കൊച്ചി: നിയമപരമായി വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന (ലിവിംഗ് ടുഗെതർ) ദമ്പതികൾക്ക് പിറന്ന കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകാൻ ഹൈക്കോടതി ഉത്തരവ്. കുട്ടികളുടെ രക്ഷാധികാരിയെന്ന (പാരൻസ് പാട്രേയ) അധികാരവും വിനിയോഗിച്ചാണ് ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്താൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
കുട്ടികൾക്ക് വേദനിക്കുമ്പോൾ ഓടിയെത്താൻ മാതാപിതാക്കൾ മാത്രമല്ല കോടതിയും ഉണ്ടെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ''പാരൻസ് പാട്രേയ' വ്യവസ്ഥ സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
ജനന രജിസ്റ്ററിൽ തിരുത്തൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ കൊച്ചി കോർപ്പറേഷൻ നിഷേധിച്ചതിനെ തുടർന്നാണ് ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചത്. ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയാൽ തിരുത്താൻ നിയമം അനുവദിക്കുന്നില്ല. കുട്ടിയുടെ ഡി.എൻ.എ. പരിശോധനയടക്കമുള്ള നിബന്ധന തിരുത്തലിന് വേണം. എന്നാൽ പിതാവ് ആരെന്നതിൽ തർക്കം ഇല്ലെങ്കിൽ ഡി.എൻ.എ. പരിശോധനയടക്കം വേണമെന്ന് നിഷ്‌കർഷിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
ഇത്തരത്തിൽ നിയമത്തിലും ചട്ടത്തിലും ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും കോടതി നിർദേശിച്ചു. ഉത്തരവിന്റെ പകർപ്പ് അയച്ചുകൊടുക്കാൻ രജിസ്ട്രാർക്കും നിർദേശം നൽകി.അഞ്ചാം ക്ലാസിലെ മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുമാരനാശാന്റെ 'പരിക്കേറ്റ കുട്ടി' എന്ന കവിതയിലെ 'അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ
കരയായ്‌കോമനേ കരൾ വാടി പുരികവും ചുണ്ടും ചുളിച്ചു നീ വിങ്ങി-ക്കരയായ്‌കോമനേ,വരുന്നു ഞാൻ' എന്ന വരികളും കുട്ടികൾക്ക് വേദനിക്കുമ്പോൾ സഹായമായി കോടതിയും ഉണ്ടെന്ന് ഓർമ്മിപ്പിക്കാനായി ഉത്തരവിൽ ഉൾപ്പെടുത്തി.
കോടതി പരിഗണിച്ച കേസിൽ കുട്ടിയുടെ അമ്മ 2007-ൽ വിവാഹം കഴിച്ചിരുന്നു. 2021-ൽ നിയമപ്രകാരം വേർപിരിഞ്ഞു. തുടർന്ന് മറ്റൊരാളുമായി ലിവിങ് റിലേഷനിലായി. ഈ ബന്ധത്തിൽ ഈ വർഷം ഫെബ്രുവരിയിൽ പെൺകുട്ടി പിറന്നു. എന്നാൽ കൊച്ചി കോർപ്പറേഷനിലെ ജനന രജിസ്റ്ററിൽ യുവതിയുടെ ആദ്യ ഭർത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് എഴുതിയത്. ഈ തെറ്റ് തിരുത്താൻ നിയമം അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയിലെത്തിയത്.
കോടതി മുൻ ഭർത്താവിന് നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റുകപോലും ചെയ്തില്ല. രജിസ്റ്ററിൽ മാറ്റം വരുത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് കോർപ്പറേഷൻ അറിയിച്ചത് കോടതി അംഗീകരിച്ചു. എന്നാൽ ഇവിടെ കുട്ടിയുടെ പിതാവ് ആരെന്ന കാര്യത്തിൽ ആരും തർക്കം ഉന്നയിച്ചിട്ടില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. നിയമം അനുവദിക്കാത്തിടത്ത് ഭരണഘടന കോടതിക്ക് ഇടപെടാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം തിരുത്തി നൽകാൻ ഉത്തരവിട്ടത്.
Content Highlights: Kerala High Court ordered Kochi Corporation to correct the father's name in a birth certificate for a live-in couple's child within 30 days., Court exercised 'parens patriae' jurisdiction, noting that no dispute was raised regarding the biological father., Court suggested including the 'parens patriae' concept in school syllabi and recommended law amendments for central and state governments.
Published: 02 Oct 2026, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented