തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽനിന്നു രക്ഷപ്പെടാനുള്ള പ്രദേശവാസികളുടെ വേലിയും മതിലുമൊക്കെ നീക്കാൻ കളക്ടർ ഉത്തരവിട്ടത് ചോദ്യംചെയ്തായിരുന്നു വ്യാഴാഴ്ച നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. സഭ നിർത്തിവെച്ചുള്ള ചർച്ചയ്ക്ക് കെ.യു. ജനീഷ്‌കുമാർ, കെ. രാജൻ, പി.കെ. പ്രവീൺ എന്നിവർ നൽകിയ നോട്ടീസ് തള്ളി. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു.

To advertise here,

ഇറങ്ങിപ്പോവാനല്ല നേരത്തേ ഉദ്ദേശിച്ചതെന്നും മന്ത്രിയുടെ സമീപനം ശരിയല്ലാത്തതിനാലാണ് വാക്കൗട്ടെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കി.

മനുഷ്യ -വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത് എൽ.ഡി.എഫ്. സർക്കാരാണെന്നും അതിന്റെ അധികാരത്തിലാണ് അനധികൃത വേലികൾ നീക്കാൻ കളക്ടർ ഉത്തരവിട്ടതെന്നും മന്ത്രി ഷിബു ബേബിജോൺ വിശദീകരിച്ചു. വന്യജീവികളുടെ സ്വാഭാവികപാതയിൽ മനുഷ്യർ ഉണ്ടാക്കുന്ന തടസ്സം നീക്കാനെന്ന പേരിലാണ് കളക്ടറുടെ ഉത്തരവെന്ന് കെ.യു. ജനീഷ് കുറ്റപ്പെടുത്തി.

ഇവരെയൊക്കെ പറഞ്ഞു ധരിപ്പിക്കുന്നതിെനക്കാൾ ആനയെയും കഴുതയെയും കുരങ്ങിനെയുമൊക്കെ പറഞ്ഞു മനസ്സിലാക്കുന്നതാണെന്ന പരിഹാസത്തോടെ മന്ത്രി മറുപടി തുടങ്ങിയതിൽ പ്രതിപക്ഷം ബഹളംവെച്ചു. അവതരിപ്പിച്ചയാളെ ആക്ഷേപിക്കുന്ന മട്ടിലാണ് മന്ത്രിയുടെ മറുപടിയെന്ന് പിണറായി വിജയൻ സ്പീക്കറോടു പരാതിപ്പെട്ടു.

ആനയുടെ വഴി തടസ്സപ്പെടുത്തി വൻകിട റിസോർട്ട് വേലിയുണ്ടാക്കി. പിണറായി ഭരിക്കുമ്പോൾ എന്തുകൊണ്ടതു പൊളിച്ചില്ല? കൈയേറ്റക്കാരെ ഒഴിപ്പിച്ച് ജനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യജീവൻ രക്ഷിക്കാനാണ് കളക്ടർ ഉത്തരവിറക്കിയതെന്ന് മന്ത്രി എ.പി. അനിൽകുമാറും വാദിച്ചു.