ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണമൊരുക്കി സുഹൃത്തുക്കൾ. തന്റെ പഴയ തട്ടകമായ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ രമേഷ് റാവുവും സംഘവും സ്വീകരണം ഒരുക്കിയത്.

To advertise here,

ജാമ്യവ്യവസ്ഥയിൽ ഇളവ് നേടിയാണ് പോറ്റി ബെംഗളൂരുവിൽ തിരിച്ചെത്തിയത്. തന്റെ ഉന്നത ബന്ധങ്ങൾക്ക് തുടക്കം കുറിച്ച ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലേക്കാണ് ഇളവ് നേടിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം എത്തിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പോറ്റിയും സംഘവും അയ്യപ്പ ക്ഷേത്രത്തിലെത്തിയത്.

നടയിൽ തേങ്ങയുടച്ച് ദർശനം നടത്തിയ ശേഷം പുറത്തുവന്ന പോറ്റിയെ ഉറ്റസുഹൃത്ത് രമേഷ് റാവുവും സുഹൃത്തുക്കളും ചേർന്നാണ് സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്ത പ്രമുഖ വ്യക്തികളിൽ ഒരാളാണ് രമേഷ് റാവു. അടുത്ത 20 ദിവസത്തേക്ക് അദ്ദേഹം നഗരത്തിൽ തുടരുമെന്നാണ് വിവരം.

എന്നാൽ ഈ സ്വീകരണ പരിപാടിയെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും ക്ഷേത്രഭാരവാഹികളോട് അനുവാദം ചോദിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തുക്കൾ ഇത് ചെയ്തതെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി. കേരളത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തെയും അടുത്ത സൗഹൃദങ്ങളെയുമാണ് ഈ സംഭവം അടിവരയിടുന്നത്.

മുൻപ് കേസുമായി ബന്ധപ്പെട്ട് ശ്രീരാംപുരയിൽ എസ്.ഐ.ടി പരിശോധനകൾ നടത്തിയിരുന്നു. ചില പൂജകൾക്ക് വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്. സ്വർണക്കൊള്ള കേസിന് ശേഷം ആദ്യമായാണ് ഇയാൾ ബെംഗളൂരുവിൽ എത്തുന്നത്. നിലവിൽ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാൻ ഇരിക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.