തിരുവനന്തപുരം: ആൺകുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. മുടിയുടെ നീളത്തിന്റെ പേരിലോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിലോ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും സ്കൂൾ അധികൃതർ മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസ്സിൽനിന്ന് മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാനുള്ള ചുമതല കുട്ടികൾക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. എന്നാൽ, ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവിൽ പറയുന്നു. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ അവകാശമുണ്ടായിരിക്കും.
ഈ വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുവരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അതിനാൽ അടിയന്തിരമായി മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരെക്കൂടി കേട്ട ശേഷമായിരിക്കണം വിദ്യാലയങ്ങൾക്ക് നിർദേശങ്ങൾ നൽകേണ്ടതെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം.
കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടിവളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ ചിത്രീകരിക്കുന്നുവെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോൻ നൽകിയ ഹർജിയും കമ്മീഷൻ പരിഗണിച്ചു. കൂടാതെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടിവരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ മാർഗനിർദേശം തേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.
Content Highlights: Boys and ungendered children have full freedom to grow their hair in schools., Schools cannot discriminate, punish, or isolate students based on hair length., Education department and CBSE must formulate guidelines including students in the committee within 45 days.
Published: 17 Sept 2026, 05:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented