തൃശ്ശൂര്‍: ഉള്ളടക്കത്തിലും വരയിലും ഭാഷയിലുമെല്ലാം അവനൊപ്പം അവളെയും മറ്റു ലിംഗവിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്ത്, അടിമുടി മാറ്റവുമായി പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. ജെന്‍ഡര്‍ വാര്‍പ്പുമാതൃകകളെ ബോധപൂര്‍വം പൊളിക്കാനുള്ള ശ്രമങ്ങളാണ് ഈ വര്‍ഷം മാറിവന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളില്‍.
പത്താംക്ലാസിലെ സാമൂഹിക പാഠത്തിലെ ആദ്യ അധ്യായമായ 'മാനവികത'യില്‍ ദാന്തെയ്ക്കും പെട്രാര്‍ക്കിനും മാക്‌വെല്ലിക്കുമൊപ്പം ഇറ്റലിയിലെ മാനവികതാവാദിയും എഴുത്തുകാരിയുമായ വനിത കസാന്ദ്ര ഫെഡലെയെയും ഉള്‍പ്പെടുത്തി. രാജ്യത്തെ തൊഴില്‍ പങ്കാളിത്ത നിരക്കിലെ സ്ത്രീ-പുരുഷ അന്തരവും അതിനുള്ള കാരണങ്ങളും പത്താംക്ലാസുകാര്‍ പഠിക്കും.
പത്താംക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ ആദ്യപാഠം 'ചിത്രകാരി'യെന്ന ഇ.കെ. ഷാഹിനയുടെ കഥയാണ്. കുടുംബപരമായ ചുമതലകള്‍ സ്ത്രീകളെ കലാരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നതെങ്ങനെയെന്നതാണ് ഉള്ളടക്കം. 'ചരിത്രം രചിച്ച നാടക'മെന്ന തലക്കെട്ടില്‍ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന് കെ. കേളപ്പന്‍ എഴുതിയ അവതാരികയും പഠിക്കാനുണ്ട്.
ഇന്ത്യയിലെ ആദ്യ ഫോട്ടോ ജേണലിസ്റ്റായ ഹോമയ് വ്യാരവാലയുടെ ജീവിതകഥ ആറാംക്ലാസുകാര്‍ പഠിക്കും. ക്ലാസ് എട്ടിലെ കേരള പാഠാവലിയില്‍ ഹൃദയം തൊടുന്ന നക്ഷത്രങ്ങള്‍ എന്ന പാഠഭാഗത്ത് മലയാളികളുടെ ഹെലന്‍ കെല്ലര്‍ എന്ന് അറിയപ്പെടുന്ന സിഷ്ണ ആനന്ദിന്റെ അതിജീവനകഥ പറയുന്നു.
പത്താംക്ലാസ് ആരോഗ്യ-കായിക വിദ്യാഭ്യാസത്തില്‍ കാലു നഷ്ടമായിട്ടും എവറസ്റ്റ് കീഴടക്കിയ മുന്‍ അന്തര്‍ദേശീയ വോളിബോള്‍ താരം അരുണിമ സിന്‍ഹയുടെയും സ്‌കോളിയോസിസ് രോഗത്തെ അതിജീവിച്ച് 2018-ല്‍ വിശ്വസുന്ദരി പട്ടമണിഞ്ഞ കാട്രിയോനഗ്രേയുടെയും ജീവിതകഥയുണ്ട്.
വിവിധ ക്ലാസുകളിലെ കലാപഠനത്തില്‍ നാടകകലാകാരി പള്ളുരുത്തി കെ.എന്‍. ലക്ഷ്മി, കഥക് നര്‍ത്തകി കുമുദി ലിഖിയ, ക്ലാസിക് നര്‍ത്തകി സൊനാല്‍ മാന്‍സിങ്, ചവിട്ടുകളി കലാകാരി കാളിയമ്മ, സിനിമാനടി സ്മിതാപാട്ടീല്‍, ട്രാന്‍സ്ജെന്‍ഡര്‍ അഭിനേത്രി മേഘ, ചലച്ചിത്ര എഡിറ്റിങ് വിദഗ്ധരായ ബീന പോള്‍, ടെല്‍മ ഷൂം മേക്കര്‍, നാടകരംഗത്തുള്ള കീര്‍ത്തി ജയ്ന്‍, അനുരാധ കപൂര്‍, നീലം മാന്‍സിങ്, ഡോ. തീജന്‍ ഭായ് തുടങ്ങിയവരെക്കുറിച്ച് കുട്ടികള്‍ പഠിക്കും.
Content Highlights: he she and other genders kerala textbook gender equality
Published: 04 Jun 2025, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented