സെഷന്‍ കോടതി കഠിന തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ തന്റെ എംപി സ്ഥാനത്തിന് അയോഗ്യത കല്‍പിക്കാന്‍ ലോക്‌സഭ സെക്രട്ടേറിയേറ്റ് കാട്ടിയ ജാഗ്രതയും ശുഷ്‌കാന്തിയും ശിക്ഷ മരവിപ്പിച്ചപ്പോള്‍ കാണിച്ചില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധമാണെന്നും പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് കഴിയുന്നതും പുറത്ത് നിര്‍ത്തുക എന്നത് മാത്രമാണ് ഭരണകക്ഷിയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.  മാതൃഭൂമി ഡോട്ടകോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വധശ്രമക്കേസില്‍ കവരത്തി ജില്ലാ സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവിനു വിധിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ലക്ഷദ്വീപ് എംപി പി.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഉത്തരവ് വരുന്നത്. 2009ല്‍ ആന്ത്രോത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു വിധി. അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡ പട്ടേല്‍ ഭരണകൂടം ദ്വീപില്‍ നിന്ന് കണ്ണൂരിലേക്ക് പറക്കാന്‍ ചെന്നൈ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അനുമതിയും അതിനോടകം വാങ്ങിയിരുന്നു. വിധി വരുമ്പോഴേക്കും ഭരണകൂടം സുസജ്ജരായത് അന്നുമുതലേ വിവാദമായിരുന്നു. കീഴ്‌ക്കോടതി വിധി വന്ന് മൂന്ന് ദിവസം കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റ് എംപിയെ അയോഗ്യനാക്കിക്കൊണ്ട് ഉത്തരവിട്ടു. എന്നാല്‍ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നിട്ടും എംപി പദവിതിരിച്ചു നൽകാനുള്ള സര്‍ക്കുലർ വരാന്‍ 62 ദിവസമാണെടുത്തത്. ഈ ദിവസങ്ങളില്‍ ലോക്‌സഭയില്‍ ദ്വീപ് ജനതക്കു കിട്ടേണ്ട പ്രാതിനിധ്യം കൂടിയാണ് നിഷേധിക്കപ്പെട്ടതെന്നും ഫൈസല്‍ എംപി കൂട്ടിച്ചേർത്തു.

 സുപ്രീം കോടതി ഇടപെടലുണ്ടാവേണ്ട ദിവസം തന്നെ താങ്കളുടെ അയോഗ്യത പിന്‍വലിച്ചുകൊണ്ടുള്ള ഇത്തരമൊരു ഉത്തരവ് ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണോ?

സുപ്രീം കോടതി പറയുന്നതിനനുസരിച്ച് മുന്നോട്ടുള്ള നീക്കങ്ങളെടുക്കാം എന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ സുപ്രീം കോടതിയില്‍ വിഷയമെത്തിയാല്‍ സര്‍ക്കാരിനെതിരേയും ലോക്‌സഭാ സെക്രട്ടേറിയേറ്റിനെതിരേയും കോടതി പരാമര്‍ശം വരും. അത് വലിയ വാര്‍ത്തയാവും എന്ന് മുന്‍കൂട്ടി മനസ്സിലാക്കി കൊണ്ട് ഉത്തരവിറക്കാന്‍ അവര്‍ നിര്‍ബന്ധിതരായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

കവരത്തി ജില്ലാ സെഷന്‍സ് കോടതി താങ്കള്‍ക്കെതിരേ പുറപ്പെടുവിച്ച 10 വര്‍ഷം കഠന തടവിനു പിന്നാലെ മൂന്ന് ദിവസം കൊണ്ടാണ് താങ്കൾ എംപി പദവിയില്‍ നിന്ന് അയോഗ്യനാക്കുന്നത്. എന്നാല്‍ ഇതേ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തില്‍  അയോഗ്യനാക്കിയ നടപടി എടുത്തു കളയേണ്ടതായിരുന്നു. എന്നാൽ നീതി ലഭിക്കാൻ രണ്ട് മാസം വൈകി.

സ്പീക്കറുടെ കര്‍ത്തവ്യം എന്നത് നിലവിലെ ചട്ടം അനുസരിച്ച് നിയമം നടപ്പിലാക്കുക എന്നതാണ്. സെഷന്‍ കോടതി എനിക്കെതിരേ വിധി പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെ വ്യഗ്രതയോടെയാണ് എന്റെ എംപി സ്ഥാനത്തിന് അയോഗ്യത കല്‍പിച്ചത്. അതേ ശുഷ്‌കാന്തി എന്റെ ശിക്ഷ റദ്ദാക്കിയപ്പോള്‍ കാണിച്ചില്ല എന്ന ചോദ്യമാണ് എനിക്കുള്ളത്. സഭ നടന്നു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. സഭയിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതോടെ എനിക്ക് നഷ്ടപ്പെട്ടത്. 25 ജനുവരിക്ക് എന്റെ ശിക്ഷ മേൽക്കോടതി മരവിപ്പിച്ചിട്ടും 31 ജനുവരിക്ക് ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്ന വേളയില്‍ അതിനു സാക്ഷിയാവാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. യോഗ്യത ഉണ്ടായിട്ടും അത് നിഷേധിക്കപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ പ്രഖ്യാപനവും വളരെ പെട്ടെന്നായിരുന്നു. ആ സമയവും എന്റെ ഫയലില്‍ തീരുമാനമെടുക്കാതെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വെച്ചു താമസിപ്പിച്ചു. പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് കഴിയുന്നതും പുറത്ത് നിര്‍ത്തുക എന്നത് മാത്രമാണ് ഭരണകക്ഷിയുടെ ഉദ്ദേശം. 

placeholder
ലക്ഷദ്വീപ് എംപി കണ്ണൂർ ജയിലിൽ നിന്ന് പുറത്ത് വരുന്നു | ഫയൽ ചിത്രം

താങ്കളെ അയോഗ്യനാക്കിയ നടപടി മരവിപ്പിച്ചു കൊണ്ടുള്ള ലോക്‌സഭ ഉത്തരവ് വൈകിപ്പിച്ചതില്‍ ലക്ഷദ്വീപ് അഡ്മിനിസട്രേറ്ററുടെ താത്പര്യം താങ്കള്‍ സംശയിക്കുന്നുണ്ടോ?

തീര്‍ച്ചയായും. ഈ കാലയളവില്‍ പാര്‍ലമെന്റ് സെഷന്‍ നടന്നു. എനിക്ക് പങ്കെടുക്കാനുള്ള അനുവാദമുണ്ടായിരുന്നെങ്കിലും അയോഗ്യത കല്‍പിക്കപ്പെട്ടതിനാൽ അത് നിഷേധിക്കപ്പെട്ടു. ഏത് വിധിയെ മുന്‍നിര്‍ത്തിയാണോ എന്നെ അയോഗ്യനാക്കിയത് ആ വിധിയുടെ സാധുത ഇല്ലാതായിട്ടും  അയോഗ്യനാക്കല്‍ തുടര്‍ന്നു. രാഷ്ട്രപതിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം മാർച്ച് 17മുതല്‍ 21വരെയായിരുന്നു. ആ ചടങ്ങില്‍ എന്നെ പങ്കെടുപ്പിക്കരുതെന്ന വ്യക്തമായ നിര്‍ദേശമുണ്ടായിരിക്കണം. അഡ്മിനിസ്‌ട്രേറ്ററുടെ സ്വാധീനം നീതിവൈകിക്കലിലുണ്ടോ എന്ന് ഞാൻ കാര്യമായിത്തന്നെ സംശയിക്കുന്നു.  രാഷ്ട്രപതിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് എംപി എന്ന നിലയില്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടലോടെയാണ് പേര് നീക്കം ചെയ്യപ്പെട്ടത്. എന്നെ അയോഗ്യനാക്കിയ ഉത്തരവ് മുന്‍ നിര്‍ത്തിയാണ് അതിന് അദ്ദേഹത്തിന് സാധിച്ചത്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ പലതും വ്യക്തമാണ്.

നിലവിലെ ലക്ഷദ്വീപിന്റെ സാഹചര്യത്തില്‍ അത്യാവശ്യക്കാരായ രോഗികള്‍ക്ക് വരെ ഹെലികോപ്റ്റര്‍ ലഭിക്കാന്‍ മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കണം. എന്നാല്‍ എന്നെ ജയിലിലടക്കുന്നതില്‍ ഒരു ദിവസം പോലും പാഴായിപ്പോകരുത് എന്ന ഉദ്ദേശത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കാന്‍ കാണിച്ച ശുഷ്‌കാന്തി എല്ലാവരും കണ്ടതാണ്. 13ന് അയോഗ്യനാക്കുകയും 18ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എന്റെ കേസിന്റെ പ്രാധാന്യം നഷ്ടപ്പെടും. അതും തിരക്കിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അവരെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. ജലന്ധറില്‍ എംപി മരിച്ച് അവിടെ ഒഴിവ വന്നിട്ടും അവിടെ തിരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷന്‍ പോലും അപ്പോൾ വിളിച്ചിരുന്നില്ല. പക്ഷെ ലക്ഷദ്വീപിൽ വല്ലാത്ത ഒരു രാഷ്ട്രീയ താത്പര്യവും വ്യഗ്രതയും സംഭവങ്ങളിലുടനീളം കാണാം.. 

ലക്ഷദ്വീപിലെ ഏക ലോക്‌സഭാ പ്രതിനിധിയായ നിങ്ങളെ പ്രഫുൽ ഖോഡ പട്ടേലെന്തിനാണിത്ര ഭയക്കുന്നത്?

അദ്ദേഹത്തിന്‍റെ ജനദ്രോഹപരമായ നിയമനിര്‍മ്മാണങ്ങളെയും പരിഷ്‌കാരങ്ങളെയും പാര്‍ലമെന്റില്‍ ഉന്നയിച്ചും, കോടതി ഇടപെടല്‍ തേടിയും പ്രക്ഷോഭം നയിച്ചും വിവിധ രീതിയില്‍ എതിര്‍ത്ത വ്യക്തിയാണ് ഞാന്‍.  1600 കോടിയാണ് ലക്ഷദ്വീപിനായി ഒരു വര്‍ഷത്തേക്ക് അനുവദിച്ച് കിട്ടിയിരുന്നത്. പല വിധ വകുപ്പുകളിലേക്കുള്ള പദ്ധതി രൂപ രേഖ സമര്‍പ്പിച്ച് ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്. അത് മാറി ചെലവഴിക്കണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. ഇത്തരം വ്യവസ്ഥാപിത രീതി ഉണ്ടായിട്ടും 2000 കോടി രൂപ റോഡിനു വേണ്ടി ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തരത്തിൽ ആണ് പട്ടേൽ പദ്ധതി പ്രഖ്യാപിച്ചത്. പവിഴപ്പുറ്റ് നശിപ്പിച്ചുള്ള വികസനം കൊണ്ടു വരാൻ ശ്രമിച്ചു. നിലവിലെ ആശുപത്രിയുടെ പുനരുദ്ധാരണം നിര്‍ത്തി വെച്ച് പുതിയ ആശുപത്രി കൊണ്ടുവരുന്നതായിരുന്നു പട്ടേലിന്റെ പരിഷ്‌കാരം. ഇതിനൊക്കെ എവിടുന്നാണ് ഫണ്ട്. ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ അനുമതിയെടുത്തോ എന്നുള്ള ചോദ്യം പാർലമെന്റിലും പുറത്തുമായി ഞാനുയർത്തി. ഇതോടെ ആഭ്യന്തരമന്ത്രാലയം എല്ലാം റദ്ദാക്കി. ഇത് എന്നോടുള്ള പട്ടേലിന്റെ ദേഷ്യം വര്‍ധിപ്പിച്ചു.

മാത്രമല്ല ദാദ്ര നഗര്‍ ഹവേലി എംപി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായിരുന്നു പ്രഫുല്‍ ഖോഡ പട്ടേല്‍(കേസിലെ പ്രതികളെ പിന്നീട് കോടതി വെറുതെ വിട്ടു). ആ ആത്മഹത്യാ കുറിപ്പിലെ വിശദമായ എഴുത്തിനൊടുവില്‍ ഈ വിഷയങ്ങളെല്ലാം ഞാന്‍ ലക്ഷദ്വീപ് എംപിയായ മുഹമ്മദ് ഫൈസലുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെല്ലാമറിയാം എന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു. ഈ കേസില്‍  ഞാൻ സാക്ഷിയായി ഹാജരായിരുന്നു. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചു. ഐഒസിയുടെ ഉദ്ഘാടന വേദിയില്‍ ഞാന്‍ പ്രതിഷേധ സൂചകമായി  വാക്കൗട്ട് ചെയ്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കണം.

ലക്ഷദ്വീപിന്റെ പഞ്ചായത്ത് റഗുലേഷന്‍ നിയമം മാറ്റണമെന്ന് അവിടുത്തെ പഞ്ചായത്തോ ജനങ്ങളോ ആവശ്യപ്പെടാതെയാണ് അഡ്മിനിസ്ട്രേറ്ററായ പട്ടേൽ ഭേദഗതി ചെയ്തത്. ഇതു ഞങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ലോക്‌സഭയിലും ഉന്നയിച്ചു. ഹൈക്കോടതി ഞങ്ങള്‍ക്കനുകൂലമായി ഇടപെട്ടു. ലക്ഷദ്വീപുകാരോടെന്തുമാവാം എന്ന അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമായിരുന്നു ഈ കോടതി ഇടപെടലുകള്‍. അത് അദ്ദേഹത്തിന് സഹിക്കാന്‍ പറ്റിയില്ല. അതായിരിക്കാം എന്നെ എങ്ങനെയെങ്കിലും പൂട്ടണം എന്ന ചിന്തയിലദ്ദേഹത്തെ എത്തിച്ചത്. 

പക്ഷെ ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും കോടതിയും നീതിന്യായ വ്യവസ്ഥയും  താങ്കളുടെ പോരാട്ടങ്ങള്‍ക്കൊപ്പം  നിലകൊണ്ടു എന്നത് ആശ്വാസകരമല്ലേ?

അതേ, നീതിന്യായ വ്യവസ്ഥയില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ടുള്ള പോരാട്ടമാണ് ഞങ്ങളുടെ മാര്‍ഗ്ഗം എളുപ്പമാക്കിയത്. ലക്ഷ്യം വിജയിപ്പിച്ചതും. 

ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അവരെ ഉടനടി അയോഗ്യരാക്കുന്ന നിലവിലെ നിയമം വലിയ രീതിയില്‍ ദുരുപയോഗപ്പെടുന്നുണ്ടെന്നത് താങ്കളുടെ കേസിലും രാഹുല്‍ ഗാന്ധിയുടെ കേസിലും പൊതു ജനം കണ്ടതാണ്. മന്‍മോഹന്‍ സിങ് സർക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതിനിധികള്‍ക്ക് അയോഗ്യനാക്കപ്പെടുന്നതിനു മൂന്ന് മാസം കാലാവധി കൊടുത്തു കൊണ്ടുള്ള ബില്ല് മുന്നോട്ടു വെച്ചിരുന്നല്ലോ. അത്തരമൊരു ബില്ലിനെ കുറിച്ചുള്ള പുനരാലോചന ഉണ്ടാവേണ്ടതല്ലേ?

പ്രതിപക്ഷമാണല്ലോ ഞങ്ങള്‍...സുപ്രീംകോടതി വിധി വന്ന ശേഷമേ അയോഗ്യനാക്കേണ്ടതുള്ളൂ എന്ന തരത്തിലാണ് മന്‍മോഹന്‍ സിങ് ഓര്‍ഡിനന്‍സിന് ശ്രമിച്ചത്. എന്നാല്‍ അന്നത് നടന്നില്ല. പരമോന്നത കോടതി തീര്‍പ്പ് കല്‍പിക്കുന്നത് വരെ കീഴ്‌ക്കോടതി തീരുമാനങ്ങളിൽ മാറ്റം വന്നു കൊണ്ടേയിരിക്കും. ഹൈക്കോടതി വിധി വരെ കാത്തിരുന്നെങ്കില്‍ ഞാന്‍ അയോഗ്യനാക്കപ്പെടുമായിരുന്നില്ല. അതുമൂലം പാര്‍ലമെന്റ് ദിവസങ്ങളെല്ലാം എനിക്ക് നഷ്ടപെട്ടു. രണ്ട് മാസത്തോളമായി എനിക്ക് സംഭവിച്ച നഷ്ടം നികത്താനാവില്ല. സർക്കാരുദ്യോഗസ്ഥനാണെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ അലവന്‍സും മറ്റും നല്‍കി പരിഹരിക്കുമായിരിക്കം. പക്ഷെ എനിക്ക് കമ്പയിന്‍ഡ് സെഷന്‍, ബജറ്റ് അവതരണ സെഷന്‍ എന്നിവയെല്ലാം നഷ്ടപ്പെട്ടു. എന്നെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ച ദ്വീപ് ജനങ്ങളുടെ അവകാശവും ആവശ്യങ്ങളുമാണ് ഹനിക്കപ്പെട്ടത്. കീഴ്‌ക്കോടതി വിധി വന്നപ്പോള്‍ തന്നെ എന്നെ അയോഗ്യനാക്കി. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് കീഴ്‌ക്കോടതി വിധി മരവിപ്പിച്ചിട്ടും എന്നെ അയോഗ്യനാക്കിയുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ തുടരുകയാണുണ്ടായത്. ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല ഇത്.  അയോഗ്യത ഒഴിവാക്കിയുള്ള ഉത്തരവില്‍ പറയുന്നത് തന്നെ 25ാം തീയതിലെ ഉത്തരവ് പ്രകാരം അയോഗ്യത ഒഴിവാക്കുന്നു എന്നാണ്. എനിക്ക് നഷ്ടപ്പെട്ട സഭയ്ക്ക് പകരം മറ്റൊര സഭ കൂടാനാവില്ലല്ലോ. 

അങ്ങനെ വരുമ്പോള്‍ സഭയില്‍ നിന്നും രാഷ്ട്രപതി വന്നപ്പോഴുള്ള കൂടിക്കാഴ്ചയില്‍ നിന്നുമെല്ലാം നിങ്ങളെ ഒഴിവാക്കാനുള്ള നിങ്ങളാരോപിക്കുന്നവരുടെ താത്പര്യം പാതി വിജയിച്ചു  എന്ന് കരുതിക്കൂടെ?

Justice delayed is justice denied.- വൈകി ലഭിക്കുന്ന നീതി നീതി നിഷേധം തന്നെയാണെന്ന് അതുകൊണ്ടാണ് പറയുന്നത്. ആ പ്രയോഗം അന്വര്‍ഥമാക്കുന്നതാണ് എന്റെ കാര്യത്തില്‍ നടന്നിരിക്കുന്നത്. 

 ഈ കേസ് പരിഗണിച്ചതു മുതല്‍ ഇന്നുവരെ സംഭവിച്ച കാര്യങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടലുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊലപാതകശ്രമം പറഞ്ഞാണല്ലോ ശിക്ഷിച്ചത്. എന്നാല്‍ കൊലപാതശ്രമം തെളിയിക്കാന്‍ പറ്റിയില്ല എന്നാണ് ഹൈക്കോടതി നിരീക്ഷണം. അതായത് കൊലപാതക ശ്രമത്തിനുള്ള തരത്തിലുള്ള വലിയ മുറിവോ പരിക്കോ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല എന്നാണ് കോടതി പറയുന്നത്. പ്രോസിക്യൂഷന്റെ വക്കീലിനു പോലും ഒരു പ്രതീക്ഷയുമില്ലാത്ത കേസിലാണ് കീഴ്‌ക്കോടതി ശിക്ഷ ഈ രീതിയിൽ വന്നത്.  കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നെങ്കിലും കോടതിയിലും നീതിന്യായ വ്യവസ്ഥയിലും ഞങ്ങള്‍്ക് വിശ്വാസമണ്ടായിരുന്നു. അതനുസരിച്ചാണ് മുന്നോട്ട് നീങ്ങിയതും.

ലക്ഷദ്വീപ് സമാനതകളില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന കാലമാണല്ലോ. എങ്ങനെയാണ് ലക്ഷദ്വീപിനുവേണ്ടിയുള്ള പോരാട്ടം മുന്നോട്ടു കൊണ്ടു പോകാന്‍ പദ്ധതിയിടുന്നത്?

പൂര്‍വ്വാധികം ശക്തിയോടെ ലക്ഷദ്വീപ് വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ഞങ്ങള്‍ തുടരും. ലക്ഷദ്വീപിനു നേരെയുള്ള അവഗണനയും അവിടുത്തെ ജനങ്ങളുടെ അവകാശ ലംഘനങ്ങൾക്കെതിരേയുള്ള പോരാട്ടം രഷ്ട്രീയപരമായും നിയമപമായും കൂടുതല്‍ ശക്തിയോടെ തന്നെ മുന്നോട്ടു കൊണ്ടു പോകും.