കൊച്ചി : ദ്വയാർഥത്തിലുള്ള സംസാരം മാത്രമല്ല തുറിച്ചുനോട്ടവും സ്ത്രീയെ പിന്തുടരുന്നതുമെല്ലാം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) പ്രകാരം തടവിനടക്കം ശിക്ഷിക്കുന്ന കുറ്റകൃത്യങ്ങൾ. ദ്വയാർഥ പ്രയോഗത്തിന് വ്യവസായി ബോബി ചെമ്മണൂർ ജാമ്യം ലഭിക്കാതെ ജയിലിലായത് അതിനാൽ പാഠമാകണമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി നിലവിൽ വന്ന ബി.എൻ.എസിൽ സ്ത്രീകൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങൾക്ക് വിശാലമായ നിർവചനമാണ് നൽകിയിരിക്കുന്നത്. ലൈംഗികച്ചുവയുള്ള സംസാരത്തിന് പുറമേ സ്ത്രീകളെ പിന്തുടരുന്നതും (പൂവാലശല്യം) തുറിച്ചു നോക്കുന്നതുമൊക്കെ കുറ്റകരമാണ്. ഇതിനൊക്കെ പ്രത്യേക വകുപ്പുകളും ബി.എൻ.എസിലുണ്ട്.
സ്ത്രീ മൊബൈലോ കംപ്യൂട്ടറോ ഉപയോഗിക്കുമ്പോൾ അതിലേക്ക് നോക്കുന്നതും കുറ്റകരമാണ്. ബി.എൻ.എസിൽ വകുപ്പ് 74 മുതൽ 79 വരെയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ വിശദീകരിക്കുന്നത്. ഇവയൊക്കെ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്.
വകുപ്പുകളും ശിക്ഷയും
* വകുപ്പ് 74- സ്ത്രീയുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുക. അഞ്ചുവർഷംവരെ തടവും പിഴയും
* വകുപ്പ് 75- ലൈംഗികച്ചുവയോടെയുള്ള സംസാരമടക്കമുള്ള കുറ്റകൃത്യങ്ങൾ. മൂന്നു വർഷം വരെയുള്ള തടവും പിഴയും
* വകുപ്പ് 76-വസ്ത്രം നീക്കാനുളള ശ്രമമടക്കമുള്ള കുറ്റകൃത്യങ്ങൾ. ഏഴുവർഷംവരെ തടവ്
* വകുപ്പ് 77- സ്ത്രീയുടെ സ്വകാര്യ ചിത്രമെടുക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ. ഏഴു വർഷം വരെയുള്ള തടവ്
* വകുപ്പ് 78- സ്ത്രീയെ പിന്തുടരുക, തുറിച്ച് നോക്കുക, ഇ-മെയിലടക്കം പരിശോധിക്കുന്നത് നിരീക്ഷിക്കുക. അഞ്ചുവർഷംവരെയുള്ള തടവ്
* വകുപ്പ് 79- സ്ത്രീയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വാക്കുകൾ ഉപയോഗിക്കുക. മൂന്നുവർഷംവരെ തടവ്
കുറ്റം തെളിയിക്കുക വെല്ലുവിളി
ദ്വയാർഥ പ്രയോഗമടക്കമുള്ള കുറ്റകൃത്യങ്ങൾ കോടതിയിൽ തെളിയിക്കുക വെല്ലുവിളിയാണെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി പറഞ്ഞു. ദ്വയാർഥ പ്രയോഗത്തിന് പിന്നിൽ ലൈംഗിക അതിക്രമം നടത്തുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നെന്നാണ് തെളിയിക്കേണ്ടത്.
നിയമംകൊണ്ട് പൂട്ടാനാകും
ദ്വയാർഥപരാമർശം പ്രഥമദൃഷ്ട്യാ ബി.എൻ.എസ്. വകുപ്പ് പ്രകാരം കുറ്റകരമാണ്. പരാതിക്കാരുണ്ടെങ്കിൽ കർശനനടപടി സ്വീകരിക്കാനാകും.
അഡ്വ. റീന എബ്രഹാം, ഹൈക്കോടതി
Content Highlights: Staring and following a woman are punishable offenses under Bharatiya Nyaya Samhita
Published: 12 Jan 2025, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented