'പടവെട്ട്' സിനിമയുടെ ക്രെഡിറ്റിൽ ലിജു കൃഷ്ണയുടെ പേര് ചേർക്കരുത്; ആവശ്യം ഉന്നയിച്ച് ഇര


നിലീന അത്തോളി |nileenaatholi@gmail.com


Published:

Updated:


"എനിക്കുറപ്പില്ല ഞാനെത്ര കാലം ഉണ്ടാവുമെന്ന്. എന്നോടുള്ള സ്‌നേഹം വെച്ച് എന്നോടു ജീവിച്ചിരിക്കാന്‍ ആരും പറയാന്‍ ശ്രമിക്കരുത്." മനസ്സും ശരീരവും തകർന്ന അതിജീവിത മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖം

EXCLUSIVE

പ്രതീകാത്മക ചിത്രം

ലിജു കൃഷ്ണ എന്ന സംവിധായകന്റെ പേര് 'പടവെട്ട്' സിനിമയുടെ ക്രെഡിറ്റ് ലൈനില്‍നിന്ന് എടുത്തു കളയണമെന്ന ആവശ്യവുമായി ഇര രംഗത്ത്. വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന പെണ്‍കുട്ടിയുമായി നേരിട്ട് സംസാരിച്ചപ്പോഴാണ് ഇത്തരമൊരാവശ്യം സിനിമയുടെ നിര്‍മ്മാതാക്കൾക്കു മുമ്പിലും പൊതുസമൂഹത്തിനു മുന്നിലും വെച്ചത്. ഫോണിലൂടെയും നേരിട്ടു കണ്ടും പല ഘട്ടങ്ങളിലായി നടത്തിയ സംഭാഷണം ക്രോഡീകരിച്ചുള്ള അഭിമുഖമാണിത്. ഇടയ്ക്കിടെ പൊട്ടിക്കരയുന്നതും ട്രോമയിലായി ഇരിക്കുന്നതും കാരണം പലയിടങ്ങളിലും അഭിമുഖത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടിട്ടുണ്ട്.

മുപ്പത് കിലോയോളം തൂക്കം നഷ്ടപെട്ട് പ്രതിരോധശേഷി കുറഞ്ഞ് ആകെ അവശയായ അവസ്ഥയിലായിരുന്നല്ലോ. ആരോഗ്യം എങ്ങനെയുണ്ട്‌?

സംഭവത്തിനു ശേഷം എനിക്കു പ്രതിരോധശേഷി കുറവാണ്. ട്രോമ വയറിനെയാണ് കൂടുതലായി ബാധിക്കുക. വയറ് വീര്‍ത്ത് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ. വയറ്റീന്ന് പോകാത്ത അവസ്ഥ. ഓക്കാനം, തലകറക്കം എല്ലാം ഉണ്ട്. രണ്ട് വര്‍ഷത്തോളം ബിസ്‌ക്കറ്റും പാലും, കട്ടത്തൈര് എന്നിവ മാത്രമാണ് കഴിച്ചത്. ഓറഞ്ച്, മുന്തിരി പോലുള്ള പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രമിച്ചെങ്കിലും ദഹിക്കാതെ വയറ്റീന്ന് അതുപോലെ പോകുന്ന അവസ്ഥയായിരുന്നു കുറെ നാള്‍. ട്രോമാ ഹീലിങ്ങിന്റെ ഭാഗമായുള്ള വ്യായാമവും മറ്റും ചെയ്യണമെങ്കില്‍ ശരീരത്തിന് ശക്തി വേണം. അതിനാലാണ് എന്റെ പേഴ്‌സണല്‍ ഹീലര്‍ റഫര്‍ ചെയ്ത് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. ശാരീരികമായി തയ്യാറായാലേ തെറാപ്പി എടുക്കാന്‍ കഴിയൂ. മരുന്നിന്റെ ബലത്തിലാണ് ഇപ്പോള്‍ ടോയ്‌ലെറ്റില്‍ പോവുന്നത്. ഭക്ഷണം കഴിക്കുന്നതും ജീവിക്കുന്നതുമെല്ലാം മരുന്നിന്റെ പുറത്താണ്. മരുന്ന് കഴിച്ചും ഭക്ഷണം കഴിച്ചും ശരീരം ബലപ്പെട്ടാലേ വിചാരണയ്ക്കും മറ്റും എനിക്ക് തയ്യാറാകാന്‍ പറ്റുള്ളൂ.

പരാതി നൽകാൻ തുനിഞ്ഞപ്പോഴെല്ലാം കെട്ടിയിട്ട് ചെയ്താല്‍ മാത്രമേ ബലാത്സംഗമാവൂ എന്ന നിസ്സാരവത്കരിക്കലാണ് ലിജു കൃഷ്ണയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ സമയത്തൊക്കെ അതിതീവ്രമായ ട്രോമയിലൂടെയും ശാരീരിക പ്രശ്‌നങ്ങളിലൂടെയും താങ്കള്‍ കടന്നു പോവുകയായിരുന്നുവെന്ന് മനസ്സിലാക്കുന്നുണ്ട്. അതിനു മറുപടി തേടുന്നത് തന്നെ ഇന്‍സെന്‍സിറ്റീവ് ആണെന്നറിയാം. എങ്കിലും... ?

ചതിയിൽപ്പെടുത്തിയാണ് അയാള്‍ എന്നെക്രൂരമായി റേപ് ചെയ്യുന്നത്. പിരീഡ്‌സ് സമയമായിരുന്നു. ബലം പ്രയോഗിച്ച് അനല്‍ പെനട്രേഷന്‍ വരെ നടത്തി. തീവ്രമായ വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയത്. മൃഗത്തോടെന്ന പോലെയാണ് അയാള്‍ എന്നോട് പെരുമാറിയത്. ജീവന്‍ പോയി ബോധം പോയ്‌ക്കൊണ്ടിരുന്ന പോലെ തോന്നി. വല്ലാത്തൊരു മരവിപ്പിലായിരുന്നു ആ സമയം. ഞാനൊരു യന്ത്രത്തെ പോലെയായിരുന്നു. വീട്ടിലെത്തിയ എനിക്ക് മുകളിലെ നിലയിലേക്ക് കയറാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. പിന്നെ വെളിച്ചവും ഇരുട്ടും ഒരുപോലെ പേടിയായ അവസ്ഥയിലായി. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ. ടോയ്‌ലെറ്റില്‍ പോവാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിശപ്പില്ല. കുളിക്കാനോ വസ്ത്രം മാറാനോ പോലും പറ്റാത്ത അവസ്ഥ. ഒടുവില്‍ ജോലി രാജിവെക്കേണ്ടി വന്നു. വിശപ്പില്ലായ്മ, വയറിളക്കം, ദഹനപ്രശ്നം എന്നിവ മൂലം മുപ്പത് കിലോ ഭാരം കുറഞ്ഞു. 60 കിലോയില്‍നിന്ന് 30 കിലോ വരെ എത്തി ഭാരം. പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോർഡറിലൂടെ കടന്നു പോവുകയായിരുന്നു ഞാൻ. അവിടെനിന്ന് കുറെ നല്ല മനുഷ്യര്‍ ചേര്‍ത്തു പിടിച്ചാണ് ഞാനീ ആശുപത്രിക്കിടക്ക വരെ എത്തിയത്. ഇന്ന് ജീവിച്ചിരിക്കുന്നതിനും കാരണം അവരാണ്.

കൂട്ടിന് സുഹൃത്തുക്കള്‍ എത്തിയ ശേഷമാണോ പരാതിയെക്കുറിച്ചാലോചിക്കുന്നത്?

Also Read
EXCLUSIVE

ഇര ശരീരം ക്ഷയിച്ച് ആശുപത്രിയിൽ; പ്രതിയായ ...

കേസ് തീർപ്പാക്കുന്നതുവരെ ലിജു കൃഷ്ണയെ വിലക്കണം- ...

ഫെഫ്ക അതിജീവിതയ്‌ക്കൊപ്പം; ലിജു കൃഷ്ണയുടെ ...

ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ഞെരുങ്ങി ഒപ്പം ശരീരമാകെ തളര്‍ന്ന് പ്രതിരോധശേഷി നഷ്ടപ്പെട്ട് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ലിജു കൃഷ്ണ എന്ന സംവിധായകന്‍ എന്നെ ഫോണ്‍ വിളിച്ച് വെര്‍ബല്‍ അബ്യൂസ് നടത്തുകയായിരുന്നു. നടന്ന സംഭവത്തെ സാധാരണവത്കരിക്കാനും റേപ്പല്ലെന്ന് വിശ്വസിപ്പിക്കാൻ റൊമാന്റിസൈസ് ചെയ്യാനും ശ്രമിച്ചു. അതിന്റെ പ്ലെഷറിനെപറ്റി പറയല്‍ തുടര്‍ന്നു. കോവിഡ് കാലമായി ഒറ്റയ്ക്കു താമസിക്കുന്നതിനാല്‍ ആരോടും തുറന്നു പറയാന്‍ പറ്റാത്ത വല്ലാത്ത ട്രോമയിലായിരുന്നു ഞാന്‍. അതും അയാള്‍ക്ക് വളമായി. അന്നുണ്ടായതെല്ലാം ഏട്ടന്റെ മരണത്തിന്റെ ആഘാതത്തിൽ ഫ്രസ്‌ട്രേഷന്‍ കാരണം സംഭവിച്ചതാണ്. 'പടവെട്ട്' സിനിമ മരിച്ച ഏട്ടന്റെ സ്വപ്‌നമാണ് എന്നെല്ലാം പറഞ്ഞ് എന്നെ ആശയക്കുഴപ്പത്തിലാക്കി. ശാരീരിക അസ്വസ്ഥത മൂലം ഡോക്ടറെ കാണാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇതെല്ലാം പറഞ്ഞ് തടഞ്ഞു. പരാതിയുമായി മുന്നോട്ടു പോവാനൊരുങ്ങിയപ്പോള്‍ ഈ ആരോഗ്യം വെച്ച് നീ എങ്ങനെ മുന്നോട്ടു പോകും എന്ന പരിഹാസവും ഉണ്ടായി.

സംഭവം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷം പരാതി നല്‍കുമ്പോള്‍ ഇരയെ തേജോവധം ചെയ്തു ഉയരുന്ന ആദ്യചോദ്യങ്ങളിലൊന്നാണ് എന്തേ പരാതി നല്‍കാന്‍ വൈകി എന്നത്. രണ്ട് വര്‍ഷമെടുത്തിട്ടാണെങ്കിലും തുറന്നുപറച്ചില്‍ നടത്തിയതിന് അഭിനന്ദനം. എങ്ങനെയാണ് പരാതിയിലേക്ക് എത്തിയത്?

രണ്ട് വര്‍ഷത്തോളം അടിച്ചമർത്തി നിര്‍ത്തിയ ഒരാള്‍ അങ്ങനെ പോകവെ ഒരു ദിവസം തുറന്നു പറഞ്ഞു എന്നാണ് നമ്മളീ തുറന്നു പറച്ചിലിനെയും പരാതിയെയും കാണേണ്ടത്. അല്ലാതെ ഒരു ദിവസം നടന്ന സംഭവമല്ല റേപ്. റേപ്പും തുടര്‍ന്നുള്ള ട്രോമയും ഇരയെ സംബന്ധിച്ച് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അല്ലാതെ അതൊരൊറ്റ സംഭവമല്ല. മാത്രവുമല്ല, പാന്‍ഡമിക് കാലത്താണ് എന്നെ റേപ് ചെയ്യുന്നത്. ആകെ അടക്കപ്പെട്ട അവസ്ഥയിലായിരുന്നു. എനിക്കൊന്നിനും ഉള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. ഒന്നെഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എപ്പഴേ മരണത്തെ കുറിച്ചാലോചിച്ചേനെ. റേപ്പിന് ശേഷം ജോലിയില്‍ ശ്രദ്ധിക്കാനാവാതെ രാജിവെച്ചു. ട്രോമയിലായ ഒരാള്‍ക്ക് എഴുതാന്‍ പോയിട്ട് മെൻസ്ട്രുവൽ ഹൈജീന്‍ പോലും പുലര്‍ത്താന്‍ കഴിയില്ല. ഭക്ഷണം കഴിക്കാന്‍ പറ്റില്ല. വെള്ളം കുടിക്കാന്‍ പറ്റില്ല. എന്നിട്ടും ആ വാടകവീടിനുള്ളിലിരുന്ന് ഞാന്‍ കണ്ടന്റ് എഴുതി ഉണ്ടാക്കി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അയാള്‍ സ്വന്തം വീടിന്റെ നന്‍മ പറഞ്ഞ് എന്നെ ട്രോമാ ബോണ്ടിൽ ആക്കുകയായിരുന്നു. പുറത്തുവന്ന് പരാതി പറയാന്‍ ഞാന്‍ ശ്രമിച്ചപ്പോഴെല്ലാം മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. മരിച്ചു പോയ ഏട്ടന്‍, അവരെ ഓര്‍ത്തു കരയുന്ന ഏട്ടത്തിയമ്മ, അച്ഛന്‍, അമ്മ എന്നീ വിഷയങ്ങളൊക്കെ എടുത്തിട്ട് എന്നെ പുറത്തേക്ക് വരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. മാത്രവുമല്ല, സ്വന്തം സിനിമ പുറത്തിറങ്ങേണ്ടത് ഏട്ടന്റെ സ്വപ്‌നമാണ് എന്നൊക്കെ പറഞ്ഞു. പിടിപാടും ശക്തിയുമുള്ള ആള്‍ ഒരു പെണ്‍കുട്ടിയെ ഹണ്ട് ചെയ്ത് റേപ് ചെയ്യുകയായിരുന്നു. എന്നിട്ട് അവന്റെ സിനിമ പൂർത്തിയാക്കും വരെ അടിച്ചമർത്തി നിര്‍ത്തി, ആശുപത്രിയില്‍ പോലും പോകാന്‍ സമ്മതിക്കാതെ ചൂഷണം ചെയ്യുകയായിരുന്നു. ഞാനൊരു മനുഷ്യനായി എനിക്ക് തോന്നിയില്ല. അഴുക്കില്‍ കിടക്കുന്ന പന്നിയില്ലേ. അതുപോലാണ് സ്വയം അനുഭവപ്പെടുന്നത്.

തെറാപിസ്റ്റിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂര്‍ ബിപിന്‍ പോൾ പറഞ്ഞത് നിങ്ങളൊക്കെ ഫെമിനിസ്റ്റുകളല്ലേ എന്ത് തെറാപ്പിയാണ് എന്നൊക്കെ പരിഹസിച്ച് നോര്‍മലൈസ് ചെയ്യുകയായിരുന്നു.

എങ്ങനെയാണ് തൊഴില്‍ നഷ്ടവും കോവിഡുമെല്ലാം അതിജീവിച്ചത്?

ജോലി രാജിവെച്ച് ചെറിയ രീതിയില്‍ വീട്ടിലിരുന്ന് കണ്ടന്റ് റൈറ്റിങ് നടത്തി. അതായിരുന്നു ഉപജീവനം. 150 വാക്കിന് 40 രൂപക്ക് ജോലി ചെയ്തു. എനിക്ക് കോവിഡ് വന്നപ്പോള്‍ ആശുപത്രിയില്‍ പോലും പോകാന്‍ കഴിഞ്ഞില്ല. രണ്ട് വാക്‌സിനും ഞാനിതുവരെ എടുത്തിട്ടില്ല. അതായിരുന്നു അവസ്ഥ

ഇരയെന്നതാണോ അതോ അതിജീവിതയെന്ന വിളിയാണോ ഈ അവസ്ഥയില്‍ നീതി പുലര്‍ത്തുന്നതായി തോന്നുന്നത്. പേര് നല്‍കാനാവില്ലല്ലോ. എന്തു വിളിക്കണം?

ക്രൂരമായ ആക്രമണത്തെയും തുടർന്നുണ്ടായ ട്രോമയെയും അതിജീവിക്കാൻ ശ്രമിക്കുകയാണ് ഞാൻ. എന്റെ ശരീരം ആകെ തളർന്നു. മനസ്സിനെ ഹീൽ ചെയ്യാൻ ശരീരത്തിനു ശക്തി വേണ്ടെ . ശരീരത്തെ ഹീൽ ചെയ്യാൻ മനസ്സിനും ശക്തി വേണം. ഒറ്റക്കു കുളിക്കാൻ കഴിയുന്നതോ നടക്കാൻ കഴിയുന്നതോ പാമ്പും കോണിയും പോലുള്ള ചെറുകളികൾ കളിക്കാൻ കഴിയുന്നതോ തന്നെ ഇതുവരെയുള്ള ശാരീരിക അവസ്ഥ വെച്ച് എനിക്കു കഴിഞ്ഞു എന്നതു തന്നെ എന്റെ തെറാപിസ്റ്റുകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ‍ഞാനും. അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഞാൻ. അതിജീവിച്ചിട്ടില്ല. അതിനുള്ള കഠിനപ്രയത്നത്തിനാണ്. അക്രമിയിൽനിന്ന് ബലാത്സംഗ സമയത്ത് മാത്രമല്ല ഞാൻ ഇരയാക്കപ്പെട്ടത്. ഒന്നു ഡോക്ടറുടെ അടുത്ത് പോലും പോവാൻ സമ്മതിക്കാതെ എന്നെ ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്ത്, കോവിഡിൽ ഒറ്റപ്പെട്ടിരിക്കുന്ന എന്റെ അവസ്ഥയെ ചൂഷണം ചെയ്ത് എന്നെ കാലങ്ങളോളം അടിച്ചമർത്തുകയായിരുന്നു. പരാതി നൽകിയ ശേഷം അനവസരത്തിലെ ചോദ്യങ്ങൾ നേരിട്ടു കൊണ്ട് ചില പോലീസ് ഉദ്യോഗസ്ഥരിൽനിന്നും മര്യാദയില്ലാത്ത പെരുമാറ്റം കൊണ്ട് മെഡിക്കൽ ചെക്കപ്പിനു പോയപ്പോൾ ഡോക്ടർമാരിൽനിന്നും മാനസ്സിക പീഡനം നേരിട്ട് വീണ്ടും ഇരയാക്കപ്പെട്ടു കൊണ്ടിരുന്നു.

കേസ് കോടതിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ മാനസ്സിക സമ്മർദ്ദത്തിലാണെന്ന് സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. എന്താണ് ആവശ്യം?

എന്നെ മൃഗസമാനമായി, നിഷ്ഠൂരമായി റേപ് ചെയ്ത ലിജു കൃഷ്ണ അവന്റെ സിനിമയുടെ റിലീസിലേക്കും പ്രമോഷന്‍ വര്‍ക്കിലേക്കും കടക്കുമ്പോള്‍ ഞാനിവിടെ ആശുപത്രി കിടക്കയിലാണ്. കോടതി വിചാരണ ഇതുവരെ തുടങ്ങിയിട്ടു പോലുമില്ല. എവിടെ എന്റെ നീതി? സിനിമക്കെതിരല്ല ഞാന്‍. പക്ഷെ എന്റെ ചോരയൂറ്റി കുടിച്ചുണ്ടാക്കിയതാണ് പടവെട്ട് എന്ന സിനിമ. എന്നെ ചൂഷണം ചെയ്ത വിവരം അറിയുന്നയാളാണ് അതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഞാനിവിടെ ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാട് പെടുമ്പോള്‍, ഓരോ ദിവസവും റേപ് റീലിവ് ചെയ്ത് മരിച്ച് ജീവിക്കുമ്പോള്‍, അവന്‍ അവിടെ സിനിമയെടുത്ത് ആഘോഷിച്ച് നടക്കുന്നത് എനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല. സിനിമ റിലീസ് ചെയ്യുമ്പോള്‍ 'പടവെട്ട്' സിനിമയുടെ ക്രഡിറ്റ് ലൈനില്‍നിന്ന് സംവിധായകനായ ലിജു കൃഷ്ണയുടെ പേരെടുത്ത് കളയേണ്ട ചെറിയ നീതിയെങ്കിലും ഞാനര്‍ഹിക്കുന്നുണ്ട്.

പിരിയാന്‍ നേരത്ത് പ്രത്യേകിച്ച് ചോദ്യമൊന്നും ഞാന്‍ ചോദിച്ചിരുന്നില്ല. പക്ഷെ അവള്‍ പറഞ്ഞവസാനിപ്പിച്ചതിങ്ങനെയാണ്..... "എനിക്കുറപ്പില്ല ഞാനെത്രകാലം ഉണ്ടാവുമെന്ന്. എന്നോടുള്ള സ്‌നേഹം വെച്ച് എന്നോടു ജീവിച്ചിരിക്കാന്‍ ആരും പറയാന്‍ ശ്രമിക്കരുത്. ജീവിച്ചു മടുത്തിട്ടില്ല.. പക്ഷെ, എന്റെ ജീവിതം മുഴുവനും മടുപ്പുകള്‍ മാത്രമേയുള്ളൂ. ഒരുതരം വല്ലാത്ത മരവിപ്പും വേദനയുമാണെനിക്ക്."

Content Highlights: Director name should be removed from cinema credit line,survivor,lijukrishna case,interview,mathr


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented