
ഹിരോഷിമയിലെ പീസ് മെമ്മോറിയൽ പാർക്കിലുള്ള നാഴികമണിയിൽ സമയം 8.15 ആയപ്പോൾ ഒരു മണിനാദം അവിടെങ്ങും പ്രതിധ്വനിച്ചു. മരത്തിന്റെ ചില്ലകളിലിരുന്നു ചിലച്ചിരുന്ന പക്ഷികൾ നിശ്ശബ്ദരായി. പാർക്കിലൂടെ ചലിച്ചിരുന്ന മനുഷ്യർ നിശ്ചലരായി. അമ്പത്തിയേഴു വർഷമായി എല്ലാ ദിവസവും രാവിലെ ഇതേസമയം, അവിടെയുള്ള ക്ലോക്ക് ശബ്ദിക്കാറുണ്ട്. 1945-ൽ ആ സമയത്താണ് ഹിരോഷിമ നഗരത്തിൽ ലോകത്തിലെ ആദ്യത്തെ അണുബോംബ് വിസ്ഫോടനമുണ്ടായത്. 1967-ലാണ് ഈ മണി ഇവിടെ സ്ഥാപിച്ചത്.
ഒരു മിനിറ്റിനുശേഷം മണിനാദം നിലച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് അനുഭവപ്പെട്ടത്. തലേന്ന് പീസ് വൊളന്റിയേഴ്സ് സംഘടനയിൽ അംഗമായ മിച്ചിക്കോ കൊനോ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു: ‘‘ഇത്രയും വർഷത്തിനിടയിൽ ഞാൻ ഒരിക്കലേ ഈ ശബ്ദം കേൾക്കാൻ ധൈര്യപ്പെട്ടിട്ടുള്ളൂ.’’ -അണുബോംബ് സ്ഫോടനത്തെ അതിജീവിച്ചവരും അവരുടെ പിൻതലമുറകളും അനുഭവിക്കുന്ന യാതന മിച്ചിക്കോയുടെ സ്വരത്തിൽ തളംകെട്ടിയിട്ടുണ്ടായിരുന്നു.

ക്യോട്ടോയിൽനിന്ന് രാത്രി ബസിനാണ് ഞാൻ ഹിരോഷിമയിലേക്ക് പുറപ്പെട്ടത്. ആദ്യം പോയത് മ്യൂസിയം കാണാനായിരുന്നു. ഒന്നാംനിലയിൽ അണുബോംബിന്റെ ഭീകരത വെളിപ്പെടുത്തുന്ന പ്രദർശനമായിരുന്നു. 1945 ഓഗസ്റ്റ് ആറു വരെ ഹിരോഷിമ ലോകയുദ്ധകാലത്ത് സൈനികത്താവളമായി പ്രവർത്തിച്ചുവന്ന വെറുമൊരു ജാപ്പനീസ് നഗരമായിരുന്നു. എന്നാൽ, ആ കറുത്ത തിങ്കളാഴ്ചയ്ക്കു ശേഷം ലോകംകണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ പേരായി ഹിരോഷിമ. അണുബോംബുവീണ ശേഷമുള്ള നഗരത്തിന്റെ ദൃശ്യങ്ങളും ആളുകൾ അനുഭവിച്ച കഷ്ടപ്പാടുകളും അവിടത്തെ ചിത്രങ്ങളിൽ നിറഞ്ഞു. ഒരു നിമിഷംകൊണ്ട് ഒന്നരലക്ഷത്തിൽപ്പരം ആളുകളുടെ ജീവനാണ് ‘ലിറ്റിൽ ബോയ്’ എന്ന് ഓമനപ്പേരിട്ടുവിളിച്ച അണുബോംബ് അപഹരിച്ചത്. ബോംബ് വികസിപ്പിച്ചതിന്റെ നാൾവഴികൾ, വിക്ഷേപിക്കാനുണ്ടായ സാഹചര്യം, നാശനഷ്ടങ്ങൾ തുടങ്ങിയവയെല്ലാം വിശദമായി പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു.
താഴത്തെ നിലയിൽ ‘മെമ്മറീസ് ഓഫ് ഫ്രണ്ട്‌സ്’ എന്ന പ്രദർശനമായിരുന്നു. ബോംബ് സ്ഫോടനത്തിൽ മരിച്ചുപോയ സ്കൂൾ കുട്ടികൾ ഉപേക്ഷിച്ച സാധനങ്ങളും അവരുടെ വിധി നിർണയിച്ച സാഹചര്യങ്ങളും അവരുടെ കൂട്ടുകാരുടെ സാക്ഷ്യപത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. പതിന്നാലു വയസ്സുണ്ടായിരുന്ന ടാകാഹാഷി, തന്റെയും കൂട്ടുകാരനായ തത്സുയയുടെയും ക്രയോൺകൊണ്ട് വരച്ച പടം കാഴ്ചയിൽത്തന്നെ നൊമ്പരമായി. രണ്ടുപേരുടെയും ദേഹത്തെ തൊലി മൊത്തം ഇളകിപ്പോയിട്ടുണ്ടായിരുന്നു. മസാക്കോ എന്ന പതിമ്മൂന്നു വയസ്സുകാരിയുടെ ഡയറിക്കുറിപ്പിൽ അവളുടെ സുഹൃത്ത് മൊരിക്കവാ വേദനിക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. ‘എനിക്കവളെ സഹായിക്കാൻ സാധിച്ചില്ല. എന്റെ ശരീരം തണുപ്പിക്കാൻ ഞാൻ നദിയിലേക്കു ചാടി.’ കുറ്റബോധത്തോടെയാണ് ആ കൊച്ചു പെൺകുട്ടി ഡയറിയിൽ കുറിച്ചത് . അണുബോംബ് സ്ഫോടനം നടന്നപ്പോൾ 3000-4000 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്തരീക്ഷത്തിലെ താപനില. യോഷികോയും ടോഷിയാക്കിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ശരീരം പൊള്ളിയതിന്റെ വേദന സഹിക്കാൻ വയ്യാതെ രണ്ടുപേരും നദിയിൽ ചാടി. രണ്ടു ദിവസത്തിനുശേഷം അവർ മരണത്തിനു കീഴടങ്ങി. ടോഷിയാക്കിയുടെ ജാക്കറ്റ് അവിടെ ചില്ലുകൂട്ടിൽ െവച്ചിട്ടുണ്ട്. ഫ്യൂമിഹാരയും കൂട്ടുകാരനും നടന്നുപോകുമ്പോഴാണ് ബോംബ് വീണത്. കൂട്ടുകാരൻ രക്ഷപ്പെട്ടു. ഫ്യൂമിഹാരയെ കണ്ടെത്താനായില്ല. അവന്റെ ബാഗും വാട്ടർബോട്ടിലും അവിടെയുണ്ടായിരുന്നു.
പീസ് വൊളന്റിയേഴ്‌സ് സംഘടന നയിക്കുന്ന വാക്കിങ് ടൂറിൽവെച്ചാണ് മിച്ചികോയെ പരിചയപ്പെട്ടത്. അവരായിരുന്നു ഞങ്ങളുടെ ഗൈഡ്. പീസ് വൊളന്റിയേഴ്‌സ് അവരുടെ സേവനങ്ങൾക്ക് പണം ഈടാക്കാറില്ല. ഇരുപത്തിയൊമ്പത് ഏക്കറിൽ പരന്നുകിടക്കുന്ന പീസ് പാർക്ക് സ്ഥിതി ചെയ്യുന്നിടത്തായിരുന്നു ഹിരോഷിമയുടെ വാണിജ്യകേന്ദ്രമുണ്ടായിരുന്നത്. അതുകൊണ്ടാണ് ബോംബിടാൻ ഈ പ്രദേശം തിരഞ്ഞെടുത്തത്. ‘‘നകാജിമ എന്ന ഈ പ്രദേശത്തുണ്ടായിരുന്ന റോഡരികിലെല്ലാം ധനികരായ വ്യാപാരികളുടെ, തടികൊണ്ടുണ്ടാക്കിയ രണ്ടുനിലകളുള്ള പരമ്പരാഗത വീടുകളായിരുന്നു. അതപ്പാടേ കത്തിനശിച്ചു.’’ വളരെ നിസ്സംഗതയോടെയാണ് കൊനോ ദുരന്തകാലത്തെക്കുറിച്ചുള്ള വിവരണം നടത്തിയത്.
പീസ് മെമ്മോറിയൽ ഹാളിന്റെ മേൽക്കൂരയിലുണ്ടായിരുന്ന സ്മാരകത്തിൽ 8:15 എന്ന് രേഖപ്പെടുത്തിയിരുന്നു. അതിനുചുറ്റും ബോംബ് സ്ഫോടനത്തിൽ തകർന്ന വസ്തുക്കളുടെ അവശിഷ്ടങ്ങളും കത്തിയമർന്ന കെട്ടിടങ്ങളുടെ മേൽക്കൂരകളിലുണ്ടായിരുന്ന ഓടുകളും ടൈലുകളും കൂട്ടിയിട്ടിരുന്നു. ഭൂമിക്കടിയിലായിരുന്നു കെട്ടിടത്തിന്റെ രണ്ടുനിലകൾ. റാമ്പ് വഴി അങ്ങോട്ടേക്ക് നടക്കുമ്പോൾ വെള്ളമൊഴുകുന്ന ശബ്ദം കേൾക്കാമായിരുന്നു. ‘‘വെള്ളത്തിനുവേണ്ടി കേണുകൊണ്ടാണ് പലരും മരണത്തിലേക്ക് പോയത്. അവരുടെ ആത്മാവിന് ശാന്തി കിട്ടാനായിട്ടാണ് ഇവിടെ ചെറിയ ജലധാര നിർമിച്ചത്’’ -മിച്ചിക്കോ വിശദീകരിച്ചു. ഹാളിന്റെ ഭിത്തിയിൽ ഒരു ലക്ഷത്തി നാല്പതിനായിരം കൊച്ചുടൈലുകൾ പതിപ്പിച്ചിട്ടുണ്ട്. അത്രയും ആളുകൾ മരിച്ചതായിട്ടാണ് ഔദ്യോഗികകണക്ക്. മുകളിലത്തെ നിലയിലേക്കു ചെന്നപ്പോൾ ഡിസ്‌പ്ലേ ബോർഡ് കണ്ടു. അവിടെയുള്ള കീബോർഡിൽ പേര് ടൈപ്പ് ചെയ്താൽ മരിച്ച ആളുടെ വിവരങ്ങളും ഫോട്ടോയും കാണാം. മിച്ചിക്കോ കീബോർഡിൽ ഏതോ പേരടിച്ചപ്പോൾ ഒരു പുരുഷന്റെ ഫോട്ടോ തെളിഞ്ഞുവന്നു. അതോടെ അവരുടെ കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. നിശ്ശബ്ദത പാലിക്കണം എന്നെഴുതി വെച്ചിരുന്നതുകൊണ്ട് അവരോട് ഒന്നും ചോദിച്ചില്ല. ഞാൻ അവരെ ചേർത്തുപിടിച്ചു.
കെട്ടിടത്തിൽനിന്നു പുറത്തിറങ്ങിയതും മിച്ചിക്കോ സംസാരിക്കാൻ പ്രയാസപ്പെടുന്നതായിത്തോന്നി. ചോദിച്ചപ്പോഴാണ് അവർ ബോംബിങ്ങിനെ അതിജീവിച്ച വ്യക്തിയാണെന്ന് മനസ്സിലായത്. കരച്ചിൽ അടക്കി മിച്ചിക്കോ തന്റെ കഥ പറഞ്ഞു:
‘‘ബോംബിങ് സമയത്ത് എനിക്ക് നാലുമാസം പ്രായമായിരുന്നു. പ്രസവത്തിനുശേഷം അച്ഛൻ അമ്മയെയും എന്നെയും അമ്മയുടെ വീട്ടിൽ കൊണ്ടാക്കാൻ ട്രെയിൻ കാത്തുനിന്നപ്പോഴാണ് സ്ഫോടനം നടന്നത്. ഞാൻ തെറിച്ചുവീണത് അവിടെയുണ്ടായിരുന്ന ഒരു പെട്ടിയിലേക്കായതുകൊണ്ട് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അമ്മയുടെ മുഖത്തും കഴുത്തിനും മുറിവുകൾ പറ്റി. അച്ഛൻ വേഗം വീട്ടിലേക്കോടി. വീട് നിലംപതിച്ചിരുന്നു. അവിടെനിന്ന് അപ്പൂപ്പന്റെ മൃതദേഹം കിട്ടി. അമ്മൂമ്മയെ കണ്ടെത്താനായില്ല. രണ്ടാഴ്ചയോളം മൃതദേഹങ്ങൾക്കിടയിൽ സ്വന്തം അമ്മയെ തിരഞ്ഞുകൊണ്ട് അച്ഛൻ അവിടെയെല്ലാം അലഞ്ഞു. അവസാനം ആരോ ഒരു ക്യാമ്പിൽ അമ്മൂമ്മയെപ്പോലെ ഒരാളെ കണ്ടെന്നു പറഞ്ഞപ്പോൾ അച്ഛൻ അവിടേക്കു പോയി. അമ്മൂമ്മയെ കണ്ടെത്തി. സ്ഫോടനത്തിൽ പരിക്കേറ്റു കിടന്ന അമ്മൂമ്മയെ അകറ്റ്‌സുകി കോർപസ് എന്ന സേന ഒരു ദ്വീപിലേക്കു കൊണ്ടു പോയി ശുശ്രൂഷിച്ചു. പരിക്കുഗുരുതരമല്ലാത്തതിനാൽ മറ്റൊരിടത്തേക്ക് മാറ്റി. എനിക്ക് ഓർമ്മവെച്ചകാലംമുതൽ തന്റെ മരണംവരെ അച്ഛൻ ചിരിച്ചുഞാൻ കണ്ടിട്ടില്ല. അതിന്റെ കാര്യം അമ്മയോട് തിരക്കിയപ്പോഴാണ് ഈ കഥ എന്നോടു പറഞ്ഞത്. അന്ന് യുദ്ധമുഖത്തുകണ്ട ഭീതിദമായ കാഴ്ചകൾ അച്ഛനെ നിത്യവിഷാദത്തിലേക്കു തള്ളിവിട്ടു. ഞങ്ങളെ ട്രെയിൻ കയറ്റിവിടാൻ ഇറങ്ങിയില്ലെങ്കിൽ ഓഫീസിലേക്കാകും അച്ഛൻ പോകുക. അച്ഛന്റെകൂടെ ജോലി ചെയ്തിരുന്നവരെല്ലാം അന്ന് മരണപ്പെട്ടു. അച്ഛൻമാത്രം രക്ഷപ്പെട്ടു എന്നത് അദ്ദേഹം ഒരു കുറ്റബോധമായിട്ടാണ് കൊണ്ടുനടന്നത്. അണുവികിരണത്തിന്റെ അനന്തരഫലമായി അമ്മയ്ക്ക്് എന്നും ചെറിയതോതിൽ പനിക്കാറുണ്ടായിരുന്നു. മോണ നിരന്തരം പഴുക്കുന്നതിനാൽ ഭക്ഷണം ശരിക്ക് കഴിക്കാൻ സാധിക്കില്ലായിരുന്നു. കുട്ടിക്കാലത്ത് എന്റെ ചുറ്റുമുള്ളവരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായിരുന്നു. സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. കുറച്ചു മുൻപ് എന്റെ അപ്പൂപ്പന്റെ പടമാണ് തിരഞ്ഞത്. അത് കാണുമ്പോൾ അച്ഛൻ അനുഭവിച്ച വേദനയാണ് എനിക്കോർമ്മ വരാറ്.’’ കുറച്ചുനേരം അവർ നിശ്ശബ്ദയായി. എന്തുപറഞ്ഞാണ് അവരെ ആശ്വസിപ്പിക്കാൻ പറ്റുക? സാമ്രാജ്യങ്ങളുടെ മോഹങ്ങൾക്കു മുൻപിൽ എരിഞ്ഞടങ്ങുന്നത് സാധാരണക്കാരന്റെ ജീവിതവും സ്വപ്നങ്ങളുമാണ്. അത് ഹിരോഷിമയിലായാലും ശരി ഗാസയായാലും ശരി, യുക്രൈനിലായാലും ശരി.

ഞങ്ങൾ മറ്റിയസു ഗാവ നദിക്കരയിലെത്തി. സാധാരണ ശാന്തമായി ഒഴുകുന്ന നദി കാണുമ്പോൾ സന്തോഷമാണ് തോന്നാറ്. എന്നാൽ, ആ നദിയിൽ നോക്കിയപ്പോൾ പൊള്ളിയ ദേഹവുമായി വെള്ളത്തിലേക്കു ചാടിയ മനുഷ്യരെയാണ് ഓർമ്മവന്നത്. അവിടെ നിന്നപ്പോൾ അവരുടെ നിലവിളി ചെവിയിൽ അലയടിച്ചു. നദിക്കു കുറുകെയുള്ള പാലം കടന്ന് ഷിമ ആശുപത്രിയുടെ അരികിലെത്തി. നാലായിരത്തി നാനൂറുകിലോ ഭാരമുണ്ടായിരുന്ന ‘ലിറ്റൽ ബോയ്’ നിക്ഷേപിച്ചത് ആ കെട്ടിടത്തിന്റെ മുകളിലായിരുന്നു. അറ്റോമിക് ബോംബ് ഹൈപോസെന്റർ എന്ന് അവിടെയുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിരുന്നു. കെട്ടിടങ്ങളെല്ലാം പുനർനിർമിച്ചിരുന്നതിനാൽ കേടുപാടുകൾ കാണാനില്ലായിരുന്നു. അവിടെനിന്ന് നൂറ്റിഎഴുപതു മീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ‘എ ഡോം’ (Atomic bomb Dome) കെട്ടിടത്തിലേക്ക്. ആ പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങളെല്ലാം നശിച്ചപ്പോഴും പൂർണമായും തകരാതെ രക്ഷപ്പെട്ട ഒന്നായിരുന്നു അത്. ‘‘കെട്ടിടത്തിന്റെ മുകളിൽ ചെമ്പിന്റെ പടുകൂറ്റൻ താഴികക്കുടമുണ്ടായിരുന്നു. അത് പൂർണമായും ഉരുകിപ്പോയി. സ്ഫോടനത്തിന്റെ ലംബമായ താഴോട്ടുള്ള ശക്തിയെ ചെറുക്കാൻ കെട്ടിടത്തിന്റെ തൂണുകൾക്ക് സാധിച്ചതുകൊണ്ട് അതിന്റെ അസ്ഥികൂടം അവശേഷിച്ചു. മനുഷ്യരാശി സൃഷ്ടിച്ച ഏറ്റവും വിനാശകരമായ ശക്തിയുടെ പ്രതീകമായതിനാലാണ് കെട്ടിടത്തിന് ലോകപൈതൃക പദവി ലഭിച്ചത്.’’ -മിച്ചിക്കോ പറഞ്ഞുതന്നു. ‘‘സത്യംപറഞ്ഞാൽ ഞങ്ങൾക്ക് കെട്ടിടം നിലനിർത്തുന്നതിനോട് യോജിപ്പില്ലായിരുന്നു. എല്ലാം മറന്നു മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ഞങ്ങളെ പിന്നോട്ടുവലിക്കുന്ന ഇരുണ്ടശക്തിയാണ് ഇപ്പോൾ ഈ കെട്ടിടം. പിന്നെ നിങ്ങളെപ്പോലുള്ള സന്ദർശകർക്ക് അണുബോംബിന്റെ നേർക്കാഴ്ച കാണിക്കാനായിട്ടാണ് ഭരണകൂടം ഇതിനെ നിലനിർത്തുന്നത്. ഒരു രീതിയിൽ നോക്കിയാൽ അവരുടെ ചിന്താഗതിയും ശരിയാണ്. ഇതൊക്കെ കണ്ട് മനുഷ്യന് നല്ലബുദ്ധി തോന്നുകയാണെങ്കിൽ തോന്നട്ടെ.’’-അവർ തുടർന്നു.
വഴിയിൽ ചെറിയൊരു കുന്നു കണ്ടു. ‘‘തിരിച്ചറിയപ്പെടാതെപോയ എഴുപതിനായിരം മൃതദേഹങ്ങൾ കത്തിച്ച ചാരം ആ കുന്നിന്റെ അടിയിലാണ് സൂക്ഷിക്കുന്നത്. കുടുംബത്തിലെ എല്ലാവരും മരിച്ചെങ്കിൽ അന്വേഷിച്ചുവരാൻ ആരാണുണ്ടാവുക? അവരുടെ ദേഹത്തുനിന്ന് കിട്ടിയ രേഖകൾവെച്ച് പേരുകൾ സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വർഷവും ഈ പേരുകൾ പ്രസിദ്ധീകരിക്കും. ആരെങ്കിലും അന്വേഷിച്ചു വന്നാലോ...’’
യുദ്ധത്തിൽ മരിച്ച കുട്ടികളുടെ സ്മരണാർഥം നിർമിച്ച ഒരു സ്മാരകവും ഉണ്ടായിരുന്നു. ജപ്പാനിലെ മൂവായിരത്തി ഇരുനൂറു സ്കൂളിലെ കുട്ടികൾ പണം സമാഹരിച്ചാണ് ആ സ്മാരകം നിർമിച്ചത്. സ്മാരകത്തിന്റെ ഏറ്റവും മുകളിൽ ഒരു പെൺകുട്ടി കൊറ്റിയെ പിടിച്ചുനിൽക്കുന്നത് കാണാം. ഇരുവശങ്ങളിലായി ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും പ്രതിമയുമുണ്ടായിരുന്നു. അവിടെ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: ‘ഇതാണ് ഞങ്ങളുടെ ശബ്ദം... ഇതാണ് ഞങ്ങളുടെ പ്രാർഥന... ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടട്ടെ.’ സ്മാരകത്തിനുപിന്നിൽ നീളത്തിലുള്ള ചില്ലുകെട്ടിടത്തിൽ നിറയെ സ്കൂൾകുട്ടികൾ പേപ്പർ കൊണ്ടുണ്ടാക്കിയ കൊറ്റികളാണ്. കൊറ്റി ദീർഘായുസ്സിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമാണ് ഇവർക്ക്. ‘പതിമ്മൂന്നു മില്യൺ പേപ്പർ കൊറ്റികളാണ് ഓരോ വർഷവും ഇവിടെ ലഭിക്കുന്നത്. ആ പേപ്പർ റീസൈക്കിൾ ചെയ്താണ് ഹിരോഷിമയിലെ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്.’ മിച്ചിക്കോ തന്റെ വിസിറ്റിങ് കാർഡ് എനിക്കുതന്നു. അതും അത്തരം പേപ്പറിൽ നിന്നുണ്ടാക്കിയതായിരുന്നു.

അവസാനമായി ഞങ്ങളെ അവർ രണ്ടു പാരസോൾ മരത്തിനരികിലേക്കാണ് കൊണ്ടുപോയത്. ‘‘ഈ മരങ്ങൾ ബോംബിങ്ങിനെ അതിജീവിച്ചവയാണ്. പകുതിയിലേറെ കരിഞ്ഞു പോയിരുന്നെങ്കിലും വസന്തം വന്നപ്പോൾ അവയിൽ പുതിയ നാമ്പുകൾ മുളച്ചു. ഞങ്ങളുടെ അതിജീവനത്തിന്റെ പ്രതീകമാണിവ. ഈ പ്രദേശത്ത് ഇത്തരം നൂറ്റിഎഴുപതു മരങ്ങളുണ്ട്.’’ ഹിരോഷിമയിൽനിന്ന് മടങ്ങുമ്പോൾ മനസ്സ് പറഞ്ഞു: മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഏത് മഹാദുരന്തത്തെയും അതിജീവിക്കാൻ സാധിക്കും.
Content Highlights: how hiroshima survived atom bomb attack
Published: 04 Aug 2024, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented