തിരുവനന്തപുരം/പാലക്കാട്: കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസീടാക്കിയിരുന്നില്ല.
തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷ(ഐ.കെ.എം.)നാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് 'ഫീസീടാക്കാനുള്ള തീരുമാനം. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നല്‍കേണ്ടിവരും.
അഞ്ചുരൂപ ഈടാക്കുന്ന സേവനങ്ങള്‍
ജനന-മരണ, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പൗരസേവനങ്ങള്‍. വിവരാവകാശം, ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കു ബാധകമല്ല.
പത്തുരൂപ ഈടാക്കുന്ന സേവനങ്ങള്‍
വിവാഹ സര്‍ട്ടിഫിക്കറ്റ്, തിരഞ്ഞെടുപ്പാവശ്യത്തിന് ഒഴികെയുള്ള താമസരേഖ, നികുതിയിളവ്, കെട്ടിടത്തിന്റെ കാലപ്പഴക്കം, കുടിശ്ശികയില്ലെന്ന രേഖ, ഉടമസ്ഥാവകാശരേഖ, കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്-പുതിയതിനും പുതുക്കലിനും, കെട്ടിട പെര്‍മിറ്റ്, വസ്തുനികുതി.
ഗ്രാമപ്പഞ്ചായത്തുകളില്‍ ജനന-മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലെത്തി
ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെ-സ്മാര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ ജനന- മരണ-വിവാഹ രേഖകള്‍ പൂര്‍ണമായും കെ-സ്മാര്‍ട്ടിലേക്ക് മാറ്റി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം.) നേതൃത്വത്തിലാണ് ഡേറ്റ പോര്‍ട്ടിങ് നടത്തിയത്.1,03,09,496 ജനന രേഖകളും 62,61,802 മരണ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറിലേക്ക് മാറ്റി.
ഹിന്ദു വിവാഹരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 12,33,575 രേഖകളും പൊതുനിയമ വിവാഹ രജിസ്‌ട്രേഷനുമായി (കോമണ്‍ മാരേജ്) ബന്ധപ്പെട്ട് 28,48,829 രേഖകളും പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം 28,48,829 വിവാഹചിത്രങ്ങളും പുതിയ സോഫ്റ്റ്വേറിലെത്തി.
ഗ്രാമപ്പഞ്ചായത്തുകള്‍ സ്ഥാപിതമായതുമുതലുള്ള രേഖകളാണ് കെ-സ്മാര്‍ട്ടിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. വിവിധ രജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയതുമുതലുള്ള എല്ലാ രേഖകളും കെ-സ്മാര്‍ട്ട് സോഫ്റ്റ്വേറില്‍ ലഭ്യമാകും. ആകെ 2,35,14,984 രേഖകളാണ് ഇതുവരെ കെ-സ്മാര്‍ട്ടിലേക്ക് മാറ്റിയത്. ഓരോ സര്‍ട്ടിഫിക്കറ്റിനും ഒട്ടേറെ അനുബന്ധ രേഖകളും ഉണ്ടാകും. ഇതടക്കം 12 കോടി രേഖകളാണ് കെ-സ്മാര്‍ട്ടിലെത്തുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Content Highlights: k smart-Digital fee now available for certificates
Published: 10 Mar 2025, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented