ഉന്നതകോടതിയിലെ ന്യായാധിപരുടെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ഞാനൊരു ലേഖനമെഴുതിയത് 2003-ലായിരുന്നു: 'കോടതി, അഴിമതി, അധികാരം' എന്ന പേരിൽ. തൊണ്ണൂറുകളിൽ ജസ്റ്റിസ് രാമസ്വാമിക്കും ജസ്റ്റിസ് വീരസ്വാമിക്കും നേരേയുണ്ടായ അഴിമതി ആരോപണങ്ങളെക്കുറിച്ച് ആ ലേഖനത്തിൽ എഴുതി.

To advertise here,

റിട്ടയർ ചെയ്തയുടനെ 'ഫെറ' നിയമപ്രകാരം അറസ്റ്റിലായ കൽക്കത്ത ഹൈക്കോടതി ജഡ്ജിയെക്കുറിച്ചും വനിതാഡോക്ടറിൽനിന്ന് ലൈംഗികമായ 'സഹായം' ആവശ്യപ്പെട്ട രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയെക്കുറിച്ചും അന്ന് എഴുതി. 23 വർഷത്തിനിപ്പുറം സമാനവിഷയത്തിൽ ഈ ലേഖനമെഴുതുമ്പോൾ സംവിധാനത്തിനോ പ്രക്രിയകൾക്കോ രാജ്യത്തിന്റെ ദുരവസ്ഥയ്‌ക്കോ മാറ്റമില്ല. കഥാപാത്രങ്ങൾ മാറുന്നതല്ലാതെ, കഥ മാറുന്നില്ല.

സമീപകാലത്തായി ആരോപണങ്ങളിൽ- ചിലപ്പോൾ സി.സി. ടി.വി. ക്യാമറയിലും- കുടുങ്ങിയ ഉന്നതന്യായാധിപരും അവരുടെ ചെയ്തികളും ചേർന്ന് വാർത്താപരമ്പരകൾതന്നെ സൃഷ്ടിക്കുകയുണ്ടായി.

ഔട്ട്ഹൗസിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന, പിന്നീട് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ട ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുണ്ടായി. പിന്നീട് അദ്ദേഹം രാജിവെച്ചു.

ഏറ്റവുമൊടുവിൽ, രാജസ്ഥാൻ ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയുടെ പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയിലെ ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മൂന്നുകത്തുകൾ എഴുതിയിരിക്കുന്നു. ഗുരുതരമായ ആരോപണങ്ങളാണ് രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരേ ഉയർന്നുവന്നത്. മറ്റ് ബെഞ്ചുകളിലുള്ള കേസുകൾ തന്റെ ബെഞ്ചിലേക്ക് വിളിപ്പിച്ച് തീരുമാനമെടുക്കുന്നതുമുതൽ ജോലിയിലെ പക്ഷപാതിത്വവും നിയമനങ്ങളിലെ സ്വജനപക്ഷപാതിത്വവുംവരെയുള്ള ആരോപണങ്ങളാണ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയ്‌ക്കെതിരേ ഉയർന്നുവന്നതെന്ന് ജസ്റ്റിസ് സന്ദീപ് മേത്തയുടെ കത്തുകൾ വ്യക്തമാക്കുന്നു.

ആര് വിധിപറയും

ഇതെഴുതുമ്പോൾ മദ്രാസ് ഹൈക്കോടതിയിൽ നിന്നുവിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ 'വിധികർത്താക്കളെക്കുറിച്ച് ആര് വിധി പറയും' (Who will judge the Judges) എന്ന ചെറുപുസ്തകമാണു മുന്നിൽ.

മുൻകാലങ്ങളിൽ ഉണ്ടായ ചില ഗുരുതരമായ അഴിമതിയാരോപണങ്ങൾ എങ്ങനെയാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ പിടിച്ചുകുലുക്കിയതെന്ന് ജസ്റ്റിസ് ചന്ദ്രു വിശദമാക്കുന്നുണ്ട്. എന്നാൽ, പൊതുവേ, അഴിമതിയാരോപണങ്ങളുടെ പേരിൽ ന്യായാധിപർ ശിക്ഷിക്കപ്പെടാത്ത ഇന്ത്യയുടെ പൊതുചിത്രംകൂടിയാണ് ഈ ഗ്രന്ഥത്തിലൂടെ വെളിവാകുന്നത്.

ഈ പുസ്തകം അച്ചടിശാലയിൽ നിന്നു പുറത്തുവന്നതിനുശേഷമാണ് രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ്ജസ്റ്റിസിനെതിരേ ഉത്തരവാദപ്പെട്ട ഒരു സുപ്രീംകോടതി ന്യായാധിപനിൽ നിന്നുതന്നെ ആക്ഷേപങ്ങൾ ഉയർന്നത്.

എന്നാൽ, സെപ്റ്റംബർ 26-ന് റിട്ടയർ ചെയ്യാനിരിക്കുന്ന രാജസ്ഥാനിലെ ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരേ എന്തെങ്കിലും ഫലപ്രദമായ നടപടികൾ നാളിതുവരെയും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

നഷ്ടപ്പെട്ട സുവർണകാലം

ഇത്തരം നിർണായകസന്ദർഭങ്ങളിൽ ഭരണഘടനാ കോടതികളിലെ ചീഫ് ജസ്റ്റിസുമാർക്ക് പൊതുവേയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പ്രത്യേകിച്ചും ചില അടിയന്തര ഇടപെടലുകൾ നടത്താൻ ബാധ്യതയുണ്ട്. എന്നാൽ, രാജസ്ഥാൻ ഹൈക്കോടതിക്ക് ഒരു സ്ഥിരം ചീഫ് ജസ്റ്റിസ് പോലുമില്ലാത്ത സാഹചര്യത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തിടുക്കപ്പെട്ട് 'നീതിനിർവഹണം' നടത്തുന്നതായി ആക്ഷേപമുണ്ടായത്.

മാസങ്ങളായി രാജസ്ഥാൻ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിനെ നിയമിക്കാതിരിക്കുകയും നിയമിക്കപ്പെട്ട ആക്ടിങ് ചീഫ് ജസ്റ്റിസിനുനേരേ ഗുരുതരമായ പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ടപ്പോൾ സത്വരനടപടികൾ കൈക്കൊള്ളാതിരിക്കുകയും ചെയ്തത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചതന്നെയാണ്.

സ്വാതന്ത്ര്യാനന്തരം രണ്ടുദശകങ്ങളിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസുമാർ അഴിമതിക്കെതിരേ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽനിന്നുള്ള വ്യതിചലനമാണിത്. ആ സുവർണകാലം ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നു. കെനിയപോലുള്ള ആഫ്രിക്കൻ രാജ്യത്തെ നീതിന്യായ പരിഷ്‌കാരങ്ങൾക്ക് നേതൃത്വംനൽകിയ ചീഫ് ജസ്റ്റിസ് വില്ലി മടും ഗയുടെ നടപടികളും ഇവിടെ ഓർക്കാവുന്നതാണ്.

അഭിഭാഷകരുടെ ബാധ്യത

വ്യവസ്ഥാപിതമാർഗങ്ങളായ ഇംപീച്ച്മെന്റ്, ഇൻ ഹൗസ് പ്രൊസീജ്യർ എന്നിവയിലൂടെ ഉന്നത കോടതികളിലെ ന്യായാധിപ അഴിമതിക്ക് പരിഹാരം കണ്ടെത്താനാവില്ല എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. ഇവിടെയാണ് അഭിഭാഷകർക്കും അഭിഭാഷക സംഘടനകൾക്കും സുപ്രധാനമായ ധർമം നിർവഹിക്കാനുള്ളത്.

അഴിമതിക്കാരായ ന്യായാധിപർക്കെതിരേ ശക്തമായ ശബ്ദം ഉയർത്താനുള്ള ബാധ്യത അഭിഭാഷകർക്കും അവരുടെ സംഘടനകൾക്കുമാണ്. അഭിഭാഷക സംഘടനയുടെ തലപ്പത്ത് എത്തുന്നവർക്ക് തൊഴിലിനോടും സമൂഹത്തോടും സംവിധാനത്തോടും പ്രതിജ്ഞാബദ്ധതയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അഭിഭാഷകർതന്നെയാണ്. അതിനവർക്കു കഴിയുന്നുണ്ടോ എന്ന കാര്യത്തിലും സ്വയം പരിശോധനയാവശ്യമാണ്.

നിയമങ്ങൾ പരാജയപ്പെടുന്നിടത്ത് സംഘടിതവും സമാധാനപൂർണവുമായ പ്രതിരോധപ്രവർത്തനങ്ങൾ വിജയിച്ചേക്കാം. രാജസ്ഥാനിലെ വലിയൊരു വിഭാഗം അഭിഭാഷകർ ഇപ്പോൾ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചെയ്തികൾക്കെതിരേ പ്രതിഷേധമുയർത്തുന്നുണ്ട്.

ന്യായാധിപകരുടെ പെരുമാറ്റത്തെക്കുറിച്ചും പെരുമാറ്റദൂഷ്യത്തെക്കുറിച്ചും അടുത്തറിയാവുന്നവരായിരിക്കും അഭിഭാഷകർ. താത്കാലിക നേട്ടങ്ങൾക്കപ്പുറം സാമൂഹികമായ ഉത്തരവാദിത്വവും സംവിധാനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടുന്ന സന്ദർഭങ്ങളിൽ അത്തരം ദൗത്യം ഏറ്റെടുക്കാൻ അവർ തയ്യാറാകണം.

ഫ്രഞ്ച് എഴുത്തുകാരനായ ബൽസാക് (1799-1850) എത്രയോ കാലം മുൻപേ പറഞ്ഞു: 'കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ സമൂഹം തന്നെയാണ് അവസാനിക്കുന്നതെ'ന്ന്. അതിനാൽ കോടതികളിലെ അഴിമതിക്കെതിരായ മുന്നേറ്റം, അഴിമതിക്കാരല്ലാത്ത ഭൂരിപക്ഷം വരുന്ന ന്യായാധിപർക്കും ഒപ്പം, സമൂഹത്തിനാകെക്കൂടിയും വേണ്ടിയുള്ളതാണ്.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)