''ഇതിലും നല്ലത് പ്രധാനമന്ത്രി ഒന്നും സംസാരിക്കാതിരിക്കുന്നതായിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നടപടി എടുക്കുമെന്ന് ചിഫ് ജസ്റ്റിസ് പറഞ്ഞത് കൊണ്ടുമാത്രമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.'' മനുഷ്യാവകാശ പ്രവര്‍ത്തകയും ഷില്ലോങ് ടൈംസ് പത്രാധിപയുമയായ പട്രീഷ്യ മുഖിം മാതൃഭൂമി ഡോട്ട്കോമുമായി നടത്തിയ സംഭാഷണത്തില്‍ പറയുന്നു. അഭിമുഖത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

To advertise here,

'ദ ക്വിന്റി'ല്‍ എഴുതിയ ലേഖനം താങ്കള്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: '' മണിപ്പുരിലെ കലാപം പൊടുന്നനെ ഉണ്ടായതോ അബദ്ധത്തില്‍ സംഭവിച്ചതോ അല്ല. കൃത്യമായ കണിശതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അസൂത്രിത പദ്ധതിയാണിത്. മോദി ഭരണകൂടം നിസ്സംഗമായി നോക്കിനില്‍ക്കുന്നതില്‍ അത്ഭുതമില്ല.'' മണിപ്പുരില്‍ അരങ്ങേറുന്ന ഭ്രാന്ത് യാദൃച്ഛികമല്ലെന്നാണ് താങ്കള്‍ കുറ്റപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആരോപണം താങ്കള്‍ മുന്നോട്ടുവെയ്ക്കുന്നത് ?

ആസൂത്രണമില്ലാതെ ഇത്തരമൊരു കലാപം ഇത്രയധികം ദിവസം തുടരാനാവില്ല. എവിടെനിന്നാണ് കലാപകാരികള്‍ക്ക് ഇതിനുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കിട്ടുന്നത്? പോലിസ് സ്റ്റേഷന്‍ കൊള്ളയടിച്ചാണ് ആളുകള്‍ ആയുധങ്ങള്‍ സംഘടിപ്പിച്ചത്. എതിര്‍പ്പൊന്നുമില്ലാതെ പോലിസ് സ്റ്റേഷന്‍ കൊള്ളയടിക്കാന്‍ കഴിയുന്നത് എങ്ങിനെയാണ്? ഭരണകൂടത്തിന്റെ അനുമതിയോടെയാണ് കൊള്ള നടന്നതെന്ന് വേണം അനുമാനിക്കാന്‍. ഇക്കഴിഞ്ഞ മെയ് ഏഴിന് കുക്കി വംശജരുടെ രണ്ട് സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഒരു കരാര്‍ ഒപ്പിടാന്‍ ഒരുങ്ങിയിരുന്നുവെന്നാണ് ഞാന്‍ അറിഞ്ഞത്. കുക്കികള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള കരാര്‍ ആയിരുന്നു അത്. ഈ കരാര്‍ അട്ടിമറിക്കുന്നതിനാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് സംശയിക്കപ്പെടുന്നത്.

താങ്കള്‍ പറയുന്നതില്‍ ഒരു വൈരുദ്ധ്യമുണ്ടെന്ന് തോന്നുന്നു. ബി.ജെ.പി. സദാ അവകാശപ്പെടുന്നത് ഇരട്ട എൻജിന്‍ സര്‍ക്കാര്‍ (കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടിയുടെ ഭരണം) വലിയ വികസനം കൊണ്ടുവരുമെന്നാണ്. പക്ഷേ, താങ്കള്‍ ആരോപിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ കരാര്‍ അട്ടിമറിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ നടത്തിയ നീക്കമാണ് കലാപത്തിന് പിന്നിലെന്നാണ്?

ബി.ജെ.പിയുടെ തന്ത്രങ്ങള്‍ നമുക്കറിയില്ല. അധികാര രാഷ്ട്രീയം പലപ്പോഴും അത്യധികം പൈശാചികമായ കളിയാണ്. കഥകളും ഉപകഥകളും എങ്ങിനെയൊക്കെയാണ് ആസൂത്രണം ചെയ്യപ്പെടുക എന്ന് നമുക്കറിയാനാവില്ല.

താങ്കള്‍ പറയുന്നത് ശരിയാവാം! കാരണം മോദി അധികാരത്തില്‍ വന്നതിന് ശേഷം ഒരു സംസ്ഥാനത്തെയും ബി.ജെ.പി. സര്‍ക്കാരിന് കേന്ദ്രമറിയാതെ ഒന്നും ചെയ്യാനാവില്ലെന്ന അവസ്ഥയാണുള്ളത്?

തീര്‍ച്ചയായും! ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം തങ്ങള്‍ക്ക് പ്രത്യേക ഭരണ സംവിധാനം വേണമെന്ന കുക്കികളുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നുള്ളതാണ്. ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പദവി അവര്‍ക്ക് നല്‍കുന്നതില്‍ എന്ത് പ്രശ്നമാണുള്ളത്? സ്വന്തം ജനതയോട് ഉത്തരം പറയാൻ അതവരെ സഹായിക്കും. മണിപ്പുരിലെ മലയോര മേഖലകള്‍ ഇപ്പോള്‍ അവികസിതമാണ്. ബോഡൊ ലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സില്‍ പോലൊരു സംവിധാനത്തിലൂടെ ഈ പ്രദേശങ്ങളില്‍ പുരോഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? അവിടെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ഇത് സഹായകരമാവും.

കലാപത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ , മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന ബിരെന്‍ സിങ് സര്‍ക്കാര്‍ പുറത്തുപോകണം എന്ന ആവശ്യവും ശക്തമാണ്. താങ്കള്‍ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

കുക്കികളുടെ ഇടയില്‍ മാത്രമുള്ള ആവശ്യമല്ല ഇത്. സംസ്ഥാനത്തുടനീളം ഈ വികാരമുണ്ട്. പൗരാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത് ബിരേന്‍ സിങ് സര്‍ക്കാരിന് കീഴില്‍ സമാധാനമുണ്ടാവുക അസാദ്ധ്യമാണെന്നാണ്. മെയ്തികളോട് കടുത്ത കൂറ് പുലര്‍ത്തുന്ന ഒരു മുഖ്യമന്ത്രിക്ക് എങ്ങിനെയാണ്  എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി നല്‍കാനാവുക? ബിരേന്‍ സിങ്ങാണ് സമാധാന കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതില്‍പരം വിരോധാഭാസം മറ്റെന്താണുള്ളത്? കലാപത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രചോദനവും ഊര്‍ജവുമായി വര്‍ത്തിക്കുന്ന (മെയ്തിവംശജരുടെ രണ്ട് തീവ്ര വാദ സംഘടനകള്‍ ബിരേന്‍ സിങ്ങിന്റെ കടുത്ത ആരാധകരാണ്) ഒരാള്‍ക്ക് എങ്ങിനെയാണ് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവുക? നിയമവാഴ്ച ഇത്രമാത്രം തകര്‍ന്നിട്ടും മണിപ്പുരില്‍ എന്തുകൊണ്ടാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താത്തതെന്നത് ചോദ്യമാണ്. പോലിസിന്റെ വിശ്വാസ്യത ശരിക്കും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പോലീസില്‍ കൂടുതലും മെയ്തി വംശജരാണ്. ആ രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കാന്‍ കലാപകാരികള്‍ക്ക് കൈമാറിയത് പോലീസാണെന്ന കാര്യം മറക്കാനാവില്ല.

79 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി മണിപ്പുര്‍ വിഷയത്തില്‍ മൗനം ഭേദിച്ചത്. പക്ഷേ, ബിരേന്‍ സിങ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

സംശയമുണ്ടോ? ഇതിലും നല്ലത് പ്രധാനമന്ത്രി ഒന്നും സംസാരിക്കാതിരിക്കുന്നതായിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് നടപടി എടുക്കുമെന്ന് ചിഫ് ജസ്റ്റിസ് പറഞ്ഞത് കൊണ്ടുമാത്രമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. മണിപ്പുരില്‍ രണ്ട് സ്ത്രീകള്‍ നേരിട്ട പീഡനത്തെക്കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി സംസാരിച്ചത്. കഴിഞ്ഞ രണ്ടര മാസത്തോളമായി അവിടെ നടന്നുകൊണ്ടിരിക്കുന്ന കലാപത്തെക്കുറിച്ച് അദ്ദേഹം ഒന്നും തന്നെ പറഞ്ഞിട്ടില്ല. 160-ഓളം  മനുഷ്യരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 60,000 പേരോളം വീടു  നഷ്ടപ്പെട്ട അവസ്ഥയിലാണ്. നൂറുകണക്കിന് വീടുകളും ആരാധനാലായങ്ങളും തകര്‍ക്കപ്പെട്ടു. പക്ഷേ, പ്രധാനമന്ത്രി ഇതെക്കുറിച്ചൊന്നും ഒരക്ഷരം മിണ്ടിയിട്ടില്ല.

placeholder
മണിപ്പുരിൽ സമാധാനം ആവശ്യപ്പെട്ട് ഇംഫാലിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല | ഫോട്ടോ: പി.ടി.ഐ.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒരു നടപടിക്കും ഒരുങ്ങാത്തത്? സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സമൂര്‍ത്തമായ ഒരു നീക്കവും ഇനിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് കലാപം തുടരട്ടെയെന്ന് ഭരണകൂടം കരുതുന്നത്?

മനസ്സുകള്‍ വായിക്കാനുള്ള കഴിവ് എനിക്കില്ല. എന്തുകൊണ്ടാണ് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതെന്ന് അറിയുക എളുപ്പമല്ല. ബി.ജെ.പിയുടെ മാനസസന്തതിയാണ് ബിരേന്‍ സിങ്. ഇത്തരമൊരു പണി ചെയ്യാന്‍ ബിരേന്‍ സിങ്ങിനേക്കാള്‍ മികച്ച മറ്റൊരാള്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ ഇല്ല. മെയ്തികളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ് എന്നതും ഒരു കാരണമാവാം. അതിലൊരു പ്രത്യയശാസ്ത്ര സൗഹൃദമുണ്ട്.

മലയോര മേഖലകളിലുള്ള അപൂര്‍വ ധാതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനുള്ള പദ്ധതിയാണ് കലാപത്തിന് പിന്നിലെന്ന് കേള്‍ക്കുന്നുണ്ട്. കോര്‍പറേറ്റുകള്‍ക്കായി മലയോര മേഖലകള്‍ ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീചമായ പദ്ധതി. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

അങ്ങിനെ കേള്‍ക്കുന്നുണ്ട്. ഞാനും അതെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതുവരെ ഇക്കാര്യത്തില്‍ തെളിവൊന്നും കിട്ടിയിട്ടില്ല. അറിയാവുന്ന ഒരു കാര്യം, കരിങ്കല്ലിനും മണലിനും വലിയ ആവശ്യക്കാരുണ്ടെന്നുള്ളതാണ്. മേഘാലയയില്‍നിന്നു നിത്യേനയെന്നോണം നിരവധി ട്രക്കുകളിലാണ് കരിങ്കല്ലും മണലും കടത്തുന്നത്. മണിപ്പുരിലെ മലയോര മേഖലകള്‍ കറപ്പ് കൃഷി മുക്തമാക്കുന്നതിന് ബിരേന്‍ സിങ് സര്‍ക്കാരിന് പദ്ധതിയുണ്ട്. കറപ്പ് കൃഷി നിയമപരമാക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിന് ഇതിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനാവും. ഇങ്ങനെ പല ലക്ഷ്യങ്ങളും ഭരണകൂടത്തിനുണ്ടാവും. ഒരു കലാപവും ശൂന്യതയില്‍നിന്ന് ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം.വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയം. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഇന്ത്യ ഭരിച്ച ജനാധിപത്യ ഭരണകൂടങ്ങളും ഇതേ നയം പിന്തുടര്‍ന്നു എന്നതാണ് ഖേദകരം.

1960 വരെ മെയ്തികള്‍ക്ക് മണിപ്പുരില്‍ എവിടെയും ഭൂമി വാങ്ങാനാവുമായിരുന്നു. 60-ലെ പുതിയ ഭൂവിനിയോഗ നിയമമാണ് ഇതിന് മാറ്റം വരുത്തിയത്. തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായി മെയ്തികള്‍ കരുതുന്നതിനെ കുറ്റം പറയാനാവുമോ?

മെയ്തികള്‍ ആദിവാസകള്‍ അല്ലെന്നതിനാലാണ് പുതിയ നിയമപ്രകാരം അവര്‍ക്ക് മലയോര മേഖലയില്‍ ഭൂമി വാങ്ങാന്‍ സാധിക്കാത്തത്. പക്ഷേ, ജനസംഖ്യയില്‍ 53% വരുന്ന മെയ്തികളെ പത്ത് ശതമാനം മാത്രം വരുന്ന ഭൂമേഖലയില്‍ ഒതുക്കിനിരത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ഭൂപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന് പറയേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്.

placeholder

മണിപ്പുരില്‍ സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരാവുന്ന അവസ്ഥയെക്കുറിച്ച് താങ്കള്‍ ലേഖനത്തില്‍ പറയുന്നുണ്ട്. സ്ത്രീകളെ പീഡിപ്പിക്കുന്നതിന് സ്ത്രീകള്‍ കൂട്ടു നില്‍ക്കുന്ന അവസ്ഥ. സ്ത്രീകളില്‍നിന്ന് സഹാനുഭൂതി ഇല്ലാതാവുന്നുവെന്നത് പേടിപ്പിക്കുന്ന കാര്യമാണെന്നാണ് താങ്കള്‍ ചൂണ്ടിക്കാട്ടുന്നത്?

ഇതൊരു വല്ലാത്ത അവസ്ഥയാണ്. മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ച എത്രമാത്രം ആഴമേറിയതായിരിക്കുന്നു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കുക്കികള്‍ ലഹരിമരുന്ന് കര്‍ഷകരും വ്യാപാരികളുമാണെന്നാണ് മെയ്തി വനിതകള്‍ നിരന്തരം കേള്‍ക്കുന്നത്. തങ്ങളുടെ മക്കളെ നശിപ്പിക്കുന്ന വര്‍ഗമായാണ് കുക്കികളെ മെയ്തി വനിതകള്‍ കാണുന്നത്. ഇത്തരം തെറ്റായ പ്രചാരണങ്ങളുടെ ഇരകളായി മാറിയിരിക്കുകയാണ് മെയ്തി വനിതകള്‍. ഈ പ്രചാരണമാണ് മനുഷ്യകവചമായി രംഗത്തുവരാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കുറ്റവാളികളെത്തേടി വരുന്ന പട്ടാളത്തെ തടയാന്‍ തങ്ങളുടെ വനിതകളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ് മെയ്തികള്‍ ചെയ്യുന്നത്.

എങ്ങിനെയാണ് മണിപ്പുരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാവുക?

ബിരേന്‍ സിങ് സര്‍ക്കാര്‍ പുറത്തുപോവുകയാണ് ആദ്യം വേണ്ടത്. രണ്ട് വിഭാഗങ്ങളില്‍നിന്നും പൊതുസമ്മതരായവരെ കണ്ടെത്തി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിടണം. പക്ഷേ, ഇതത്ര എളുപ്പമുള്ള സംഗതിയല്ല. മണിപ്പുരിന്റെ ഭരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ. സായുധ സംഘടനകളുടെ കയ്യില്‍നിന്നും ആയുധങ്ങള്‍ തിരിച്ചുപടിക്കണം. ജനക്കൂട്ടങ്ങള്‍ ആയുധങ്ങളുമായി വിഹരിക്കുമ്പോള്‍ സമാധാനം ഒരിക്കലും പുനഃസ്ഥാപിക്കാനാവില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍, പൗരാവകാശ സംഘടനകള്‍ എന്നിവയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ഒരു സമാധാന സമിതി രൂപീകരിക്കണമെന്നാണോ താങ്കള്‍ വ്യക്തമാക്കുന്നത്?

ഈ ഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍  വിഭാഗീയ ചിന്തകള്‍ക്ക് അത്രയധികം അടിപ്പെട്ടുകഴിഞ്ഞു. പൗരാവകാശ സംഘടനകളെയാണ് ഇപ്പോള്‍ സമാധാന ശ്രമത്തിനായി ഉള്‍പ്പെടുത്തേണ്ടത്.

സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച പ്രതികളിലൊരാളുടെ വീട് ഗ്രാമീണര്‍ തീവെച്ച് നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുക്കി വനിതകളോടുള്ള ക്രൂരതയ്ക്കെതിരെ മെയ്തികള്‍ തന്നെ രംഗത്തു വരുന്നതിന്റെ സൂചനയാണോ ഇത്. ഇതൊരു സ്വാഭാവികമായ പ്രതികരണമായിരുന്നോ?

ഏതാണ് ആസൂത്രിതം ഏതാണ് ആസൂത്രിതമല്ലാത്തത് എന്ന് പറയാനാവാത്ത സ്ഥിതിയാണ്. പുറംലോകത്തിന് വേണ്ടി സൃഷ്ടിക്കപ്പെടുന്ന കാഴ്ചയല്ലേ ഇതെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും അമ്മമാരും സഹോദരിമാരുമുണ്ട് എന്നൊക്കെ ലോകത്തെ ധരിപ്പിക്കാനുള്ള വ്യഗ്രത ഇതിന് പുറികലുണ്ടാവാം.അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്കറിയില്ല. കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വലിയ അവ്യക്തതയുണ്ട്. 355-ാം വകുപ്പ് മണിപ്പുരില്‍ നടപ്പാക്കിയെന്നൊരു പ്രചാരണമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാതെ തന്നെ ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ഇതിലൂടെ കഴിയും. പക്ഷേ, ബിരേന്‍ സിങ് തന്നെ ആണ് ഇപ്പോഴും അധികാരത്തില്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ബിരേന്‍ സിങ് അധികാരത്തില്‍ തുടരുന്നിടത്തോളം കാലം സമാധാന നീക്കങ്ങള്‍ അര്‍ഥരഹിതമായിരിക്കും.