കൊച്ചി: വിവാഹത്തിനുമുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ അമ്മ എന്നനിലയിൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ പേര് ചേർക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും കുട്ടിയുടെ ഭാവിയും അന്തസ്സും കണക്കിലെടുത്ത് കോടതിയുടെ അസാധാരണ അധികാരം ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി.

To advertise here,

ചാൾസ് ഡിക്കൻസിന്റെ 'ഒലിവർ ട്വിസ്റ്റി'ലെ കഥാപാത്രം പറയുംപോലെ നിയമത്തിലെ ചില വ്യവസ്ഥകളെങ്കിലും കഴുതയെ പോലെയാണെങ്കിലും നിയമത്തിന് മാനുഷിക വ്യാഖ്യാനം നൽകേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ തമിഴ്‌നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതിമാരുടെ ഹർജി അനുവദിച്ചാണ് ഉത്തരവ്. 30 ദിവസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് പത്തനംതിട്ട പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന് നിർദേശം നൽകിയത്.

കേസിന് ആസ്പദമായ സംഭവം: ദുബായിൽ ജോലി ചെയ്യുന്ന കാലത്ത് ഇരുവരും പ്രണയത്തിലായി. യുവാവിന്റെ വീട്ടുകാർ എതിരായതിനാൽ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. യുവതി, ജീവിതപങ്കാളിയുടെ ബീജം സ്വീകരിച്ച് 2012-ൽ കൃത്രിമ ഗർഭധാരണത്തിലൂടെ കുട്ടിക്ക് ജന്മം നൽകി. സിംഗിൾ അമ്മ ആയതിനാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ഒഴിച്ചിട്ടു.

2018-ൽ ഇരുവരും വിവാഹിതരായി. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരുചേർക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായി. യുവതി കോട്ടയം കുടുംബകോടതിയിൽ കുട്ടിയുടെ പിതൃത്വ പ്രഖ്യാപനത്തിനായി ഹർജി ഫയൽ ചെയ്തു. തർക്കം പരിഹരിച്ച്, കുട്ടിയുടെ മാതാപിതാക്കളാണെന്ന് ഇരുവരും കോടതിയിൽ സമ്മതിച്ചു. കുടുംബകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു.

ആധാർ കാർഡ് അടക്കമുള്ള രേഖകളിൽ പിതാവിന്റെ പേരും ചേർത്തു. എന്നാൽ, ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാനുള്ള അപേക്ഷ പഞ്ചായത്ത് നിഷേധിച്ചു. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഒഴിച്ചിട്ടിരിക്കുന്നത് ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. നിയമത്തിന്റെയും ചട്ടത്തിന്റെയും കുത്തും കോമയുമല്ല അപ്പോൾ പരിശോധിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.