ന്യൂഡൽഹി: ബാലവിവാഹവും ചെറുപ്രായത്തിലെ  ഗർഭധാരണവും ആഗോളതലത്തിൽ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് തടസ്സമാകുന്നതായി യുനെസ്കോ റിപ്പോർട്ട്. 2026-ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിങ് (ജെ.ഇ.എം.) ജെൻഡർ റിപ്പോർട്ടിലാണ് ലോകമെമ്പാടും സ്കൂൾ പ്രവേശനത്തിൽ ലിംഗസമത്വം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പെൺകുട്ടികളുടെ ഉപരിപഠനത്തിന് ഇത്തരം സാമൂഹിക ആചാരങ്ങൾ ഇപ്പോഴും പ്രതിബന്ധമായി തുടരുന്നതായി പറയുന്നത്. 

To advertise here,

ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലകളിൽ വലിയ വിടവുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഗ്രാമങ്ങളിൽ 100 ആൺകുട്ടികൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ 59 പെൺകുട്ടികൾ മാത്രമാണ് പഠനം പൂർത്തിയാക്കുന്നത്.

ലോകരാജ്യങ്ങളിൽ 58 ശതമാനവും ലിംഗവിവേചനമില്ലാതെ വിദ്യാഭ്യാസം ഉറപ്പുനൽകുന്നുണ്ടെങ്കിലും ഗർഭിണികളായോ അമ്മമാരായ ശേഷമോ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാൻ നിയമപരമായ സംരക്ഷണം നൽകുന്നത് 35 ശതമാനം രാജ്യങ്ങളിൽ മാത്രമാണ്.

നിയമപരമായ അവകാശങ്ങൾ ലഭിച്ചാലും സാമ്പത്തിക പ്രതിസന്ധി, സാമൂഹികമായ മാറ്റിനിർത്തലുകൾ, കുട്ടികളെ പരിപാലിക്കാനുള്ള സൗകര്യമില്ലായ്മ, യാത്രയിലെ സുരക്ഷിതത്വക്കുറവ് എന്നിവ പെൺകുട്ടികളെ സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നതിൽ നിന്ന് വിലക്കുന്നുണ്ടെന്ന് യുനെസ്കോ വ്യക്തമാക്കുന്നു.

പ്രാഥമിക തലം മുതൽ സെക്കൻഡറി തലം വരെ ആൺകുട്ടികൾക്കൊപ്പം തന്നെ പെൺകുട്ടികളും പ്രവേശനം നേടുന്നുണ്ടെങ്കിലും പഠനം വിജയകരമായി പൂർത്തിയാക്കാൻ ഭൂരിഭാഗം പെൺകുട്ടികൾക്കും ഇപ്പോഴും അനവധി തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ട് എന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഖാലിദ് അൽ-ഇനാനി പറഞ്ഞു.