
പത്തൊമ്പതാം വയസ്സില്‍ ജയിലിലേക്ക്. അമ്പത് വയസ്സ് പിന്നിടുമ്പോള്‍ മോചനം. ജി.ഇ. പേരറിവാളന്‍ എന്ന തമിഴ്നാട്ടുകാരന്റെ ജീവിതവും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെട്ടത് തടവറയിലായിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം തിരിച്ചയക്കാമെന്ന് അമ്മ അര്‍പുതമ്മാളിന് വാക്കുകൊടുത്താണ് പോലീസ് പേരറിവാളനെ കൂട്ടിക്കൊണ്ടുപോയത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയശേഷം ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു പേരറിവാളനപ്പോള്‍. പേരറിവാളനും മറ്റ് 41 പേര്‍ക്കുമെതിരേ ടെററിസം ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് [Terrorism and Disruptive Activities (Prevention) Act -TADA] നിയമപ്രകാരം സി.ബി.ഐ. പിന്നീട് കേസെടുത്തു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും പ്രധാന പ്രതികളിലൊരാളുമായ ശിവരസന് ഒന്‍പതു വോള്‍ട്ടിന്റെ രണ്ട് ബാറ്ററികള്‍ നല്‍കിയെന്നുപറഞ്ഞാണ് പേരറിവാളന്റെ പേരില്‍ കേസെടുത്തത്. തെറ്റായ വിലാസത്തില്‍ സ്വന്തം പേരില്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങിയെന്ന ആരോപണവുമുയര്‍ന്നിരുന്നു. പിന്നീട് പുറംലോകം കാണാന്‍ 31 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. കാരാഗൃഹത്തിലെ ഇരുട്ടില്‍നിന്ന് മോചനത്തിന്റെ വെളിച്ചത്തിലേക്കിറങ്ങിയ പേരറിവാളന്റെ വാക്കുകള്‍ക്ക് വായനയുടെ കരുത്തും തെളിച്ചവുമുണ്ട്. പിന്നിട്ട മൂന്നു പതിറ്റാണ്ടുകളില്‍ നേരിടേണ്ടിവന്ന കൊടിയ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നിയമവ്യവസ്ഥ ഏല്‍പ്പിച്ച പരിക്കുകളെക്കുറിച്ചും പേരറിവാളന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു.
സുനീഷ് ജേക്കബ് മാത്യു: മൂന്നു പതിറ്റാണ്ടിനുശേഷം സ്വതന്ത്രനായിരിക്കുന്നു. എന്താണിപ്പോള്‍ മനസ്സിലൂടെ കടന്നുപോകുന്ന ചിന്ത?
പേരറിവാളന്‍: വളരെയധികം സന്തോഷം. ജീവിതത്തിലെ വലിയൊരു കാലം കടന്നുപോയി. നഷ്ടമായതൊന്നും തിരിച്ചുകിട്ടില്ലെന്നറിയാം. പക്ഷേ, അതേക്കുറിച്ച് വേവലാതിയില്ല. മുന്നോട്ടുപോകണം. കുടുംബത്തിനൊപ്പം ചെലവഴിക്കേണ്ട കാലമാണ് നഷ്ടമായത്. ഇനിയുള്ളകാലം അച്ഛനും അമ്മയ്ക്കും തുണയായിരിക്കണം. അമ്മ അര്‍പുതമ്മാളിന്റെ പോരാട്ടംകൂടിയാണ് എന്റെ ജീവിതം. അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ, സമാധാനത്തോടെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്.
Also Read
കാഴ്ചയിലും പെരുമാറ്റത്തിലും സൗമ്യനാണ്. ചെറുപ്പത്തിലും പാവമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ജയില്‍ജീവിതം ഒരുമാറ്റവും വരുത്തിയില്ലേ?
എല്ലാ കുട്ടികളെയും പോലെ സന്തോഷകരമായ പഠനകാലമായിരുന്നു എനിക്കും. പെരിയാര്‍ രാമസ്വാമിയുടെ ആശയങ്ങള്‍ പിന്തുടര്‍ന്ന കുടുംബത്തിലാണ് ജനിച്ചത്. ഇപ്പോഴും നാസ്തികനായി തുടരുന്നതിന് കാരണവും പെരിയാറുടെ സ്വാധീനംതന്നെ. അധ്യാപകനായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതായിരുന്നു കുടുംബം. പെട്ടെന്നൊരുദിവസം കാര്യങ്ങളാകെ മാറിമറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാന്‍ സാധിച്ചില്ല. എന്തൊക്കെയോ മാറ്റങ്ങള്‍ ചുറ്റുമുണ്ടായി. പ്രതിസന്ധികളില്‍ പ്രതീക്ഷ കൈവിട്ടില്ല. ജീവിതം മുന്നോട്ടുനീങ്ങിയത് പ്രതീക്ഷയിലായിരുന്നു. അതായിരുന്നു പോസിറ്റീവ് എനര്‍ജി. അടിസ്ഥാനസ്വഭാവവും ഇങ്ങനെത്തന്നെയാണ്. ഒരുപരിധിയില്‍ കൂടുതല്‍ ഒരിക്കലും മനസ്സ് കൈവിട്ടുപോയില്ല. അതിനാല്‍ സ്വഭാവവും പെരുമാറ്റവും മാറിയില്ല.

എങ്ങനെയായിരുന്നു ജയിലിലെ ആദ്യദിനങ്ങള്‍?
ഒന്നും മനസ്സിലാകാത്ത ദിവസങ്ങളായിരുന്നു അത്. എന്താണെനിക്ക് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരുധാരണയുമില്ല. കടുത്ത ദുഃഖവും മാനസികപ്രയാസവും കാരണം ആകെ തകര്‍ന്നുപോയി. ഇരുട്ടുമൂടിയ ദിവസങ്ങളായിരുന്നു. നേരിട്ട അവസ്ഥ വിശദീകരിക്കാന്‍ സാധിക്കില്ല. ജയിലും കോടതിയും ചോദ്യംചെയ്യലും മൊഴിയെടുക്കലും ഒന്നും കാര്യമായി മനസ്സിലായിരുന്നില്ല. എനിക്കെന്താണ് സംഭവിക്കുന്നതെന്നതല്ല, എപ്പോള്‍ പുറത്തുപോകാന്‍ പറ്റുമെന്നതായിരുന്നു സദാ ചിന്ത. പിറ്റേദിവസം പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് ഓരോദിവസവും കരുതി. ചോദ്യംചെയ്ത് അടുത്തദിവസം വിട്ടയക്കുമെന്നായിരുന്നു അമ്മ കരുതിയത്. മകനെയുംകൂട്ടി തിരിച്ചുപോകാന്‍ ചെന്നൈയിലെ സി.ബി.ഐ. ഓഫീസില്‍ അമ്മ പലതവണയെത്തി. കേസിനെക്കുറിച്ച് അധികമൊന്നും അന്ന് അറിയില്ലായിരുന്നു.
എപ്പോഴാണ് കേസിന്റെയും ചുമത്തപ്പെട്ട കുറ്റത്തിന്റെയും പ്രാധാന്യം മനസ്സിലായത്?
രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാവാണ് കൊല്ലപ്പെട്ടത്. മുന്‍ പ്രധാനമന്ത്രിയും ഏറ്റവും അറിയപ്പെടുന്ന കുടുംബത്തിലെ ഒരാളുമാണ്. എന്നാല്‍, ഇതില്‍ എനിക്കെതിരേയുള്ള കുറ്റം എന്താണെന്നോ അതിന്റെ ഗൗരവം എത്രയാണെന്നോ അറിയില്ലായിരുന്നു. നിയമത്തിന്റെ സാങ്കേതികതയില്‍ കുരുങ്ങി മോചനം വൈകുന്നുവെന്നാണ് ആദ്യം കരുതിയത്. തെറ്റുചെയ്തിട്ടില്ലെന്നറിയാവുന്നതിനാല്‍ വെറുതേവിടുമെന്ന ബോധ്യമുണ്ടായിരുന്നു. വിചാരണയുടെ ഘട്ടത്തിലൊന്നും വലിയ ശിക്ഷ കാത്തിരിപ്പുണ്ടെന്ന് കരുതിയില്ല. കോടതി വെറുതേവിടുമെന്ന് വിശ്വസിച്ചു. അമ്മ ജയിലില്‍ കാണാനെത്തുമ്പോഴൊക്കെ ആത്മവിശ്വാസം നല്‍കി. ഉടന്‍ മോചിതനാകുമെന്ന പ്രത്യാശയാണ് അമ്മയും പങ്കുവെച്ചത്. എന്നാല്‍, വധശിക്ഷ വിധിച്ചപ്പോഴാണ് വിചാരിച്ചതിലും എത്രയോ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലായത്. മനസ്സ് തകര്‍ന്നുപോയി. ഓര്‍ക്കാന്‍ പോലും കഴിയാത്ത ദുഃഖത്തിന്റെ നാളുകളായിരുന്നു അത്. കൊടുംവേദനയുടെ നാളുകളിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. അതായിരുന്നു പോരാട്ടത്തിന്റെ തുടക്കം.

കുറ്റസമ്മതമൊഴിയല്ലേ വധശിക്ഷയില്‍വരെ എത്തിച്ചത്?
കസ്റ്റഡിയില്‍ ഏറെ പീഡനങ്ങള്‍ നേരിടേണ്ടിവന്നു. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ പോകേണ്ടിവന്നില്ലായിരുന്നുവെങ്കില്‍ 31 വര്‍ഷം മുന്‍പുതന്നെ മോചിതനാകുമായിരുന്നു. പക്ഷേ, നിയമവശങ്ങളൊന്നും അറിയാത്തതിനാല്‍ കടുത്ത അനീതി നേരിടേണ്ടിവന്നു. ജീവിതത്തിന്റെ വലിയൊരുകാലംതന്നെ നഷ്ടമായി. ടാഡ നിയമത്തെ കുറിച്ച് അന്ന് മിക്കവര്‍ക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ ടാഡ നിയമപ്രകാരമുള്ള ആദ്യകേസായിരുന്നു ഞങ്ങളുടെത്. ഇതിലെ നിയമവശങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. സംസ്ഥാനത്തെ ആദ്യകേസായതിനാല്‍ തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ക്കുപോലും മറ്റുനിയമങ്ങളുമായുള്ള പ്രധാന വ്യത്യാസങ്ങള്‍ അറിയില്ലായിരുന്നു. എഴുതിയതും എഴുതാത്തതുമായ നിരവധി കടലാസുകളില്‍ പോലീസ് ഒപ്പിട്ടുവാങ്ങി. ഇതേക്കുറിച്ച് അഭിഭാഷകനോട് ചോദിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ നല്‍കുന്ന മൊഴി കോടതിയില്‍ പ്രധാന തെളിവായി സ്വീകരിക്കില്ലെന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. സപ്പോര്‍ട്ടീവ് എവിഡന്‍സ് എന്ന നിലയിലായിരുന്നു മൊഴി പരിഗണിച്ചിരുന്നത്. അതിനാല്‍ മൊഴി വലിയ കുരുക്കാകുമെന്ന് കരുതിയില്ല. എന്നാല്‍, ടാഡ നിയമപ്രകാരം കുറ്റസമ്മതമൊഴി പ്രധാന തെളിവാണ്. അന്വേഷണോദ്യോഗസ്ഥര്‍ക്കുപോലും അതിനെക്കുറിച്ച് അന്ന് കാര്യമായി ധാരണയുണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. എന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അന്ന് മൊഴിയെടുത്ത സി.ബി.ഐ. എസ്.പി. ത്യാഗരാജന്‍ പിന്നീട് കുറ്റസമ്മതം നടത്തിയില്ലേ? തന്റെ ഭാഗത്തെ പിഴവ് എസ്.പി. ത്യാഗരാജനില്‍ കുറ്റബോധമുണ്ടാക്കി. സ്വന്തം തെറ്റുകൊണ്ട്, നിരപരാധിയായ ഒരാള്‍ക്ക് വധശിക്ഷ കിട്ടാന്‍ പോകുന്നുവെന്ന ചിന്ത അദ്ദേഹത്തെ അലട്ടിയിരിക്കാം. എന്നാല്‍, അദ്ദേഹം കാര്യങ്ങള്‍ തുറന്നുപറയുമ്പോഴേക്ക് ഏറെ വൈകിയിരുന്നു.
നിയമത്തിലെ അജ്ഞത മോചനം വൈകുന്നതിന് കാരണമായോ?
നിയമം അറിയില്ലെന്നത് ശിക്ഷ ലഭിക്കാതിരിക്കാനുള്ള കാരണമല്ല. എന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ആദ്യത്തെ എട്ടുനാള്‍ കസ്റ്റഡി നിയമവിരുദ്ധമായിരുന്നുവെന്ന് തിരിച്ചറിയാന്‍ അന്ന് സാധിച്ചില്ല. ഈ അറിവുണ്ടായിരുന്നുവെങ്കില്‍ ശിക്ഷിക്കപ്പെടില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത് എട്ടുദിവസം കോടതിയില്‍ ഹാജരാക്കിയില്ല. കോടതി റിമാന്‍ഡ് ചെയ്തതിനുശേഷവും അനീതി നേരിട്ടു. അവിടെയും നിയമത്തെക്കുറിച്ചുള്ള അറിവില്ലാത്തതാണ് തിരിച്ചടിയായത്. ചെങ്കല്‍പേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്ത് ജഡ്ജി ഉത്തരവിട്ടു. 1991 ജൂണ്‍ 19-നായിരുന്ന അത്. റിമാന്‍ഡുചെയ്ത് ഉത്തരവിട്ട ഉടന്‍തന്നെ റിമാന്‍ഡ് നീട്ടണമെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന കെ. രഘൂത്തമന്‍ ആവശ്യപ്പെട്ടു. 14 ദിവസം ഉത്തരവിട്ടതിനുശേഷം ഇതേ ജഡ്ജിയുടെ മുന്‍പാകെയാണ് ആവശ്യമുന്നയിച്ചത്. അതുപ്രകാരം റിമാന്‍ഡ് ഒരുമാസത്തേക്ക് അപ്പോള്‍ത്തന്നെ നീട്ടി. ഇത് നിയമാനുസൃതമല്ല. റിമാന്‍ഡുചെയ്തതിനുശേഷം അതിനെക്കുറിച്ച് എതിര്‍പ്പുണ്ടെങ്കില്‍ മേല്‍ക്കോടതിയെയാണ് സമീപിക്കേണ്ടത്. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് റിമാന്‍ഡ് നീട്ടണമായിരുന്നു. ഒരിക്കലും ഒരു ജഡ്ജിയുടെ വിധിക്കെതിരേയുള്ള അപ്പീല്‍ അതേ ജഡ്ജിക്ക് പരിഗണിക്കാന്‍ സാധിക്കില്ല. ഇതന്ന് അറിയില്ലായിരുന്നു. റിമാന്‍ഡ് നീണ്ടു. പിന്നീട് ജയില്‍വാസവും നീണ്ടുപോയി. കേസിന്റെ പലഘട്ടങ്ങളില്‍ പല നിയമപ്രശ്‌നങ്ങളും നേരിട്ടു. ഇത് പലതും തെറ്റായ വഴിക്ക് നയിച്ചു. ഇതിലൂടെ ഏറെ കഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു. നിയമം അതിന്റെ തെറ്റുകള്‍കൊണ്ട് എന്നെ പലതവണ ശിക്ഷിച്ചു. നിരപരാധികളെ ശിക്ഷിക്കാന്‍ നിയമത്തിന് സാധിക്കും. ഒട്ടേറെപ്പേര്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞാനും അതിലൊരാളാണ്.

മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു. | ഫോട്ടോ: രമേശ് വി / മാതൃഭൂമി
നീതി നടപ്പാക്കേണ്ടിയിരുന്ന നിയമം, അനീതി കാട്ടിയെന്നാണോ?
നിയമത്തില്‍ എന്നും വിശ്വാസമുണ്ട്. നിരപരാധിത്വം തെളിയിക്കാനാകുമെന്ന് തുടക്കംമുതല്‍ വിശ്വസിച്ചു. എന്നാല്‍ പല ഘട്ടത്തിലും അനീതി നേരിട്ടുവെന്നത് സത്യമാണ്. ഒരു ഉദാഹരണം കൂടി പറയാം. ടാഡ നിയമപ്രകാരം കുറ്റം ചുമത്തേണ്ട കേസായിരുന്നില്ല ഇത്. ഐ.പി.സി. പ്രകാരം കുറ്റംചുമത്തേണ്ട സാധാരണ കൊലപാതക കേസാണിത് എന്ന് സുപ്രീം കോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനവും ദേശവിരുദ്ധ ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചതാണ്. സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാരും ഈ നിഗനമത്തില്‍ എത്തിയപ്പോള്‍ വലിയ ആശ്വാസമായിരുന്നു. ഒരു കേസില്‍ ടാഡ നിയമം ബാധകമല്ലാതെ വരുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയും പ്രധാന തെളിവല്ലാതെ വരും. അതോടെ മോചിപ്പിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു. ടാഡ നിയമം ഒഴിവാക്കിയാലും കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കപ്പെട്ടു. ഇത് വലിയ അനീതിയായി. 26 പേര്‍ക്കാണ് വിചാരണ ക്കോടതി വധശിക്ഷ വിധിച്ചത്. ഇതും കടുത്ത അനീതിയായിരുന്നു. സമാധാനപൂര്‍ണമായ ഒരു രാജ്യത്ത് ഒരിക്കലും ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ നല്‍കിയിട്ടില്ല. നീതിന്യായവ്യവസ്ഥയുടെ കൂട്ടക്കൊല എന്നാണ് സുപ്രീം കോടതിതന്നെ ഇതിനെ വിശേഷിപ്പിച്ചത്.
പേരറിവാളന്റെ ശിക്ഷാവിധി, വധശിക്ഷയ്‌ക്കെതിരേയുള്ള വലിയ പ്രതിഷേധ സമരങ്ങള്‍ക്ക് കാരണമായി. എന്നാല്‍ കേസിന്റെ തുടക്കത്തില്‍ താങ്കളടക്കമുള്ളവരോട് ഇത്ര അനുഭാവസമീപനമുണ്ടായിരുന്നില്ല. ജയിലില്‍ കഴിയുമ്പോള്‍ ഇതേക്കുറിച്ച് അറിയുന്നുണ്ടായിരുന്നോ?
സത്യത്തില്‍ കേസിനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. എല്ലാത്തിനുംമേല്‍ പൂര്‍ണ നിയന്ത്രണം സി.ബി.ഐ. പ്രത്യേക അന്വേഷണസംഘത്തിനായിരുന്നു. ഇന്നത്തെപ്പോലെ കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്ന പരിഗണനയും ലഭിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് ആരും കേട്ടില്ല. എസ്.ഐ.ടി. പറയുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. അവരുടെ വിവരണങ്ങളാണ് ആളുകളില്‍ എത്തിയത്. മാധ്യമങ്ങള്‍ ഇപ്പോഴത്തെപ്പോലെ അത്രയും സജീവമല്ലാത്തതും ഇതിന് കാരണമായി. സി.ബി.ഐ. പറഞ്ഞ ഗൂഢാലോചനാ വാദങ്ങള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കാം. എന്നാല്‍ വധശിക്ഷ വിധിക്കപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. കേസിനെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. അങ്ങനെ ഞങ്ങള്‍ക്ക് നേരിട്ട നീതിനിഷേധം ലോകം അറിഞ്ഞുതുടങ്ങി.
വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 26 പേരില്‍ 19 പേരെ സുപ്രീം കോടതി വെറുതെ വിട്ടു. പേരറിവാളന്‍ അടക്കം നാല് പേര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും ശിക്ഷവിധിച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടാതെ വന്നപ്പോള്‍ എന്തുതോന്നി?
അതികഠിനമായ അനുഭവമായിരുന്നു. കേസില്‍ തീവ്രവാദ ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചതോടെ ഏറെ പ്രതീക്ഷയിലായി. ടാഡ നിയമം ഒഴിവാക്കിയതിനാല്‍ കുറ്റവിമുക്തരാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കുറ്റസമ്മതം തെളിവായി പരിഗണിച്ച് ഐ.പി.സി. പ്രകാരം ശിക്ഷ വിധിച്ചത്. ഇത് വലിയ നിരാശയ്ക്ക് കാരണമായി. 26 പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത് എല്ലാവരെയും ഞെട്ടിച്ചു. ഇതില്‍ കടുത്ത അനീതിയുണ്ടെന്ന അഭിപ്രായം ഉയര്‍ന്നു. ശിക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമായി. ഇത് പിന്നീട് വലിയ നിയമപോരാട്ടത്തിനുള്ള പിന്തുണ ലഭിക്കാന്‍ കാരണമായി. സുപ്രീം കോടതിയും വധശിക്ഷ വിധിച്ചതോടെ കേസിന്റെ അടുത്തഘട്ടം ആരംഭിച്ചു.
നിയമപോരാട്ടം തുടങ്ങുന്നത്?
നേരത്തേ പറഞ്ഞതു പോലെ വധശിക്ഷ വിധിക്കപ്പെടുന്നതുവരെ ഇത്രവലിയ തിരിച്ചടിയുണ്ടാകുമെന്ന് കരുതിയില്ല. അതിനുശേഷമാണ് നിയമപോരാട്ടം ശരിക്കും ആരംഭിക്കുന്നത്. നിരപരാധിയാണെന്ന ഉറപ്പ് പോരാട്ടത്തിന് എപ്പോഴും ശക്തിപകര്‍ന്നു. തെറ്റുചെയ്തിട്ടില്ലെന്നത് ഒരിക്കല്‍ തെളിയിക്കാനാകുമെന്നും മോചനം ലഭിക്കുമെന്നും ഉറച്ചുവിശ്വസിച്ചു. മനുഷ്യാവകാശത്തിന്റെ പേരില്‍ മോചനം നേടുന്നതിന് പകരം നിരപരാധിത്വം തെളിയിച്ച് പുറത്ത് വരാനായിരുന്നു പോരാടിയത്. അത് ഇത്രവര്‍ഷം നീണ്ടു.
വിവരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടങ്ങള്‍ നിര്‍ണായകമായി?
2005-ല്‍ വിവരാവകാശ നിയമം നിലവില്‍വന്നു. അടുത്ത വര്‍ഷംമുതല്‍ ഞാന്‍ അത് ഉപയോഗിച്ചുതുടങ്ങി. ആദ്യമൊന്നും ഈ നിയമത്തെ ക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കൂടുതല്‍ പഠിച്ചു. വിവരാവകാശപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണ് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന പല വിവരങ്ങളും ശേഖരിച്ചത്. വിവരാവകാശപ്രകാരമുള്ള പോരാട്ടം പല മാറ്റങ്ങളും കൊണ്ടു വന്നു. വധശിക്ഷയ്ക്ക് വിധിച്ച കേസുകള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ല. എന്നാല്‍ ഈ തീരുമാനത്തിലേക്ക് നയിച്ചതിന് കാരണമായ രേഖകള്‍, വിവരങ്ങള്‍ തുടങ്ങിയവ നല്‍കണമെന്ന് വിധിച്ചത് എന്റെ പോരാട്ടത്തിന്റെ ഫലമായിട്ടാണ്.
ജാമ്യം ലഭിച്ചപ്പോള്‍ മോചനം വൈകാതെയുണ്ടാകുമെന്ന് കരുതിയിരുന്നോ?
ഉടന്‍ മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ മുന്‍പ് പലതവണയുണ്ടായിട്ടുണ്ട്. പക്ഷേ, പല കാരണങ്ങള്‍കൊണ്ടും നീണ്ടുപോയി. ജാമ്യം ലഭിച്ചിട്ടും അമിത പ്രതീക്ഷയുണ്ടായിരുന്നില്ല. അനിശ്ചിതാവസ്ഥ പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ മോചനത്തിന് ഉത്തരവുണ്ടായപ്പോള്‍ വലിയ സന്തോഷവും ആശ്വാസവും തോന്നി.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പിന്തുണ?
വധശിക്ഷ വിധിച്ചതിന് ശേഷമാണ് കേസില്‍ വി.ആര്‍. കൃഷ്ണയ്യര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കേസ് പഠിച്ചതോടെ അദ്ദേഹത്തിന് ഞാന്‍ നേരിട്ട അനീതി വ്യക്തമായി. എന്റെ മോചനത്തിനുവേണ്ടി സാധ്യമായ എല്ലാ ഇടപെടലും നടത്തി അമ്മ. നിയമപോരാട്ടത്തിന് അമ്മ അര്‍പുതമ്മാളിനും വലിയ പ്രേരകശക്തിയായിരുന്നു കൃഷ്ണയ്യര്‍. എന്റെ വധശിക്ഷ ഒഴിവാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമ്മ കേരളത്തില്‍പോയി കൃഷ്ണയ്യരെ കണ്ടു. അതോടെ വധശിക്ഷയ്ക്ക് എതിരായി ഒരാഴ്ച നീളുന്ന പ്രചാരണം അദ്ദേഹം നടത്തി. 2014ല്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു. മോചിപ്പിക്കപ്പെട്ട സമയം അദ്ദേഹമില്ലാത്തത് വിഷമമുണ്ടാക്കുന്നു. കേരളത്തില്‍പോയി അദ്ദേഹത്തിന്റെ കുടുംബത്തെ കാണണം.
കേരളത്തില്‍നിന്ന് വലിയരീതിയില്‍ പിന്തുണ ലഭിച്ചല്ലോ?
തമിഴ്‌നാട് പോലെത്തന്നെ കേരളത്തില്‍നിന്നും വലിയ പിന്തുണ ലഭിച്ചു. മുകുന്ദന്‍ സി. മേനോന്‍ ഏറെ സഹായിച്ചു. അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല. കേരളത്തില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. എനിക്കും അമ്മയ്ക്കും കേരളത്തെ മറക്കാന്‍ സാധിക്കില്ല. കേരളം ശരിക്കും എന്റെ രണ്ടാംവീടാണ്. വധശിക്ഷയ്‌ക്കെതിരായ പോരാട്ടത്തിന് കേരളത്തില്‍ വലിയ സ്വീകരണം ലഭിച്ചു. വധശിക്ഷ ശരിവെച്ച സുപ്രീം കോടതി ബെഞ്ചിന് നേതൃത്വംനല്‍കിയ ജസ്റ്റിസ് കെ.ടി. തോമസ് പിന്നീട് മോചനത്തിനായി രംഗത്തെത്തിയത് നിര്‍ണായകമായി. ശിക്ഷവിധിച്ച് രണ്ട് പതിറ്റാണ്ടിനുശേഷം തൂക്കിലേറ്റുന്നത് അനീതിയാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തോടും പിന്തുണച്ച കേരളത്തിലെ സാമൂഹിക,സാംസ്‌കാരിക പ്രവര്‍ത്തകരോടും നന്ദിയുണ്ട്. നേരില്‍ കാണാന്‍ ജസ്റ്റിസ് കെ.ടി. തോമസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് പോയി അദ്ദേഹത്തെയും കാണും. മുകുന്ദന്‍ സി. മേനോന്റെ കുടുംബത്തെയും സന്ദര്‍ശിക്കണം.
31 വര്‍ഷത്തെ ജയില്‍ ജീവിതം എങ്ങനെയായിരുന്നു?
കസ്റ്റഡിയില്‍ എടുത്ത നാളുകളില്‍ നേരിട്ട പീഡനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വീണ്ടും പറയുന്നില്ല. തടവറ എന്നും തടവറതന്നെയാണ്. പുറംലോകം കാണാതെ കഴിയുക എന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ, ജീവിത സാഹചര്യങ്ങളോട് വേദനയോടെയാണെങ്കിലും പൊരുത്തപ്പെട്ടു. കടുത്ത മാനസികവ്യഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇന്നും പ്രസന്നവദനനായി കാണാന്‍ സാധിച്ചത് അമ്മയുടെ സ്‌നേഹത്തിന്റെ സ്പര്‍ശമാണ്. അമ്മയാണ് എന്റെ ജീവിതത്തെ വീണ്ടെടുത്തത്. അമ്മയായിരുന്നു ഏകബലം. അമ്മയുടെ സന്ദര്‍ശനവും പുസ്തകങ്ങളും നല്‍കിയ ഊര്‍ജത്തിലായിരുന്നു ജയില്‍ ജീവിതം. സഹതടവുകാരെല്ലാം വലിയ പിന്തുണയായിരുന്നു. പുസ്തകങ്ങളിലൂടെ ലോകത്തെ കണ്ടു, മനസ്സിലാക്കി. ഇത് മുന്നോട്ട് നയിച്ചു. ജയിലിലെ ഏറ്റവും അടുത്ത സുഹൃത്ത് പുസ്തകങ്ങളായിരുന്നു. കിടക്കുമ്പോള്‍ തലയ്ക്കല്‍ എപ്പോഴും പുസ്തകങ്ങളുണ്ടായിരുന്നു.
എന്തുതരം പുസ്തകങ്ങളാണ് വായിച്ചിരുന്നത്?
ഫിക്ഷനോടായിരുന്നു പ്രിയം. വായിച്ച നോവലുകളും കഥകളും വലിയ രീതിയില്‍ സ്വാധീനം ചെലുത്തി. അവയിലെ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. പരിഭാഷപ്പെടുത്തിയ ധാരാളം റഷ്യന്‍ നോവലുകളും വായിച്ചു. കവിതകളും ഏറെ വായിച്ചു. നിയമത്തിലുള്ള അറിവിന്റെ പ്രാധാന്യം മനസ്സിലാക്കിയപ്പോള്‍ വായന നിയമ പുസ്തകങ്ങളിലേക്കും എത്തി. വിവിധ കേസുകള്‍, നിയമവശങ്ങള്‍, വ്യാഖ്യാനം ഒക്കെ വായിച്ചുമനസ്സിലാക്കി. ശരിക്കും പഠിച്ചുവെന്ന് പറയാം. മുടങ്ങാതെ ആനുകാലികങ്ങളും വായിക്കുന്ന ശീലമുണ്ടായിരുന്നു. ജയിലിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയ മാസികകളിലൂടെ അറിഞ്ഞു. പുസ്തകങ്ങളും ആനുകാലികങ്ങളുമായി എത്തുന്ന അമ്മയുടെ ഓരോ ജയില്‍ സന്ദര്‍ശനത്തിനും കാത്തിരുന്നു. തമിഴിലെയും ഇംഗ്ലീഷിലെയും പ്രധാന മാസികകള്‍ മുടങ്ങാതെ അമ്മ എത്തിച്ചു കൊണ്ടിരുന്നു. വായനയുടെ ലോകത്ത് മുഴുകുമ്പോള്‍ തടവറയുടെ ബന്ധനത്തില്‍ നിന്ന് ഒരു പരിധിവരെ മോചനം ലഭിച്ചു.
വായന ജീവിതത്തില്‍ വരുത്തിയ മാറ്റം?
മാക്‌സിം ഗോര്‍ക്കിയുടെ രചനകള്‍ ഏറെ ഇഷ്ടമാണ്. റഷ്യന്‍ നോവലുകളെക്കുറിച്ച് ആദ്യം പറഞ്ഞുതന്നത് അക്ക (മൂത്ത സഹോദരി) അന്‍പുമണിയാണ്. അവ വായിക്കാന്‍ അക്ക നിര്‍ദേശിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ അമ്മ (മദര്‍) ഏറ്റവും പ്രിയപ്പെട്ട നോവലാണ്. എന്റെ ജീവിതത്തിന്റെ പ്രധാന മൂന്നുഘട്ടങ്ങളില്‍, മൂന്നുവിധത്തില്‍ വായിക്കപ്പെട്ട നോവലാണത്. ആദ്യമായി വായിക്കുന്നത് കേസിലുള്‍പ്പെടുന്നതിനുമുന്‍പ്, 18-19 വയസ്സിലാണ്. ഫാക്ടറി തൊഴിലാളിയുടെ മകനായ പാവെല്‍, അവന്റെ അമ്മ, അവരുടെ കഷ്ടപ്പാടുകള്‍, പോരാട്ടം എന്നിവ മനസ്സിനെ സ്പര്‍ശിച്ചു. നോവല്‍ ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി ഈ നോവല്‍ വായിച്ചത് റിമാന്‍ഡ് കാലത്താണ്. അന്ന് കുറച്ചുകൂടി അടുപ്പം നോവലിനോടും അതിലെ കഥാപാത്രങ്ങളോടും തോന്നി. എന്നാല്‍, അതിനുമപ്പുറമുള്ള ആസ്വാദനമായിരുന്നു മൂന്നാം വായനയില്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനുശേഷമായിരുന്നു മൂന്നാമത് വായിച്ചത്. അതിലെ കഥാപാത്രങ്ങളുടെ മനസ്സിലൂടെ ഞാന്‍ യാത്രചെയ്തു. എന്റെ ജീവിതത്തിലെ കഥാപാത്രങ്ങളുമായി നോവലിലെ കഥാപാത്രങ്ങളെ സാമ്യപ്പെടുത്തി. അതിലെ അമ്മ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. ആ അമ്മയുടെ പോരാട്ടം എന്റെ അമ്മയുടെ പോരാട്ടമാണെന്ന് കരുതി. അതിലെ അമ്മയില്‍ എന്റെ അമ്മയെത്തന്നെ ഞാന്‍ കണ്ടു. ബോറിസ് പോള്‍വോയിയുടെ എ സ്റ്റോറി എബൗട്ട് എ റിയല്‍ മാന്‍ ജയില്‍വാസത്തില്‍ ഏറെ സ്വാധീനിച്ച മറ്റൊരു നോവലാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള നോവലാണത്. വിമാനാപകടത്തില്‍ കാട്ടിനുള്ളിലകപ്പെടുന്ന സോവിയറ്റ് യുദ്ധവീരന്റെ കഥയാണ് പറയുന്നത്. കൈവശമുള്ള കുറച്ച് ഭക്ഷണംകൊണ്ട് ജീവന്‍ നിലനിര്‍ത്തി കാട്ടില്‍നിന്ന് അയാള്‍ രക്ഷപ്പെടുന്നു. അപകടത്തില്‍ അയാള്‍ക്ക് കാലുകള്‍ നഷ്ടമായിരുന്നു. അയാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥ എനിക്ക് മനോധൈര്യം തന്നു. ആ നോവല്‍ നല്‍കിയ പ്രചോദനം വിലമതിക്കാന്‍ സാധിക്കാത്തതാണ്.
അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നുപോയത്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട മുരുകന്‍ ജയിലില്‍ ഇപ്പോള്‍ ആത്മീയജീവിതം നയിക്കുകയാണ്.
ആധ്യാത്മികതയോട് എപ്പോഴെങ്കിലും ആഭിമുഖ്യം തോന്നിയിരുന്നോ?
ഒരിക്കലും തോന്നിയില്ല. ജനിച്ചതുതന്നെ പെരിയാറിന്റെ ആശയങ്ങള്‍ പിന്തുടരുന്ന കുടുംബത്തിലാണ്. കേട്ടുവളര്‍ന്നത് മുഴുവന്‍ നാസ്തികനായ പെരിയാറിന്റെ ദര്‍ശനമാണ്. ഇന്നും അങ്ങനെതന്നെ. ജീവിതത്തില്‍ നേരിട്ട ഒരു പ്രതിസന്ധിയും വിശ്വാസത്തിലേക്കടുപ്പിച്ചില്ല. ആത്മീയഗ്രന്ഥങ്ങളൊന്നുപോലും വായിച്ചില്ല. സാഹിത്യകൃതികളാണ് വായനയ്ക്കായി തിരഞ്ഞെടുത്തത്. ഭാവനയുടെ ലോകത്തെ സ്വാതന്ത്ര്യം പുസ്തകങ്ങളിലൂടെ അനുഭവിച്ചു. പഠനഗ്രന്ഥങ്ങളും വായിച്ചു. അച്ഛന്‍ ചൊല്ലിത്തന്ന തിരുക്കുറല്‍ വാക്യങ്ങള്‍ ജീവിതത്തെ നയിച്ചു. ദ്രാവിഡരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും എഴുത്തുകാരനും പ്രഭാഷകനുമായ നാവലര്‍ നെടുഞ്ചെഴിയന്‍ വലിയ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ആരാധകനാണ് ഞാന്‍. നിരീശ്വരവാദിയായ അദ്ദേഹത്തിന് ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു. തിരുക്കുറല്‍ ഉറൈ എന്ന പുസ്തകത്തില്‍ തിരുക്കുറലിനെ അദ്ദേഹം വ്യാഖ്യാനിച്ചിരുന്നു. ജയിലില്‍ കൈയകലത്തില്‍ തിരുക്കുറല്‍ ഉറൈയുണ്ടായിരുന്നു. പ്രതിസന്ധിയുടെ ഓരോ ഘട്ടങ്ങളിലും റഫറന്‍സ് പുസ്തകമായി അതുപകരിച്ചു. ഇംഗ്ലീഷ് മനസ്സിലാക്കുന്നതിന് നിഘണ്ടുവും ജീവിതം മനസ്സിലാക്കുന്നതിന് തിരുക്കുറല്‍ ഉറൈയും സഹായിച്ചു.
ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയുമായി ജയിലില്‍ പോയി. ഇപ്പോള്‍ എം.സി.എ.ക്കാരനാണ്. പഠനത്തിന് വലിയ ശ്രദ്ധ നല്‍കിയോ?
വായനയിലും പഠനത്തിലുമായിരുന്നു കഴിഞ്ഞ 31 വര്‍ഷത്തില്‍ കൂടുതലും ചെലവഴിച്ചത്. എനിക്കതല്ലാതെ മറ്റൊന്നും ചെയ്യാനറിയില്ലായിരുന്നു. മനോവേദനയുടെ നടുവിലും പഠിക്കണമെന്ന് തീരുമാനിച്ചു. ജയിലില്‍നിന്ന് നല്ല സഹകരണം ലഭിച്ചു. നിരപരാധിയായതിനാല്‍ മോചനം ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ മരണത്തെ മുന്നില്‍ കണ്ടപ്പോഴും പഠിച്ചുകൊണ്ടിരുന്നു. 2012-ല്‍ പ്ലസ്ടു പരീക്ഷയില്‍ തടവുകാരിലെ ടോപ്പ് സ്‌കോററായി. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സ്വര്‍ണമെഡലോടെ ഡി.ടി.പി. ഡിപ്ലോമ കോഴ്‌സ് വിജയിച്ചു. എട്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇംഗ്ലീഷിലും തമിഴിലും ലോവറും ഹൈയറും ടൈപ്പിങ് പാസായി. പുഴല്‍ ജയിലില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നുണ്ട്. അവിടെ ഡ്രൈവിങ് പഠിച്ച് ലൈസന്‍സെടുത്തു. തമിഴ്‌നാട്ടില്‍ ജയിലില്‍ ഡ്രൈവിങ് പഠിച്ച് ലൈസന്‍സെടുത്ത ആദ്യത്തെയാള്‍ ഞാനാണ്.
അമ്മയായിരുന്നല്ലോ വലിയ കരുത്ത്. ജയിലില്‍ അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ചകളെ എങ്ങനെ ഓര്‍ക്കുന്നു?
എന്റെ ജീവിതത്തിലെ തിരിച്ചുവരവിനെക്കുറിച്ചുള്ള എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം അമ്മയാണ്. ജയിലില്‍ കഴിയുമ്പോഴും മരണം മുന്നില്‍ കാണുമ്പോഴും പഠിക്കാന്‍ സാധിച്ചതിനെക്കുറിച്ച് ചോദിച്ചില്ലേ? അതിനുള്ള ഉത്തരം അമ്മയാണ്. അമ്മയുടെ പോരാട്ടത്തെ വാക്കുകളില്‍ വിവരിക്കാന്‍ സാധിക്കില്ല. അമ്മയുടെ ഓരോ ജയില്‍ സന്ദര്‍ശനവും ധൈര്യം നല്‍കി. അതേ സമയം വേദനയും. ഓരോ തവണ വരുമ്പോഴും ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് അമ്മ പറയുന്നുണ്ടായിരുന്നു. ഉള്ളിലെ വേദനയും ആശങ്കയും അമ്മ പുറത്തുകാട്ടിയില്ല. ഒരുതരത്തില്‍ ഓരോ ജയില്‍ സന്ദര്‍ശനത്തിലും അമ്മ എന്നെയും ഞാന്‍ അമ്മയെയും കബളിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സിന്റെ വേദനകളൊന്നും ഞാന്‍ പ്രകടിപ്പിച്ചില്ല. പ്രത്യാശയോടെയും സന്തോഷത്തോടെയും ഇരിക്കുന്നതായി അമ്മയുടെ മുന്നില്‍ നടിച്ചു. അമ്മയും അങ്ങനെതന്നെയായിരുന്നു. നിരപരാധിയായ മകന്‍ മരണം കാത്തുകിടക്കുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന ദുഃഖം എത്ര കഠിനമായിരിക്കും? എന്നാല്‍, അതൊന്നും അമ്മയുടെ മുഖത്തുണ്ടായിരുന്നില്ല. അങ്ങനെ ഇരുവരും പരസ്പരം ഒളിച്ചുകളിക്കുകയായിരുന്നു, 31 വര്‍ഷം.
മകന്‍ ഉടന്‍ വിവാഹിതനാകണമെന്നാണ് അമ്മയുടെ ആഗ്രഹം?
അത് സ്വാഭാവികമല്ലേ? അതിലൊന്നും എനിക്കെതിര്‍പ്പില്ല. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്നുതന്നെ കരുതുന്നു. പക്ഷേ, പുറംലോകത്തേക്ക് വന്നതല്ലേയുള്ളൂ. തീരുമാനങ്ങളൊക്കെ സാവധാനമെടുക്കണം. ഒരു വര്‍ഷമായി പരോളിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും നിബന്ധനകള്‍ ഏറെയുണ്ടായിരുന്നു. ഇപ്പോഴല്ലേ പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചത്.
ഭാവിപരിപാടികളെന്താണ്? പൊതുപ്രവര്‍ത്തനത്തിന് താത്പര്യമുണ്ടോ ?
കുടുംബത്തിനൊപ്പം കുറച്ചുകാലം ചെലവഴിക്കണം. അതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മുഴുവന്‍സമയ പൊതുപ്രവര്‍ത്തനത്തിന് താത്പര്യമില്ല. രാഷ്ട്രീയത്തിലേക്കുമില്ല. നിയമം പഠിച്ച് അഭിഭാഷകനാകണം. ആദ്യ പരിഗണന അതിനാണ്. ജീവിതത്തിന്റെ വലിയൊരു പങ്ക് നഷ്ടമായതിന് കാരണം നിയമമറിയാത്തതാണ്. ശരിയായ നിയമസഹായം ലഭിച്ചിരുന്നുവെങ്കില്‍ മോചനം നേരത്തെ സംഭവിക്കുമായിരുന്നു. ഔപചാരികമായി നിയമം പഠിച്ച് അഭിഭാഷകനായി പ്രവര്‍ത്തിക്കണം. നിരപരാധികളെ ശിക്ഷിക്കുന്നതിന് നിയമത്തിന് സാധിക്കും. ഇത്തരത്തില്‍ നിയമം അകാരണമായി ശിക്ഷിച്ച തടവുകാരെ സഹായിക്കണം. അതിനാണ് അഭിഭാഷകനാകുന്നത്. ജയില്‍ പരിഷ്‌കരണത്തില്‍ വലിയ താത്പര്യമുണ്ട്. ഇതിനായി രംഗത്തിറങ്ങും. രാജ്യത്ത് വധശിക്ഷ ഉപേക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം. മുന്‍പ് പറഞ്ഞതുപോലെ നിയമം തെറ്റുചെയ്യാറുണ്ട്. ആ തെറ്റുകള്‍മൂലം ഒരാള്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ ഒരു തിരുത്തല്‍ സാധ്യമല്ല. തെറ്റായ വിധിയിലൂടെ തടവില്‍ കഴിയേണ്ടി വന്നാല്‍, ജീവിതത്തിലെ വലിയൊരു കാലം നഷ്ടമാകും. നഷ്ടമായ ജീവിതം തിരിച്ചെടുക്കാന്‍ സാധിക്കില്ല. എന്നാല്‍, ജീവന്‍ നഷ്ടമാകുന്നത് അതിലും വലിയ നഷ്ടമാണ്. അതിനാല്‍ വധശിക്ഷ പാടില്ല. വധശിക്ഷയ്‌ക്കെതിരായ പോരാട്ടത്തില്‍ ഞാനുണ്ടാകും.
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ജൂൺ 12 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Perarivalan Mathrubhumi Interview, social,
Published: 17 Jun 2022, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented