കേരളത്തിന്റെ ഭരണഭൂപടം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുകയാണ്. ജനസാന്ദ്രത, നഗരവികസനം, ഭൗമശാസ്ത്രപരമായ വ്യത്യാസങ്ങൾ, സേവനപ്രാപ്യത എന്നിവയെല്ലാം ജില്ലാ പുനഃസംഘടനയെ ഒരു ഭരണപരമായ ആവശ്യകതയാക്കി മാറ്റുന്ന ഘടകങ്ങളാണ്.

To advertise here,

എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗത്തെ നോക്കുമ്പോൾ, ഈ ചർച്ച വീണ്ടും പ്രസക്തമാകുന്നു.

1983-ൽ മൂവാറ്റുപുഴ സബ് കളക്ടറായിട്ടാണ് എന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 'മൂവാറ്റുപുഴ ജില്ല' എന്ന ആവശ്യം അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ്.

ഇപ്പോൾ മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളും വിഭജിക്കണമെന്ന ആവശ്യമുയരുന്നു. ഇതെല്ലാം പരിശോധിക്കാൻ ഒരു ഡീലിമിറ്റേഷൻ കമ്മിഷൻ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്.

എന്തുകൊണ്ട് പുതിയ ജില്ല?

മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം ഒന്ന് പരിശോധിക്കാം. കൊച്ചി നഗരത്തിന്റെ അതിവേഗവളർച്ച എറണാകുളം ജില്ലയുടെ ഭരണഭാരം പടിഞ്ഞാറോട്ട് കേന്ദ്രീകരിക്കാൻ നിർബന്ധിക്കുന്നു.

നഗരവികസനപദ്ധതികൾ, വ്യവസായ-പോർട്ട് പ്രവർത്തനങ്ങൾ, ഐ.ടി. മേഖലയുടെ വ്യാപനം എന്നിവയെല്ലാം ജില്ലയുടെ ശ്രദ്ധയും വിഭവങ്ങളും നഗരകേന്ദ്രിതമാക്കുന്നു.

കേരളത്തെ ഒരു തുറമുഖനഗരമാക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ വാഗ്ദാനം നിറവേറ്റപ്പെടാൻ പ്രമുഖ പങ്കുവഹിക്കേണ്ടത് എറണാകുളം ജില്ലയായിരിക്കും.

കൊച്ചി കേന്ദ്രിതമായ ഏവിയേഷൻ ഹബ്ബിന്റെ പ്രവർത്തനങ്ങളും ഈ ജില്ലയുടെ ചുമതലയിലായിരിക്കും. അതേസമയം, മൂവാറ്റുപുഴ-കോതമംഗലം-കുന്നത്തുനാട് മേഖലകൾ ഭൂമിശാസ്ത്രപരമായി പൂർണമായും വ്യത്യസ്തമായ ജീവിതരീതിയും വികസനാവശ്യങ്ങളും പങ്കിടുന്നു.

കിഴക്കൻ എറണാകുളത്തിന് കുന്നും കാടും നദികളും ചേർന്ന ഭൂപ്രകൃതിയാണുള്ളത്. ഈ പ്രദേശത്തെ ജനങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് 20-60 കിലോമീറ്റർ യാത്രചെയ്യേണ്ടി വരുന്നത് ഭരണസേവനങ്ങളുടെ പ്രാപ്യതയെ സ്വാഭാവികമായി ബാധിക്കുന്നു.

കിഴക്കൻ എറണാകുളം ഒരു സ്വതന്ത്ര വികസന തിരിച്ചറിയൽ അർഹിക്കുന്ന മേഖലയാണ്. പെരുമ്പാവൂർ-വാഴക്കുളം എസ്.എം.ഇ. ക്ലസ്റ്ററുകൾ, റബ്ബർ-സ്‌പൈസസ്-പ്ലാന്റേഷൻ വ്യവസായങ്ങൾ, തൊമ്മൻകുത്ത്-തട്ടേക്കാട്-ഭൂതത്താൻകെട്ട് ടൂറിസം മേഖലകൾ എന്നിവയെല്ലാം ഏകോപിതമായ വികസനദിശ തേടുന്നു. ഇപ്പോഴത്തെ നഗരകേന്ദ്രിതമായ മുൻഗണനയിൽ ഇവയുടെ ആവശ്യങ്ങൾ പലപ്പോഴും പിന്നിലാക്കപ്പെടുന്നു.

മൂവാറ്റുപുഴ ഒരു ജില്ലാ ആസ്ഥാനമായി ഉയരാൻ ആവശ്യമായ ഭൗമശാസ്ത്രപരമായ കേന്ദ്രസ്ഥാനം, ഭരണപരമായ അടിസ്ഥാന സൗകര്യങ്ങൾ, ജനപിന്തുണ എന്നിവയെല്ലാംതന്നെ നിലവിലുണ്ട്. സബ് കളക്ടറേറ്റ് പ്രവർത്തിക്കുന്ന ഒരു നഗരമായതിനാൽ, ഭരണഘടനാ പുനഃസംഘടനയുടെ പ്രാരംഭഘട്ടങ്ങൾ ഇവിടെത്തന്നെ ആരംഭിക്കാനാകും.

നീതിപൂർവമായ വാദം

തീർച്ചയായും ഒരു പുതിയ ജില്ലാരൂപവത്കരണം ചെലവേറിയ കാര്യമാണ്. കളക്ടറേറ്റ്, എസ്.പി. ഓഫീസ്, ജില്ലാപഞ്ചായത്ത്, കോടതികൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയെല്ലാം ചേർന്ന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.

എന്നാൽ, ദീർഘകാലത്ത് ഭരണക്ഷമതയും സേവനപ്രാപ്യതയും മെച്ചപ്പെടുമെന്ന വാദം അവഗണിക്കാനാവില്ല. ഒരു ജില്ലയുടെ ലക്ഷ്യം ഭൂപടത്തിൽ ഒരു പുതിയ വരവരയ്ക്കുക മാത്രമല്ല; ജനങ്ങളുടെ ജീവിതം ലളിതമാക്കുകകൂടിയാണ്.

നിർദിഷ്ട മൂവാറ്റുപുഴ ജില്ലയുടെ വിസ്തൃതി ഏകദേശം 2000-2500 ചതുരശ്ര കിലോമീറ്ററായിരിക്കും. ഏകദേശം 12 ലക്ഷം പേർ നിവസിക്കുന്ന സ്ഥലം. വയനാട് ജില്ലയുടെ വിസ്തൃതി 2132 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ 8.17 ലക്ഷം. പത്തനംതിട്ടയുടെ വിസ്തൃതി 2652 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ 11.97 ലക്ഷം. ഇങ്ങനെ നോക്കിയാലും പുതിയ ജില്ലാ രൂപവത്കരണം നീതിപൂർവമാണ്.

എതിർപ്പുകൾ സ്വാഭാവികമാണ്. നിലവിലുള്ള സബ് ഡിവിഷനുകൾ മതിയെന്ന വാദം ഉയരും. എറണാകുളം ജില്ലയുടെ വരുമാനശേഷി കുറയുമെന്ന ആശങ്കയും ഉണ്ടാകും. ചില പ്രദേശങ്ങൾ ആസ്ഥാനാവകാശം ആവശ്യപ്പെടാനും സാധ്യതയുണ്ട്.

പക്ഷേ, ഈ ചർച്ചയുടെ കേന്ദ്രത്തിൽ നിൽക്കേണ്ടത് ഒരു ലളിതമായ ഭരണചോദ്യമാണ്: കിഴക്കൻ എറണാകുളത്തിന് കൂടുതൽ കാര്യക്ഷമവും ജനക്ഷേമകരവുമായ ഭരണസേവനം നൽകാൻ ഒരു പുതിയ ജില്ല സഹായിക്കുമോ?

ഈ ചോദ്യത്തിന് വസ്തുനിഷ്ഠമായ വിലയിരുത്തൽ ആവശ്യമാണ്. രാഷ്ട്രീയനിലപാടുകൾക്കപ്പുറം, ഭരണത്തിന്റെ യാഥാർഥ്യങ്ങൾക്കുള്ളിൽനിന്നുള്ള ഒരു വിലയിരുത്തൽ.

(കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)