
കാടുമായും വന്യജീവികളുമായും ബന്ധപ്പെട്ട് ഒട്ടനവധി മിഥ്യാധാരണകളുണ്ട് മനുഷ്യര്‍ക്ക്. പാമ്പ് പാലുകുടിക്കുമോ, പാമ്പിന് പകയുണ്ടോ, കരടിക്ക് തേനിനോടുള്ള ഇഷ്ടം തുടങ്ങി ഒട്ടനവധി സംശയങ്ങൾ കേട്ടിട്ടുണ്ട്. എന്താണതിന്റെ സത്യാവസ്ഥ. ശരിക്കും കരടിക്ക് ഇഷ്ടം തേനാണോ, പാമ്പിന് പാൽ ഇഷ്ടമാണോ. ഈ വിഷയത്തില്‍ നാച്വറലിസ്റ്റ് ഡേവിഡ് രാജു സര്‍വീസ് സ്‌റ്റോറിയില്‍ സംസാരിക്കുന്നു.
നമ്മുടെ ഇന്ത്യയില്‍ ഏതാണ്ട് 14 തരം പൂച്ച വര്‍ഗങ്ങളുണ്ടെന്നല്ലേ പറയുന്നത്. കടുവ, പുലി, സിംഹം അങ്ങനെ വിവിധതരം പൂച്ചവര്‍ഗങ്ങള്‍. ഇപ്പോൾ ചീറ്റപ്പുലിയും കൂടി എത്തി. ഇവയുടെ ഓരോന്നിന്റെയും വേട്ടയാടല്‍ രീതി, ഭക്ഷണ രീതി, എന്നിവയിലുള്ള പ്രകടമായ വ്യത്യാസങ്ങള്‍ എന്താണ്.
ഇന്ത്യയില്‍ 15 തരം പൂച്ച വർഗങ്ങളാണുള്ളത്. ചീറ്റപ്പുലി കൂടി വരുന്നതോടെ അത് 16 എണ്ണമാവും. ഈ 16 എണ്ണത്തില്‍ നാല് ബിഗ് ക്യാറ്റ്‌സ് ഉണ്ട്. സിംഹം, പുലി, കടുവ, ഹിമപ്പുലി എന്ന സ്‌നോ ലെപ്പേര്‍ഡും ഉണ്ട്. പുലി ഇപ്പോള്‍ ഗ്രാമപ്രദേശത്ത വരെ ഉണ്ട്. മുംബൈ നഗരത്തിനകത്ത് പുലി ഉണ്ട്. അവര്‍ക്ക് ഏത് ഹാബിറ്റാറ്റിലും അതിജീവിക്കാന്‍ കഴിയും. കോഴിക്കോട് പട്ടണത്തിനടുത്തൊക്കെ പുലി ഉണ്ട്. കാടിന്റെ അതിര്‍ത്തിയിലുള്ള പട്ടണപ്രദേശങ്ങളിലെല്ലാം പുലിയുടെ സാന്നിധ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ചിലതിനെ മയക്കുവെടിവെച്ച് പിടിച്ചിട്ടുമുണ്ട്. ഒരുവിധപ്പെട്ട കാടുകളോടു ചേര്‍ന്ന സ്ഥലങ്ങളിലെല്ലാം പുലിയുണ്ട്. ഭോപ്പാല്‍ പട്ടണത്തില്‍ കടുവയും പുലിയുമുണ്ട്. സിംഹത്തിന് മാന്‍വര്‍ഗമാണ് ഭക്ഷണം. ഗീര്‍ വനത്തിലെ സിംഹങ്ങളില്‍ 40 ശതമാനവും ആഹാരമാക്കുന്നത് മാല്‍ഥാരിസ് എന്ന ആദിവാസി വിഭാഗം വളര്‍ത്തുന്ന കന്നുകാലികളെയാണ്.
ഹിമാലയ ഭാഗങ്ങളിലാണ് ഹിമപ്പുലി കണ്ടുവരുന്നത്. ഭരല്‍ അഥവാ ബ്ലൂഷീപ്പാണ് ഹിമപ്പുലിയുടെ പ്രധാന ഭക്ഷണം. നല്ല തണുപ്പ് കൂടുന്ന സമയത്ത് 5000 മീറ്റര്‍ മുകളില്‍ നിന്ന് താഴേക്ക് 3000-4000 മീറ്റര്‍ ഉയരം വരെ ഭരല്‍ തീറ്റതേടി വരും. ഇന്ത്യയിലുള്ള ഏറ്റവും മനോഹരമായ പൂച്ചവര്‍ഗം എന്നത് മേഘപ്പുലി അഥവാ ക്ലൗഡ് ലെപ്പേര്‍ഡ് ആയിരിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഇവയെ കാണുന്നത്. അരുണാചല്‍പ്രദേശിലാണ് കൂടുതലായും കണ്ടുവരുന്നത്. ചെറിയ പൂച്ചവര്‍ഗങ്ങളുണ്ട്. കാട്ടുപൂച്ച അഥവാ ജംഗിള്‍കാറ്റുണ്ട്. പിന്നെ തുരുമ്പന്‍ പൂച്ച എന്നൊരു പൂച്ചയും ഇന്ത്യയിലുണ്ട്. പൂച്ചവർഗത്തിലെ ലോകത്തിലെ ഏറ്റവും ചെറിയ വിഭാഗമാണ് തുരുമ്പന്‍പൂച്ച. നാഗര്‍ഹോളയിലൊക്കെ തുരുമ്പന്‍ പൂച്ചയുണ്ട്. പിന്നെ മരുഭൂമിയില്‍ കാണുന്ന പൂച്ചകളുണ്ട്. ഡെസേര്‍ട്ട് ക്യാറ്റും കാരക്കല്‍ ക്യാറ്റ്സും. ഹിമാലയത്തില്‍ കാണുന്ന രസകരമായ രണ്ട് പൂച്ചവർഗങ്ങളുമുണ്ട്. പല്ലാസ് പൂച്ചകളും (മാനുള്‍) യുറേഷ്യന്‍ ലിങ്‌സും. ചെവികൂര്‍ത്ത ഒരിനം പൂച്ചവർഗമാണ് യുറേഷ്യന്‍ ലിങ്‌സ്. മീനിനെ പിടിക്കുന്ന ക്യാറ്റ്‌സുമുണ്ട്. നോര്‍ത്ത് ഈസ്റ്റിലുള്ള മാര്‍ബിള്‍ ക്യാറ്റ്, ഗോള്‍ഡന്‍ ക്യാറ്റ് എന്നിങ്ങനെ പോകുന്നു നമ്മുടെ നാട്ടിലെ പൂച്ചവർഗങ്ങള്‍.
ഡേവിഡ് രാജുവുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം - കുനോയിലെ ചീറ്റകൾ ചത്തതിനു പിന്നിൽ | Service story
ഇവയുടെ ഭക്ഷണ രീതി എന്താണ്..
കടുവയും പുലിയും ഇരയെ പിടിച്ചാല്‍ കഴുത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊല്ലുന്നത്. കടുവയാണെങ്കില്‍ പൃഷ്ട (rump) ഭാഗത്തുനിന്നാണ് കഴിച്ചു തുടങ്ങുക. എന്നാല്‍ പുലിയാണെങ്കില്‍ വയറുപൊളിച്ച് കുടല്‍മാലയൊക്കെ പുറത്തിട്ട് പിച്ചിപ്പറിച്ചാണ് കഴിക്കുക. കാട്ടില്‍ അക്രമിക്കപ്പെട്ട മാനിനെ കണ്ടാലറിയാം, പുലിയാണോ അതോ കടുവയാണോ ആക്രമിച്ചതെന്ന്.
പുലിയെയും സിംഹത്തെയും പോലെ പൂച്ചകുടുംബത്തിലെ ഒരു വർഗമാണ് കരിമ്പുലിയെന്ന് കരുതുന്നവരുണ്ട്. പുലിയുടെ തന്നെ മെലാനിന്‍ കൂടിയ ഇനമാണ് കരിമ്പുലിയെന്ന് പലര്‍ക്കുമറിയില്ല. അതേപ്പറ്റി വിശദീകരിക്കാമോ.
ഇവിടെ ഇരുളടഞ്ഞ കാടുകളാണല്ലോ. അതിനാല്‍ പുലികളില്‍ മെലാനിന്‍ പിഗ്മെന്റ് ധാരാളമായുണ്ട്. തെക്കേ അമേരിക്കയിലെ ജാഗ്വറും കറുത്ത നിറത്തില്‍ കാണപ്പെടാറുണ്ട്. ഇരുളടഞ്ഞ കാട്ടില്‍ മഞ്ഞയില്‍ കറുപ്പു പുള്ളികളുമായി പുലി നിന്നാല്‍ എല്ലാവര്‍ക്കും എളുപ്പം കാണാനാവും. അതേസമയം കരിമ്പുലി നിന്നാല്‍ കാണില്ല. അതിജീവനത്തിന്റെ ഭാഗമായി കറുത്ത നിറം കൂടുന്നതാണ്.

അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ കാടിന് നല്ല പച്ചപ്പാണല്ലോ എന്നിട്ടെന്തുകൊണ്ടാണ് കടുവയ്ക്ക് ഓറഞ്ച് നിറവും കറുത്തവരകളും കൊടുത്തത്.
നമ്മുടെ കണ്ണ്‌കൊണ്ട് കാണുമ്പോഴാണ് കടുവയ്ക്ക് നല്ല ഓാറഞ്ച് നിറവും കറുത്ത വരകളുമൊക്കെയുള്ളത്. ഒരു മാനോ സാമ്പാറോ കേഴമാനോ കൂരമാനോ ഒക്കെ നോക്കുമ്പോള്‍ ഈ നിറമല്ല കാണുന്നത്. പച്ചയുടെ ഷേഡുകളുള്ള നിറത്തില്‍ കറുത്തവരകളായാണ് കാണുന്നത്. ഒരു കാടിന്റെ അകത്തോ പുല്‍മേട്ടിലോ നില്‍ക്കുമ്പോഴും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനുള്ള, മറഞ്ഞിരിക്കാന്‍ പറ്റിയ ഏറ്റവും നല്ല നിറവും പാറ്റേണുമാണ് കടുവയ്ക്ക്.
നമ്മളെ സംബന്ധിച്ച് കാടിനുള്ളിലെ ഏറ്റവും പേടിപ്പെടുത്തുന്ന മൃഗങ്ങളാണ് കടുവയും പുലിയും. പക്ഷേ, ഈ രണ്ട് മൃഗങ്ങളും പേടിക്കുന്ന ഒരു വിഭാഗമാണ് ധോല്‍ അഥവാ വേട്ടനായ്ക്കള്‍ എന്ന് കേട്ടിട്ടുണ്ട്. അവയെ കണ്ടിട്ടുണ്ടോ? അവയുടെ വേട്ടയാടല്‍ രീതികള്‍ അറിയുമോ.
കൂട്ടമായിട്ടാണ് അവ വേട്ടയാടുന്നത്. 30 എണ്ണം വരെയുള്ള കൂട്ടത്തിനെ ഞാന്‍ കണ്ടിട്ടുണ്ട്. എട്ടും പത്തും ഉള്ള കൂട്ടം ചേസ് ചെയ്താണ് മാനിനെ പിടിക്കുന്നത്. ഏതാണ്ട് 70 മുതല്‍ 80 ശതമാനം വരെ വിജയസാധ്യതയുണ്ട് ഓരോ വേട്ടയ്ക്കും. സാധാരണ കടുവയോ പുലിയോ ഒക്കെ ഒരു മൃഗത്തെ വേട്ടയാടിപ്പിടിച്ചാല്‍ അതിനെ കഴുത്തില്‍ ശ്വാസനാളി കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നാണ് തിന്നുന്നത്. എന്നാല്‍ ധോല്‍ വളരെ ക്രൂരമായി ആണ് വേട്ടയാടുന്നത്. കാട്ടുനായ്ക്കളാവട്ടെ നാല്വശത്തു നിന്നും കടിച്ചു പറിച്ച് മൃഗീയമായിട്ടാണ് ഇരകളെ കൊല്ലുന്നത്. അതുകൊണ്ട് തന്നെ നാച്വറലിസ്റ്റുകള്‍ ഇവയെ ബ്ലഡി കില്ലേഴ്‌സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
മൃഗീയത ആണല്ലോ ഈ ജീവികളുടെ ജൈവികസ്വഭാവം എന്ന് പറയുന്നത്. പക്ഷേ, മൃഗങ്ങള്‍ വളരെ അനുകമ്പാപൂര്‍വം മനുഷ്യസഹജമായി പെരുമാറിയ ഏതെങ്കിലും ഒരു സന്ദര്‍ഭം നേരിട്ട് കണ്ടിട്ടുണ്ടോ.
പച്ച്മഡി എന്ന സ്ഥലത്ത് ഞങ്ങള്‍ ഫോട്ടോഗ്രാഫിക്ക് പോയ സമയത്ത് ഒരു റീസസ് മെക്കാക്ക് ഇനത്തിലുള്ള കുരങ്ങ് സ്വന്തം കുഞ്ഞിനെപ്പോലെ പട്ടിക്കുട്ടിയെ എടുത്ത് പിടിച്ചുകൊണ്ട് മരത്തിന്റെ മുകളിൽ കയറി ഇരുന്ന് അതിനെ തൊലോലിക്കുന്നത് കണ്ടിരുന്നു. ദേഹവും തലയും നോക്കി ചെള്ളിനെയൊക്കെ എടുത്തുകൊടുക്കും. അതിന്റെ കുഞ്ഞ് ചത്തു പോയിട്ട് ഈ പട്ടിക്കുഞ്ഞിനെ ദത്തെടുത്തതാണെന്ന തോന്നുന്നു. പക്ഷേ, എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാല്‍ സാധാരണ ഒരു കുരങ്ങിന്റെ കുഞ്ഞാണെങ്കില്‍ മരത്തിന്റെ മണ്ടയില്‍ തള്ളക്കുരങ്ങ് പിടിവിട്ടാല്‍ കുരങ്ങിന്റെ കുഞ്ഞ് മരത്തിന്റെ കൊമ്പില്‍ അള്ളിപ്പിച്ച് അവിടെ ഇരുന്നോളും. പക്ഷേ, പട്ടിക്കുഞ്ഞിന് പിടിക്കാന്‍ കഴിയില്ലല്ലോ. തള്ളക്കുരങ്ങ് ഒരിക്കല്‍ പിടിവിട്ടപ്പോള്‍ അത് മരത്തില്‍ നിന്ന് താഴെ വീണ് ചത്തു. തള്ളക്കുരങ്ങ് കുറെ ദിവസം ചത്ത കുഞ്ഞിനെയും എടുത്ത് കൊണ്ട് നടക്കുന്നത് കണ്ടിരുന്നു. അതാകെ അസ്ഥിപഞ്ജരമായിരുന്നു.
പക്ഷേ, ഇവിടെ വൈകാരികത നിലനില്‍ക്കണമെങ്കില്‍ ഓര്‍മശക്തിയും കൂടി വേണ്ടേ. അത്രയും കാലം ഇമോഷണല്‍ ബേര്‍ഡന്‍ നിലനില്‍ക്കുന്ന രീതിയിലുള്ള ഓര്‍മശക്തി മൃഗങ്ങള്‍ക്കുണ്ടോ.
പ്രൈമേസിന് ഉണ്ടെന്ന് തോന്നുന്നു. കാരണം മനുഷ്യനുമായിട്ട് അടുത്ത് നില്‍ക്കുന്ന ഒരു ജീവി അല്ലേ. അപ്പോൾ മനുഷ്യന്റെ ആ ചേതനയൊക്കെ അതിനും കാണും
പൊതുവെ മനുഷ്യര്‍ ക്രൂരത ചെയ്യുമ്പോഴാണല്ലോ നമ്മള്‍ മൃഗീയമായി എന്ന് പറയുന്നത്. അതുപോലെ മൃഗങ്ങള്‍ അവരുടെ ജൈവിക ചോദനയ്ക്കപ്പുറം നിന്നുകൊണ്ടുള്ള മൃഗീയത കാണിച്ച വല്ല അനുഭവങ്ങളും കണ്ടിട്ടുണ്ടോ.
കന്‍ഹയില്‍ ഛോട്ടി മാതാ എന്നൊക്കെ വിളിച്ചുകൊണ്ടുള്ള ഒരു കടുവ ഉണ്ടായിരുന്നു. ഞാനൊരു 10, 11 വര്‍ഷമായി ചെറിയ കുട്ടിയായിരുന്നപ്പോൾ മുതല്‍ കാണുന്ന കടുവയാണത്. ഒരു ദിവസം ഞങ്ങള്‍ ഇതിനെ കാണുമ്പോള്‍ കുഞ്ഞുങ്ങളും ഒപ്പമുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് ഒരു മാസം പ്രായമുള്ളപ്പോള്‍ ഒരു ആണ്‍കടുവ അവിടെ വന്നു. കാടിനകത്ത് നിന്ന് യുദ്ധസമാനമായ മുരള്‍ച്ചയും കടിപിടി ശബ്ദവും കേള്‍ക്കാമായിരുന്നു. അത് പക്ഷേ, ആണ്‍കടുവ കടുവക്കുഞ്ഞുങ്ങളെ കൊല്ലാന്‍ തുനിഞ്ഞതിന്റെ ഭാഗമായുണ്ടായ യുദ്ധമായിരുന്നു, പെണ്‍കടുവയ്ക്ക് ശക്തമായി പ്രതിരോധിക്കാനായില്ല. ആണ്‍കടുവ കുഞ്ഞുങ്ങളെ കൊന്നു. കുഞ്ഞിന്റെ ജഡം എടുത്തു കൊണ്ട് പോകുന്ന ഛോട്ടിമാതായുടെ ആ അവസ്ഥ കണ്ട് ഞങ്ങള്‍ക്കെല്ലാം കരച്ചില്‍ വന്നു. എടുത്തുകൊണ്ട് അതില്‍ ഇങ്ങനെ നടന്നു. ടെറിട്ടറി പ്രഖ്യാപിക്കാനായി പുതിയൊരു ആണ്‍കടുവ വരുമ്പോള്‍ അവിടെയുള്ള പെണ്‍കടുവയ്ക്ക് കുഞ്ഞുങ്ങളുണ്ടെങ്കില്‍ ആണ്‍കടുവയ്ക്ക് ഇണചേരാനാവില്ല. ആ തടസ്സം ഒഴിവാക്കാനാണ് ആണ്‍കടുവ കുഞ്ഞുങ്ങളെ കൊന്നത്.

ജീവികള്‍ക്ക് ഒരു ഇണ പൊതുവെ ഇല്ലല്ലോ. വോഴാമ്പലിന് ഒരു ഇണയാണെന്ന കേട്ടിട്ടുണ്ട്. അതല്ലാതെ ഒരിണ മാത്രമായിട്ട് ജീവിക്കുന്ന വേറെ ഏതൊക്കെ ജീവികളെ അറിയാം.
ഇന്ത്യയില്‍ ഏറ്റവും പൊക്കമുള്ള ഒരു പക്ഷിയാണ് സാരസ് ക്രയിന്‍. അവയ്ക്ക് ഒരിണയാണുള്ളത്.
അതുപോലെ ഫീമെയില്‍ ഡോമിനേറ്റ് ചെയ്യുന്ന മൃഗവിഭാഗങ്ങള്‍ ഏതൊക്കെയാണ്. എല്ലാത്തിലും മെയില്‍ തന്നെയാണോ ഡോമിനേറ്റ് ചെയ്യുന്ന വിഭാഗം.
ആനകളുടെ കൂട്ടത്തില്‍ മാട്രിയാര്‍ക്കി ആണ്. പിടിയാനയാണ് ആനക്കൂട്ടത്തെ നയിക്കുന്നത്. കൊമ്പനാനകള്‍ സോളോയാണ്.
അങ്ങനെയെങ്കില്‍ അരിക്കൊമ്പന്‍ പോയിട്ട് കുടുംബം അനാഥമായി എന്നൊക്കെ പറയുന്നത് വെറുതെയാണോ.
കൊമ്പനാനകള്‍ ഗ്രൂപ്പിനോട് ചേര്‍ന്നു നില്‍ക്കാറില്ല. ഫീമെയില്‍സിന്റെ കൂടെ മേറ്റ് ചെയ്യാനായിട്ട് മാത്രമേ കൂട്ടത്തിനോട് ചേരാറുള്ളൂ. മെയില്‍സും ബുള്‍സുമെല്ലാം ഏകാകികളാണ്. അരിക്കൊമ്പന്‍ കൊണ്ടുപോയി. കുഞ്ഞുങ്ങള്‍ക്ക് അച്ഛന്‍ നഷ്ടമായി എന്നുള്ള കഥകളൊക്കെ ചുമ്മാ നമ്മള്‍ പടച്ച് വിടുന്ന കഥകളാണ്.
പെയിന്റഡ് സ്‌നൈപ്പ് എന്നൊരു പക്ഷിയുണ്ട്. മയിലിലൊക്കെ ശ്രദ്ധിച്ചിട്ടില്ലേ സാധാരണ ആണ്‍പക്ഷികള്‍ ആണല്ലോ. പെണ്ണിനേക്കാള്‍ ആകര്‍ഷകത്വമുള്ളത്. പക്ഷേ, പെയിന്റഡ് സ്‌നൈപ്പില്‍ പെണ്ണുങ്ങള്‍ക്കാണ് ആകര്‍ഷകത്വം കൂടുതല്‍. ഇവയുടെ അടുത്തെപ്പോഴും മൂന്നോ നാലോ ആണ്‍പക്ഷികളുണ്ടാവും. ആണ്‍പക്ഷികളുമായി ഇണചേര്‍ന്ന് അവര്‍ക്ക് മൂന്നോ നാലോ മുട്ടയിട്ടു കൊടുത്തിട്ട് പെണ്‍പക്ഷി പറന്നു പോകും. ഇവയില്‍ ആണിന്റെ ജോലിയാണ് മുട്ടയില്‍ അടയിരിക്കുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും വളര്‍ത്തുന്നതുമൊക്കെ. ഭക്ഷണം കൊടുക്കുന്നതും ഒക്കെ. ജക്കാന എന്ന പക്ഷികള്‍ക്കും ഇതേ രീതിയാണ്.
മൃഗങ്ങളുടെ ഇടയില്‍ ഹോമോ സെക്ഷ്വല്‍സ് ഉണ്ടോ.
മൃഗശാലയിലെ ആണ്‍ സിംഹങ്ങളിലൊക്കെ കണ്ടിട്ടുണ്ട്. പിന്നെ ചില കുരങ്ങുകളുടെ കൂട്ടില്‍ എപ്പോഴും ഒരു ഡോമിനന്റ് മെയില്‍ കാണും. അവ മറ്റ് ആണ്‍കുരങ്ങുകളെ കൊല്ലാനായിട്ട് ശ്രമിക്കുമ്പോള്‍ അവ ഓടിപ്പോയി ചെറു കൂട്ടങ്ങളുണ്ടാക്കും. എട്ടും പത്തും അല്ലെങ്കില്‍ പത്തും 15 ഉം ആയുള്ള ചെറിയ കുരങ്ങുകളുടെ ഒരു കൂട്ടം രൂപപ്പെടും അവക്കിടയില്‍ സ്വവർഗരതി കണ്ടിട്ടുണ്ട്.

പല ജീവിവർഗങ്ങളെയും കണ്ടെത്തിയ സംഘത്തില്‍ താങ്കളുടെ പേരുണ്ടായിരുന്നു. അങ്ങനെ താങ്കള്‍ കണ്ടെത്തിയ ജീവികള്‍ അല്ലെങ്കില്‍ അപൂര്‍വമായിട്ട് കണ്ടിട്ടുള്ള, അത്ഭുതപ്പെടുത്തിയ ജീവികളെ കുറിച്ച് പറയാമോ.
ഞാന്‍ വയനാട്ടിലുള്ള ഡോക്ടര്‍ അനില്‍ സഖറിയുടെ കൂട്ടത്തില്‍ ചേര്‍ന്ന് തവളകളെ കുറിച്ച് കുറെ പഠിച്ചിട്ടുണ്ട്. 12 പുതിയ തവള ജനുസ്സുകളെ കണ്ടെത്തിയിരുന്നു. നമ്മുടെ നാട്ടില്‍ കുറെയേറെ തവളകളെ ബ്രിട്ടീഷുകാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളന്ന സര്‍വെ നടത്തുന്ന സമയത്താണ് 12 തവളകളെ രേഖപ്പെടുത്തിയിട്ടില്ല എന്നറിയുന്നത്. വനം വകുപ്പിന്റെ അനുമതിയോടു കൂടിയാണ് ഞങ്ങൾ കാട്ടില്‍ പോയി ഈ സര്‍വെ നടത്തുന്നത്. തവളകളെ ശേഖരിച്ച്, ഡിഎന്‍എ എടുത്ത്, മോര്‍ഫോളജിക്കല്‍ വിവരങ്ങള്‍ തിട്ടപ്പെടുത്തി ശബ്ദവും ടാഡ്‌പോള്‍സിന്റെ വ്യത്യാസങ്ങളും ഒക്കെ കണക്കാക്കി ഇന്റര്‍നാഷണല്‍ പിയര്‍ റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ് പഠനം ആധികാരികമാവുന്നത്. 12 തവളകള്‍, രണ്ട് പല്ലി, വയനാട്ടില്‍ നിന്നൊരു തുമ്പി എന്നിവയെയൊക്കെ കിട്ടി. ഒരിക്കല്‍ ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിനു പോയപ്പോള്‍ കുറെ പൂമ്പാറ്റകളെ കണ്ടു. രണ്ട് വര്‍ഷം കഴിഞ്ഞ് ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്തപ്പോള്‍ സുഹൃത്ത് പറഞ്ഞാണറിയുന്നത് അത് സ്‌കാര്‍സ് സൈറന്‍ എന്ന അപൂര്‍വ്വ ചിത്രശലഭമാണെന്ന്. 140 വര്‍ഷമായി ആരും കാണാത്ത ചിത്രശലഭമാണത്.
അതുപോലെ കര്‍ണാടകയിലെ കുദ്രേമുഖില്‍ പോയപ്പോള്‍ ഒരു പാമ്പിന്റെ പടമെടുത്തിരുന്നു. ഷീല്‍ഡ് ടെയിലെന്നാണതിന്റെ പേര്. അതും 140 വര്‍ഷമായി ആരും കാണാത്തതാണ്. വയനാട്ടില്‍ ചെമ്പ്രമലയില്‍ ചെന്നപ്പോള്‍ ഗോള്‍ഡന്‍ ഷീല്‍ഡ് ടെയിലിനെ കണ്ടു. 140 വര്‍ഷമായി ആരും കാണാത്ത പാമ്പാണത്.

തുമ്പികളെ കുറിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടായിരുന്നല്ലോ എന്താണ് തുമ്പികളിലേക്ക് ആകര്‍ഷിച്ച ഒരു ഘടകം.
തുമ്പികളെ കുറിച്ച് കുറെ പഠിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിലെ തുമ്പികളെ കുറിച്ച് പ്രതിപാദിക്കുന്ന നല്ല പുസ്തകങ്ങള്‍ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നത്. ഞാനും എന്റെ ഒരുസുഹൃത്ത് കിരണും ചേര്‍ന്ന് തുമ്പികള്‍ക്കെല്ലാം പേരിട്ടു. ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേശാടനക്കാര്‍ തുമ്പികളായിരിക്കും. പക്ഷികളായിരിക്കില്ല. ജൂണ്‍ ജൂലായ് മാസത്തിലെതെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ സമയത്ത് ആഫ്രിക്കയില്‍ നിന്നൊരു വിന്‍ഡ് ക്ലൗഡ് വരാറുണ്ട്. ഈ ട്രേഡ് വിന്‍ഡ്‌സ് വഴി കോടിക്കണക്കിന് തുമ്പികള്‍ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറാറുണ്ട്. ഇവര്‍ക്ക് മുട്ടയിടാന്‍ ശുദ്ധവെള്ളം ആവശ്യമാണ്. മഴവെള്ളത്തില്‍ മുട്ടയിട്ട് അടുത്ത ലാര്‍വ്വകള്‍ തുമ്പിയായി മാറി തിരിച്ച് വടക്ക് പടിഞ്ഞാറൻ മണ്‍സൂണില്‍ ഇവര്‍ ആഫ്രിക്കയിലേക്ക് പറക്കും. യുഎസ്സ്, ആഫ്രിക്ക, തെക്കേ അമേരിക്ക ഓസ്‌ട്രേലിയയിലൊക്കെ ഈ തുമ്പികളുണ്ട്. പഠനം നടത്തിയപ്പോല്‍ ഇവയെല്ലാം ജനിതകപരമായി സമന്മാരാണ്. ഗ്ലോബല്‍ മൈഗ്രേഷനാണ് നടക്കുന്നത്.
വന്യജീവികളുമായി ബന്ധപ്പെട്ട് നമ്മള്‍ നമ്മുടെ സമൂഹത്തില്‍ ഒരുപാട് മിഥ്യാധാരണകള്‍ ഉണ്ട്. അതില്‍ ഏറ്റവും ഇറിറ്റേറ്റ് ചെയ്ത, അല്ലെങ്കില്‍ തിരുത്തണമെന്ന് തോന്നിയ മിഥ്യാധാരണകള്‍ പറയാമോ.
ഏറ്റവും കൂടുതല്‍ തോന്നിയിട്ടുള്ള പാമ്പുകളെ കുറിച്ചാണ്. പാമ്പിനെ തല്ലിക്കൊന്നാല്‍ അതിന്റെ ഇണ പകവീട്ടാനായി വീട്ടിലേക്ക് തിരിച്ചു വരുമെന്നൊക്കെ കേട്ടിട്ടുണ്ട്. തിരിച്ചുവരും എന്നുള്ള ഒരു മിഥ്യാധാരണയുണ്ട്. വടി ഉപയോഗിച്ചാണല്ലോ ആളുകള്‍ പൊതുവെ പാമ്പുകളെ തല്ലിക്കൊല്ലുന്നത്. ആ സമയം പാമ്പ് പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ശ്രദ്ധിച്ച് മറ്റു പാമ്പുകളൊക്കെ എത്താറുണ്ട്. അല്ലാതെ ഒരിക്കലും ഒരു പക മൂത്ത് വരുന്നതല്ല. മകുടി ഊതിയിട്ട് മൂര്‍ഖനെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് കണ്ടിട്ടില്ലേ. നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്ന വെച്ചാല്‍ പാമ്പുകള്‍ക്കൊന്നും കേള്‍വിശക്തിയില്ല. മകുടി ഊതുന്നയാള്‍ ഇടത്തോട്ടും വലത്തോട്ടും മാറുന്നതനുസരിച്ചാണ് പാമ്പ് മാറുന്നത്. പാമ്പുകള്‍ മണക്കാനാണ് നാക്ക് പുറത്തിടുന്നത്. നാക്ക് വെളിയില്‍ ഇട്ടിട്ട് നാക്കില്‍ നിന്ന് ഈ എല്ലാ ഫെറമോണ്‍സും മണങ്ങളുമൊക്കെ നാക്കു കൊണ്ടെടുത്ത് അണ്ണാക്കിലുള്ള ജേക്കബ് സെന്‍സ് ഓര്‍ഗനില്‍ തട്ടിക്കും. അതുവഴിയാണ് മണം മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് പാമ്പ് എപ്പോഴും നാക്ക് വെളിയില്‍ ഇട്ടിട്ട് എടുക്കുന്നത്
പാമ്പ് പാല് കുടിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അവരോടെന്താണ് പറയാനുള്ളത്.
പാമ്പ് പാല് കുടിക്കില്ല. പാമ്പ് വെള്ളം കുടിക്കും പക്ഷേ, പാല് കുടിക്കട്ടെ എന്ന കരുതി നിര്‍ബന്ധമായി വായിലോട്ട് ഒഴിച്ചു കൊടുത്താല്‍ കുടിക്കേണ്ടി വരും. അല്ലാതെ പാമ്പ് പാലു കുടിക്കില്ല.
മൗഗ്ലി സീരീസെന്നത് 80കളിലെയും 90കളിലെയും തലമുറയെ ആകെ ആകര്‍ഷിച്ച കാര്‍ട്ടൂണ്‍ പരമ്പരയാണ്. അതിലെ ബാലുക്കരടിയുടെ ഇഷ്ട ഭക്ഷണം തേനാണ്. ഒരുവിധം കാര്‍ട്ടൂണിലെ കരടി ക്യാരക്റ്റേഴ്സെല്ലാം തേന്‍ കുടിക്കുന്നവരാണ്. ശരിക്കും തേന്‍ തന്നെയാണോ കരടിയുടെ പ്രധാന ഭക്ഷണം.
തേന്‍ കൂടിനകത്ത് ഇഷ്ടം പോലെ തേനീച്ച ലാര്‍വകളുണ്ട്. ഈ ലാര്‍വകളെ കഴിക്കാനാണ് പ്രധാനമായും കരടിയെത്തുന്നത്. കൂട്ടത്തില്‍ തേനും കഴിക്കും. പക്ഷേ, ലക്ഷ്യം ലാര്‍വകളാണ്, തേനല്ല.





Content Highlights: Service story interview naturalist david raju bear tigers snakes wildlife,cat species,nileena atholi
Published: 27 Sept 2024, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented