
ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ ഒരിക്കല്‍ക്കൂടി മലയാളസിനിമ അംഗീകാരങ്ങള്‍ നേടിയിരിക്കുന്നു. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ് എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആട്ടം, യുവസംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ ആദ്യചിത്രമാണെന്നത് പുരസ്‌കാരങ്ങളുടെ തിളക്കം വര്‍ധിപ്പിക്കുന്നു. കൊച്ചിയില്‍ താമസിക്കുന്ന ആനന്ദ് ഏകര്‍ഷി, പത്തുവയസ്സ് മുതല്‍ നാടകത്തില്‍ അതീവ തത്പരനായിരുന്നു. കൊച്ചിയിലെ തിയേറ്റര്‍ ഗ്രൂപ്പ് ലോകധര്‍മിയുടെ പ്രധാന പ്രവര്‍ത്തകനായി, കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഇന്ത്യയൊട്ടുക്കും നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ്. പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലി (Imtiaz Ali)യുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആനന്ദ് ഏകര്‍ഷി, ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളും നിര്‍മിച്ചുകൊണ്ടിരിക്കുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്‌ളീഷില്‍ ബിരുദവും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവുമുള്ള ഏകര്‍ഷി, മനസ്സിന്റെ സങ്കീര്‍ണതകളെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും നിരീക്ഷണങ്ങളില്‍നിന്നും തന്റെ സൃഷ്ടികള്‍ക്ക് ഊര്‍ജം കണ്ടെത്തുന്നു. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുമായി നടത്തിയ അഭിമുഖം.
ആദിത്യ ശ്രീകൃഷ്ണ: ആട്ടം നേരത്തേ തീരുമാനിച്ചതനുസരിച്ച് നിര്‍മിച്ച ചിത്രമാണോ, അതോ ആകസ്മികമായി സംഭവിച്ചതാണോ?
ആനന്ദ് ഏകര്‍ഷി: ആകസ്മികമായാണ് ആട്ടം എന്റെ ആദ്യ ചിത്രമായി മാറുന്നത്. അതില്‍ അഭിനയിക്കുന്നവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഏകദേശം പതിനഞ്ചുവര്‍ഷങ്ങളായി ഞങ്ങള്‍ അടുത്ത സൗഹൃദം നിലനിര്‍ത്തുന്നു. എല്ലാവരും ഒരു നാടകസംഘത്തിലുള്ളവരാണ്. കോവിഡ് കാലത്ത്, ഒരുദിവസം ഞങ്ങളൊരു യാത്രപോയിരുന്നു. അപ്പോള്‍ സംഘത്തിലുണ്ടായിരുന്ന വിനയ് ഫോര്‍ട്ട്, മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മുന്‍പോട്ടുവെച്ചു. എല്ലാവരും മികച്ച നാടകനടന്മാരാണ്, പക്ഷേ, ആര്‍ക്കും സിനിമയില്‍ കാര്യമായ അവസരമൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട്, എന്തെങ്കിലും എഴുതി സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് എന്നോട് വിനയ് ചോദിച്ചു. അങ്ങനെ ചെയ്താല്‍ മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാമെന്ന് വിനയ് ഉറപ്പുനല്‍കി. അങ്ങനെയാണ് ഞാന്‍ ഈ കഥ അവര്‍ക്കായി എഴുതുന്നത്. ചിത്രത്തില്‍ അവരുടെ പേരുകള്‍ ഞാന്‍ മാറ്റിയിട്ടില്ല. സ്വന്തം പേരുകളില്‍തന്നെ അവര്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്നു.
ആദിത്യ ശ്രീകൃഷ്ണ:ഒരു ലൈംഗികപീഡനം കേന്ദ്രീകരിച്ചുകൊണ്ടാണല്ലോ ചിത്രം മുന്‍പോട്ടുപോകുന്നത്. നാടകസംഘവുമായി ബന്ധപ്പെട്ട് കഥ പുരോഗമിക്കുന്നു. കേരളത്തിലെ സിനിമാരംഗത്തെ മീറ്റൂ സംഭവങ്ങളുമായും അവയില്‍ അഭിനേതാക്കളുടെ സംഘടനകളെടുത്ത നിലപാടുകളുമായും കഥയോ സിനിമയോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നുണ്ടോ?
ആനന്ദ് ഏകര്‍ഷി: സത്യസന്ധമായി പറഞ്ഞാല്‍ ഇല്ല. അവയൊന്നും ആട്ടം എഴുതാന്‍ പ്രേരണയായിരുന്നില്ല. ഞാന്‍ സൂചിപ്പിച്ചതുപോലെ, ഈ സംഘവുമായി ചേര്‍ന്ന് ഒരു സിനിമ നിര്‍മിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. ഈ കാസ്റ്റ് മനസ്സില്‍ കണ്ടുകൊണ്ടാണ് ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയത്. വളരെ ഊര്‍ജസ്വലമായ ഒരു ഗ്രൂപ്പിനെ ഒരു വ്യക്തി എങ്ങനെ നേരിടുന്നു എന്നത് ചിത്രീകരിക്കയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അതിനായി നേരത്തേ തീരുമാനിക്കപ്പെട്ട പതിനൊന്നുപേരുണ്ടായിരുന്നു. അവരെ നേരിടുന്ന വ്യക്തി ഒരു സ്ത്രീയായിരിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അതിനുശേഷം മാത്രമാണ് പ്രമേയം എന്തായിരിക്കണമെന്ന് ചിന്തിക്കുന്നത്. ജോലിസ്ഥലങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തീര്‍ച്ചയായും ഒരു സജീവവിഷയം തന്നെയാണ്. ഇപ്പോള്‍ അവ തുറന്ന് ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് മാത്രമല്ല, അതൊരു സമകാലിക വിഷയവുമാണ്. പക്ഷേ, അതില്‍ എങ്ങനെ സിനിമാറ്റിക്കായി അന്വേഷണം നടത്തുമെന്നതായിരുന്നു പ്രധാന പ്രശ്‌നം. അതൊരു മതപ്രസംഗമായി മാറാന്‍ പാടില്ല.
ആദിത്യ ശ്രീകൃഷ്ണ:ചിത്രത്തിന്റെ നിരവധി നിരൂപണങ്ങള്‍ 12 ആംഗ്രി മെനുമായുള്ള സമാനത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്താണ് അതിനെപ്പറ്റി പറയാനുള്ളത്? കെ.ജി. ജോര്‍ജിന്റെ യവനിക ഒരു റഫറന്‍സ് പോയിന്റായിരുന്നോ?
ആനന്ദ് ഏകര്‍ഷി: ഏതെങ്കിലും ഒരു സംവിധായകന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍, അത് ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയാണ്. അദ്ദേഹത്തിന്റെ നരേറ്റീവ് രീതി എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. കഥാപാത്രങ്ങളെ സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയുമാണ് അദ്ദേഹം സമീപിക്കാറുള്ളത്. തന്റെ കഥാപാത്രങ്ങളുടെമേല്‍ ഫര്‍ഹാദി വിധിപ്രസ്താവിക്കാറില്ല. അത് പ്രേക്ഷകര്‍ ചെയ്തുകൊള്ളട്ടെയെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍, അങ്ങനെ ചെയ്യുന്ന അവര്‍ ഒടുവില്‍ തങ്ങളുടെ വിധിയില്‍ സംശയിക്കുകയും ചെയ്യുന്നു. 12 ആംഗ്രി മെനിനെക്കുറിച്ച് പറയുകയാണെങ്കില്‍, എല്ലാ ചേംബര്‍ ഡ്രാമ (ഇവമായലൃ ഉൃമാമ)കളും നമ്മെ '12 ആംഗ്രി മെന്‍' ഓര്‍മ്മിപ്പിക്കും. എന്റെ ചിത്രത്തില്‍ പന്ത്രണ്ടുപേര്‍ (അഞ്ജലിയൊഴികെ) ഉള്ളതിനാല്‍ അത് തികച്ചും സ്വാഭാവികംമാത്രം! സ്‌ക്രിപ്റ്റ് എല്ലാവരുമായി ചര്‍ച്ചചെയ്യുന്നതുവരെ ഞാനതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നീട് അതൊഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചുമില്ല. കാരണം ജൈവികമായി പുരോഗമിക്കുന്ന കഥയെ അത് നശിപ്പിക്കുമെന്ന് ഞാന്‍ കരുതി. യവനിക ഒരു ഗംഭീരസിനിമതന്നെയാണ്! അത് പലതവണ ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും അബോധമനസ്സില്‍ കിടന്ന് അത് ഞങ്ങളറിയതെത്തന്നെ പ്രചോദനം നല്‍കിയിട്ടുണ്ടാകാം.
ആദിത്യ ശ്രീകൃഷ്ണ: നാടകസംഘത്തിന്റെ സൗഹാര്‍ദത്തിലും സാഹോദര്യത്തിലും ആരംഭിക്കുന്ന ചിത്രം പിന്നീട് ഹോട്ടലില്‍ അവരൊന്നിക്കുന്നത് കാണുന്ന ഒരാള്‍ക്ക്, ആ ബില്‍ഡ് അപ്പ് എന്തോ ഒരാപത്ത് വരുന്നുവെന്ന സൂചന നല്‍കുന്നു. എന്നാല്‍, അതിലേക്ക് കടക്കാതെ, മറ്റൊരുദിവസത്തിലേക്കും പുതിയൊരു ലൊക്കേഷനിലേക്കും ചിത്രം കട്ടുചെയ്യുന്നു. ആ ടെന്‍ഷന്‍ താങ്കള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു?
ആനന്ദ് ഏകര്‍ഷി: സംഭവം അവള്‍ക്കുമാത്രമേ (അഞ്ജലി) അറിയുകയുള്ളൂ. മറ്റാരും അത് കാണുന്നില്ല. അത് പ്രേക്ഷകരെ കാണിക്കാനും എനിക്ക് താത്പര്യമില്ല. അപ്പോള്‍ ഈ ചോദ്യം വരുന്നു: 'നിങ്ങള്‍ അവളെ വിശ്വസിക്കുന്നുണ്ടോ?' ഈ ചോദ്യം പ്രേക്ഷകരോടുമാത്രമല്ല, മറ്റ് കഥാപാത്രങ്ങളോടുമാണ് ചോദിക്കുന്നത്. എങ്ങനെയായിരിക്കാം സംഭവം നടന്നത് എന്നത് പ്രേക്ഷകര്‍ ഭാവനയില്‍ കാണുന്നു. അല്ലെങ്കില്‍, അത് നടന്നിരുന്നോ, എങ്കില്‍ അപ്പോള്‍ അവളെങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാവുക ഇവയൊക്കെ അവര്‍ ഭാവനയില്‍ കാണുന്നു. ഈ ഭാവനാദൃശ്യങ്ങള്‍, എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്ന് ചിത്രീകരിക്കുന്നതില്‍നിന്ന് എത്രയോ കരുത്തുള്ളതാണ്. ചില ക്രൂ അംഗങ്ങള്‍ അതിന്റെ സൂചന നല്‍കണമെന്നും അല്ലെങ്കില്‍ ആ രാത്രി ഒരു ഫ്‌ലാഷ് ബാക്കില്‍ കാണിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ഞാനവയ്‌ക്കൊന്നും തയ്യാറായിരുന്നില്ല.
ആദിത്യ ശ്രീകൃഷ്ണ: ഓരോ കഥാപാത്രത്തിന്റെയും പകല്‍ജോലി ഒരു മൊണ്ടാഷായി, ജൈവികമായി സ്‌ക്രിപ്റ്റില്‍ എഴുതിച്ചേര്‍ത്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവര്‍ നാടകനടന്മാരാണ്, എന്നാല്‍ അവര്‍ക്ക് പകല്‍ മറ്റ് ജോലികളുമുണ്ട്.
ആനന്ദ് ഏകര്‍ഷി: അത് എന്റെ കഥയിലെ ഒരു പ്രധാനഭാഗമാണ്. അത് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഒരു കാരണമുണ്ട്. അവര്‍ ചെയ്യുന്ന ജോലികളെക്കുറിച്ച് പ്രേക്ഷകരറിയണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് കാണുമ്പോള്‍, അവര്‍ സമൂഹത്തില്‍ ഏത് നിലയില്‍ കഴിയുന്നവരാണെന്നും അവരുടെ സാമ്പത്തികനിലയെന്താണെന്നും പ്രേക്ഷകര്‍ക്കറിയാന്‍ സാധിക്കും. അപ്പോള്‍ കഥയിലെ ഓരോ സന്ദര്‍ഭത്തിലും അവരെങ്ങനെ പ്രതികരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നു. എന്നാല്‍, അതിനായി കൂടുതല്‍ സമയമെടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. കൂടാതെ, ചിത്രത്തിലെ ആദ്യ പത്തുമിനിറ്റില്‍ കാണുന്നതുപോലെ അത് ചെയ്യാന്‍ എനിക്ക് താത്പര്യവുമുണ്ടായിരുന്നില്ല. അങ്ങനെ, വിനയ് വിളിക്കുമ്പോള്‍ എല്ലാവരും തങ്ങളുടെ ജോലിസ്ഥലത്തുനിന്ന് അയാളുമായി സംസാരിക്കുന്നു. സ്‌ക്രിപ്റ്റില്‍ ഞാനാഗ്രഹിച്ചതുപോലെത്തന്നെ അത് നടക്കുന്നു.
ആദിത്യ ശ്രീകൃഷ്ണ: ഒരാളെ പുറത്താക്കുന്നതിനപ്പുറത്ത്, കലാകാരന്മാരെന്നനിലയില്‍ എങ്ങനെ വ്യത്യസ്തമായൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നത് ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. കലാകാരന്റെ നാട്യത്തെപ്പറ്റിയും ധാര്‍മികമായ ഉന്നതനിലപാട് സ്വീകരിക്കുകയെന്ന പക്ഷപാതിത്വത്തെക്കുറിച്ചും എന്തെങ്കിലും സൂചന നല്‍കാനുണ്ടോ?
ആനന്ദ് ഏകര്‍ഷി: തീര്‍ച്ചയായും. ചലച്ചിത്രസംവിധായകരെക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പറയാനുള്ളത്, ആ ഉന്നത ധാര്‍മികനിലപാട് അവര്‍ സ്വീകരിക്കാറുണ്ടെന്നുതന്നെയാണ്. സാഹിത്യരംഗത്തുള്ളവര്‍പോലും തങ്ങള്‍ക്ക് അനന്യമായ കാഴ്ചപ്പാടുകളുണ്ടെന്ന് നടിക്കാറുണ്ട്. ചിലപ്പോള്‍ അത് ശരിയായിരിക്കാം. അതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍, എവിടെയൊക്കെയാണ് അവ സത്യങ്ങളാകുന്നതെന്നതും എവിടെയൊക്കെ വെറും അഭിനയമാകുന്നുവെന്നതും ആര്‍ക്കും വ്യക്തമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അത് കൂടുതലും അഭിനയംമാത്രമാണ്. വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ അവര്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുന്നു. എന്നാല്‍, ആ ദിവസം അവസാനിക്കുന്നതോടെ അവര്‍ മറിച്ച് ചിന്തിക്കാന്‍ തുടങ്ങിയെന്നുവരാം. എല്ലാം ചര്‍ച്ചകളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു, പ്രയോഗങ്ങളില്‍ കാണണമെന്നില്ല. സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ, പ്രശ്‌നം ഗൗരവമായി പൊലീസും കോടതിയും രംഗത്ത് വരുന്നതോടെ അവര്‍ നിലപാട് മാറ്റുന്നു.
ആദിത്യ ശ്രീകൃഷ്ണ: മദന്റെ വീട്ടിലെ കഥാപാത്രങ്ങളെ താങ്കള്‍ എങ്ങനെ ക്രമീകരിച്ചുവെന്നതിനെപ്പറ്റി എന്തെങ്കിലും പറയാമോ? അത് ചിത്രത്തില്‍ വ്യക്തമാക്കപ്പെടുന്നില്ലല്ലോ. ഓരോ ആളും ഓരോ റോള്‍ സ്വീകരിക്കുന്നു, ആരൊക്കെ എവിടെയൊക്കെ ഇരിക്കുന്നു, ആരാണ് ചായയുണ്ടാക്കുന്നത്, അങ്ങനെ...
ആനന്ദ് ഏകര്‍ഷി: ദിവസം അവസാനിക്കുമ്പോള്‍ നാം നമ്മുടെ വ്യക്തിപരമായ ജോലിയുമായി പോകുന്നു. മദന്റെ വീട്ടിലെ ആശാരി, അയാളുടെ വീട്ടിലെ ടോയ്ലറ്റ് ശരിയാക്കുന്നതുപോലെ. എല്ലായിടങ്ങളിലും ഉയര്‍ച്ച താഴ്ചകളുണ്ട്. അതനുസരിച്ച് കഥാപാത്രങ്ങളെ നാം പൊസിഷന്‍ ചെയ്യേണ്ടതുണ്ട്. അവര്‍ എവിടെയൊക്കെ ഇരിക്കണം, എങ്ങനെ പെരുമാറണം എന്നൊക്കെയുള്ള തീരുമാനമെടുക്കണം. സിനിമ മുന്‍പോട്ട് പോകുന്നതോടെ ഈ സ്ഥാനങ്ങള്‍ മാറിയെന്ന് വരാം. തുടക്കത്തില്‍ വിനയ് ഒരു മൂലയിലായിരുന്നു. അയാള്‍ക്ക് ആവശ്യമുള്ള കാര്യം സാധിക്കുന്നതോടെ വിനയ് കേന്ദ്രസ്ഥാനത്തെത്തുന്നു.
ആദിത്യ ശ്രീകൃഷ്ണ: ആട്ടത്തിന്റെ നിര്‍മാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? തിരക്കഥാരചന ആയിരുന്നോ?
ആനന്ദ് ഏകര്‍ഷി: നൂറുശതമാനം. എഴുത്തായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പ്രത്യേകിച്ച് ഇതുപോലൊരു ചിത്രത്തിന്റെ. ഞാന്‍ പലതും മറക്കും. ആകെ പതിമൂന്ന് പേരുണ്ട്. അവരുടെ ഫോട്ടോ ചുവരില്‍ ഒട്ടിച്ചുവെച്ച്, ഇയാള്‍ കഴിഞ്ഞ മൂന്ന് മിനിറ്റില്‍ ഒന്നും സംസാരിച്ചില്ലല്ലോ എന്ന് ചിന്തിക്കും. ആരെങ്കിലും ഇപ്പോള്‍ സംസാരിച്ചേ പറ്റൂ. അതൊരു ബോക്‌സിങ് മാച്ചുപോലെ ആയിരുന്നു. സംഭാഷണം കൂടുതലായി ഉണ്ടായിരുന്നു, അതുകൊണ്ട് അത് ബോറടിക്കുന്ന ഒരു ചിത്രമായി മാറാന്‍ വളരെ എളുപ്പമാണ്. ഒരു കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ അയാളുടെ സ്വഭാവത്തില്‍ തുടര്‍ച്ച അത്യാവശ്യമാണ്. അയാളുടെ സംസാരരീതി, അതിന്റെ ദൈര്‍ഘ്യം എന്നിവയ്ക്ക് തുടര്‍ച്ച വേണ്ടതുണ്ട്. ചിലര്‍ ദീര്‍ഘനേരം സംസാരം തുടരും. എന്നാല്‍ മറ്റു ചിലര്‍ ചെറുവാചകങ്ങള്‍ മാത്രമേ പറയൂ. എപ്പോഴും പുറകിലോട്ടുപോയി കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതായി വന്നു. അത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.
ആദിത്യ ശ്രീകൃഷ്ണ: അതിനര്‍ഥം എഡിറ്റര്‍ക്കൊപ്പമിരുന്നു നല്ല ജോലി ചെയ്യേണ്ടി വന്നു എന്നാണല്ലോ. അത് എഴുത്ത് കഴിഞ്ഞുള്ള ഏറ്റവും ഭാരിച്ച ജോലിയായിരുന്നിരിക്കുമല്ലോ?
ആനന്ദ് ഏകര്‍ഷി: തീര്‍ച്ചയായും. എഡിറ്റിങ് ആണ് ഞാന്‍ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലി. അവിടെയാണ് സിനിമയ്ക്ക് ജീവന്‍വയ്ക്കുന്നത്. മണിക്കൂറുകളോളം എഡിറ്റിങ്ങ് റൂമിലിരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. മൂന്നുമാസം ഞങ്ങള്‍ എഡിറ്റിങ്ങിനായി ചെലവഴിച്ചു. ഓരോ സീനിലും പതിനൊന്നും പന്ത്രണ്ടും കഥാപാത്രങ്ങളുണ്ട്. അവരുടെ പ്രതികരണങ്ങള്‍ കട്ടുചെയ്ത് ചേര്‍ക്കുക എന്നത് വലിയൊരു സാഹസമായിരുന്നു. അതിനുമപ്പുറം, എല്ലാറ്റിനും തുടര്‍ച്ചയും വേണമായിരുന്നു. ഷൂട്ട് ചെയ്ത ധാരാളം ഭാഗങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ഒരു നല്ല ചിത്രമായി അത് മാറുമോ എന്ന് സംശയിച്ച് വിഷമിച്ച ഘട്ടവുമുണ്ടായിരുന്നു. കാരണം, പശ്ചാത്തലങ്ങളിലെ തുടര്‍ച്ചയില്ലായ്മമൂലം ധാരാളം ഭാഗങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. എനിക്കൊരു മികച്ച എഡിറ്ററെ കിട്ടിയിരുന്നു- മഹേഷ് ഭുവനേന്ദ്. അദ്ദേഹത്തിനൊപ്പമുള്ള എഡിറ്റിങ് ജോലി ഞാന്‍ നന്നായി ആസ്വദിച്ചു.
പരിഭാഷ: സി.വി. രമേശന്‍
(കടപ്പാട്: www.ottplay.com)
(2024 സെപ്റ്റംബര്‍ 1 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)
Content Highlights: anand ekarshi interview social
Published: 03 Sept 2024, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented