
വെയിലേറ്റ് നീണ്ട കാത്തിരിപ്പിനൊടുവിൽ പ്ലാസ്റ്ററിട്ട കാലും കൊണ്ട് ബോട്ടിലേക്ക് ഏന്തി വലിയുന്നത് കണ്ടാണ് എട്ടാം ക്ലാസ്സുകാരൻ മുഹമ്മദ് റോഷനോട് കാര്യം തിരക്കുന്നത്. കളിക്കുന്നതിനിടയിലാണ് അഗത്തി സ്വദേശിയായ റോഷന് പരിക്കേൽക്കുന്നത്. കാലിന്റെ എല്ല് പൊട്ടി പുറത്തേക്ക് കാണാവുന്ന അവസ്ഥയിലായിരുന്നു. നേരത്തെയായിരുന്നെങ്കിൽ അഗത്തിയിൽ പിപിപി(പബ്ലിക് പ്രൈവറ്റ് പാർട്ടിസിപേഷൻ) ആശുപത്രിയുണ്ടായിരുന്നു. ഓർത്തോ, പീഡിയാട്രിഷൻ പോലുള്ള സ്പെഷ്യാലിസ്റ്റ് ഡോക്ടർമാരും കേരളത്തിലേതു പോലെ വിദഗ്ധ ചികിത്സയും ലഭിച്ചിരുന്നു. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്ററായുള്ള പ്രഫുൽ ഖോഡ പട്ടേലിന്റെ വരവോടെ ദ്വീപുകാരുടെ ആശ്വാസമായിരുന്ന അഞ്ച് പിപിപി മോഡൽ ആശുപത്രികൾ ഇല്ലാതായി. അതോടെ ഓർത്തോ ഡോക്ടറെ കാണിക്കാനായി 58 കിലോമീറ്റർ അകലെയുള്ള കവരത്തിയിലേക്ക് യാത്രചെയ്യുകയാണവൻ. ഹൈ സ്പീഡ് വെസ്സലിന്റെ ടിക്കറ്റ് ക്ഷാമം, ജെട്ടിയിലേക്കുള്ള ബോട്ട് യാത്രയും കത്തിരിപ്പുമെല്ലാമടക്കം ചുരുങ്ങിയത് 5 മണിക്കൂറെങ്കിലും കഷ്ടയാത്ര അനുഭവിച്ച് കവരത്തിയിലെത്തി വിദഗ്ധ ചികിത്സ കിട്ടുമ്പോഴേക്കും ഒരാഴ്ച കഴിഞ്ഞു. ഉണ്ടായിരുന്ന പിപിപി മോഡൽ ആശുപത്രി എടുത്തു കളഞ്ഞതോടെയാണ് അഗത്തിയിലെ മനുഷ്യർ ഇത്ര വലിയ ദുരിത ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. അവശ്യം വേണ്ടവർക്കൊന്നും മതിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ രോഗികൾ വരവ് കുറച്ച് ആളുകളധികമില്ലാത്ത ഇരുനില കെട്ടിടം മാത്രമാണിന്നാ ആശുപത്രി.
എന്താണ് പിപിപി മോഡൽ?
കെട്ടിടവും വൈദ്യുതിയും വെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ നൽകും ഡോക്ടർമാരെയും ജീവനക്കാരെയുമെല്ലാം സ്വകാര്യ ആശുപത്രി നൽകുന്നതാണ് പിപിപി മോഡൽ രീതി. ടെൻഡർ വിളിച്ചാണ് സ്വകാര്യ ആശുപത്രിയുമായി കരാറിൽ ഏർപ്പെടുന്നത്. ഡോക്ടർമാരോ ജീവനക്കാരോ അവധിയിൽ പോയാൽ പകരം ആളെ ആശുപത്രിക്കാർ ഉടനടി നൽകും. അതിനാൽ തന്നെ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഇല്ലാത്ത അവസ്ഥ ഒരിക്കലും പിപിപിയിൽ ഉണ്ടാവില്ല. ഒറ്റപ്പെട്ട പ്രദേശമായതുകൊണ്ട് ഡോക്ടർമാർ നാട്ടിലേക്ക് നീണ്ട അവധിയിൽ പോകാൻ സാധ്യതയുള്ളതിനാൽ പിപിപി മോഡൽ ദ്വീപിനെ സംബന്ധിച്ച് വിജയമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഗത്തിക്ക് ശേഷം കവരത്തി, അമിനി ആന്ത്രോത്ത്, മിനിക്കോയി ദ്വീപുകളിൽ കൂടി പിപിപി വന്നത്. പക്ഷെ അഞ്ചും എടുത്തു കളഞ്ഞു.

അഗത്തിയിൽ പിപിപി എടുത്തുമാറ്റിയതോടെ സംഭവിച്ചത്
- >ഡോക്ടർമാരടക്കം 97 പേരുണ്ടായിരുന്നിടത്ത് നിലവിൽ ഓടുന്നത് 24 ജീവനക്കാരുടെ അഭാവത്തിൽ
- ഇന്ത്യൻ നഴ്സിങ് കൗൺസിൽ ചട്ടമനുസരിച്ച് 42 നഴ്സുമാർ വേണ്ട സ്ഥാനത്ത് 23 പേർ
- ഓാർത്തോ, പീഡിയാട്രിഷൻ, ത്വക്ക് രോഗ വിദഗ്ധൻ, പാത്തോളജസിറ്റ്, അനസ്തേഷ്യ ഡോക്ടർമാരില്ല
- സ്കാനിങ് നടത്താൻ ടെക്നീഷ്യൻമാരും റേഡിയോഗ്രാഫർമാരുമില്ല
അഗത്തി ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറും ടെക്നീഷ്യൻമാരും ഇല്ലാത്തതിനാൽ തന്നെ സർജനും ഗൈനക്കോളജിസ്റ്റും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. എയർപോർട്ടും സീപോർട്ടും ഉള്ള, അന്താരാഷ്ട്ര ടൂറിസ്റ്റുകളും വിവിഐപികളും വരുന്ന ദ്വീപിലേക്കുള്ള ഗേറ്റ്വേ എന്നറിയപ്പെടുന്ന അഗത്തിയുടെ ആരോഗ്യമേഖലയുടെ അവസ്ഥയിതാണെങ്കിൽ മറ്റ് ദ്വീപുകളുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് കുട്ടികളുടെ എല്ല് പൊട്ടിയാൽ പോലും ചികിത്സിക്കാൻ ഡോക്ടർമാരില്ലാത്ത ഭയപ്പാടാണ് ഇന്ന് ഒട്ടുമിക്ക ദ്വീപുകളിലുള്ളവരും അനുഭവിക്കുന്നത്. സർവ്വീസ് മേഖലയായ ആരോഗ്യമേഖല ലാഭത്തിലല്ലെന്ന് പറഞ്ഞാണ് പിപിപി മോഡൽ ആശുപത്രി ദ്വീപുകളിൽ നിന്നെല്ലാം എടുത്തു കളഞ്ഞത്.

ആരോഗ്യമേഖലയെന്നത് സർവ്വീസ് മേഖലയാണ്. ചെറിയൊരു കേന്ദ്രഭരണ പ്രദേശത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പണം ഇത്രക്കധികം വിഭവങ്ങളുള്ള കേന്ദ്രസർക്കാരിന് കണ്ടെത്താൻ കഴിയില്ലെന്നത് എങ്ങനെ അംഗീകരിക്കും. ഡൽഹി ആൾ ഇന്ത്യ ഇൻസ്സ്റ്റിറ്റിയൂട്ടിനുവേണ്ടി ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം മതി ദ്വീപ് പോലുള്ള പ്രദേശത്തെ ആരോഗ്യ മേഖല ശക്തിപ്പെടുത്താൻ.
- ഡോ. കെ. പി അരവിന്ദൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻപ്രസിഡന്റ്, കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻമേധാവി
പിപിപി മോഡൽ എടുത്തു കളഞ്ഞതോടെയാണ് അഗത്തി ആശുപത്രിയിൽ സ്കാനിങ്ങിന് ഡോക്ടർമാരില്ലാതായത്. കവരത്തിയിലെ സ്കാനിങ് ഡോക്ടറും ലീവായതോടെ സ്കാനിങ്ങിന് മാത്രം കേരളത്തിലേക്ക് കപ്പൽ കയറേണ്ട ദുരിതത്തിലാണ് ദ്വീപുകാർ. 5 മാസത്തെ ഗർഭത്തിലാണ് അഗത്തിക്കാരിയായ ഹഫ്സ സ്കാനിങ്ങിനായി കൊച്ചിയിലേക്ക് പോയത്. തിരികെ കപ്പൽ ടിക്കറ്റ് കിട്ടാതെ 21 ദിവസം കൊച്ചിയിൽ തങ്ങേണ്ടി വന്നു. 1400 രൂപ സ്കാനിങ്ങിന് വേണ്ട സ്ഥാനത്ത് താമസമടക്കം ചെലവായത് ഒരു ലക്ഷം രൂപ. ഇപ്പോൾ പണച്ചിലവോർത്ത് പലരും സ്കാനിങ്ങിന് പോകാറില്ല. സ്കാനിങ്ങ് നോക്കിയുള്ള പ്രശ്നപരിഹാരമെല്ലാം വിദൂര സ്വപ്നമാണ് പലർക്കും.

'ലക്ഷദ്വീപിൽ നിന്ന് സർക്കാരിന് വരുമാനം കിട്ടുന്നില്ല.അതിനാൽ ചെലവഴിക്കാൻ കാശില്ല എന്നാണ് അധികാരികളുടെ ന്യായം. പക്ഷെ എംപി ഫണ്ട് പാസ്സാക്കിയിട്ടും ഇതുവരെ എംആർഐ സംവിധാനം ദ്വീപിലെവിടെയുമില്ല. ദ്വീപിനായുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വന്ന് തറക്കല്ലിട്ടത് രണ്ട് വർഷം മുമ്പാണ്. പട്ടേൽ വന്നയുടനെ അതിന്റെ നിർമ്മാണം നിർത്തി.അതേസമയം മുൻ അഡ്മിനിസ്ട്രേറ്ററർ ഫറൂഖ് ഖാന്റെ കാലത്ത് ആന്ത്രോത്തിൽ സിഎച്ച്സിയെ 50 ബെഡ്ഡുള്ള ആശുപത്രിയാക്കി വികസിപ്പിക്കാനുള്ള കെട്ടിടത്തിന് തറക്കല്ലിട്ടിരുന്നു. എന്നാൽ ഈ പദ്ധതി മരവിപ്പിച്ച് സ്വകാര്യ ആശുപത്രി പണി നടക്കുകയാണ് കവരത്തിയിൽ', നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. കോയ അറഫ പറയുന്നു.

എയർ ഇവാക്വേഷന് വിധേയയായ റഷീദ
പ്രസവം എന്ന മഹാചെലവ്
ദ്വീപ് യാത്രയിൽ കപ്പലിൽ വെച്ച് കണ്ടുമുട്ടിയ ഭൂരിഭാഗം പേരും ചികിത്സയ്ക്കോ സ്കാനിങ്ങിനോ പ്രസവത്തിനോ മറ്റുമായി കേരളത്തിലേക്ക് കപ്പൽ കയറുന്നവരോ അവർക്ക് കൂട്ടിന് വരുന്നവരോ ആണ്. അഞ്ചാം മാസത്തിലെ സ്കാനിങ്ങിനായി മാത്രം ഗർഭിണികൾ കേരളത്തിലേക്ക് വരുന്നത് ഇവിടെ തികച്ചും സാധാരണമായ കാഴ്ചയാണ്. കുട്ടിക്കോ അമ്മയ്ക്കോ എന്തെങ്കിലും പ്രശ്നം വന്നാൽ അടിയന്തിര നടപടി സ്വീകരിക്കാൻ ഇവിടെ സൗകര്യമില്ലെന്ന ഡോക്ടറുടെ തുറന്നു പറച്ചിലിലാണ് കവരത്തിക്കാരിയായ ഖദീജ പ്രസവത്തിനായി കൊച്ചിയിലിലേക്ക് കപ്പൽ കയറുന്നത്. പെട്ടെന്ന് സങ്കീർണ്ണതകളുണ്ടായാൽ എയർ ആംബുലൻസ് വഴി ഇവാക്വേഷൻ ചെയ്യേണ്ടി വരുമെന്ന പേടി, ബ്ലീഡിങ് അധികമായി ദ്വീപിൽ വെച്ച് മരണപ്പെട്ട ഹാജിറയെപ്പോലുള്ളവരെ ഓർക്കുമ്പോഴുള്ള ആരോഗ്യ സംവിധാനത്തിലെ ആത്മവിശ്വാസമില്ലായ്മ തുടങ്ങീ കാരണങ്ങളനധിയാണ് കേരളത്തിൽ പ്രസവിക്കണമെന്ന ഖദീജയുടെ തീരുമാനത്തിന് പിന്നിൽ. സ്കാനിങ്ങിനും അതിനു ശേഷമുള്ള താമസത്തിനും ഭക്ഷണത്തിനുമെല്ലാമായി 3 ലക്ഷം രൂപയാണ് ഇതുവരെ ചെലവായത്. കപ്പലില്ലാത്തതിനാൽ കേരളത്തിലെ താമസത്തിന്റെ ദൈർഘ്യം ഒരു മാസം കൂടി കൂട്ടി. എന്നാൽ ഖദീജയുടെ തീരുമാനം അഗത്തി സ്വദേശിയായ റഷീദയെ സംബന്ധിച്ച് പ്രായോഗികമായിരുന്നില്ല. സാമ്പത്തികമില്ലാത്തതിനാലാണ് ശ്വാസം മുട്ടലുണ്ടായിട്ടും പ്രസവം ദ്വീപിൽ നടത്താമെന്ന തീരുമാനം റഷീദയും കുടുംബവുമെടുക്കുന്നത്. സങ്കീർണ്ണതകളെ നേരിടാനുള്ള ആശുപത്രി സൗകര്യമില്ലാത്തതിനാൽ എട്ടാം മാസത്തിൽ എയർആംബുലൻസിൽ ഇവാക്വേറ്റ് ചെയ്യേണ്ടി വന്നു. ഒരു ലക്ഷത്തിലൊതുങ്ങുമായിരുന്ന പ്രസവത്തിന് കേരളത്തിലേക്കുള്ള യാത്രയും ഒരുമാസത്തെ താമസുമെല്ലാം കൂടി നാല് ലക്ഷത്തിലധികം രൂപ ചെലവായി. ദ്വീപിലെ സാമൂഹിക പ്രവർത്തകർ പിരിവെടുത്ത് സഹായിച്ചാണ് ഒടുവിൽ നാട്ടിലെത്തിയത്.

തേങ്ങവീണ ഒന്നരവയസ്സുകാരന് ചികിത്സ ഒന്നര ദിവസം കഴിഞ്ഞ്
തേങ്ങ തലയിൽ വീണ ഒന്നരവയസ്സുകാരനെ എത്രയും പെട്ടെന്ന് കൊച്ചിയിലെത്തിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടും പിറ്റേ ദിവസം 11 മണിവരെയായിട്ടും ഹെലികോപ്റ്റർ വിട്ടുനൽകിയില്ലെന്ന് ആരോപിക്കുന്നു അഗത്തി സ്വദേശികൾ. എൻജിനിയർ ഇല്ലെന്നാണ് കിട്ടിയ മറുപടി. ഹെലികോപ്റ്റർ ലഭിക്കാതായപ്പോൾ പിരിവെടുത്ത് ഫ്ളൈറ്റിലാണ് കുട്ടിയെയും കൊണ്ട് വീട്ടുകാർ കേരളത്തിലേക്ക് പോയത്. അവിടെ ചെന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഉടൻ വിധേയനായി. എയർആംബുലൻസ് എത്താത്തതിനാൽ വിദഗ്ധ ചികിത്സ ലഭിക്കാൻ ഒന്നരവയസ്സുകാരന് ഒന്നര ദിവസം വൈകി. പിപിപി മോഡൽ ആശുപത്രി എടുത്തു കളഞ്ഞതോടെയാണ് തങ്ങളീ ദുരിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടതെന്ന് പറയുന്നു കുട്ടിയുടെ ചികിത്സാ സഹായത്തിനായി ഓടി നടന്ന സാമൂഹിക പ്രവർത്തകനായ ഫത്താഹുദ്ദീൻ. 'ഒരിക്കൽ അമിനിയിലും അഗത്തിയിലും കവരത്തിയിലുമായി മൂന്ന് രോഗികൾ ഇവാക്വേഷനായി കാത്തുകെട്ടി കിടക്കുമ്പോൾ ഹെലികോപ്റ്റർ കേന്ദ്രമന്ത്രിയുമായി ബംഗാരത്തിൽ ഉല്ലാസ പറക്കലിലായിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രിക്ക് അയച്ച മെയിലിന് കിട്ടിയ മറുപടി ഐ വാസ് നോട്ട് അവേർ ഓഫ് ദിസ് എന്നാണ്', സിപിഐ ജോയിന്റ് സെക്രട്ടറി ഹുസനുൾ ജംഹർ പറയുന്നു. ഈ അടുത്ത് ആന്ത്രോത്തിൽ തലപൊട്ടിയ രോഗിയെ കൊണ്ടുപോവേണ്ട ഘട്ടം വന്നപ്പോഴും ടൂറിസ്റ്റുമായി പറക്കുകയായിരുന്നു എയർ ആംബുലൻസ്. പ്രതിഷേധത്തെ തുടർന്നാണ് ഹെലികോപ്റ്റർ വിട്ടുതന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ തലയിൽ രക്തം കട്ടപിടിച്ചിട്ടുന്നെും പെട്ടെന്ന് എത്തിച്ചത് നന്നായെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്' ആന്ത്രോത്ത് സ്വദേശിയായ ഷെരീഫും തന്റെ അനുഭവം പറയുന്നു. നമ്മൾ കണ്ടുമുട്ടുന്ന ഓരോ ദ്വീപു സ്വദേശിയുടെയും പരിചയത്തിലോ ബന്ധത്തിലോ ആരോഗ്യസംവിധാനം ദുർബലപ്പെട്ടതിന്റെ ഒരു ഇരയുടെയെങ്കിലും അനുഭവം കേൾക്കാൻ സാധിക്കും. ഏതെങ്കിലും തരത്തിലുള്ള ചികിത്സാ നിഷേധങ്ങളുടെ കഥകളും.
അഗത്തി പിപിപി മോഡലിൽ ചികിത്സ തേടിയെത്തിയവർ
- 2019- 84589
- 2020- 86359
- 2021- 50359
- പിപിപി എടുത്തുമാറ്റിയ 2021ൽ രോഗികളുടെ ഇടിവ് കാണാം

പിപിപി ആശുപത്രിയുണ്ടായിരുന്നപ്പോൾ കാർഡിയാക്, ന്യൂറോ പോലെ ഇവിടെയില്ലാത്ത സർവ്വീസിന് മാത്രമേ എയർആംബുലൻസ് ആവശ്യം വേണ്ടി വന്നിരുന്നുള്ളൂ. മറ്റ് ദ്വീപുകളിൽ നിന്ന് വരെ അക്കാലയളവിൽ അഗത്തിയിലേക്ക് ആളുകൾ മെച്ചപ്പെട്ട ചികിത്സയ്ക്ക് വന്നു. പിപിപി മോഡൽ ഇല്ലാതായതോടെ നിലവിലെ അഗത്തി ആശുപത്രിയിലേക്ക് എൻഎച്ച്എം ആണ് ഡോക്ടേർസിനെ നൽകുന്നത്. ഇവർക്ക് ദ്വീപിലേക്ക് വരാൻ തയ്യാറുള്ള നല്ല ഡോക്ടേർമാരെ കിട്ടുന്നില്ല. മെഡിക്കൽ ഉപകരണങ്ങളിൽ പലതും ഉപയോഗശൂന്യമാണ്. സ്കാനിങ് മെഷീൻ പണിമുടക്കിയിട്ട് 7 മാസമായി. പിപിപി മോഡൽ ആശപത്രിയിൽ ബയോ മെഡിക്കൽ എൻജിനീയർ ഉണ്ടായിരുന്നു. അതിനാൽ ചെറിയ ഉപകരണ പ്രശ്നമൊക്കെ അവർ പരിഹരിച്ചിരുന്നു. ഇപ്പോൾ മെഷീൻ കേടായാൽ മാസങ്ങളോളം ടെൻഡർ വിളിച്ച് നൂലാമാലകളിൽ പെട്ട് കാത്തിരിക്കണം. ഇതുപോരാത്തതിന് റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ മെഷീനുള്ളതിന്റെ ഗുണം ലഭിക്കുന്നുമില്ല.
-മുഹമ്മദ് നസീർ മുള്ളിപ്പുര, എൻസിപി സംസ്ഥാന സെക്രട്ടറി, മുൻ അഗത്തി പഞ്ചായത്ത് പ്രസിഡന്റ്
റേഡിയോളജിസ്റ്റുകളുടെ അഭാവത്തിൽ സംഭവിക്കുന്നത്
അഗത്തിക്കാരിയായ 50 വയസ്സുകാരിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് സിടി സ്കാൻ എടുത്തെങ്കിലും റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ കൃത്യമായ ഡയഗ്നോസ് നടന്നില്ല. പകരം നോക്കിയ ഡോക്ടർ 80 ശതമാനം ശ്വാസകോശത്തിന് പ്രശ്നമുണ്ടെന്ന് പറഞ്ഞ് എയർഇവാക്വേഷന് റഫർ ചെയ്തു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്നാണ് പറഞ്ഞത്. അപ്പോഴേക്കും 50,000 രൂപ ചെലവായി. കപ്പൽ കിട്ടി വരുന്നതു വരെ ഇവരുടെ ചെലവു തുടർന്നു. എയർ ആംബുലൻസായ ഹെലികോപ്റ്റർ ദ്വീപ് അഡ്മിനിസ്ട്രേറ്റർ വാടകക്കെടുത്താണ് ഓടിക്കുന്നത്. ഇവാക്വേഷൻ സമയത്ത് 5000 രൂപയോളം രോഗിക്ക് ടിക്കറ്റ് എടുക്കണം. രണ്ട് ബൈസ്റ്റാൻഡേഴ്സിനടക്കം 20,00 രൂപയോളം ചെലവ് വരും. ഹെലികോപ്റ്ററിന്റെ പോക്കു വരവിന് അഡ്മിനിസ്ട്രേഷന് ചെലവാകുന്നതാകട്ടെ ഒന്നരലക്ഷം രൂപയും. ഇവാക്വേഷന് ചെലവഴിക്കുന്ന തുക ആശുപത്രി മെച്ചപ്പെടുത്താനും ഡോക്ടർമാരുടെ സേവനത്തിനും ഉപയോഗിച്ചാൽ പോരെ എന്നാണ് നാട്ടുകാരുടെ ചോദ്യം.
28കാരനായ മുഹമ്മദ് ഷംഷാദലിയുടെ മൂന്ന് വയസ്സുകാരൻ മകന് തുടർച്ചായ ശ്വാസം മുട്ടും കഫകെട്ടും കാരണം ആന്ത്രോത്തിലെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. നാല് മണിക്കൂർ ഇടവിട്ട് നെബുലൈസേഷൻ നൽകേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ ആശുപത്രിയിലെ അഞ്ച് നെബുലൈസേഷൻ യൂണിറ്റുകളിൽ നാലെണ്ണവും കത്തിപോയതിനെതുടർന്നാണ് കേരളത്തിലേക്ക് കപ്പൽ കയറുന്നത്. 350 രൂപ ദിവസ വാടകക്കെടുത്താണ് മെഡിക്കൽ കോളേജിൽ കുട്ടിയെ അഡ്മിറ്റാക്കിയത്. കുട്ടിയുടെ കഫക്കെട്ടിന് വരെ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ആന്ത്രോത്തു ദ്വീപുകാരുടെ ജീവിതം. ഉപകരണ പരിമികൾക്കു പുറമെ മരുന്ന് ക്ഷാമവും ദ്വീപിലുണ്ടെന്ന ആരോപണവും ദ്വീപുകാർ ഉന്നയിക്കുന്നു. ഇന്ത്യയിൽ കിട്ടുന്ന ഏത് മരുന്നും കവരത്തി ആശുപത്രിയിൽ കിട്ടുമെന്ന അവകാശവാദമാണ് അധികാരികൾ ഉയർത്തിയതെങ്കിലും പുതുതായി ദ്വീപിൽ പത്ത് സ്വകാര്യ മെഡിക്കൽ ഷാപ്പുകൾ വന്നു എന്നാണ് മാതൃഭൂമി അന്വേഷണത്തിൽ വ്യക്തമായത്. പൊതുസംവിധാനത്തിൽ മരുന്ന് ക്ഷാമമില്ലെങ്കിൽ പൊടുന്നനെ ഇത്രയധികം സ്വകാര്യ മരുന്ന് ഷാപ്പുകൾ ഉയരേണ്ടതില്ലല്ലോ.

ഇവാക്വേഷൻ ലഭിക്കാതെ മരിച്ചു വീഴുന്നവർ
ജൂലായ് 19ന് നെഞ്ചുവേദനയെത്തുടർന്നാണ് ഭർത്താവായ ബദറുദ്ദീനെയും കൊണ്ട് സൈനബ ആശുപത്രിയിൽ പോകുന്നത്. ഉച്ചക്ക് മൂന്ന് മണിക്കു കൊണ്ടുപോയിട്ട് രാത്രി ഒൻപത് മണിക്കാണ് ഡ്യൂട്ടി ഡോക്ടറെത്തുന്നത്. സിടി സ്കാനിങ്ങിനുള്ള മെഷീനുണ്ടെെങ്കിലും റേഡിയോളജി ടെക്നോളജിസ്റ്റില്ല. അതിനാൽ എയർ ഇവാക്വേഷന് എഴുതിക്കൊടുത്തു. കാലാവസ്ഥ അനുകൂലമാണെന്ന റിപ്പോർട്ട് അഗത്തിയിൽ നിന്ന് നൽകിയിട്ടും ഹെലികോപ്ടർ വിട്ടു നൽകിയില്ല. വെകിട്ട് 6 മണിവരെ താൻ ഇയാളെ രക്ഷപ്പെടുത്താനായി ഹെലികോപ്റ്ററിനായി ഓടി നടന്നെന്ന് പറയുന്നു അഗത്തിയിലെ സാമൂഹിക പ്രവർത്തകനായ ഫത്തഹുദ്ദീൻ. കൃത്യമായ ചികിത്സ ലഭിക്കാതെ ഒടുവിൽ ഒന്നര ദിവസത്തോളം കാത്തുകെട്ടി കിടന്നാണ് ബദറുദ്ദീൻ മരിക്കുന്നത്. പുതിയ അഡ്മിനിസ്ട്രേഷൻ വന്ന ശേഷം എയർ ആംബുലൻസിന്റെ പ്രവർത്തന രീതിയിലും മാറ്റം വന്നു. അനാർക്കലി സിനിമയിൽ കാണുന്നതു പോലെ ഡോക്ടർ ആവശ്യപ്പെട്ടാൽ ഇന്ന് ഒരു രോഗിക്ക് എയർ ആംബുലൻസ് ഉടനടി കിട്ടിക്കൊള്ളണമെന്നില്ല. അത് കമ്മറ്റി കൂടി തീരുമാനമെടുക്കേണ്ട പ്രക്രിയയായി. മാത്രവുമല്ല ജീവന് ഭീഷണിയാവുന്ന രോഗികളെ മാത്രം എയർആംബുലൻസ് വഴി ഇവാക്വേറ്റ് ചെയ്യുക എന്നാണ് പുതിയ അഡ്മിനിസ്ട്രേഷന്റെ നിലപാടെന്ന് സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും ആരോപിക്കുന്നു. അതേ സമയം എയർ ആംബുലൻസിന്റെ ദുരുപയോഗം കുറക്കാനാണ് നാലംഗ കമ്മറ്റി കൂടുന്നതെന്നും കമ്മറ്റി വൈകിപ്പിച്ച കാരണത്താൽ ഒരു രോഗിയുടെയും ജീവന നഷ്ടപ്പെട്ടിട്ടില്ലെന്നും പറയുന്നു മെഡിക്കൽ ഓഫീസർ പിടി കോയ.

കുട്ടിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമായ കാര്യമാണ്. പക്ഷെ കുട്ടിയെ ലേഖിക നേരിൽകാണുമ്പോൾ
കവരത്തിയിൽ ഫിസിയോതെറാപ്പിസ്റ്റ് ഇല്ലാത്തതിനാൽ ഫിസിയോ തെറാപ്പി മുടങ്ങിയ അവസ്ഥയിലായിരുന്നു
ആംബുലൻസല്ലാതാവുന്ന എയർ ആംബുലൻസ്
കഴിഞ്ഞ ജൂണിലാണ് ഹെലികോപ്റ്ററിന്റെ രാത്രി സേവനമില്ലായ്മ കാരണം ചെത്ത്ലത്ത് ദ്വീപിലെ 23കാരനായ അബ്ദുൾ ഖാദർ മരിക്കുന്നത്. രാത്രി പത്ത് മണിയോടെ നടന്ന ബൈക്കപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും കൊച്ചിയിലെത്തിച്ചത് അപകടം നടന്ന് 12 മണിക്കൂർ കഴിഞ്ഞാണ്. കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മരണം. കിൽത്താൻ ദ്വീപിലെ പ്രശസ്ത എഴുത്തുകാരനായ ഹാജഹുസ്സൈനും സമാന സാഹചര്യത്തിലാണ് മരിക്കുന്നത്. 2016 നവംബറിൽ കവരത്തിയിൽ ബസ് ഇടിച്ച് തലയ്ക്ക് പരിക്കേറ്റ മുഹമ്മദ് അലി അഷ്ഫാഖിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറ് മണിക്ക് ശേഷം ഹെലികോപ്ടർ പറക്കാത്തതിനാൽ വിദഗ്ധ ചികിത്സ ഉടൻ ലഭിച്ചില്ല. പിറ്റേന്ന് പകൽ 7 നാണ് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. സർജറി കഴിഞ്ഞ് 20 ദിവസത്തോളം വെന്റിലേറ്ററിൽ കിടന്ന കുട്ടി ഇപ്പോഴും കോമാ സ്റ്റേജിലാണ്. രാത്രി തന്നെ എയർആംബുലൻസിൽ കൊണ്ടുപോയിരുന്നെങ്കിൽ ഏഴ് വർഷങ്ങൾക്കിപ്പുറവും കണ്ണുമാത്രം ചിമ്മുന്ന അവസ്ഥയിൽ തന്റെ കുഞ്ഞ് കിടപ്പിലാകുമായിരുന്നില്ല എന്ന് പറയുന്നു ഉമ്മ നാദിറ. കോച്ചിയ കാലുകളും ശരീരവും മെച്ചപ്പെടാൻ അഷ്ഫാഖിന് ഫിസിയോതെറാപ്പി അത്യന്താപേക്ഷിതമാണ്. എന്നാൽ കുട്ടിയെ ലേഖിക കാണുമ്പോൾ കവരത്തിയിൽ ഫിസിയോതെറാപിസ്റ്റുമാരുണ്ടായിരുന്നില്ല. ആരോഗ്യത്തോടെ ജീവിക്കുക എന്നത് മൗലികാവകാശമായ നമ്മുടെ രാജ്യത്ത് സകല അവകാശനിഷേധങ്ങളും അനുഭവിച്ച് ജീവിക്കുകയാണ് ദ്വീപ് ജനങ്ങൾ. രാത്രി അപകടമോ അത്യാഹിതമോ സംഭവിച്ചാൽ മരണം വരിക്കുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ ഇന്ന് ദ്വീപുകാർക്കു മുന്നിലില്ല.

അബ്ദുൾ ജബ്ബാർ, മുൻ ഹെലിപാഡ് ജീവനക്കാരൻ
'എയർ ആംബുലൻസ് എന്നാണ് പേരെങ്കിലും എയർ ആംബുലൻസിന്റെ സൗകര്യങ്ങളൊന്നുമില്ലാത്ത പാസഞ്ചർ കാരിയിങ് ആംബുലൻസ് ആണ് ദ്വീപിലോടുന്നത്. ഇവാക്വേഷൻ ഓർഡർ കിട്ടിക്കഴിഞ്ഞാലും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കാത്തു നിൽക്കണം ഹെലികോപ്ടർ പുറപ്പെടാൻ. നിലവിൽ യാത്രക്കാരുടെ ആവശ്യത്തിനും ആംബുലൻസ് സർവ്വീസിനും കൂടിയാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നത്. പിപിപി ആശുപത്രികളിലെ പല സേവനങ്ങളും നിർത്തിയ സ്ഥിതിക്ക് ഒരു ഹെലികോപ്റ്ററെങ്കിലും മെഡിക്കൽ എമർജൻസിക്ക് ദ്വീപിൽ അത്യന്താപേക്ഷിതമാണ്.
ഈ മാസം കെട്ടിവെച്ച ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ അളവ് കുറഞ്ഞതിനെതുടർന്ന് മരണവക്കിലെത്തിയ ആന്ത്രോത്ത്കാരനായ പ്ലസ് വൺ വിദ്യാർഥി നജാദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹെലികോപ്റ്ററിലെ ഓക്സിജൻ സിലിണ്ടറിലെ പ്രശ്നം കാരണം രോഗിക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ രണ്ട് മണിക്കൂറോളം വായകൊണ്ട് രോഗിയുടെ ഉമ്മ വായു ഊതിക്കൊടുത്ത സംഭവവുമുണ്ടായി ദ്വീപിൽ. കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അമിതമായി കാർബൺഡൈഓക്സൈഡ് അകത്തുചെന്ന അവസ്ഥയിലായിരുന്നു രോഗി.
കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്തിയവരുടെ എണ്ണം
- 2018-19- 418
- 2019-20- 397
- 2020-21- 300+
- 2021-22- 480
- 2022-23- ജനുവരി വരെ- 476 (വരുന്ന മൂന്ന് മാസങ്ങൾ കൂടി കണക്കാക്കിയാൽ എണ്ണം 600 കടക്കും)
വലിയ രീതിയിലുള്ള അപകടമോ ആരോഗ്യ പ്രശ്നമോ നേരിടുന്ന ഒരാൾക്ക് നൽകാനുള്ള സൗകര്യങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷ്വദ്വീപിൽ കുറവാണ്. എങ്കിലും പിപിപി മോഡൽ ആശുപത്രിയുടെ സേവനം ദ്വീപ് ജനതയ്ക്ക് ആശ്വാസവും ധൈര്യവുമായിരുന്നു അതുകൂടി പുതിയ ഭരണകൂടം എടുത്തു കളഞ്ഞതോടെ ഇവാക്വേഷനെ കൂടുതലായും ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് ദ്വീപ് ജനതയെത്തി. പക്ഷെ ജീവൻമരണ ഘട്ടത്തിൽ മാത്രമേ ഇവാക്വേഷന് മുതിരേണ്ടതുള്ളൂ എന്ന നിർദേശം അവരുടെ കഷ്ടപ്പാടുകൾ കൂട്ടി. എല്ലൊടിഞ്ഞവരും അടിയന്തര ചികിത്സ വേണ്ട ഗർഭിണികളും ബോട്ട് വഴിയും കപ്പലു വഴിയും മറ്റും യാത്ര ചെയ്യേണ്ട ഗതികേടിലാണ്. നല്ല രീതിയിലുള്ള ചികിത്സ പിപിപി ആശുപത്രി വഴി ലഭിക്കാതായതോടെ രാത്രിയിലെത്തുന്ന ഗുരുതരാസ്ഥയിലായ രോഗികളുടെ മരണ സാധ്യതയും കൂടി. ലക്ഷ്വദ്വീപിൻറെ ആരോഗ്യമേഖലയിലെ പരിമതികളുടെ രക്തസാക്ഷികളാണ് ബദറുദ്ദീനും അബ്ദുൾ ഖാദറും ഹാജഹുസ്സൈനുമെല്ലാം.
മരിച്ചാലും മുറിവുണങ്ങാത്തവർ, ഉറ്റവരില്ലാതെ കബറടക്കപ്പെടുന്നവർ
മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ ആസ്തമ മൂർഛിച്ച് ഈ ജനുവരി 3നാണ് ആന്ത്രോത്ത് സ്വദേശിയായ ചെറിയകോയ അഗത്തി ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. മരിക്കുമ്പോൾ ഭാര്യ ആന്ത്രോത്തിലെ സ്വന്തം വീട്ടിലാണ്. അഗത്തിയിൽ നിന്ന് മരണപ്പെട്ട ചെറിയകോയയെ ആന്ത്രോത്തിലെത്തിക്കാൻ ബോട്ടോ കപ്പലോ ഈ ദിവസങ്ങളിലോടുന്നില്ല. അതിനാൽ അഗത്തിയിൽ തന്നെ അടക്കാനാണ് തീരുമാനം. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മൂത്ത മകൻ ഷെരീഫ് കേരളത്തിലേക്ക് തൊഴിലന്വേഷിച്ചു പോയിരിക്കുകയാണ്. ബാപ്പയെ ഒരു നോക്ക് കാണാൻ വരാൻ കപ്പലുമില്ല. കപ്പലെണ്ണം കുറച്ചതും ടിക്കറ്റ് നിരക്ക് കൂട്ടിയതുമ്പുതിയ അഡ്മിനിസ്ട്രേഷന്റെ വരവോടെയാണ്. ഷെരീഫ് ബാപ്പയെ കണ്ടിട്ട് ഒരു വർഷമായി. കോയയെ പ്രിയ പത്നി കണ്ടിട്ട് ഒരു മാസത്തിലധികമായി. ഇനി ഒരിക്കൽ പോലും തന്റെ ഭർത്താവിന്റെ മുഖം ആ സ്ത്രീക്ക് കാണാനാവില്ല.
കോയയെപ്പോലെ ഉറ്റവരടുത്തില്ലാതെ മണ്ണിലേക്ക് മറഞ്ഞ അനേകരുണ്ട് ദ്വീപിൽ. അവരിൽ തന്നെ ഭൂരിഭാഗവും കൊച്ചിയിലേക്കുള്ള എയർ ആംബുലൻസ് യാത്രയിൽ മരണപ്പെട്ട് കേരളത്തിൽ സംസ്കരിക്കപ്പെട്ടവർ. കൊച്ചിയിലേക്ക് എയർആംബുലൻസിൽ പോകുന്ന തങ്ങളുടെ ഉറ്റവരെ പിന്നീടൊരിക്കലും കാണാനാകില്ലെന്ന ശീലങ്ങളോട് ദ്വീപ് ജനത പൊരുത്തപ്പെട്ട് തുടങ്ങി. ഇത്രമാത്രം അവകാശ നിഷേധങ്ങളനുഭവിക്കുന്ന നിങ്ങൾക്കൊന്ന് പ്രതിഷേധിച്ചു കൂടെ എന്ന ചോദ്യത്തിന് ദ്വീപുകാർ പറയുന്ന മറുപടിയിതാണ് 'ഞങ്ങളെ കൊണ്ട് പ്രതിഷേധിപ്പിക്കുക എന്നതാണ് അവരുടെ ആവശ്യം. ഞങ്ങളെ പ്രശ്നക്കാരായി ചിത്രീകരിച്ചാൽ അവരുടെ ഉദ്ദേശങ്ങൾ അൽപം കൂടി എളുപ്പമാവും'.
തുടരും
Content Highlights: Series rakshayillathe Lakshadweep, Human rights violation,praful Khoda patel,Nileena Atholi,social
Published: 22 Feb 2023, 09:12 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented