ജെന്‍ സീ (Gen Z) തലമുറ (1997 മുതല്‍ 2012 വരെ ജനിച്ചവര്‍) ലോകമാകെ വലിയസ്വാധീനം ചെലുത്തുന്നു. ഇന്ത്യയില്‍ 35 വയസ്സിനുതാഴെയുള്ള ഏകദേശം 65 ശതമാനം ജനസംഖ്യയില്‍ അവര്‍ നിര്‍ണായകസ്ഥാനത്താണ്. രാജ്യത്തെ ജനസംഖ്യാപരമായ നേട്ടത്തിന് (demographic dividend) മുഖ്യശക്തിയായി മാറുകയുംചെയ്യുന്നു. നേപ്പാളില്‍ അഴിമതി, തൊഴിലില്ലായ്മ, സോഷ്യല്‍ മീഡിയ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ ജെന്‍ സീ ശക്തമായി പ്രതിഷേധിക്കുകയും ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഡിജിറ്റല്‍ ഇടപെടലുകള്‍വഴി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ഭരണമാറ്റത്തിനുപോലും വഴിയൊരുക്കുകയുംചെയ്തു.

To advertise here,

ജെന്‍ സീയുടെ വ്യത്യസ്ത ഉപഭോഗശീലങ്ങളും ഡിജിറ്റല്‍ ഇടപെടലുകളും വിപണികളെ നവീനവഴികളിലേക്കു നയിക്കുന്നു. ഫാഷന്‍, ഭക്ഷണം, ലൈഫ്‌സ്‌റ്റൈല്‍, പണമിടപാടുകള്‍ എന്നിവയില്‍ പുതിയ പ്രവണതകള്‍ രൂപപ്പെടുന്നു. സ്വാതന്ത്ര്യബോധവും സൃഷ്ടിപരതയും ചേര്‍ന്ന ജെന്‍ സീ ഇന്ത്യയുടെയും അന്താരാഷ്ട്രവിപണികളുടെയും വികസനദിശകള്‍ പുനര്‍നിര്‍വചിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു. അതിനാല്‍ ഈ തലമുറയുടെ സാധ്യതകളെ ഗുണപരമായി പ്രയോജനപ്പെടുത്തുന്ന നയപരമായ പരിഷ്‌കാരങ്ങള്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്.

മാറുന്ന ഉപഭോഗശീലങ്ങളും സാമ്പത്തികപ്രവണതകളും

ജെന്‍ സീ ഇന്ത്യയുടെ സാമ്പത്തികരംഗത്ത് ശക്തമായ സ്വാധീനംചെലുത്തുന്ന തലമുറയായി മാറിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ഉപഭോഗച്ചെലവുകളുടെ ഏകദേശം 43 ശതമാനം ജെന്‍ സീയുടെ പങ്കാണ്. ഇത് ഏകദേശം 25,000 കോടി ഡോളര്‍ നേരിട്ട് ചെലവാക്കിയതിനു തുല്യമാണ്. സ്വതന്ത്രമായ സാമ്പത്തിക ഇടപെടലുകളും ഡിജിറ്റല്‍ പ്രാവീണ്യവും പുതിയ ആശയവിനിമയശൈലികളും അവരുടെ പ്രത്യേകതകളായി മാറിയിരിക്കുന്നു. ഈ സ്വാധീനം യുപിഐ പണമിടപാടുകള്‍പോലുള്ള ഡിജിറ്റല്‍ ഇടപെടലുകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു.ജെന്‍ സീയുടെ ഉപഭോഗശീലങ്ങള്‍ മുന്‍തലമുറകളില്‍നിന്ന് വ്യത്യസ്തമാണ്. ഭൂമി, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയ്ക്കു മുന്‍ഗണനനല്‍കിയ മുന്‍തലമുറകളുമായി താരതമ്യംചെയ്യുമ്പോള്‍ ജെന്‍ സീ വരുമാനത്തിന്റെ വലിയൊരു ഭാഗം ഡിജിറ്റല്‍ സേവനങ്ങള്‍, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, യാത്ര, ഭക്ഷണം എന്നിവയില്‍ ചെലവിടുന്നു.

ഉപഭോഗം വ്യക്തിപരമായ സ്വത്വപ്രകടനത്തെയും തത്ക്ഷണസംതൃപ്തിയെയും കേന്ദ്രമാക്കുന്നു. ഇത് സാമ്പത്തികവിവേകത്തിന്റെയും ദീര്‍ഘകാലസമ്പാദ്യത്തിന്റെയും പരമ്പരാഗതമാനദണ്ഡങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഫ്‌ളാഷ് സെയില്‍സ്, റിവാര്‍ഡുകള്‍, ഇന്‍ഫ്‌ലുവന്‍സര്‍ എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ ഉപഭോഗത്തെ തത്ക്ഷണപരിഗണനയിലേക്കു നയിക്കുന്നു. ഇതിലൂടെ ഫിന്‍ടെക്, ഇ-കൊമേഴ്സ്, വിനോദ സ്ട്രീമിങ്, ഫാഷന്‍, സൗന്ദര്യസംരക്ഷണം എന്നീ മേഖലകളില്‍ വളര്‍ച്ചയ്ക്ക് ശക്തിപകരുന്നു.ജെന്‍ സീയുടെ സ്വയംസംരംഭകത്വവും സൃഷ്ടിപരതയും ഡിജിറ്റല്‍ പ്രാവീണ്യവും വിപണിക്കും സമ്പദ്വ്യവസ്ഥയ്ക്കും പുതിയ ദിശാബോധം നല്‍കുന്നു. ഫ്രീലാന്‍സിങ്, ഗിഗ് ഇക്കോണമി, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ പേമെന്റുകള്‍, മൊബൈല്‍ ബാങ്കിങ്, ക്രിപ്‌റ്റോകറന്‍സി, ഇന്‍വെസ്റ്റ്‌മെന്റ് ആപ്പുകള്‍ എന്നിവ ജെന്‍ സീയുടെ സാമ്പത്തിക ഇടപെടലുകള്‍ സുസ്ഥിരവും കാര്യക്ഷമവുമാക്കുന്നു. Amazon, Flipkart, Myntra, Zudio, Trends, Lifestyle, Uber, Zomato, Swiggy തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങളും അനുഭവങ്ങളും രൂപപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ 2035-ല്‍ എത്തുമ്പോഴേക്കും ജെന്‍ സീയുടെ  സാമ്പത്തികസ്വാധീനം രണ്ടുലക്ഷംകോടി ഡോളര്‍വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ലൈക്കുകളും ഫോളോവേഴ്സും

ജെന്‍ സീ തലമുറയുടെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. ലൈക്കുകള്‍, ഫോളോവേഴ്സ്, ഷെയറുകള്‍ എന്നിവ അവരുടെ സ്വയംപ്രകടനത്തിനും സാമൂഹിക അംഗീകാരത്തിനും മാനദണ്ഡമായി മാറിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യുറ്റിയൂബ്, പോഡ്കാസ്റ്റുകള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിപരത, ആശയവിനിമയം, വ്യക്തിത്വവികസനം, സാമ്പത്തികസ്വാതന്ത്ര്യം, കരിയര്‍ അവസരങ്ങള്‍ എന്നിവയ്ക്ക് വേദി നല്‍കുന്നു.ജെന്‍ സീ ഇന്ത്യയിലെ രാഷ്ട്രീയ ഇടപെടലുകളുടെ പരമ്പരാഗതരീതികളെ മറികടന്ന് പുതിയ രൂപങ്ങള്‍ അവതരിപ്പിക്കുന്നു. അവര്‍ റാലികള്‍, പാര്‍ട്ടി അംഗത്വം, പരമ്പരാഗത വോട്ടിങ് രീതികള്‍മാത്രമല്ല പിന്തുടരുന്നത്. മറിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍മുഖേന സാമൂഹികപ്രശ്‌നങ്ങളിലേക്കു ശ്രദ്ധയാകര്‍ഷിക്കുന്ന ഹാഷ്ടാഗ് കാംപെയ്‌നുകള്‍, ഓണ്‍ലൈന്‍ ഹര്‍ജികള്‍, ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ഗത്തിലുള്ള പ്രചാരണങ്ങള്‍ എന്നിവ  ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, 2012-ലെ ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം #Nirbhaya ഹാഷ്ടാഗ് സ്ത്രീസുരക്ഷയെക്കുറിച്ചുള്ള പൊതുചര്‍ച്ചകള്‍ക്ക് വഴിവെച്ചു. #IndiaAgainstCorruption (2011-2012) കാംപെയ്‌നുകള്‍ക്കായി ജെന്‍ സീ സജീവമായി ഓണ്‍ലൈന്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.

അടുത്തകാലത്ത് CAA സംബന്ധിച്ച #CAAProtests, അന്താരാഷ്ട്രതലത്തില്‍ #FridaysForFuture പോലുള്ള പരിസ്ഥിതിപ്രക്ഷോഭങ്ങള്‍ എന്നിവ ജെന്‍ സീയുടെ സജീവപങ്കാളിത്തം വ്യക്തമാക്കുന്നു. ഇവരുടെ ഇടപെടലുകള്‍ 'ഓണ്‍ലൈനായി' മാത്രമല്ല 'ഓഫ്ലൈനാ'യും നമ്മുടെ ലോകത്തെ സ്വാധീനിക്കുന്നു. സ്വതന്ത്രമായ ധാരണകളും സാമൂഹികവും നീതിപൂര്‍വവുമായ പ്രതീക്ഷകളും നിലനിര്‍ത്തിക്കൊണ്ടാണ് ജെന്‍ സീ ഇന്ത്യയിലെ പൊതുചര്‍ച്ചകളിലും പ്രകടനങ്ങളിലും സജീവമായി പങ്കുചേരുന്നത്. ഇതിലൂടെ അവര്‍ ജനാധിപത്യപ്രതീക്ഷകളെ പുതുക്കുകയും സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പ്രേരകശക്തിയായി മാറുകയുംചെയ്യുന്നു.

ബിഹേവിയറല്‍ ഇക്കണോമിക്സ് സമീപനം

ജെന്‍ സീ തലമുറ ഇന്ന് ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നു. പരമ്പരാഗത സാമ്പത്തികസിദ്ധാന്തം വ്യക്തിതീരുമാനങ്ങളെ 'യുക്തിപരത'(rationality)യുടെ മാനദണ്ഡത്തില്‍ വിശകലനംചെയ്യുമ്പോള്‍ ജെന്‍ സീയുടെ പെരുമാറ്റങ്ങള്‍ മനശ്ശാസ്ത്രപരമായ പക്ഷപാതങ്ങള്‍, ഡിജിറ്റല്‍ സംസ്‌കാരം, സാമൂഹികസ്വാധീനം എന്നിവ ഉള്‍ക്കൊള്ളുന്ന ബിഹേവിയറല്‍ ഇക്കണോമിക്‌സ് സമീപനത്തിലൂടെയാണ് വിശകലനംചെയ്യുന്നത്. അവര്‍ ഹ്രസ്വകാലനേട്ടങ്ങള്‍ക്കും തത്ക്ഷണ അനുഭവങ്ങള്‍ക്കും മുന്‍ഗണനനല്‍കുന്നു. FOMO (Fear of Missing Out) പോലുള്ള പ്രേരണകള്‍ ഉപഭോഗശീലങ്ങളെ ശക്തിപ്പെടുത്തുകയുംചെയ്യുന്നു. ഇതിലൂടെ അവരുടെ സംരംഭകത്വശേഷിയും പുതിയ അവസരങ്ങള്‍ സ്വീകരിക്കുന്ന താത്പര്യവും പ്രകടമാകുന്നു.നഡ്ജ് സിദ്ധാന്തത്തിന്റെ പ്രയോഗത്തിലൂടെ ജെന്‍ സീയുടെ സ്വാതന്ത്ര്യം ലംഘിക്കാതെ ദീര്‍ഘകാലനേട്ടങ്ങളിലേക്കുള്ള ഉത്തരവാദിത്വപരമായ തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കാം. പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ധനകാര്യശീലങ്ങള്‍ വളര്‍ത്താനും സുസ്ഥിര ഉപഭോഗം പ്രോത്സാഹിപ്പിക്കാനും സാധിക്കും. അതിന്റെ ഫലമായി അവരുടെ ഡിജിറ്റല്‍ പ്രാവീണ്യവും പുതിയ അഭിരുചികളും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയിലും സാമൂഹികമാറ്റങ്ങളിലും പുതിയ ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

(ഡോ. കെ.പി. വിപിന്‍ചന്ദ്രനും ഡോ. പി. സന്ധ്യയും കണ്ണൂര്‍ കൃഷ്ണമേനോന്‍സ്മാരക ഗവ. വനിതാ കോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍മാരാണ്)