ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ തടവുകാരുടെ ജയില്‍ മോചനം നീളാന്‍ കാരണമായത് തമിഴ്നാട്ടിലെ ഗവര്‍ണര്‍മാരുടെ അനാസ്ഥ. ഏഴു പ്രതികളില്‍ പേരറിവാളന്‍ മാത്രമാണ് ജയില്‍മോചിതനായത്. ബാക്കി ആറുപേര്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്. ഭരണഘടനയുടെ 142-ാം അനുച്ഛേദം നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഈ അനുച്ഛേദം ഉപയോഗിക്കാറുളളത് വളരെ അപൂര്‍വമായാണ്.

To advertise here,

തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിച്ച മോചനശുപാര്‍ശകള്‍ ഗവര്‍ണര്‍ വെച്ചുതാമസിപ്പിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്നിരിക്കെ എന്തിനാണ് രാഷ്ട്രപതിക്ക് വിട്ടതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഗവര്‍ണറെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. ജീവപര്യന്തം തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാരാണ് പേരറിവാളന്‍ അടക്കം ഏഴുപേരെ മോചിപ്പിക്കാന്‍ ആദ്യം ഉത്തരവിട്ടത്.

എന്നാല്‍ സുപ്രീംകോടതി ഇതു തടഞ്ഞു. പിന്നീട് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ഇതു പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് പിന്നീട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തിലാണ് 2018-ല്‍ വീണ്ടും എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ഏഴു തടവുകാരെയും മോചിപ്പിക്കാന്‍ മന്ത്രിസഭയില്‍ തീരുമാനമെടുക്കുന്നതും ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതും. എന്നാല്‍ രണ്ടര വര്‍ഷത്തോളം ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. തുടര്‍ന്ന് ശുപാര്‍ശ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

ഡി.എം.കെ. സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഇവരെ മോചിപ്പിക്കാനുള്ള നീക്കം ശക്തമായത്. ആരോഗ്യകാരണങ്ങളുടെപേരില്‍ പേരറിവാളന് 30 ദിവസം പരോള്‍ ലഭിച്ചതിനു പിന്നിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മാനുഷികമായ ഇടപെടലുകളുണ്ട്. പരോള്‍ കാലാവധി അവസാനിക്കുമ്പോള്‍ ഓരോതവണയും നീട്ടിനല്‍കുകയും ചെയ്തു.

രണ്ട് ബാറ്ററികള്‍ ഇരുട്ടിലാക്കിയ ജീവിതം

ചെന്നൈ: രണ്ടു ബാറ്ററികള്‍മൂലം മൂന്നു പതിറ്റാണ്ടിലധികം ഇരുട്ടിലായ ജീവിതമാണ് പേരറിവാളന്റേത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ അറസ്റ്റിലാവുമ്പോള്‍ 19 വയസ്സ് മാത്രമായിരുന്നു പേരറിവാളന്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കുകയായിരുന്നു. പൊടുന്നനെയാണ് ജീവിതം മാറിമറയുന്നത്. 1991 മേയ് 21-നാണ് ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇതേവര്‍ഷം ജൂണ്‍ 11-ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍വെച്ച് സി.ബി.ഐ. പേരറിവാളനെ കസ്റ്റഡിയിലെടുത്തു. ഒരു ദിവസത്തിനകം വിട്ടയയ്ക്കാമെന്ന് മാതാപിതാക്കളെ അറിയിച്ചുവെങ്കിലും അത് മൂന്നു പതിറ്റാണ്ടിലധികംനീണ്ട കാരാഗൃഹവാസമായി.

രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച ബെല്‍റ്റ് ബോംബിനായി ഒമ്പതു വാട്ടിന്റെ രണ്ടു ബാറ്ററികള്‍ വാങ്ങിക്കൊടുത്തുവെന്നാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം. കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബോംബ് നിര്‍മിക്കാനായി ബാറ്ററികള്‍ നല്‍കിയെന്നാണ് സിബി.ഐ. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത്. തടവറയില്‍ നീതിക്കുവേണ്ടി പേരറിവാളന്‍ പോരാടുമ്പോള്‍ പുറത്ത് അമ്മ അര്‍പുതാമ്മാള്‍ മകനെ മോചിപ്പിക്കാന്‍ നാടുചുറ്റുകയായിരുന്നു. 31 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പേരറിവാളന്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നത്.

പേരറിവാളന്‍ നിരപരാധിയാണെന്നു നേരത്തെ വ്യക്തമായിരുന്നു. ഇതു വെളിപ്പെടുത്തിയതാകട്ടെ സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജനും. 2017-ലാണ് ത്യാഗരാജന്‍ പശ്ചാത്താപത്തോടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അത് പേരറിവാളന്റെ മോചനത്തിലേക്ക് പതുക്കെ വഴിവെച്ചു. എന്ത് ആവശ്യത്തിനാണെന്നറിയാതെയാണ് താന്‍ ബാറ്ററികള്‍ വാങ്ങിക്കൊടുത്തതെന്ന് പേരറിവാളന്‍ അന്നു പറഞ്ഞിരുന്നുവെന്നും എന്നാല്‍ മൊഴി രേഖകളില്‍നിന്ന് ഒഴിവാക്കിയെന്നുമായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍. പേരറിവാളന്‍ ശിക്ഷിക്കപ്പെട്ട് 22 വര്‍ഷത്തിനു ശേഷമാണ് കുറ്റബോധംകൊണ്ട് ത്യാഗരാജന്‍ തുറന്നുപറച്ചില്‍ നടത്തിയത്. ഈ സംഭവത്തോടെ തമിഴ്നാട്ടിലുടനീളം പേരറിവാളന് അനുകൂലമായ ജനവികാരമുണ്ടായി. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്ന പേരറിവാളനെ മോചിതനാക്കാനുള്ള ആവശ്യം ശക്തിപ്പെട്ടു. കേസിലെ ഏഴു പ്രതികളുടെയും മോചനമാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരും ശക്തമായി രംഗത്തെത്തി. ഈ ആവശ്യം മുന്‍നിര്‍ത്തി മന്ത്രിസഭയില്‍ പ്രമേയം പാസാക്കി ഗവര്‍ണര്‍ക്ക് കൈമാറി. പക്ഷേ മാറിമാറി വന്ന ഗവര്‍ണര്‍മാര്‍ ഇത് വലിച്ചുനീട്ടിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജയിലിലെ നല്ല നടപ്പും പേരറിവാളന്റെ മോചനത്തിന് ഗുണം ചെയ്തു. 2012-ല്‍ പ്ലസ്ടു പരീക്ഷയില്‍ 91.33 ശതമാനം മാര്‍ക്ക് നേടി തടവുപുള്ളികള്‍ക്കിടയില്‍ റെക്കോഡ് വിജയം നേടിയ പേരറിവാളന്‍ ഇഗ്‌നോയുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട് ഓപ്പണ്‍ സര്‍വകലാശാലയുടെ ഡിപ്ലോമ കോഴ്‌സ് സ്വര്‍ണ മെഡലോടെ പാസായി. വൃക്കരോഗംപോലും വകവെക്കാതെ പുസ്തകമെഴുതി. ജയിലറയ്ക്ക് ഇരുണ്ടനിറം മാത്രമല്ല, അവിടെനിന്ന് വെളിച്ചം പരത്താനുമാകുമെന്നുകൂടി തെളിയിച്ചുകൊണ്ടാണ് പേരറിവാളന്‍ പുതിയ ജീവിതത്തിലേക്കു ചുവടുവെക്കുന്നത്.

ഉത്തരവ് നിരാശാജനകമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാപേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി ഉത്തരവ് നിരാശാജനകമെന്ന് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാന്‍ തരംതാഴ്ന്നരാഷ്ട്രീയത്തിലൂടെ കേന്ദ്രം അവസരമൊരുക്കിയതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.

വിധി വേദനയുളവാക്കുന്നതും നിരാശാജനകവുമാണ്. രാജ്യത്തിന് സങ്കടകരമായ ദിവസമാണ്. തീവ്രവാദിയെ തീവ്രവാദിയായിത്തന്നെ പരിഗണിക്കണം. ഉത്തരവ് അപലപനീയവും നിര്‍ഭാഗ്യകരവുമാണ് -സുര്‍ജേവാല പറഞ്ഞു.

കേസിലെ നാള്‍വഴി

1991 മേയ് 21-ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.

1991 ജൂണ്‍ 11-ന് പേരറിവാളന്റെ അറസ്റ്റ്.

1998-ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

1999-ല്‍ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു.

വധശിക്ഷ ഇളവുചെയ്യുന്നതിന് ദയാഹര്‍ജി നല്‍കി 2011-വരെ കാത്തിരുന്നു. ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

2014-ല്‍ ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു.

ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. സുപ്രീംകോടതി ഇത് തടഞ്ഞു.

ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

2018-ല്‍ പേരറിവാളനെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തു. രണ്ടരവര്‍ഷത്തോളം കാത്തിരുന്നശേഷം ദയാഹര്‍ജി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ഇത് ചോദ്യംചെയ്ത് വീണ്ടും സുപ്രീംകോടതിയിലേക്ക്, ശേഷം മോചനം.