
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ കാണാതായത് 13 ലക്ഷത്തിലേറെ സ്ത്രീകളെ. ഇതില്‍ രണ്ടര ലക്ഷത്തിലധികവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഇവരൊക്കെ എങ്ങോട്ടാണ് 'മിസ്സിങ്' ആവുന്നത്? രാജ്യത്തെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും നിയമവാഴ്ചയെയും ചോദ്യംചെയ്യുന്നതാണ് ഈ കണക്കുകള്‍
സ്ത്രീസുരക്ഷയ്ക്കായി നിരന്തരം നിയമനിര്‍മാണം നടത്തുന്ന രാജ്യമാണ് ഇന്ത്യ. സ്വതവേ പുരുഷ കേന്ദ്രീകൃത സാമൂഹിക സംവിധാനമുള്ള രാജ്യത്ത് ഭരണഘടനാനിര്‍മാണം മുതല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യവും പ്രാധാന്യവും നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് രാജിന്റെ കാലം മുതല്‍ ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ അന്തരമുണ്ടായിരുന്നെന്ന് ജനസംഖ്യാ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
1990-കളുടെ തുടക്കത്തില്‍ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ശിശുമരണനിരക്കിലെ ലിംഗ വിവേചനം അടയാളപ്പെടുത്താന്‍ 'മിസ്സിങ് വിമെന്‍' എന്ന ആശയം അവതരിപ്പിച്ചിരുന്നു. പെണ്‍ ശിശു ഭ്രൂണഹത്യയും ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൃത്യമായ പരിചരണവും ചികിത്സയും നിഷേധിക്കുന്നതുമാണ് ഈ രാജ്യങ്ങളിലെ സ്ത്രീ-പുരുഷ അനുപാതം കുറയാനുള്ള രണ്ട് പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. സാമൂഹിക അസമത്വം സ്ത്രീകളുടെ അതിജീവിക്കാനുള്ള ശേഷിയേക്കാള്‍ കൂടുതലായതിനാല്‍, 100 ദശലക്ഷത്തിലധികം സ്ത്രീകളെ ഈ രാജ്യങ്ങളില്‍ ജനിക്കും മുന്‍പെ കാണാതാകുന്നുവെന്നു സെന്‍ വാദിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ഇത്തരത്തില്‍ 'കാണാതാകുന്ന' സ്ത്രീകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചതായി 2020-ലെ യു.എന്‍.എഫ്.പി.എ. റിപ്പോര്‍ട്ടും വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയിലേക്ക് പിറന്ന് വീഴുന്നതിന് മുന്‍പ് കാണാതാകുന്ന സ്ത്രീകളുടെ മാത്രം കണക്കാണിത്. എന്നാല്‍ അതിലേറെ ഞെട്ടിപ്പിക്കുന്നതാണ് ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് നിന്നുള്‍പ്പെടെ തിരോധാനം ചെയ്യപ്പെടുന്ന സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും എണ്ണം.
കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ മധ്യപ്രദേശ് 1
- 2019 മുതല്‍ 2021 വരെയുള്ള മൂന്നുവര്‍ഷത്തിനിടെ ഇന്ത്യയിൽ കാണാതായത് 13.13 ലക്ഷം സ്ത്രീകളാണ്
- പ്രായപൂര്‍ത്തിയായ 10,31,648 സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത 2,51,430 പെണ്‍കുട്ടികളും ഇതില്‍പ്പെടും.
- 2020, 2021 വര്‍ഷങ്ങളില്‍ രാജ്യത്ത് കാണാതായ വ്യക്തികളില്‍ 68 ശതമാനവും സ്ത്രീകൾ
കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍കുന്ന സംസ്ഥാനം മധ്യപ്രദേശാണ്. ഏകദേശം രണ്ട് ലക്ഷത്തോളമാണ് മിസ്സിങ് കേസുകള്‍. 1,60,180 സ്ത്രീകളും 38,234 പെണ്‍കുട്ടികളുമടക്കം 1,98,414 പേരെയാണ് മധ്യപ്രദേശില്‍നിന്ന് ഈക്കാലയളവില്‍ കാണാതായത്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള പശ്ചിമ ബംഗാളില്‍നിന്ന് കാണാതായത് 1,56,905 സ്ത്രീകളെയും 36,606 പെണ്‍കുട്ടികളെയുമാണ്. മഹാരാഷ്ട്രയില്‍നിന്ന് 1,78,400 സ്ത്രീകളെയും 13,033 പെണ്‍കുട്ടികളെയും കാണാതായപ്പോള്‍ ഒഡിഷയില്‍നിന്ന് കാണാതായത് 70,222 സ്ത്രീകളെയും 16,649 പെണ്‍കുട്ടികളെയുമാണ്. ഛത്തീസ്ഗഢില്‍ ഇത് യഥാക്രമം 49,116 സ്ത്രീകളും 10,817 പെണ്‍കുട്ടികളുമാണ്.
കേന്ദ്രഭരണ പ്രദേശങ്ങളിലെ മിസ്സിങ് കേസുകളില്‍ മുന്നില്‍നില്‍ക്കുന്നത് ഡല്‍ഹിയാണ്. 2019-നും 2021-നും ഇടയില്‍ രാജ്യതലസ്ഥാനത്തുനിന്ന് കാണാതായത് 61,054 സ്ത്രീകളേയും 22,919 പെണ്‍കുട്ടികളേയുമാണ്. 2016 മുതല്‍ 2018 വരെയുള്ള എന്‍.സി.ആര്‍.ബി. ഡേറ്റ പ്രകാരം മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലുമായിരുന്നു ഏറ്റവുമധികം മിസ്സിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര പോലീസിന്റെ 2023-ലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംസ്ഥാനത്തുനിന്ന് 2023 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ കാണാതായ 16-നും 35-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടേയും കുട്ടികളുടേയും എണ്ണം 3,594 ആണ്. ഇതില്‍ മുംബൈ നഗരത്തില്‍ നിന്നുമാത്രം 383 പേരെ കാണാതായി. തെക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കന്‍ സംസ്ഥാനങ്ങളിലാണ് സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും തിരോധാനം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാഭാഗത്തും മിസ്സിങ് കേസ്സുകളുടെ എണ്ണം ഒരുപോലെയല്ലെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ചും സാമൂഹിക പിന്നാക്കാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം കാണാതാകലുകള്‍ വ്യാപകമാണ്.
കേരളത്തിന്റെ സ്ഥിതി2
2016-നും 2021-നും ഇടയില്‍ 43,272 സ്ത്രീകളെയാണ് (പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ) കേരളത്തില്‍നിന്ന് കാണാതായത്. ഈ കാലയളവില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ 5,905-ഉം സ്ത്രീകള്‍ 37,367-ഉം ആണെന്ന് റിപ്പോര്‍ട്ടില്‍ കാണാം. ഇതില്‍ 93 ശതമാനത്തിനേയും (40,450 പേര്‍- 5,532 പെണ്‍കുട്ടികള്‍, 34,918 സ്ത്രീകള്‍) കണ്ടെത്താനായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഏറ്റവുമധികം കാണാതായത് 2018-ലാണ് (1,136). സ്ത്രീകളെ ഏറ്റവുമധികം കാണാതായത് 2019-ല്‍ (8,202). ഓരോവര്‍ഷവും ശരാശരി 984 പെണ്‍കുട്ടികളേയും 6,227 സ്ത്രീകളേയുമാണ് സംസ്ഥാനത്ത് കാണാതാകുന്നത്. ഇതില്‍ ശരാശരി 922 പെണ്‍കുട്ടികളേയും 5,819 സ്ത്രീകളേയും വര്‍ഷാവര്‍ഷം കണ്ടെത്തുന്നുണ്ട്. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം 2023 ജൂലായ് വരെ 101 മിസ്സിങ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-ല്‍ ഇത് 210 ആയിരുന്നു. പലപ്പോഴും തിരോധാനം ചെയ്യപ്പെടുന്നവരെ കണ്ടെത്തുന്നതില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. തെലങ്കാന പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് കാണാതായ പെണ്‍കുട്ടികളില്‍ 87 ശതമാനത്തേയും കണ്ടെത്തിയതായി പറയുന്നു. കേരളത്തിലിത് 93 ശതമാനമാണ്.
തിരോധാനത്തിന് പിന്നില്‍
രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ക്കായോ മനുഷ്യക്കടത്തിനായോ ഉള്ള തട്ടിക്കൊണ്ടുപോകല്‍, സ്വന്തം ഇഷ്ടപ്രകാരമുള്ള ഒളിച്ചോട്ടങ്ങള്‍ (കടത്തില്‍നിന്ന് രക്ഷനേടാന്‍, ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന് രക്ഷനേടാന്‍, വീട്ടിലേയും ചുറ്റുപാടുകളിലേയും മോശം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍, കുടിയേറ്റങ്ങള്‍) സ്വമേധയാ അല്ലാത്ത അപ്രത്യക്ഷമാകലുകള്‍ (മറവിരോഗം, പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍, മാനസികരോഗം എന്നിവ മൂലം വീടുവിട്ടിറങ്ങുന്നത്, ഒറ്റയ്ക്കുള്ള യാത്രകളില്‍ അപകടം പറ്റി കാണാതാകുന്നത്, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍) എന്നിങ്ങനെ നിരവധി കാരണങ്ങളാണ് പലപ്പോഴും മനുഷ്യ തിരോധാനങ്ങള്‍ക്ക് പിന്നിലുള്ളത്.
ലോകത്താകമാനമുള്ള കാണാതാകലുകളുടെ പ്രധാന കാരണങ്ങളെക്കുറിച്ച് നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓണ്‍ മിസ്സിങ് പേഴ്‌സണ്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഏഷ്യ ആന്‍ഡ് പസഫിക് എന്നിങ്ങനെ വന്‍കരകള്‍ തിരിച്ചുള്ള പ്രദേശങ്ങളിലെ മനുഷ്യ തിരോധാനങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചുമാണ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത്. സായുധ കലാപങ്ങളും വിപ്ലവങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും പ്രകൃതിദുരന്തങ്ങളുമെല്ലാം തിരോധാനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് അത് ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (MENA) പ്രദേശങ്ങളില്‍, പ്രത്യേകിച്ചും സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെ മനുഷ്യതിരോധാനങ്ങള്‍ സായുധ കലാപങ്ങളെത്തുടര്‍ന്നാണ്. 2011-ലെ സിറിയന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് കാണതായത് ഒരു ലക്ഷത്തോളം തദ്ദേശീയരെയാണ്. ആഫ്രിക്കന്‍ പ്രദേശങ്ങളിലെ തിരോധാനങ്ങള്‍ക്ക് പിന്നില്‍ മനുഷ്യക്കടത്തിന്റെ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും കുടിയേറ്റമാണ് തിരോധാനങ്ങള്‍ക്ക് പ്രധാന കാരണം. ആഭ്യന്തര അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, തീവ്രവാദം, രാഷ്ട്രീയ അസ്ഥിരത, കുടിയേറ്റവും മനുഷ്യക്കടത്തും, പ്രകൃതിദുരന്തങ്ങള്‍ എന്നിവയാണ് ഏഷ്യാ പസഫിക്കിലെ കാണാതാകലുകള്‍ക്ക് വഴിവെക്കുന്നത്.
എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ സ്ത്രീകളുടെ തിരോധാനത്തിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. മാനസികരോഗം, ഗാര്‍ഹികപീഡനം, ചൂഷണമടക്കമുള്ള ദുരവസ്ഥ എന്നിവമൂലം വീടുപേക്ഷിച്ചിറങ്ങുന്നവരാണ് ഭൂരിഭാഗവും. ഇവരില്‍ പലരും കൊലപാതകം, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, ബാലവേല എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മാറുന്നു. ലോകബാങ്കിന്റെ 2021-ലെ വേള്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള 15-നും 49-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലും പെണ്‍കുട്ടികളിലും മൂന്നിലൊരാള്‍ ശാരീരിക അതിക്രമമോ ലൈംഗികാതിക്രമമോ അല്ലെങ്കില്‍ രണ്ടുമോ അനുഭവിക്കുന്നുണ്ട്.
ഇന്ത്യയില്‍ ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതെയാകുന്നുണ്ട്
സ്വന്തം ഇഷ്ടപ്രകാരം വീടുപേക്ഷിച്ച് പോകുന്ന ചിലര്‍ അപകടമൊന്നും പറ്റാതെ വീടുകളിലേക്ക് തിരികെയെത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ദുരവസ്ഥകളില്‍നിന്ന് രക്ഷനേടാനിറങ്ങുന്ന ഭൂരിഭാഗവും വേശ്യാവൃത്തി, മയക്കുമരുന്ന്, അതിക്രമം എന്നിവയ്ക്ക് മുന്നില്‍ ജീവിതം ഹോമിക്കേണ്ടി വരാറാണ് പതിവ്. പ്രണയബന്ധങ്ങളെത്തുടര്‍ന്ന് വീടുപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. കാണാതെയായെന്നോ തട്ടിക്കൊണ്ട് പോയെന്നോയെല്ലാം കുടുംബം പരാതിപ്പെടുന്ന പല പെണ്‍കുട്ടികളും ചിലപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാകാം. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നത്, രണ്ടാനമ്മ/രണ്ടാനച്ഛന്‍ എന്നിവരില്‍നിന്നോ മദ്യപരായ മാതാപിതാക്കളില്‍നിന്നോ ഉള്ള ചൂഷണങ്ങള്‍ സഹിക്കാതെയും സഹോദരങ്ങളുമായി വഴക്കിട്ടതിനാലുമെല്ലാം പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതെയാകുന്നുണ്ട്. ഭിന്നശേഷിക്കാരായ സ്ത്രീകളേയും പെണ്‍കുട്ടികളേയും ആരുമറിയാതെ ഉപേക്ഷിച്ചശേഷം കാണാതായതായി പരാതികള്‍ നല്‍കുന്ന കുടുംബങ്ങളും ഏറെയുണ്ട്. വിദേശജോലിക്കായി പോയശേഷം പിന്നീട് കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താനാകാതെ സ്ത്രീകള്‍ അപ്രത്യക്ഷരാകുന്ന സംഭവവും രാജ്യത്ത് നടക്കുന്നുണ്ട്. പലപ്പോഴും ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമെല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ കെണിയില്‍ അകപ്പെട്ട് പോകുന്നവരാണ് പലരും. ഇത്തരം സംഭവങ്ങള്‍ മിസ്സിങ് കേസ്സുകളായി പല സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് എന്നപേരില്‍ കേരളത്തില്‍നിന്ന് നിരവധി സ്ത്രീകളെ വഞ്ചനയിലൂടെ കടത്തിയ കേസുകള്‍ എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ദേശീയ ഏജന്‍സികളുടെ അന്വേഷണത്തിന് കീഴിലാണ്.
മനുഷ്യക്കടത്ത്
കാണാതായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കണക്കെടുക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടി നമ്മുടെ മുന്നിലേക്ക് വരുന്നുണ്ട്. അതാണ് മനുഷ്യക്കടത്തിന്റെ സാധ്യത. 2022-ല്‍ ഇന്ത്യയില്‍ 6,533 പേര്‍ ഇരകളായ 2,189 മനുഷ്യക്കടത്ത് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്3 ആകെ ഇരകളില്‍ 4,062 പേര്‍ സ്ത്രീകളാണ്. അതില്‍ത്തന്നെ 2,877 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 2021-ല്‍ കടത്തപ്പെട്ടവരില്‍ 1,307 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. എന്നാല്‍ ആ വര്‍ഷം പെണ്‍കുട്ടികളെക്കാള്‍ കടത്തിന് ഇരയായത് ആണ്‍കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2021-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ദിവസം ശരാശരി എട്ടുകുട്ടികള്‍ വീതമാണ് കടത്തപ്പെടുന്നത്. 19-നും 25-നും ഇടയിലുള്ളവരാണ് മനുഷ്യക്കടത്തിന് ഇരയാകുന്നവരില്‍ അധികവും. ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റുകളില്‍ 2021-ല്‍ ഏറ്റവുമധികം മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം തെലങ്കാനയാണ് (347 കേസുകള്‍). മഹാരാഷ്ട്ര (320), അസം (203) എന്നിവയാണ് തൊട്ടുപിന്നില്‍. മികച്ച തൊഴില്‍, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ പ്രതീക്ഷിച്ച് മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നവരാണ് അധികവും. മനുഷ്യക്കടത്തിന് ഇരയായി ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തുന്ന ഭൂരിഭാഗം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും പിന്നീട് ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. അവിടെനിന്ന് മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കനേഷ്യ എന്നീ പ്രദേശങ്ങളിലേക്ക് ഇവരില്‍ പലരും കടത്തപ്പെടുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കുമെല്ലാം വന്‍തോതില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. സൈബര്‍ യുഗത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായും കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം.
വിവരശേഖരണത്തിലെ അന്തരം
കുറ്റകൃത്യങ്ങളെ പട്ടികപ്പെടുത്തുമ്പോള്‍ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ എന്‍.സി.ആര്‍.ബി. പലപ്പോഴും 'പ്രിന്‍സിപ്പിള്‍ ഓഫ് ഒഫന്‍സ് റൂള്‍' എന്ന തത്ത്വം പാലിക്കാറുണ്ട്. ഒരേ കേസില്‍ത്തന്നെ പല കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും ഗുരുതരമായ കുറ്റകൃത്യത്തെ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തുന്ന രീതിയാണത്. അതായത് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസുകള്‍ ചിലപ്പോള്‍ 'കൊലപാതകം' എന്ന വിഭാഗത്തിന് കീഴിലാകും പട്ടികപ്പെടുത്തുക. അതായത് കൊല്ലപ്പെട്ട വ്യക്തി കാണാതായവരുടെ പട്ടികയില്‍ ഉണ്ടാവില്ല. ഇങ്ങനെ നിരവധി തിരോധാന കേസുകള്‍ മറ്റ് പല കേസുകള്‍ക്കും കീഴിലാകും രേഖപ്പെടുത്തപ്പെടുന്നത്. ഇത് പലപ്പോഴും കുറ്റകൃത്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. ഈ അവസ്ഥ സ്ത്രീധന മരണങ്ങള്‍പോലെ സ്ത്രീകള്‍ക്കെതിരായ ചില അക്രമാസക്തമായ കുറ്റകൃത്യങ്ങളെ അവഗണിക്കുകയും വിലകുറച്ച് കാണുകയും ചെയ്യുന്നു. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയായ രുക്മിണി എസ്. തന്റെ 'ഹോള്‍ നമ്പേഴ്സ് ആന്‍ഡ് ഹാഫ് ട്രൂ' എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ വിവരശേഖരണത്തിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും ക്രിമിനല്‍ ഇതര പ്രവര്‍ത്തനങ്ങളെ കുറ്റകൃത്യമായി തെറ്റായി റിപ്പോര്‍ട്ട്ചെയ്യുന്നതായും ചില കുറ്റങ്ങള്‍ക്കുമീതെ നിയമത്തിലെ തെറ്റായ വകുപ്പുകള്‍ മനഃപൂര്‍വം ഉപയോഗിക്കുന്നതായും അവര്‍ പറയുന്നു. 1973-ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ സെക്ഷന്‍ 154 പ്രകാരമാണ് മിസ്സിങ് കേസുകള്‍ ഫയല്‍ചെയ്യേണ്ടതെന്ന് സുപ്രീംകോടതി മാനദണ്ഡമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ തിരോധാന കേസുകളില്‍ ശിക്ഷ നല്‍കേണ്ടത് ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 363-ന് കീഴിലാണ്. എന്നാല്‍ പല കേസുകളിലും ഈ സെക്ഷനുകള്‍ക്ക് പകരം ഗുരുതരമായ മറ്റ് സെക്ഷനുകള്‍ ചേര്‍ത്ത് എഴുതുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്‍.സി.ആര്‍.ബി. ഡേറ്റ നിലവില്‍ ഈ സങ്കീര്‍ണതകളെ പ്രതിഫലിപ്പിക്കുന്നില്ല.
പോലീസ് സ്റ്റേഷനിലേക്കെത്താനുള്ള മടി, അവബോധമില്ലായ്മ, അപമാനഭയം തുടങ്ങിയ സങ്കീര്‍ണമായ സാമൂഹികഘടകങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട്ചെയ്യപ്പെടാറുള്ളൂവെന്ന് തെളിവുകള്‍ കാണിക്കുന്നു. ഗാര്‍ഹികപീഡനങ്ങളും കൊടിയ മര്‍ദനങ്ങളും ഏറ്റുവാങ്ങുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ആശുപത്രികളില്‍ ചികിത്സ തേടാന്‍ എത്തുന്നതല്ലാതെ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നില്ല. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അനുഭവിച്ച ഒന്‍പതുശതമാനം സ്ത്രീകള്‍ മാത്രമാണ് പോലീസിന്റെ സഹായം തേടുന്നതെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ-5 കാണിക്കുന്നു. ആഗോളതലത്തില്‍ ഇത് 10 ശതമാനത്തോളം മാത്രമാണെന്ന് യു.എന്‍. റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശാരീരിക, മാനസിക അവശതകള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും കുടുംബം ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ നിരവധിയാണെന്ന് ദേശീയ വനിതാകമ്മിഷന്റെ 2016-ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ കേസുകള്‍ ആരാലും റിപ്പോര്‍ട്ട്ചെയ്യപ്പെടാത്തതിനാല്‍ ഈ വിവരങ്ങള്‍ എന്‍.സി.ആര്‍.ബി. പഠനങ്ങളില്‍ പ്രത്യക്ഷപ്പെടാറുമില്ല. കാണാതാകുന്ന സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല തിരോധാനം ചെയ്തവരെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കണക്കുകളിലും ചില അന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് എന്‍.സി.ആര്‍.ബി. ഡേറ്റ പ്രകാരം 2021-ല്‍ ഗുജറാത്തില്‍നിന്ന് കണ്ടെത്തിയ വനിതകളുടെ എണ്ണം 10,608 ആണ്. എന്നാല്‍ ആ വര്‍ഷം സംസ്ഥാനത്തുനിന്ന് കാണാതായ വനിതകളുടെ എണ്ണം 9,812 മാത്രമാണ്. അതായത് കാണാതായവരെക്കാള്‍ കൂടുതല്‍പ്പേരെ ആ വര്‍ഷം കണ്ടെത്തിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയവരെ ആ വര്‍ഷം കണ്ടെത്തിയവരുടെ പട്ടികയില്‍പ്പെടുത്തി ഡേറ്റ സമര്‍പ്പിക്കുന്നതാണ് ഇതിന് കാരണം. ഇത്തരം കണക്കുകള്‍ സര്‍ക്കാര്‍വിവരങ്ങളുടെ കൃത്യതയില്‍ സംശയം ജനിപ്പിക്കുന്നതിന് വഴിവയ്ക്കുന്നുണ്ട്.
ഏറ്റവുമധികം സ്ത്രീ തിരോധാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍
| സംസ്ഥാനം | 2019 | 2020 | 2021 | |
|---|---|---|---|---|
| 1 | മധ്യപ്രദേശ് | 65,434 | 64,242 | 68,738 |
| 2 | പ. ബംഗാള്‍ | 64,382 | 63,040 | 64,276 |
| 3 | മഹാരാഷ്ട്ര | 67,746 | 63,252 | 60,435 |
| 4 | ഒഡീഷ | 21,569 | 29,231 | 35,981 |
| 5 | ഡല്‍ഹി | 27,310 | 26,987 | 29,676 |
| 6 | രാജസ്ഥാന്‍ | 22,375 | 24,350 | 30,182 |
| 7 | ഛത്തീസ്ഗഢ് | 19,041 | 18,766 | 22,126 |
| 8 | തമിഴ്‌നാട് | 15,658 | 18,298 | 23,964 |
| 9 | ബിഹാര്‍ | 14,052 | 14,556 | 14,869 |
| 10 | തെലങ്കാന | 13,584 | 13,149 | 15,828 |
സ്ത്രീസംരക്ഷണ നിയമങ്ങളും പദ്ധതികളും
രാജ്യത്തെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനായി നിരവധി നിയമനിര്‍മാണങ്ങളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത്:
- 2013, 2018 വര്‍ഷങ്ങളില്‍ പാസാക്കിയ ക്രിമിനല്‍ ലോ (ഭേദഗതി) നിയമം സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യമിട്ട് നടപ്പാക്കിയതാണ്.
- 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗംചെയ്യുന്നതിന് വധശിക്ഷയുള്‍പ്പെടെയുള്ള കൂടുതല്‍ കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥചെയ്യാന്‍ 2018-ലെ നിയമം അനുശാസിക്കുന്നു. ബലാത്സംഗക്കേസുകളുടെ അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും രണ്ടുമാസത്തിനുള്ളില്‍ നടത്തണമെന്നും തൊട്ടടുത്തുള്ള രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.
- സ്ത്രീകളുടെ പരാതിപരിഹാര സെല്‍ നമ്പര്‍ (1090), പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ (100), ആരോഗ്യസേവനങ്ങള്‍ക്കായുള്ള നമ്പര്‍ (108), ഫയര്‍ ആന്‍ഡ് സേഫ്റ്റി നമ്പര്‍ (101) എന്നിവയ്ക്കെല്ലാം ബദലായി എല്ലാ അടിയന്തര സാഹചര്യങ്ങള്‍ക്കുമായി അംഗീകൃത നമ്പര്‍ (112) ഉള്ള ഒരു പാന്‍-ഇന്ത്യ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം തയ്യാറാക്കി.
- രാജ്യത്തുടനീളമുള്ള ലൈംഗിക കുറ്റവാളികളുടെ അന്വേഷണവും ട്രാക്കിങ്ങും സുഗമമാക്കുന്നതിന് 2018 സെപ്റ്റംബര്‍ 20-ന് ആഭ്യന്തരമന്ത്രാലയം ലൈംഗികകുറ്റവാളികളെക്കുറിച്ചുള്ള ദേശീയ ഡേറ്റാബേസ് ആരംഭിച്ചു.
- അശ്ലീല ഉള്ളടക്കത്തെപ്പറ്റി പൗരന്മാര്‍ക്ക് റിപ്പോര്‍ട്ട്ചെയ്യാനായി ആഭ്യന്തരമന്ത്രാലയം 2018 സെപ്റ്റംബര്‍ 20-ന് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ആരംഭിച്ചു.
- അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളില്‍ സേഫ് സിറ്റി പദ്ധതികള്‍ ആരംഭിച്ചു.
- അക്രമവും ദുരിതവും അനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കാന്‍ വനിത-ശിശു വികസന മന്ത്രാലയം 733 വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ സ്ഥാപിച്ചു. 2015-നും 2022-നും ഇടയില്‍ ആറുലക്ഷത്തിലധികം സ്ത്രീകളെ സഹായിക്കാന്‍ ഈ കേന്ദ്രത്തിനായി. എങ്കിലും അവബോധത്തിന്റെ അഭാവവും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകളും ഈ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നു.
- മനുഷ്യക്കടത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്കായാണ് പ്രധാനമായും പദ്ധതി.
അവലംബം:
1. കണക്കുകളുടെ ആധാരം നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ
2. 2016 മുതൽ 2022 വരെയുള്ള എന്‍.സി.ആര്‍.ബി. കണക്കുകൾ
3. എന്‍.സി.ആര്‍.ബി. രേഖ
കടപ്പാട്: മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്സ്
Content Highlights: women
Published: 29 Nov 2023, 03:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented