'ഭര്‍ത്താവ് ജീവിച്ചിരിക്കേ ഇങ്ങനെയൊക്കെ വന്നുപോയല്ലോ, ഈ പെണ്ണ് എങ്ങനെ ജീവിക്കും, കഷ്ടം, എങ്ങനെയിവള്‍ മനുഷ്യരുടെ മുഖത്ത് നോക്കും... അലോപേഷ്യയുണ്ടെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയതും സമൂഹം അവളെ സഹതാപക്കണ്ണുകൊണ്ട് ചുട്ടുപൊള്ളിച്ചു. പിറുപിറുക്കലുകള്‍ക്കും പരിഹാസച്ചിരികള്‍ക്കും ഇടയിലൂടെ അവള്‍ തലയുയര്‍ത്തി നടന്നു. കേതകി ജാനി ഇന്ത്യയിലെ ആദ്യത്തെ അലോപേഷ്യന്‍ മോഡലാണ്. സമൂഹത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളുടെ വാര്‍പ്പുമാതൃകകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ടവര്‍ അന്തര്‍ദേശീയ സൗന്ദര്യമത്സരങ്ങളില്‍ തുടര്‍ച്ചയായി കീരിടമണിഞ്ഞു. മുടി  കൊഴിഞ്ഞുപോകുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ അലോപേഷ്യയെക്കുറിച്ച് ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലാണ് അവരുടെ ശ്രദ്ധയിപ്പോള്‍. ഒരു സ്ത്രീ മുടിയില്ലാതെ ജീവിക്കേണ്ടി വരുന്നത് മോശം കാര്യമായി കാണുന്നവർക്കിടയിൽ നിന്നാണ് അലോപേഷ്യ ബാധിച്ച മനുഷ്യരെ മുന്‍വിധിയോടെ കാണാത്ത സമൂഹമുണ്ടാവണം എന്ന ലക്ഷ്യവുമായി കേതകി കർമ്മരംഗത്തേക്ക് വരുന്നത്. പിന്നിട്ട വഴികളെക്കുറിച്ച്  മാതൃഭൂമി ഡോട്ട്കോമിനോട്  അവര്‍ സംസാരിക്കുന്നു.

To advertise here,

2022-ല്‍ ഓസ്‌കര്‍ വേദിയില്‍ വച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. അലോപേഷ്യ രോഗിയായ ഭാര്യ ജെയ്ഡ പിന്‍കെറ്റ് സ്മിത്തിനെ പരിഹസിക്കുന്ന തരത്തില്‍ ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിന്റെ പ്രകോപനത്തിന് കാരണമായത്. പിന്നാലെ തന്റെ പ്രവൃത്തിയില്‍ വില്‍ സ്മിത്ത് നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ അലോപേഷ്യ രോഗത്തിന്റെ സങ്കീര്‍ണാവസ്ഥകളെക്കുറിച്ച് പങ്കുവെച്ചിരുന്നു. 2018- ല്‍ റെഡ് ടേബിള്‍ ടോക്കിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി ജെയ്ഡ പിന്‍കെറ്റ് സ്മിത്ത് തുറന്നുപറഞ്ഞത്. അലോപേഷ്യ തുടങ്ങിയ സമയത്ത് അത് കൈകാര്യം ചെയ്യുക എന്നത് ഭീകരമായ അവസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. 2021 ജൂലായിലാണ് അവര്‍ തല മുണ്ഡനം ചെയ്ത രൂപത്തില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ജെയ്ഡ പിന്‍കെറ്റ് സംഭവത്തിന് മുന്‍പേ കേതകി ജാനി ഇന്ത്യയില്‍ അലോപേഷ്യ രോഗികളുടെ സാധാരണജീവിതത്തിനായി ശബ്ദമുയര്‍ത്തിത്തുടങ്ങിയിരുന്നു.

placeholder
.
ജയ്ഡ പിന്‍കെറ്റ് സ്മിത്ത്|instagram.com/jadapinkettsmith/

അലോപേഷ്യ ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. അതായത്, ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം രോമകൂപങ്ങളെതന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. ഈ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ല. വട്ടത്തില്‍ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരില്‍ മുടി പിന്നീട് തിരിച്ചുവരാം. എന്നാല്‍ ചിലര്‍ക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടി മുഴുവന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അലോപേഷ്യ യൂണിവേഴ്‌സാലിസ് എന്നും പറയുന്നു. ഈ രോഗം മൂലം മുടി കൊഴിഞ്ഞുപോവുന്നു എന്നതല്ലാതെ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പൊതുവേ ഉണ്ടാകാറില്ല. കോവിഡ്-19 ശേഷം അലോപേഷ്യരോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠനങ്ങള്‍ പറയുന്നു.

placeholder
.
കേതകി ജാനി|photo:facebook.com/ketaki.jani/

അലോപേഷ്യയുണ്ടെന്ന് എപ്പോഴാണ് തിരിച്ചറിയുന്നത്.

കറുത്ത, തിളക്കമുള്ള കട്ടിയുള്ള മുടി എനിക്കുമുണ്ടായിരുന്നു. 2010-ല്‍ ഒരു ദിവസം ഓഫീസിലിരിക്കുമ്പോഴാണ് ചെവിയുടെ പിന്നിലായി തലയില്‍ ചൊറിയുന്നതുപോലെയുളള അസ്വസ്ഥത അനുഭവപ്പെടുന്നത്. കൂടെയുള്ള സഹപ്രവര്‍ത്തകയോട് എന്താണെന്ന് നോക്കാൻ  ആവശ്യപ്പെട്ടപ്പോള്‍ അവിടെ കുറച്ച് മുടി കൊഴിഞ്ഞിട്ടുണ്ടെന്ന് മറുപടി കിട്ടുന്നത്. അതുകേട്ടതും ശ്രദ്ധയോടെ തലയിലൂടെ വിരലോടിച്ചപ്പോള്‍ സില്‍ക്കില്‍ തൊടുന്നത് പോലെ തലയോട്ടിയുടെ ഭാഗം അനുഭവപ്പെട്ടു. അത് വലിയൊരു പേടിയുടെ തുടക്കമായിരുന്നു. എട്ടുമാസം കൊണ്ട് എന്റെ തലമുടി മുഴുവനായി കൊഴിഞ്ഞുകൊണ്ടിരുന്നു. 2014-വരെ മരുന്ന് കഴിക്കാത്ത ഒരു ദിവസമില്ല എന്റെ ജീവിതത്തില്‍. കാണുന്നവര്‍ക്കെല്ലാം ഒരോ മരുന്ന് പറയാന്‍ ഉണ്ടാകും പരീക്ഷിക്കാത്ത മരുന്നില്ല. ഹോമിയോപ്പതി, അലോപ്പതി, ആയുര്‍വേദം, യുനാനി അതങ്ങനെ നീളും.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ജീവിതം നമ്മുടെ മുന്നിലേയ്ക്ക് ചില ചോദ്യങ്ങളെടുത്തിടും. മുടി നമ്മള്‍ക്ക് വേണമല്ലോ. മനുഷ്യനല്ലേ, അതില്ലാതെ വരുമ്പോഴുള്ള അവസ്ഥ. നമുക്ക് സമൂഹത്തിന് നേരെ മുഖമുയര്‍ത്താന്‍ കഴിയാത്ത അവസ്ഥ വരും. മഹാരാഷ്ട്ര സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ടെക്സ്റ്റ് ബുക്ക് പ്രൊഡക്ഷനിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. ആളുകള്‍ ഓഫീസിലെത്തും മുന്‍പേ ജോലിക്കെത്തുകയും എല്ലാവരും പോയതിന് ശേഷം ഓഫീസില്‍ നിന്നിറങ്ങുകയും ചെയ്യുകയാണ് ഞാന്‍ ആദ്യം ചെയ്തത്. വെളിച്ചത്തിലേയ്ക്ക് വരാന്‍ എനിക്ക് ഭയമായിരുന്നു. കടുത്ത വിഷാദത്തിലേക്ക് ഞാന്‍ കൂപ്പുകുത്തി. ആളുകള്‍ എന്റെ മുഖത്ത് നോക്കി സഹതാപ വാക്കുകള്‍ ചൊരിഞ്ഞു. ചിലര്‍ പരിഹസിച്ചു. എനിക്ക് പുറത്തിറങ്ങാന്‍ മടിയായി. ആളുകളെ കാണുന്നത് ഭയമായിത്തുടങ്ങി. തല മറച്ചു നടക്കുമ്പോള്‍ ആളുകള്‍ ക്യാന്‍സറാണോയെന്നാണ് ചോദിച്ചത്. മുടിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ഞാന്‍ മടുത്തു. മുടിയില്ലാത്ത ജീവിതം എന്നെ സര്‍പ്പത്തെപോലെ വലിഞ്ഞുമുറുക്കി. എനിക്ക് ഈ ചോദ്യങ്ങളെ മറികടക്കണമായിരുന്നു. പക്ഷേ, കഴിഞ്ഞില്ല.

എത്തരത്തിലാണ് ഈ സങ്കീര്‍ണമായ അവസ്ഥയെ മറികടന്നത്.

 അലോപേഷ്യ ബാധിക്കുന്നതിലൂടെ ഒരാള്‍ കടുത്ത മാനസികസംഘര്‍ഷത്തിലേക്ക് വീണുപോകും. മുടി പൂര്‍ണമായും നഷ്ടമായിത്തുടങ്ങുന്നതോടെ ആത്മഹത്യാചിന്തകള്‍ നമ്മളെ അലട്ടിത്തുടങ്ങും. 2014-ല്‍ ഇത്തരത്തില്‍ ആത്മഹത്യാപ്രവണത എനിക്കുമുണ്ടായിരുന്നു. ഒരു മരുന്നും ഫലിക്കാതെ  വന്നപ്പോള്‍ ഞാന്‍ മരിക്കാന്‍ തീരുമാനമെടുത്തു. ഞാന്‍ ഈ ലോകത്തിന് വേണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങി. ആളുകളുടെ കണ്ണുകളിലെ സഹതാപം എന്നെ അത്രയേറെ തളര്‍ത്തിയ ഒരു നിമിഷം ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

placeholder
.
കേതകി ജാനി അലോപേഷ്യയ്ക്കും മുന്‍പും പിന്‍പും|facebook.com/ketaki.jani/

എന്റെ തൊട്ടടുത്തായി എന്റെ രണ്ടു മക്കളും വീട്ടിലെ രണ്ടു നായ്ക്കളും ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്നാണ് മനസിലേയ്ക്ക് അവരെക്കുറിച്ചുള്ള ആധി വന്നത്. ഞാന്‍ മരണപ്പെട്ടാല്‍ നാളെ രാവിലെ ഇവരെന്ത് ചെയ്യും?. അവര്‍ക്ക് ഞാനല്ലാതെ മറ്റാരുമില്ല. ഞാന്‍ അവരെ ആരുമില്ലാതാക്കാന്‍ പാടില്ലെന്നും മനസ് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അവര്‍ക്ക് ജീവിതത്തിന്റെ തെറ്റായ ഉദാഹരണമാകാൻ പാടില്ല. നാളെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ മരണം തിരഞ്ഞെടുക്കുന്നവരായി അവരും മാറാന്‍ പാടില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. അവിടെ നിന്നാണ് പേടികളെ അതിജീവിക്കണമെന്ന് ഞാന്‍ തീരുമാനിച്ചത്. എന്റെ മാനസികസംഘര്‍ഷങ്ങളോടും സമൂഹത്തോടും ഒരുപോലെ എനിക്ക് പോരാടേണ്ടി വന്നു. ഒന്നും ഒട്ടും എളുപ്പമായിരുന്നില്ല.

placeholder
.
കേതകി ജാനി| photo:facebook.com/ketaki.jani/

വിഗ് ഉപയോഗിക്കാനും പുതിയ മരുന്നുകള്‍ ഉപയോഗിക്കാനുമുള്ള ഉപദേശങ്ങളോട് പ്രതികരിച്ചതെങ്ങനെയാണ്

വിഗ് വെച്ചുകൂടേയെന്ന് എല്ലാവരും എന്നോട് പറഞ്ഞുകൊണ്ടിരുന്നു. വര്‍ഷങ്ങളോളം മരുന്ന് കഴിച്ചിട്ടും എന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. മുടി ഇനി തിരിച്ചുവരില്ലെന്ന് മനസിലായതോടെ ഞാന്‍ ആ ശ്രമവും അവസാനിച്ചു. വിഗ് വെച്ചാല്‍ എന്റെ ഈ പ്രശ്‌നത്തിന് താത്കാലികമായും ബാഹ്യമായതുമായതുമായ പരിഹാരം ലഭിക്കും. എന്നാല്‍ എന്റെയുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് ആരാണ് പരിഹാരം കണ്ടെത്തിത്തരിക? അത്രയധികം പ്രശ്‌നങ്ങളാണ് മനസിലുണ്ടായിരുന്നത്. ഇത് ഞാനല്ല, ഞാന്‍ എങ്ങനെയാണോ അതുപോലെ എനിക്ക് ജീവിക്കാന്‍ കഴിയില്ലേ, ഈ ചോദ്യങ്ങള്‍ മനസില്‍ കിടന്നു തിളച്ചു.

ആ കൃത്രിമത്വം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മുടിയുള്ള ഒരു മനുഷ്യനും അത്തരമൊരു അവസ്ഥയുടെ ഭീകരതയുടെ ആഴം മനസിലാവില്ല. ഇന്ത്യയില്‍ അലോപേഷ്യയുള്ള ഒരാളുടെ സാമൂഹികജീവിതം ഒട്ടും സുഖകരമല്ല, അതൊരു സ്ത്രീയാണെങ്കില്‍ അതികഠിനം തന്നെയാണ് അവരുടെ ജീവിതം. കാരണം നമ്മുടെ സ്ത്രീസങ്കല്‍പങ്ങളുടെ അളവുകോലുകള്‍ ഇങ്ങനെയല്ല, മുടിയില്ലാത്ത ഒരു സ്ത്രീയെ അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല.

placeholder
.
കേതകി ജാനി|photo:facebook.com/ketaki.jani/

എന്തുകൊണ്ട് മുടിയില്ലാത്ത മനുഷ്യന്‍ സമൂഹത്തില്‍ സന്തോഷത്തോടെ ജീവിച്ചൂകൂടാ? അങ്ങനെയുള്ള മനുഷ്യരേയും ഉള്‍ക്കൊള്ളാനും സാധാരണജീവിതം നയിക്കാനും അനുവദിച്ചൂകൂടാ? ഇന്ത്യയിലാണ് ഇത്രയും മോശമായ അവസ്ഥയിലുള്ളത്. ആളുകള്‍ക്ക് ഇത്തരം അവസ്ഥകളെക്കുറിച്ച് ധാരണയില്ല.  ഇന്ത്യയില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'മുടി കൊഴിഞ്ഞുപോകുന്നതും ഒരു മനുഷ്യാവസ്ഥയാണ്. അവര്‍ക്ക് സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയണം. അവരെയെന്തിനാണ് സമൂഹം ഭയപ്പെടുത്തുന്നത്. ഞാനതിനെ പൂര്‍ണമായി എതിര്‍ത്തുകൊണ്ടിരുന്നു.ഇപ്പോഴും തുടരുന്നു.

placeholder
.
കേതകി ജാനി|photo:facebook.com/ketaki.jani/

ഇത്രയും വര്‍ഷത്തെ ബോധവത്ക്കരണപ്രവര്‍ത്തനങ്ങളിലൂടെ മാറ്റം വന്നതായി തോന്നുന്നുണ്ടോ

മുടിയില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ ഇടയിലുണ്ട്. പക്ഷേ, വിഗ്ഗിലോ  ഒരു സ്‌കാര്‍ഫിലോ അല്ലെങ്കില്‍ നാലു ചുമരുകള്‍ക്കിടയിലോ അവര്‍ തങ്ങളുടെ സ്വത്വത്തെ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ബന്ധിതരാണ്. പുരുഷന്റെ അവസ്ഥയേക്കാള്‍ ഭീകരം സ്ത്രീകളുടേത് തന്നെയാണ്. പുതിയ തലമുറ ഇത്തരം വിഷയങ്ങള്‍ ഉള്‍ക്കൊണ്ടു പെരുമാറുന്നതായി തോന്നിയിട്ടുണ്ട്. എങ്കിലും ജീവിത പങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പത്തില്‍ പൂര്‍ണമായി മുടിയില്ലാത്ത സ്ത്രീയെ ഉള്‍കൊള്ളാന്‍ എത്രപേര്‍ക്ക് കഴിയുമെന്നത് ചോദ്യമാണ്. മാറ്റം ഉണ്ടാകുന്നുണ്ട്. പക്ഷേ, നമ്മുടെ കാഴ്ചപ്പാട് ഇനിയും മാറേണ്ടതുണ്ട്.

ആളുകള്‍ ഇത്തരം  അവസ്ഥയെക്കുറിച്ചുള്ള അറിവില്ലാതെ പെരുമാറുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും അലോപേഷ്യ ഉള്ള വ്യക്തികളെ വ്യത്യസ്തമായി പരിഗണിക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യാറുണ്ട്. ' ഇവിടെ ഇനിയും കൃത്യമായ  ബോധവത്ക്കരണം ആവശ്യമാണ്. തൈറോയ്ഡ്, പ്രമേഹം തുടങ്ങിയവ ബാധിക്കുന്ന മനുഷ്യരെ ആരും ഇത്തരത്തില്‍ കാണുന്നില്ല. അവര്‍ക്ക് മരുന്ന് കഴിച്ച് സാധാരണ ജീവിതം നയിക്കാന്‍ കഴിയും, എന്നാല്‍ അലോപേഷ്യ ബാധിച്ച ഒരാള്‍ക്ക് ഇത്തരമൊരു ജീവിതം സമൂഹം നല്‍കില്ല. ഇപ്പോഴും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുക, ഇവരോട് അകലം പാലിക്കുകയൊക്കെയാണ് ആളുകളുടെ പ്രത്യക്ഷ പ്രതികരണം.

placeholder
.
കേതകി ജാനി|photo:facebook.com/ketaki.jani/

നിരവധി സൗന്ദര്യമത്സരങ്ങളുടെ ഭാഗമാവുകയും വിജയിയാകുകയും ചെയ്തു. അതിലേയ്ക്ക് എത്തിപ്പെട്ടതെങ്ങനെയാണ്

അവസരം ലഭിക്കുമെന്ന് പോലും ഉറപ്പില്ലാതെയാണ് മിസിസ് വേള്‍ഡ് വൈഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അതൊരു വലിയ തീരുമാനമായിരുന്നു. എനിക്ക് അവസരം ലഭിക്കുകയും മിസിസ് ഇന്‍സ്പിരേഷന്‍ ടൈറ്റില്‍ ലഭിക്കുകയും ചെയ്തു. വെറുംകൈയോടെ മടങ്ങേണ്ടി വരുമെന്നായിരുന്നു എന്റെയുള്ളില്‍. പക്ഷേ, വിധികര്‍ത്താക്കള്‍ പങ്കെടുക്കാനുള്ള എന്റെ തീരുമാനത്തെ അഭിനന്ദിച്ചു.

നടി സീനത്ത് അമന്‍ പറഞ്ഞ വാക്കുകൾ എനിക്ക് ഇനിയും മുന്നോട്ടു പോകാന്‍ പ്രചോദനമായി. കീരിടം ആരും വേണമെങ്കിലും നേടട്ടെ, എനിക്ക് നിങ്ങളാണ് ഈ മത്സരത്തിന്റെ വിജയി. നിങ്ങളുടെ കിരീടം നിങ്ങള്‍ക്ക് എന്നുമുണ്ടാകും.തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ നടന്ന മിസിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 2018-ല്‍ മിസിസ് കോണ്‍ഫിഡന്റ് ടൈറ്റില്‍ നേടാനായി. അലോപേഷ്യ ബാധിച്ച മനുഷ്യരും സൗന്ദര്യമുള്ളവരും സാധാരണജീവിതം അര്‍ഹിക്കുന്നവരുമാണ്. സൗന്ദര്യസങ്കല്‍പത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാനാണ് എന്റെ ശ്രമങ്ങള്‍. മിസിസ് പുണെ മത്സരത്തില്‍ മിസിസ് പോപ്പുലറും മിസ് ആന്‍ഡ് മിസിസ് പുണെ ഇന്റര്‍നാഷണലില്‍ മിസിസ് പോപ്പുലറും ഷീ ഈസ് ഇന്ത്യയില്‍ മിസിസ് പീപ്പിള്‍സ് ചോയ്‌സും നേടാനായി. സൗന്ദര്യമത്സരങ്ങള്‍ ആളുകളെ കാഴ്ചപ്പാടുകളെ മാറ്റാന്‍ ഉള്ളതാകണം.

placeholder
.
കേതകി ജാനി|photo:facebook.com/ketaki.jani/

തലയില്‍ ടാറ്റൂ ചെയ്യുക എന്ന തീരുമാനം എപ്പോഴാണെടുത്തത്

തലമുടി കൊഴിഞ്ഞുപോയതോടെ കണ്ണാടി നോക്കാന്‍ ഭയമുള്ള വ്യക്തിയായിരുന്നു ഞാന്‍. വര്‍ഷങ്ങളോളം കണ്ണാടി നോക്കാതെ ഞാന്‍ ജീവിച്ചു. എന്നെ ഉള്‍ക്കൊള്ളാന്‍ ആദ്യകാലങ്ങളില്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നെ കാണുമ്പോള്‍ ആളുകളുടെ പരിഹാസങ്ങൾ ഓർമ വരും. എന്നാല്‍ ഞാന്‍ ഇങ്ങനെയാണെന്ന് ഉറപ്പിച്ചതോടെ കണ്ണാടി നോക്കുവാന്‍ ധൈര്യമുള്ളവളായി ഞാന്‍ മാറി. മുടിയില്ലാതെയുള്ള തല ഒരു ക്യാന്‍വാസായിട്ടാണ് തോന്നിയത്. അങ്ങനെയാണ് ടാറ്റൂ ചെയ്യുന്നത്. 

അലോപേഷ്യബാധിതരോട് എന്താണ് പറയാനുള്ളത്

അലോപേഷ്യയോ മറ്റെന്ത് രോഗമോ ബാധിക്കുന്നത് ആരുടേയും തെറ്റല്ല. അലോപേഷ്യ ബാധിച്ചതിന് ശേഷം സമൂഹത്തില്‍ നിന്നും ഞാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിലൂടെ ഒരിക്കലും ഇതൊരു മറയ്ക്കപ്പെടേണ്ട അവസ്ഥയാണെന്ന് ഞാന്‍ കരുതുന്നില്ല നാലു ചുമരുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കേണ്ടവരല്ല മുടിയില്ലാത്ത ഒരു മനുഷ്യനും എന്നെനിക്ക് മനസിലായി. മറച്ചുപിടിക്കുന്നതിലൂടെ ഒരിക്കലും നമ്മുടെ വേദനകള്‍ ശമിക്കില്ല.

കൂടുതല്‍ തകര്‍ന്നുപോകുക മാത്രമാണ് ചെയ്യുക. പലതരം ചിന്തകള്‍ മനസില്‍  വരും, അതിനെ അതിജീവിച്ചു മുന്നോട്ടുപോകണം. ഈ രോഗം പകരുകയോ മരണം സംഭവിക്കുകയോ ചെയ്യുന്നതല്ല. മുടി മാത്രമാണ് പോയത്, പക്ഷേ, ബാക്കി ജീവിതം ജീവിക്കാന്‍ നമ്മള്‍ക്കും അവകാശമുണ്ട്. ഇന്ത്യയില്‍ വിദേശ രാജ്യങ്ങളിലെ പോലെ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നമ്മള്‍ നമുക്ക് വേണ്ടി സംസാരിക്കണം. ഇതിനകം 700-ലധികം രോഗികളോട് സംസാരിക്കാനും അവരുടെ അതിജീവനപാതയില്‍ ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്. ഇനിയും ആളുകള്‍ മുന്നോട്ട് വരണം. നമുക്ക് വേണ്ടി സംസാരിക്കണം.

placeholder
.
കേതകി ജാനി|photo:facebook.com/ketaki.jani/

അലോപേഷ്യ ബോധവത്ക്കരണം വ്യാപകമാക്കാന്‍ ഇനിയെന്താണ് ചെയ്യേണ്ടത്

അലോപേഷ്യ വരുന്നത് പാപമായിട്ട്  കരുതുന്നവര്‍ നമ്മള്‍ക്കിടയിലുണ്ട്. കുടുംബത്തില്‍ നിന്നും പോലും അവഗണനയും ആക്ഷേപവും കേള്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്. ചുറ്റുമുള്ളവരില്‍ നിന്നും നമ്മളെ മറച്ചുപിടിക്കേണ്ടി വരുന്നത് അത്തരം അവസ്ഥയിലാണ്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്യാമ്പയിനുകള്‍ നടത്തണം. ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറസ് പോളിസികളില്‍ അലോപേഷ്യ പോലുള്ള രോഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സങ്കടകരമാണ്. എല്ലാവര്‍ക്കും മുടി പൂര്‍ണമായി നഷ്ടപ്പെടില്ല. ചികിത്സയിലൂടെ മാറ്റം വരുന്നവരുണ്ട്. അവരില്‍ പലര്‍ക്ക് ഈ ചെലവ് താങ്ങാന്‍ കഴിയുന്നില്ല. അവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കണം. മുടി നഷ്ടപ്പെട്ട ഒരാളെ കാണുകയാണെങ്കില്‍ തുറിച്ചു നോക്കാതിരിക്കുക. അവരെ അവരായി ജീവിക്കാന്‍ അനുവദിക്കുക. ഇത് സാധ്യമാക്കുകയാണ് എന്റെ ലക്ഷ്യം.