ലഖ്‌നൗ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത യുവതി പരിശോധനയ്‌ക്കെത്തിയ ടിടിഇയെ കുടുക്കാൻ സ്വയം വസ്ത്രങ്ങൾ വലിച്ചുകീറി. ഉത്തർപ്രദേശിലെ ദാനാപുർ-സെക്കന്ദരാബാദ് എക്‌സ്പ്രസിൽ വെച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തന്നോട് മോശമായി പെരുമാറി എന്ന തരത്തിൽ ടിടിഇയെ കുടുക്കാനായിരുന്നു യുവതിയുടെ ശ്രമം. എന്നാൽ അവിടെയുണ്ടായിരുന്ന മറ്റൊരു യാത്രികന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ നാടകം പൊളിച്ചത്.

To advertise here,

സെപ്റ്റംബർ 17-ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. രാധിക തിവാരി എന്ന യുവതിയാണ് ദാനാപുരിൽ നിന്ന് പ്രയാഗ്രാജിലേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. ഒരു പെൺകുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന രാധിക, ടിക്കറ്റ് പരിശോധനാ ജീവനക്കാരുമായി തർക്കിക്കുന്നതും ഉദ്യോഗസ്ഥനെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം. ദാനാപുരിനും പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനും ഇടയിലാണ് സംഭവം നടന്നത്.

റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ട്രെയിൻ ദാനാപുർ വിട്ടശേഷം സെക്കൻഡ് എസി കോച്ചിൽ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്നു ടിടിഇ. പരിശോധനയ്ക്കിടെ രാധികയുടെ കൈയിൽ ടിക്കറ്റില്ല എന്ന് മനസിലാക്കിയതോടെ ടിടിഇ അവരോട് കോച്ചിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നാലെ ആ കോച്ചിൽനിന്നും ഇറങ്ങിയ യുവതി കുഞ്ഞുമായി അവിടെനിന്ന് തേർഡ് എസി കോച്ചിലേക്ക് മാറുകയായിരുന്നു.

വൈകാതെ പരിശോധനാ ജീവനക്കാർ തേർഡ് എസി കോച്ചിലെത്തി. അവിടെവെച്ച് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവിടെനിന്നും ഇറങ്ങാൻ വിസമ്മതിച്ച രാധിക, ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതെല്ലാം യുവതിയുടെ എതിർവശത്തിരുന്ന ഒരു യാത്രികൻ തന്റെ ഫോണിൽ വീഡിയോയായി പകർത്തുന്നുണ്ടായിരുന്നു. താൻ പണം നൽകാൻ തയ്യാറാണെന്ന് രാധിക ടിടിഇയോട് പറയുന്നതും എന്നാൽ സാധുവായ ടിക്കറ്റ് അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. 

തന്റെ സഹോദരനും ഒരു ടിടിഇ ആണെന്ന് അവകാശപ്പെട്ട് സഹോദരനെ ഫോണിൽ ബന്ധപ്പെടാനും ശ്രമിച്ചു. ഇതിനിടെ ഇവർ ഫോണിൽ റെയിൽവേ പോലീസ് ഹെൽപ്പ് ലൈൻ നമ്പർ തിരയുന്നതും വീഡിയോയിൽ കാണാം. അതേസമയംതന്നെ, ടിടിഇയെ 'കെണിയിൽ പെടുത്തുമെന്ന്' ചുറ്റുമുള്ളവരോട് പറയുകയും ചെയ്യുന്നുണ്ടായിരുന്നു രാധിക. പിന്നാലെയാണ് അവർ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറിയത്.

ടിക്കറ്റ് പരിശോധനാ ജീവനക്കാരെ അവർ ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമടക്കം വീഡിയോയിൽ വ്യക്തമാണ്. അതേസമയം, സംഭവത്തെക്കുറിച്ച് റെയിൽവേ കൺട്രോളിൽ വിവരമറിയിക്കുന്നതിനെക്കുറിച്ച് ടിടിഇമാർ സംസാരിക്കുന്നതും കേൾക്കാം. വൈകുന്നേരം നാലു മണിയോടെ ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ എത്തിയപ്പോൾ, റെയിൽവേ കൺട്രോൾ വിവരം അറിയിച്ചതിനെ തുടർന്ന് ആർപിഎഫ് (RPF) ഉദ്യോഗസ്ഥർ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ആർപിഎഫ് സംഘം രാധികയെ ട്രെയിനിൽ നിന്നിറക്കി ചോദ്യം ചെയ്തു. സംഭവം മൊബൈലിൽ പകർത്തിയ സഹയാത്രികൻ വീഡിയോ റെയിൽവേ ജീവനക്കാരെ കാണിച്ചു. സ്ത്രീ സ്വന്തം വസ്ത്രം സ്വയം വലിച്ചുകീറുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഒടുവിൽ പിഴയടപ്പിച്ച് ഇവർക്ക് ടിക്കറ്റ് നൽകിയ ശേഷം റെയിൽവേ അധികൃതർ ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.

സംഭവം മറ്റൊരു യാത്രക്കാരൻ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന കാര്യം ജീവനക്കാർ അറിഞ്ഞിരുന്നില്ലെന്ന് ടിക്കറ്റ് പരിശോധനാ ജീവനക്കാരിൽ ഒരാളായ എസ്.കെ. വർമ്മ പറഞ്ഞു. കോച്ചിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ഈ വീഡിയോ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്കൻഡ് എസി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത സ്ത്രീ, ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ തേർഡ് എസി കോച്ചിലേക്ക് മാറുകയായിരുന്നുവെന്ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽ ഡിവിഷൻ പിആർഒ വിശ്വനാഥ് പറഞ്ഞു. 'പരിശോധനാ ജീവനക്കാർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അവർ ടിക്കറ്റെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് ജീവനക്കാർ ഡിവിഷണൽ കൺട്രോളിൽ വിവരമറിയിച്ചത്,' വിശ്വനാഥ് പറഞ്ഞു.

ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ എത്തിയപ്പോൾ ആർപിഎഫ് വനിതാ സംഘം ട്രെയിനിലെത്തുകയും ടിക്കറ്റില്ലെന്ന് കണ്ടതിനെ തുടർന്ന് സ്ത്രീയെ പുറത്തിറക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് സ്ത്രീ നിർദ്ദിഷ്ട പിഴയടച്ച് ടിക്കറ്റ് വാങ്ങി. പരിശോധനാ ജീവനക്കാർ സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച അദ്ദേഹം, റെയിൽവേ നിയമപ്രകാരമാണ് ജീവനക്കാർ നടപടിയെടുത്തതെന്നും കൂട്ടിച്ചേർത്തു.