
അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഘോഡ പട്ടേലിന്റെ വരവിനുശേഷം പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്ന ലക്ഷദ്വീപ് ജനത ഇന്ന് ഭീതിയോടെയാണ് ദ്വീപില്‍ നടക്കുന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെ നോക്കിക്കാണുന്നത്. കേരളത്തില്‍ നിന്ന് ദ്വീപുകാരെ അകറ്റാനുള്ള തന്ത്രങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ് വിദ്യാര്‍ഥികളെ മലയാളത്തില്‍ നിന്ന് അകറ്റാനുള്ള നീക്കമെന്നാണ് എന്‍സിപിയും കോണ്‍ഗ്രസ്സും അടക്കമുള്ള ദ്വീപിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ കരുതുന്നത്. മലയാളം മീഡിയത്തിലുള്ള എസ്.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി നിര്‍ത്തലാക്കുന്നതും സിബിഎസ്ഇ പഠനം നിര്‍ബന്ധമാക്കിയതും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. തങ്ങള്‍ക്കുവേണ്ടിയെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന നിയമങ്ങളിലും പരിഷ്‌കരണങ്ങളിലൊന്നും ദ്വീപുകാരുടെ പങ്കാളിത്തമോ ആലോചനയോ ആവശ്യമോ ഇല്ല എന്നതും ദ്വീപുകാരുടെ വലിയ ആരോപണങ്ങളിലൊന്നാണ്.
Also Read
അടിസ്ഥാന സൗകര്യമില്ലാതെയുള്ള സ്‌കൂള്‍ ഒഴിപ്പിക്കല്‍
പരിധിയിലധികം കുട്ടികളെ ക്ലാസ്സിലിരുത്തിയതു മൂലം അസ്വസ്ഥത അനുഭവിച്ച് കവരത്തി സ്‌കൂളില്‍ കുട്ടികള്‍ തലകറങ്ങി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയാണ് വിദ്യാര്‍ഥികളെ ഇങ്ങനെ ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു.
കവരത്തി സര്‍ക്കാര്‍ സീനിയര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 420 വിദ്യാര്‍ഥികളെ ഒരു മുന്നൊരുക്കങ്ങളുമില്ലാതെ പിഎംഎസ്എച്ച്ആര്‍ഐ ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റാന്‍ പൊടുന്നനെയാണ് ദ്വീപ് ഭരണാധികാരി ഉത്തരവിട്ടത്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെയാണ് 600 കുട്ടികള്‍ പഠിക്കുന്ന ഗേള്‍സ് സ്‌കൂളിലേക്ക് 400 ലധികം കുട്ടികളെ അധികമായി പ്രവേശിപ്പിച്ചത്.
'ഈ മാസം ക്രിസ്മസ് പരീക്ഷയ്ക്ക് തയ്യാറടുക്കുകയായിരുന്നു സ്‌കൂള്‍ കുട്ടികള്‍. ഈ ഘട്ടത്തിലാണ് ഒരു മുന്നറിയിപ്പുമില്ലാത സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും തൊട്ടടുത്ത ഗേള്‍സ് സ്‌കൂളിലേക്ക് മാറ്റുന്നത്. ഒരു അഫിലിയേഷനുമില്ലാത്ത ഗേൾസ് സ്‌കൂളിലേക്കാണ് കുട്ടികളെ മാറ്റിയതെന്നത് രക്ഷിതാക്കളെ സംബന്ധിച്ചും വലിയ ആധിയാണ്.'- പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത സ്കൂൾ മാനേജ്മെന്റ് അംഗം പറയുന്നു.
നിലവില്‍ കവരത്തിയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ തിങ്ങി നിറഞ്ഞ് പഠിക്കുന്ന സ്‌കൂളാണ് പിഎം ശ്രീ ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കെട്ടിടത്തിന്റെ കാലപ്പഴക്കവും തകരാറും പറഞ്ഞാണ് പിഎം ശ്രീ ഗേള്‍സ് സ്‌കൂളിലെ 430 കുട്ടികളെ മാറ്റാനുള്ള ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങി ഏതാനും ദിവസത്തിനുള്ളില്‍ കുട്ടികളോട് പുതിയ സ്‌കൂളിലേക്ക് എത്താനും കല്‍പിച്ചു. രണ്ട് ക്ലാസ്സിലെ കുട്ടികളെ ഒറ്റ ക്ലാസ്സിൽ ഇരുത്തിയായിരുന്നു അധികൃതര്‍ പരിഹാരത്തിന് ശ്രമിച്ചത്. കോറിഡോറില്‍ പോലും കുട്ടികള്‍ തിങ്ങി നിറഞ്ഞ അവസ്ഥയായിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മകള്‍ തലകറങ്ങി വീഴുകയായിരുന്നുവെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ പിതാവായ അബ്ദുള്‍ റഹീം പറഞ്ഞു. ഇത്തരത്തില്‍ മൂന്ന് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു സ്‌കൂളില്‍ നിന്നുള്ള മുഴുവന്‍ കുട്ടികളെയും നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു സ്‌കൂളിലേക്ക് മാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ അടിസ്ഥാന ചട്ടങ്ങളും പാലിക്കാതെയാണ് കുട്ടികളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയത്. അധികമായി വരുന്ന കുട്ടികള്‍ക്ക് ഉപയോഗിക്കാനുള്ള ഏറ്റവും അടിസ്ഥാന ആവശ്യമായ ശുചിമുറി സൗകര്യം സ്‌കൂളിലൊരുക്കിയിട്ടില്ലായിരുന്നു. 600 കുട്ടികള്‍ക്കു പോലുമുള്ള പ്രാഥമിക സൗകര്യം ഇല്ലാത്തിടത്തേക്കാണ് 430 കുട്ടികളെ അധികമായി കൊണ്ടു വന്നിരിക്കുന്നത്. അതും രക്ഷിതാക്കളുമായും പിടിഎയുമായും ആലോചിക്കാതെ. ഇതിനു പുറമെ പുതുതായി പ്രവേശിപ്പിച്ച കുട്ടികള്‍ക്കു കൂടി കുടിക്കാനുള്ള ശുദ്ധജല ലഭ്യതയും ഇല്ലായിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സൈക്കിൾ വെക്കാനുള്ള ഷെഡ്ഡ് സൗകര്യമോ കളിക്കാനുള്ള ഗ്രൗണ്ടോ പുതിയ സ്‌കൂളിലില്ല. ഇത് കുട്ടികളില്‍ വലിയ മാനസികാഘാതമാണ് സൃഷ്ടിച്ചത്. ആത്മാഭിമാനത്തോടെയും ശുദ്ധവായു ശ്വസിച്ചും വിദ്യ നേടുക എന്നത് കുട്ടികളുടെ മൗലികാവകാശം കൂടിയാണ്. അവിടെയാണ് തിങ്ങിനിറഞ്ഞ സ്‌കൂളില്‍ ശ്വാസം പോലും കിട്ടാതെ സ്‌കൂള്‍ സമയത്ത് കുട്ടികള്‍ ബോധരഹിതരാവുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകുന്നത്.
ക്രിസ്മസ് അവധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ധൃതിപിടിച്ച് മുന്നൊരുക്കങ്ങളില്ലാതെ ഒരാഴ്ച കൊണ്ട് കുട്ടികളെ മുഴുവനായും മറ്റൊരു സ്‌കൂളിലേക്ക് മാറ്റേണ്ട എന്ത് അടിയന്തര സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നാണ് എസ്എംസി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍പേഴ്‌സണായ ഷാഫി ചോദിക്കുന്നത്. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
നിലവിൽ കെട്ടിടമൊഴിപ്പിച്ച സ്കൂളിലെ കുട്ടികളെ പഠിപ്പിക്കാൻ പഴയ സിബിഎസ്ഇ സ്കൂൾ കെട്ടിടം ഒഴിഞ്ഞു കിടപ്പുണ്ട്. അത് ഈ സ്കൂളിന് സമീപവുമാണ്. എന്നിട്ടും ആ കെട്ടിടത്തിലേക്ക് മാറ്റാതെ നിലവിൽ 600 കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് അടിസ്ഥാന സൗകര്യം വികസിപ്പിക്കാതെ കുട്ടികളെ മാറ്റിയത് അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണെന്നും അധ്യാപക സംഘടനാ നേതാക്കൾ ആരോപിക്കുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിലവിലെ സ്‌കൂള്‍ പ്രിന്‍സിപ്പൽ സാജു തോമസിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
മലയാളത്തിൽ നിന്നുള്ള പറിച്ചുമാറ്റല്‍
ദ്വീപിലെ താമസക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത പരിഷ്‌കാരങ്ങള്‍ കഴിഞ്ഞ കുറെകാലമായി നടന്നുവരികയാണ്. മലയാളം മീഡിയത്തിലുള്ള എസ്.സി.ഇ.ആര്‍.ടി പാഠ്യപദ്ധതി നിര്‍ത്തലാക്കി സി.ബി.എസ്.ഇ സിലബസ് നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനോടകം ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ രണ്ടുവിധത്തിലുള്ള പാഠ്യപദ്ധതിയും ലക്ഷദ്വീപിലുണ്ട്. എന്നാല്‍ അടുത്ത കൊല്ലം മുതല്‍ ദ്വീപിലെ കുട്ടികള്‍ സി.ബി.എസ്.ഇ സിലബസ് മാത്രം പഠിച്ചാല്‍ മതി എന്നാണ് ദ്വീപ് ഭരണാധികാരിയുടെ തീരുമാനം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവിലെ വിശദീകരണം. 21-ാം നൂറ്റാണ്ടിലേക്കാവശ്യമായ നൈപുണികള്‍ നേടുന്നതിനും മത്സരപരീക്ഷകളില്‍ നേട്ടമുണ്ടാക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനാണ് പുതിയ പരിഷ്‌കാരം എന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു കമ്മീഷന്റെയും നിര്‍ദേശത്തിന്റെയോ ജനങ്ങളുടെ ആവശ്യത്തിന്റെയോ പഠനങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഈ തീരുമാനങ്ങളൊന്നും തന്നെ നടപ്പിലാക്കുന്നതെന്നും എടുത്തുപറയേണ്ടതാണ്.
ദ്വീപുകാരെ കേരളവുമായി അകറ്റാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഇതെല്ലാം എന്നാണ് മറ്റൊരു ആരോപണം. പോര്‍ട്ട് മംഗലാപുരത്തേക്കാക്കാൻ ആലോചനകള്‍ നടക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ മേഖലയില്‍ കലിക്കറ്റ് യൂണിവേഴ്‌സിററി അഫിലിയേഷന്‍ മാറ്റി പോണ്ടിച്ചേരിയാക്കി.

ദ്വീപിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അധ്യാപകരുടെ കുറവ് വിദ്യാഭ്യാസമേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പൊടുന്നനെ പിരിച്ചുവിടപ്പെട്ട ദ്വീപിലെ 3000 താത്ക്കാലിക ജീവനക്കാരില്‍ കൂടുതലും വിദ്യാഭ്യാസമേഖലയില്‍ നിന്നുള്ളവരാണെന്നതാണ് ഇതിന് കാരണം. ഒരു ടീച്ചര്‍ ആഴ്ചയില്‍ 26 പീരീഡ് ക്ലാസ്സെടുത്തിരുന്നത് 33 പിരീഡ് എന്ന അവസ്ഥയിലേക്ക് വരെ എത്തി. സിലബസ് പഠനത്തിന് പുറമെയുള്ള നൈപുണി വികാസത്തിനായുള്ള സകല കോണ്‍ട്രാക്ട് അധ്യാപകരെയും അഡ്മിനിസ്‌ട്രേഷന്‍ പിരിച്ചുവിട്ടു. ഭാഷാ അധ്യാപിക ഡ്രോയിങ് ക്ലാസ്സ് എടുക്കുന്ന അവസ്ഥയില്‍ വരെ എത്തി കാര്യങ്ങള്‍. തുന്നലും കയറുപിരിയും പോലുള്ള നൈപുണി വികാസ പാഠങ്ങള്‍ പഠിപ്പിക്കാനും മിക്ക സ്‌കൂളുകളിലും ഇപ്പോള്‍ അധ്യാപകരില്ല.
കവരത്തി ദ്വീപിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിലവില്‍ ആറ് മുതല്‍ 10 വരെയുള്ളവര്‍ക്ക് ഒരു മലയാളം അധ്യാപികയാണുള്ളത്. അധ്യാപകര്‍ക്കുള്ള അമിത സമ്മര്‍ദം അധ്യാപനനിലവാരത്തെ ബാധിക്കുന്നുവെന്ന് അധ്യാപകരും തിരിച്ചറിയുന്നു. ഒരു അധ്യാപിക മാത്രമുള്ള സ്‌കൂളില്‍ ആഴ്ചയില്‍ 60 പിരീഡ് വരെ ക്ലാസ് എടുക്കേണ്ട ദുരിതാവസ്ഥയിലെത്തിയതിനാല്‍ ഒരു നിവൃത്തിയുമില്ലാതെ അറബി ടീച്ചറാണ് ഇപ്പോള്‍ ചില ഡിവിഷനുകളിലെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്. ആള്‍ക്ഷാമത്തെ തുടര്‍ന്ന് മൂന്നും നാലും തവണ ടൈം ടേബിള്‍ മാറ്റേണ്ടി വന്ന സ്‌കൂളുകളുമുണ്ട്.
വൃത്തിഹീനമായ വിദ്യാലയ അന്തരീക്ഷം
കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം ശുചീകരണ തൊഴിലാളികളുടൈ അഭാവത്താല്‍ വിദ്യാലയങ്ങള്‍ നേരിടുന്ന വൃത്തിഹീനമായ അന്തരീക്ഷമാണ്. 650 കുട്ടികളുള്ള സ്‌കൂളില്‍ മള്‍ട്ടി സ്‌കില്‍ എംപ്ലോയി ഇല്ലാത്തതിനാല്‍ കുട്ടികളുടെ ശുചിമുറി വൃത്തിയാക്കല്‍ മാസത്തിലൊരിക്കലാണ് നടക്കുന്നത്. അത് ചെയ്യുന്നതാവട്ടെ എന്‍എസ്എസ് കാഡറ്റുകളും. ഇതിനു പുറമെ ക്ലര്‍ക്കിന്റെയും പ്യൂണിന്റെയും ജോലിയും അധ്യാപകര്‍ തന്നെ ചെയ്യണം. അന്ന് ചെന്നപ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളുടെ പഠനം. തത്കാലത്തേക്ക് 250 രൂപ വീതം അധ്യാപകര്‍ പിരിവെടുത്ത് തൂപ്പുകാരെ നിയമിച്ചിരിക്കുന്ന അവസ്ഥയാണ് അവിടെ കണ്ടത്ത്. സ്‌കൂളുകളിലെ പല അധ്യാപകരുമായും സംസാരിച്ചപ്പോള്‍ ഈ അവസ്ഥയില്‍ വലിയ മാറ്റം വന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. സര്‍ക്കാരിന് നഷ്ടമെന്നാണ് ഇതിനെല്ലാമുള്ള അഡ്മിനിസ്‌ട്രേഷന്‍ വാദം. സേവനമേഖലയായ വിദ്യാഭ്യാസവും ആരോഗ്യരംഗവുമെല്ലാം ലാഭാധിഷ്ഠിത മേഖലയാണ് പുതിയ അഡ്മിനിസ്‌ട്രേഷൻ.
സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതെ വിദ്യാര്‍ഥികള്‍
അഡ്മിനിസ്‌ട്രേറ്ററുടെ സ്‌പോണ്‍സര്‍ ലെറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിൽ സൗജന്യ വിദ്യാഭ്യാസം കിട്ടുമായിരുന്നു. അതില്‍ നയംമാറ്റം വന്നത് ദ്വീപിലെ കുട്ടികളുടെ ഉപരിപഠനത്തെ ബുദ്ധിമുട്ടിലാക്കി. സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തത് മൂലം ഉന്നതപഠനം നിര്‍ത്തിവെക്കേണ്ടി വരുന്നവരും ഉണ്ട് കൂട്ടത്തില്‍. പണ്ട് സംസ്ഥാനമായിരുന്നു ഉപരിപഠനത്തിനായി കേരളത്തിലേക്ക് പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് തുക നല്‍കിയിരുന്നത്. പുതിയ അഡ്മിനിസ്‌ട്രേഷന്‍ വന്നതോടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍എസ്പി) വഴിയാക്കി. ഇതിനുപുറമെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലെ കേരളത്തിലെ സര്‍വകലാശാലകളുടെ അഫിലിയേഷന്‍ നിർത്തിലാക്കി പോണ്ടിച്ചേരി പോലെയുള്ള കേന്ദ്രസര്‍വകലാശാലകളുമായി മാത്രം ആക്കി മാറ്റിയതും വിദ്യാര്‍ഥികളെ വലിയ രീതിയില്‍ ബാധിച്ചു. വിദ്യാഭ്യാസ കാലം മുതല്‍ തന്നെ ജനങ്ങളെ മലയാളത്തില്‍ നിന്നും മലയാളികളില്‍ നിന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ നിന്നുമകറ്റാനുള്ള കുത്സിതനീക്കമാണിതെന്നാണ് എന്‍സിപി പോലുള്ള ദ്വീപിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും കരുതുന്നത്.
തങ്ങളുടെ മൗലികാവകാശം പല രീതിയില്‍ നിഷേധിക്കപ്പെടുന്നതില്‍ പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണകൂടം നേരിട്ടത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയായിരുന്നു. വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലാണെന്നായിരുന്നു അധികൃതരുടെ വാദം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക്, ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുമെന്ന പ്രചരണം വരെയുണ്ടായി. ഇതില്‍ 14 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ ഉത്തരവ് ലംഘിച്ചാല്‍ സ്ഥിരമായോ നിര്‍ദിഷ്ട കാലയളവിലേക്കോ പുറത്താക്കുമെന്നും 14 വയസ്സിനുതാഴെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ പിഴ ചുമത്തുന്ന നടപടി സ്വീകരിക്കുമെന്ന ആശങ്കാജനകമായ സാഹചര്യവുമുണ്ടായി. മിനിക്കോയ് ദ്വീപിലെ എന്‍ജിനിയറിങ് ഡിപ്ലോമ കോളേജില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പൊലീസ് മർദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ലക്ഷദ്വീപ് വിഷയത്തെ കുറിച്ച് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പരമ്പര വായിക്കാം: https://www.mathrubhumi.com/stat/lakshadweep/
Content Highlights: rakshayillathe lakshadweep,education system,students,Praful patel,nileena atholi,teachers,social
Published: 17 Dec 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented