിദ്യാര്‍ഥികള്‍ പരസ്പരം കൈമാറിയ സന്ദേശങ്ങള്‍ അവരുടെ മനസ്സിലുറഞ്ഞ ക്രൂരതയുടെ പ്രതിഫലനങ്ങളായിരുന്നു.
എവിടെ നിന്നാണ് ഒരാളെ മുറിവേല്‍പ്പിക്കാന്‍ തക്ക വിധത്തില്‍, കൂടെയുള്ള ഒരുവനെ കൊലപ്പെടുത്താന്‍ പാകത്തില്‍ ക്രൂരത ഇവര്‍ മനസിലേക്ക് ആവാഹിച്ചെടുത്തത്? അക്ഷരങ്ങളും അറിവുകളും സൗഹൃദങ്ങളും കൂട്ടായിരിക്കേണ്ട പ്രായത്തില്‍ അക്രമവും പകയും വിദ്വേഷവും എങ്ങനെയാണ് ഇവരുടെ മനസില്‍ കൂടുകെട്ടിയത്?
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ തലശേരിയിലെ ഒരു സ്കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത ഒരു സീനിയര്‍ വിദ്യാര്‍ഥിയെ താക്കീത് ചെയ്ത അധ്യാപികയുടെ മുഖത്തടിച്ച സംഭവമുണ്ടായിരുന്നു. പാലക്കാട് പ്രധാനാധ്യാപകനു നേരെ വധഭീഷണി നടത്തിയ വിദ്യാര്‍ഥിയെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്.
അതിനും മുന്‍പാണ് 2024 ഫെബ്രുവരിയില്‍ പൂക്കോട് വെറ്ററിനറി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിന് വിധേയനായ ജെ.എസ്. സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയെന്ന് സര്‍ക്കാരും കൊലപാതകമെന്ന് സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളും പറയുന്ന ആ മരണത്തിലുള്ള അന്വേഷണവും നിയമനടപടികളും ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയും എത്ര മാതാപിതാക്കന്‍മാരുടെ കണ്ണീര്‍ ഇവിടെ വീഴും? വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സംഘബലത്തിലും മെയ്ക്കരുത്തിലും ഊറ്റംകൊള്ളുന്ന യുവതലമുറയുടെ മാനസികാരോഗ്യനില ഭയപ്പെടുത്തുന്നതാണ്.
അക്ഷരങ്ങളെ അഗ്നിയായി സിരകളില്‍ പടര്‍ത്തേണ്ട പ്രായത്തില്‍, കായികമേളകളില്‍ പ്രതിഭ തെളിയിക്കേണ്ട സമയത്ത്, കലയുടെ കാന്തികപ്രവാഹത്തെ മനസിലേറ്റേണ്ട കാലത്ത്… കേരളത്തിലെ കൗമാരക്കാരിൽ ഒരു വിഭാഗം തെരുവുകളില്‍ വിദ്വേഷവും പകയും പടര്‍ത്തി അഴിഞ്ഞാടുകയാണ്. തങ്ങളുള്‍പ്പെട്ട സംഘര്‍ഷരംഗങ്ങള്‍ എഫ്ബിയിലും ഇന്‍സ്റ്റയിലും പോസ്റ്റ് ചെയ്ത് അഭിരമിക്കുകയാണ്. മാറ്റത്തിന്‍റെ പതാകവാഹകരാണ് ചെറുപ്പക്കാര്‍ എന്നു പറയുന്നതിനെ മുഖവിലയ്ക്കെടുക്കാമെങ്കില്‍ നാം ആശങ്കപ്പെടുക തന്നെ വേണം.
എപ്പോള്‍ മുതലാണ് കേരളത്തിലെ വിദ്യാര്‍ഥികളിൽ ചിലർ ഇത്തരത്തില്‍ അക്രമാസക്തരായിത്തീര്‍ന്നത്. അത് കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനു ശേഷമാണെന്നു സാമാന്യമായി പറയാവുന്നതാണ്.

'സത്യത്തില്‍ ഇതു സംബന്ധിച്ച് വളരെ ഗൗരവമായ, വിശദമായ ഒരു പഠനം നടത്തേണ്ടതുണ്ടെന്നാണ് തോന്നുന്നത്,' കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസിക ചികിത്സാ വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. ടോം വര്‍ഗീസ് പറയുന്നു. 'പല സ്കൂളുകളിലും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സെഷനുകള്‍ക്കായി ചെല്ലുമ്പോള്‍ അധ്യാപകര്‍ ഉന്നയിച്ച ഒരു പ്രശ്നമാണിത്. ലോകത്തിന് അന്നുവരെ അപരിചിതമായിരുന്ന സമ്പൂര്‍ണ അടച്ചിടല്‍ എന്ന വിചിത്രമായ പ്രതിഭാസവുമായി പൊരുത്തപ്പെടാന്‍ ഏറ്റവും വിഷമിച്ചത് ഇന്നത്തെ കൗമാരക്കാരായ അന്നത്തെ കുട്ടികളായിരുന്നു എന്നത് കാണാതിരിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് ഗൗരവത്തോടെ ഈ വിഷയം പഠിക്കണമെന്ന് ഡോ. ടോം പറയുന്നു. 'ലോക്ക്ഡൗണിനു ശേഷം കുട്ടികളുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റമുണ്ടായി എന്നത് ഒരു സത്യമാണ്. പക്ഷേ, വിശദമായ പഠനങ്ങള്‍ നടത്താതെ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കു കാരണം അതാണെന്ന നിഗമനത്തില്‍ എത്താനാവില്ല. ഒരു കാരണമാവാം എന്ന നിഗമനം മാത്രമേ ഇപ്പോള്‍ നടത്താനാവൂ'- അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില അധ്യാപകരും കൗണ്‍സിലര്‍മാരും അക്രമം പ്രോത്സാഹിപ്പിക്കുന്ന, അധോലോക നായകന്‍മാരെയും ഗുണ്ടകളെയും മഹത്വവല്‍കരിക്കുന്ന സിനിമകളും വിദ്യാര്‍ഥികളെ സ്വാധീനിക്കുന്നതായി പറയുന്നു. പക്ഷേ, ഡോ. ടോം ഈ വാദവും പൂര്‍ണമായി സ്വീകരിക്കാനാവില്ല എന്ന പക്ഷക്കാരനാണ്.
'സിനിമയിലെ അക്രമം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അധോലോക നായകന്‍മാരായി വേഷമിട്ട സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ വിഭാഗത്തെ സ്വാധീനിക്കുന്നുണ്ടാവും. അതും വിശദമായി പരിശോധിക്കേണ്ടതാണെന്നാണ് എനിക്കു തോന്നുന്നത്'-ഡോ. ടോം പറഞ്ഞു.
'നമ്മുടെ കുട്ടികള്‍ നേരിടുന്ന വലിയൊരു പ്രശ്നം കണ്ടുപഠിക്കാന്‍, അനുകരിക്കാന്‍ അവര്‍ക്കു മുന്നില്‍ വലിയ മാതൃകകള്‍ ഒന്നുമില്ല എന്നതാണ്. കോവിഡ് കാലത്തെ അടച്ചുപൂട്ടലും അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും അവരെ എത്തിച്ചത് തെറ്റായ മാതൃകകളുടെ സ്വാധീന വലയത്തിലാണ്. ആന്‍ഡ്രൂ ടെയ്റ്റിനെപ്പോലെ, അല്ലെങ്കില്‍ മലയാളത്തിലെ തൊപ്പിയെപ്പോലെ പ്രതിലോമകരവും സാമൂഹികവിരുദ്ധവുമായ ഉള്ളടക്കങ്ങളുമായി ഇത്തരക്കാര്‍ കൗമാരക്കാരെയും കുട്ടികളെയും വഴി തെറ്റിച്ചു'-ഡോ ടോം പറയുന്നു.
സ്കൂള്‍, കോളജ് കാമ്പസുകളിൽ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമാസക്തിക്ക് ഒരു കാരണമായി അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. 'പക്ഷേ, അക്രമത്തിലേര്‍പ്പെടുന്ന കുട്ടികളെല്ലാം ലഹരിക്കടിമപ്പെട്ടവരാണെന്നു പറയാനുമാവില്ല. ലഹരി ഉപയോഗിക്കാത്തവരും അനിയന്ത്രിതമായ അക്രമാസക്തി കാണിക്കുന്നതായി കണ്ടിട്ടുണ്ട്'-ഡോ. ടോം പറയുന്നു.

'കൗമാരം എന്നു പറയുന്നത് മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ എന്തും ചെയ്യുന്ന കാലമാണ്. ചിലര്‍ പാട്ടു പാടും. ചിലര്‍ അക്കാദമിക് മികവ് കാണിക്കും. മറ്റു ചിലര്‍ കായികമേഖലയില്‍ കഴിവു തെളിയിക്കും. ഇതിനൊന്നും കഴിയാത്തവര്‍ ശ്രദ്ധ ലഭിക്കുന്നതിനായി ഇത്തരം കുഴപ്പങ്ങളില്‍ ചെന്നു വീഴും'-കോട്ടയം മലബാര്‍ ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. എം. ലളിത പറഞ്ഞു.
'ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികള്‍ക്കും വീട്ടില്‍ വേണ്ടത്ര ശ്രദ്ധയും പരിഗണനയും കിട്ടുന്നില്ല എന്നത് പല കുട്ടികളുടെയും കാര്യത്തില്‍ ഇടപെടുമ്പോള്‍ ഞങ്ങള്‍ മനസിലാക്കിയ കാര്യമാണ്. അവരെ കേള്‍ക്കാനും അവരുടെ കാര്യങ്ങളില്‍ കരുതലോടെ ഇടപെടാനും പല മാതാപിതാക്കന്‍മാര്‍ക്കും കഴിയുന്നില്ല. അവരെ ആരും സ്നേഹിക്കുന്നില്ലെന്ന തോന്നല്‍ പല കുട്ടികളിലും ശക്തമാണ്. സിലബസ് സമയത്ത് പഠിപ്പിച്ചു തീര്‍ക്കാനുള്ള വെപ്രാളത്തില്‍ അധ്യാപകര്‍ക്കും വ്യക്തിപരമായി കുട്ടികളെ അടുത്തറിയാന്‍ സമയം കിട്ടാതെ പോവുന്നു. ഇതൊക്കെ കുട്ടികള്‍ അനാരോഗ്യകരമായ പ്രവണതകളിലേക്ക് എത്തിപ്പെടാന്‍ കാരണമാകുന്നുണ്ട്'-ഡോ. ലളിത പറയുന്നു.
'കുറച്ച് സ്നേഹം, കുറച്ച് അംഗീകാരം…ഇതൊക്കെ കിട്ടുന്ന കുട്ടികളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഞങ്ങളുടെ സ്കൂളില്‍ ഈ മാറ്റം ഞങ്ങള്‍ കാണുന്നുണ്ട് '.
കഴിഞ്ഞ വര്‍ഷം കണ്ണൂരിലെ ഒരു സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥികളെ പ്ളസ് ടു വിദ്യാര്‍ഥികള്‍ ആക്രമിച്ചതിനു കാരണം അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് കിട്ടുന്നതിലേറെ ലൈക്കും കമന്‍റും പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്കു കിട്ടുന്നു എന്ന കാരണത്താലാണ്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുട്ടികളെ എന്തു മാത്രം സ്വാധീനിക്കുന്നു എന്നു ഇതിലൂടെ മനസിലാക്കാന്‍ കഴിയും.
സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതേയുള്ളൂ. അശാന്തമായ കൗമാരം എങ്ങനെയായിരിക്കും വരാനിരിക്കുന്ന നാളുകളിലേക്ക് കടന്നുചെല്ലുക എന്നത് സ്കൂള്‍ അധികൃതരെയും പൊതുസമൂഹത്തെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന കാര്യമാണ്. ഡോ. ടോം പറഞ്ഞതുപോലെ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കട്ടെ. അക്രമവാസനകള്‍ വെടിയുന്ന കൗമാര കൗതുകങ്ങള്‍ക്കായി കേരളം പ്രാര്‍ഥിക്കുന്നുണ്ട്. ഇനിയും സിദ്ധാര്‍ഥന്‍മാരും ഷഹബാസുമാരും ഇവിടെ ഉണ്ടാവരുത്. കണ്ണീരുണങ്ങാത്ത കവിളുമായി മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങാന്‍ ഇടവരരുത്.
വലിയ മാറ്റങ്ങളെച്ചൊല്ലി ഊറ്റം കൊള്ളുന്നുണ്ട് സര്‍ക്കാര്‍. കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനായി ചെറിയ മാറ്റങ്ങള്‍ എങ്കിലും നമ്മുടെ അക്കാദമിക് രംഗത്ത് സംഭവിക്കേണ്ടതുണ്ട്.
Content Highlights: Rising teenage violence in Kerala schools worries parents & educators.
Published: 08 Jul 2025, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented