കേരളത്തിന്റെ ചരിത്രവഴികളിൽ അയ്യങ്കാളിയെ നാം സാധാരണയായി അടയാളപ്പെടുത്തുന്നത് ഒരു നവോത്ഥാനനായകനായും അധഃസ്ഥിതരുടെ വിമോചനപ്പോരാളിയായുമാണ്. വഴിനടക്കാനുള്ള അവകാശത്തിനായി അദ്ദേഹം നടത്തിയ വില്ലുവണ്ടിസമരവും പള്ളിക്കൂടങ്ങളിൽ ദളിത് കുട്ടികൾക്ക് പ്രവേശനംനേടാനായി നയിച്ച ചരിത്രപ്രസിദ്ധമായ കാർഷികത്തൊഴിലാളി പണിമുടക്കും സാധുജനപരിപാലനസംഘത്തിന്റെ രൂപവത്കരണവുമെല്ലാം നമ്മുടെ സാമൂഹികവിപ്ലവത്തിന്റെ അടിസ്ഥാനശിലകളാണ്.

To advertise here,

എന്നാൽ, ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന സങ്കീർണമായ ജാതി-മത-രാഷ്ട്രീയ അന്തരീക്ഷത്തിൽ, അയ്യങ്കാളിയെ കേവലം സാമൂഹികപരിഷ്‌കർത്താവായ ഒരു ചരിത്രപുരുഷനായല്ല, തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടിൽ വായിക്കേണ്ടതായിരിക്കുന്നു.

സമൂഹം മനുഷ്യരുടെ സ്വത്വത്തെയും ആത്മാഭിമാനത്തെയും എങ്ങനെ നിർമിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു എന്ന് സ്വന്തം ജീവിതവും പോരാട്ടങ്ങളുംകൊണ്ട് കൃത്യമായി വിശകലനംചെയ്യുകയും അടയാളപ്പെടുത്തകയുംചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. ആ അർഥത്തിൽ, അയ്യങ്കാളിയെ കേരളംകണ്ട ആദ്യത്തെ 'അന്തസ്സിന്റെ സമൂഹശാസ്ത്രജ്ഞൻ' എന്ന് വിശേഷിപ്പിക്കാം.

സമൂഹശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ ചോദ്യങ്ങൾ എപ്പോഴും അധികാരത്തെയും അസമത്വത്തെയുമാണ് അഭിമുഖീകരിക്കുന്നത്. ആരെയാണ് സമൂഹം തുല്യമനുഷ്യനായി അംഗീകരിക്കുന്നത്, ആരെയാണ് അധീശവിഭാഗം പൊതുസമൂഹത്തിന്റെ അരികുകളിലേക്ക് തള്ളുന്നത്, അധികാരം എങ്ങനെയാണ് അസമത്വങ്ങളെ സ്വാഭാവികവും ന്യായയുക്തവുമാക്കുന്നത്, അപമാനവീകരണവും അടിച്ചമർത്തലും എങ്ങനെയാണ് ഒരു സാമൂഹികക്രമത്തിന്റെ ഭാഗമായി മാറുന്നത് -പാശ്ചാത്യ അക്കാദമിക് ലോകത്ത് ഇത്തരം ചോദ്യങ്ങൾ സിദ്ധാന്തങ്ങളിലൂടെ ഉന്നയിക്കപ്പെടുന്നതിനും വളരെമുൻപ്, അയ്യങ്കാളി ഈ ചോദ്യങ്ങൾക്കുള്ള പ്രായോഗികവും വിപ്ലവാത്മകവുമായ ഉത്തരങ്ങൾ തിരുവിതാംകൂറിന്റെ മണ്ണിൽ പ്രവർത്തിച്ചുകാണിച്ചു.

അപ്പം മാത്രമല്ല, അംഗീകാരവും

അയ്യങ്കാളിയുടെ സമരങ്ങളെ കേവലം സാമ്പത്തിക അവകാശങ്ങൾക്കോ ഭൗതികസാഹചര്യങ്ങൾക്കോവേണ്ടിയുള്ള പോരാട്ടമായിമാത്രം കാണുന്നത് അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യത്തെ ലഘൂകരിക്കുകയാകും.

പൊതുവഴിയിൽ നടക്കാനുള്ള അവകാശം, വിദ്യാഭ്യാസം, മാന്യമായ കൂലി, സ്ത്രീകളുടെ വസ്ത്രധാരണസ്വാതന്ത്ര്യം - ഇവയെല്ലാം ഉപരിപ്ലവമായി നോക്കുമ്പോൾ വ്യത്യസ്തമായ ആവശ്യങ്ങളായി തോന്നാം. എന്നാൽ, ഇവയ്‌ക്കൊക്കെപിന്നിൽ ഒരേയൊരു അടിസ്ഥാനതത്ത്വമുണ്ടായിരുന്നു: 'അധഃസ്ഥിതരായവരെന്ന് മുദ്രകുത്തപ്പെട്ട ഞങ്ങളും ഈ സമൂഹത്തിലെ തുല്യ അന്തസ്സുള്ള മനുഷ്യരാണ്' എന്ന ഉറച്ച പ്രഖ്യാപനം.

ഒരു ജനവിഭാഗത്തിന് പൊതുവഴി നിഷേധിക്കപ്പെടുമ്പോൾ അവിടെ സംഭവിക്കുന്നത് സഞ്ചാരസ്വാതന്ത്ര്യം തടയപ്പെടുന്നതുമാത്രമല്ല. മറിച്ച്, 'നീ ഈ പൊതുസമൂഹത്തിന് തുല്യനായ അംഗമല്ല' എന്ന പ്രതീകാത്മകമായ നിഷേധമാണ്.

സ്‌കൂളിൽ പ്രവേശനം നിഷേധിക്കുമ്പോൾ അത് കേവലം അക്ഷരാഭ്യാസത്തിന്റെ പ്രശ്‌നമല്ല, 'അറിവിനും പുരോഗതിക്കും നീ അർഹനല്ല' എന്ന സാമൂഹികവിധിയുടെ നടപ്പാക്കലാണ്. ദളിത് സ്ത്രീകൾക്ക് മാറുമറയ്ക്കാനും നല്ല വസ്ത്രങ്ങൾ ധരിക്കാനും വിലക്കേർപ്പെടുത്തുമ്പോൾ അത് വസ്ത്രധാരണത്തിന്റെമാത്രം വിഷയമല്ല. മറിച്ച്, ഒരു ജനവിഭാഗത്തിന്റെ ശരീരത്തിന്മേലും സ്വത്വത്തിന്മേലുമുള്ള അധീശത്വശക്തികളുടെ അധികാരപ്രകടനമാണ്.

അയ്യങ്കാളി ഈ പ്രതീകാത്മക അധികാരഘടനയെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പോരാട്ടം ജീവിതത്തിന്റെ സകലമേഖലകളിലേക്കും പടർന്നുപന്തലിച്ചത്. 1889-ലെ തെരുവുസമരവും 1893-ലെ വില്ലുവണ്ടിസമരവുംമുതൽ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടങ്ങളും സാധുജനപരിപാലനസംഘത്തിന്റെ രൂപവത്കരണവുംവരെ, അവയെല്ലാം ദളിതരെ സാമൂഹിക അരികിൽനിന്ന് പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നു.

വില്ലുവണ്ടി, ഒരു സാമൂഹികപ്രഖ്യാപനം

അയ്യങ്കാളി നടത്തിയ വില്ലുവണ്ടിസമരം ഒരു പ്രതിഷേധയാത്രമാത്രമായിരുന്നില്ല. ജാതിവ്യവസ്ഥ ദളിതരെ ഗ്രാമത്തിന്റെ അരികുകളിൽ പാർപ്പിച്ചത് ഭൂമിശാസ്ത്രപരമായ വേർതിരിവുമാത്രമായിരുന്നില്ല.

ആരാണ് കേന്ദ്രത്തിൽ നിൽക്കേണ്ടത്, ആരാണ് അരികിലേക്ക് തള്ളപ്പെടേണ്ടത്; ആരാണ് മാന്യൻ, ആരാണ് അപമാനിതൻ; ആരാണ് പൊതുസ്ഥലത്തിന്റെ യഥാർഥ അവകാശി എന്നൊക്കെയുള്ള അടിച്ചമർത്തലിന്റെ സാമൂഹികവ്യവസ്ഥ അതിലൂടെ നിലനിർത്തി.

വില്ലുവണ്ടിയിൽ കയറി രാജവീഥിയിലൂടെ സഞ്ചരിച്ചപ്പോൾ അയ്യങ്കാളി ലംഘിച്ചത് കേവലമൊരു നിയമമല്ല. മറിച്ച്, നൂറ്റാണ്ടുകളായി സവർണപൊതുബോധം കാത്തുസൂക്ഷിച്ച പ്രതീകാത്മക അതിർത്തിയെയാണ്.

'ഈ പൊതുഇടം എന്റേതുംകൂടിയാണ്' എന്ന പ്രതിരോധമായിരുന്നു അത്. പിന്നീട് ആധുനിക സമൂഹശാസ്ത്രം 'സാമൂഹിക ഇടം', 'സാമൂഹിക അംഗീകാരം' തുടങ്ങിയ സങ്കല്പങ്ങളിലൂടെ വിശദീകരിച്ച സാമൂഹികപ്രക്രിയകളെ, ഒരു നൂറ്റാണ്ടുമുൻപ് തനതായ പ്രായോഗികപ്രവർത്തനത്തിലൂടെ തെരുവിൽ ആവിഷ്‌കരിക്കുകയായിരുന്നു അയ്യങ്കാളി.

വിദ്യാഭ്യാസവും സ്വത്വനിർമാണവും

1907-ൽ അയ്യങ്കാളി നയിച്ച ചരിത്രപ്രസിദ്ധമായ കാർഷികത്തൊഴിലാളിസമരം ലോകചരിത്രത്തിലെത്തന്നെ അപൂർവമായ ഒന്നാണ്. കേവലം കൂലിവർധനയ്ക്കുവേണ്ടിയായിരുന്നില്ല ആ സമരം; തങ്ങളുടെ കുട്ടികൾക്കും സവർണകുട്ടികളോടൊപ്പം പൊതുപള്ളിക്കൂടങ്ങളിൽ പഠിക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു.

'ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ ഞങ്ങൾ ഞാറുനടില്ല' എന്ന ശക്തമായ പ്രഖ്യാപനം സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലിനെത്തന്നെയാണ് ഉലച്ചത്. ഇവിടെയാണ് അയ്യങ്കാളിയുടെ സാമൂഹികദർശനത്തിന്റെ ആഴം വ്യക്തമാകുന്നത്.

വിദ്യാഭ്യാസം ഉദ്യോഗം നേടാനുള്ള ഉപാധിമാത്രമല്ലെന്നും അത് മനുഷ്യന്റെ ആത്മബോധത്തെയും ആത്മാഭിമാനത്തെയും രൂപപ്പെടുത്തുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം മനസ്സിലാക്കി.

ഒരു സമൂഹത്തെ അടിച്ചമർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അവരുടെ ശരീരത്തെ ഭരിക്കലല്ല. മറിച്ച്, അറിവിലേക്കുള്ള അവരുടെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണെന്ന അടിച്ചമർത്തലിന്റെ മനഃശാസ്ത്രം അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അദ്ദേഹത്തിന് ദളിതരുടെ സ്വത്വനിർമാണത്തിന്റെ ഉപാധിയായിരുന്നു.

അറിവിലേക്കുള്ള പ്രവേശനം ലഭിക്കുന്ന മനുഷ്യൻ തന്റെ ജീവിതത്തെക്കുറിച്ച് സ്വയം ചിന്തിക്കുകയും തീരുമാനിക്കുകയുംചെയ്യുന്നു. അപ്പോൾമാത്രമാണ് ഒരു മനുഷ്യന് തനിക്കുചുറ്റുമുള്ള ലോകത്തെ വിശകലനംചെയ്യാനും സ്വന്തം കർ ത്തൃത്വം വീണ്ടെടുക്കാനും സാധിക്കുന്നത്. അതിനാൽ വിദ്യാഭ്യാസത്തിനായുള്ള അയ്യങ്കാളിയുടെ പോരാട്ടം ദളിതരുടെ കർത്തൃത്വത്തിനായുള്ള പോരാട്ടംകൂടിയായിരുന്നു.

അയ്യങ്കാളിയുടെ ജീവിതത്തെ ഒരു സമൂഹശാസ്ത്രഗ്രന്ഥമായി വായിക്കുമ്പോൾ അത് നമ്മോട് നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: അടിച്ചമർത്തൽ എന്നാൽ, ജീവിതാവസരങ്ങളുടെ നിഷേധംമാത്രമാണോ, അതോ ഒരു മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാതിരിക്കുന്നതാണോ? അയ്യങ്കാളിയുടെ പോരാട്ടങ്ങൾ നൽകുന്ന ഉത്തരം വ്യക്തമാണ്: സ്വാതന്ത്ര്യത്തിന്റെ യഥാർഥ അടിത്തറ സാമ്പത്തികസുരക്ഷമാത്രമല്ല, സ്വത്വവും കർത്തൃത്വവും ആത്മാഭിമാനവും അന്തസ്സുമാണ്.

(ലേഖകൻ കേരള സർവകലാശാലയിൽ സോഷ്യോളജി പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു)