കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
സിംഗിൾ മദർ എന്ന നിലയിൽ ജനനം രജിസ്റ്റർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ പേര് ചേർക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും കുട്ടിയുടെ ഭാവിയും അന്തസുമൊക്കെ കണക്കിലെടുത്ത് കോടതിയുടെ അസാധാരണ അധികാരം ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി. ചാൾസ് ഡിക്കൻസിന്റെ ‘ഒലിവർ ട്വിസ്റ്റി’ലെ കഥാപാത്രം പറയും പോലെ നിയമത്തിലെ ചില വ്യവസ്ഥകളെങ്കിലും കഴുതയെ പോലെയാണെങ്കിലും ഭരണഘടന കോടതിയ്ക്ക് നിയമത്തിന് മാനുഷിക വ്യാഖ്യാനം നല്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർക്കോട് സ്വദേശികളായ ദമ്പതികളുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. 30 ദിവസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്.
സംഭവങ്ങൾ ഇങ്ങനെയാണ്. ദുബായിൽ ജോലി ചെയ്യുന്ന കാലത്ത് ഇരുവരും പ്രണയത്തിലായി. വിവാഹത്തിന് യുവാവിന്റെ വീട്ടുകാർ എതിരായതിനാൽ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വിവാഹത്തിന് മുന്പ് കുട്ടി വേണ്ടന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് കുട്ടി വേണമെന്ന നിലപാടില് യുവതി എത്തി.
ജീവിതപങ്കാളിയുടെ ബീജം സ്വീകരിച്ച് 2012 ല് കൃത്രിമ ഗർഭധാരണത്തിലൂടെ പെൺകുട്ടിയ്ക്ക് ജന്മം നൽകി. സിംഗിൾ അമ്മ ആയതിനാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ഒഴിച്ചിട്ടു. 2018ൽ ഇരുവരും വിവാഹിതരായി. പഞ്ചായത്തിൽ വിവാഹവും രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരു ചേർക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായി.
യുവതി കോട്ടയം കുടുംബക്കോടതിയിൽ കുട്ടിയുടെ പിതൃത്വ പ്രഖ്യാപനത്തിനായി ഹർജി ഫയൽ ചെയ്തു. തർക്കം ഇരുവരും ചർച്ചയിലൂടെ പരിഹരിച്ചു. നിയമപരമായി വിവാഹം കഴിച്ചവരാണെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ തങ്ങൾ ആണെന്നും ഇരുവരും കോടതിയിൽ സമ്മതിച്ചു. ഇതെല്ലാം അംഗീകരിച്ച് കുടുംബക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ആധാർ കാർഡ് അടക്കമുള്ള രേഖകളിൽ കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരും ചേർത്തു. നിലവിൽ ഏഴാം ക്ലാസിലാണ് കുട്ടി പഠിയ്ക്കുന്നത്. 2020ൽ ദമ്പതിമാർക്ക് രണ്ടാമത്തെ കുട്ടിയും ജനിച്ചു. എന്നാൽ മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാനുള്ള അപേക്ഷ പഞ്ചായത്ത് നിഷേധിച്ചു.
ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ അത്തരമൊരു വ്യവസ്ഥ ഇല്ലാത്തതിനാലായിരുന്നു ഇത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിച്ചിട്ടിരിക്കുന്നത് ആഴത്തിൽ മുറിവേല്പ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് അതൊരു വലിയ ചോദ്യ ചിഹ്നവും അപകീർത്തിയുടെ മർമ്മരവുമാണ്. മാതാപിതാക്കളുടെ മുൻകാല കലഹം മൂലമുണ്ടായ മുറിവ്. ഇപ്പോൾ, സ്നേഹമുള്ള മാതാപിതാക്കളായിട്ടാണ് ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാൻ എത്തിയിരിക്കുന്നത്. നിയമത്തിന്റെയും ചട്ടത്തിന്റെയും കുത്തും കോമയുമല്ല അപ്പോൾ പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.
Content Highlights: Invoking its extraordinary constitutional powers to ensure a child's dignity, the Kerala High Court ordered a local panchayat to add the father's name to the birth certificate of a 7th-grade student who was born through IVF before her parents were legally married.
Published: 05 Jun 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented