കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസ്. സംഭവം പുറംലോകം അറിഞ്ഞതോടെ രാജ്യമെങ്ങും വന്‍ പ്രതിഷേം. പോലീസിനും ഭരണാധികാരികള്‍ക്കുമെതിരെ ജനരോഷം ആളിപ്പടര്‍ന്നു. അക്രമികളെ പിടികൂടൂ എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകള്‍ക്കുമുന്നില്‍ ജനം തടിച്ചുകൂടിയതോടെ മുന്‍പൊരിക്കലും ഉണ്ടാകാത്ത കടുത്ത സമ്മര്‍ദമാണ് പോലീസിന് നേരിടേണ്ടിവന്നത്. ഇതിനിടയിലും ആദ്യഘട്ടത്തില്‍ വ്യക്തമായ സൂചനകളോ സാക്ഷിമൊഴികളോ ഇല്ലാതിരുന്നിട്ടുപോലും പരിമിതമായ വിവരങ്ങള്‍ വിശകലനംചെയ്ത് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട ബസ് കണ്ടെത്താനും മണിക്കൂറുകള്‍ക്കകം ആദ്യ അറസ്റ്റ് രേഖപ്പെടുത്താനും പോലീസിന് കഴിഞ്ഞു. ദിവസങ്ങള്‍ക്കകം ആറ് കുറ്റവാളികളും പോലീസിന്റെ വലയിലായി. ബിഹാറിലെ മാവോവാദികളുടെ ശക്തികേന്ദ്രത്തില്‍ ഒളിവില്‍ക്കഴിഞ്ഞ അക്രമികളില്‍ ഒരാളെ അതീവരഹസ്യമായ നീക്കത്തിലൂടെയാണ് അന്വേഷണസംഘം പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ക്കുമാത്രം പരിചയമുണ്ടായിരുന്ന കേസിലെ കുട്ടിക്കുറ്റവാളിയെ വലയിലാക്കിയത് അയാളുടെ പെരുമാറ്റത്തിലെ പ്രത്യേകത സംബന്ധിച്ച് പോലീസിന് ലഭിച്ച ഒരു സൂചനമാത്രം പിന്തുടര്‍ന്നും.

To advertise here,

17 ദിവസംകൊണ്ട് പ്രത്യേക അന്വേഷണസംഘം കൃത്യമായ അന്വേഷണം നടത്തി പഴുതടച്ച കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ സംഘത്തിലെ ഒരാള്‍പോലും വീട്ടില്‍പോകുകയോ വിശ്രമിക്കുകയോ ചെയ്തില്ല. ജനരോഷം ഭയന്ന് പോലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നാണ് ആദ്യദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും പ്രതികളെ വലയിലാക്കാനുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേഷനുകളില്‍ എത്തിയിരുന്നത്. കുറ്റവാളികള്‍ക്ക് വധശിക്ഷതന്നെ ലഭിക്കുന്ന തരത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തിയ പോലീസ് സംഘത്തെ പിന്നീട് സുപ്രീംകോടതി പോലും പ്രകീര്‍ത്തിക്കുകയുണ്ടായി. രാജ്യംമുഴുവന്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കുറ്റവാളികള്‍ രക്ഷപ്പെടാനോ തെളിവുകള്‍ നശിപ്പിക്കാനോ അനുവദിക്കാതെ അവരെ പിന്തുടര്‍ന്ന് പിടികൂടുകയും മികച്ച അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുകയുംചെയ്ത ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ കൃത്യതയോടെയുള്ള നീക്കങ്ങളെക്കുറിച്ചുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയിലെ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ കേസ്. 

ആ ബസിനുള്ളില്‍ അവര്‍ അകപ്പെട്ടതെങ്ങനെ ?

placeholder
ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന നീരജ് കുമാര്‍, കയ്യിൽ അദ്ദേഹം രചിച്ച കാക്കി ഫയൽസ് എന്ന പുസ്തകം | Photo - PTI

സൗത്ത് ഡല്‍ഹിയിലെ സാകേതിലുള്ള മാളില്‍ സിനിമ കാണാന്‍പോയ ഫിസിയോതെറാപ്പി ഇന്റേണായ യുവതിയും എന്‍ജിനിയറായ സുഹൃത്തുമാണ് അന്ന് ആക്രമിക്കപ്പെട്ടത്. രാത്രി 8.30ഓടെ മാളില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും ദ്വാരകയിലെ താമസസ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷ കാത്തുനിന്നുവെങ്കിലും കിട്ടിയില്ല. ഇതോടെയാണ് ഇരുവരും സമീപത്തെ ബസ് സ്റ്റാന്‍ഡിനടുത്തേക്ക് നടക്കുന്നത്. അതിനിടെ വെള്ളനിറമുള്ളതും വശങ്ങളില്‍ മഞ്ഞയും പച്ചയും വരകള്‍ ഉള്ളതുമായ ഒരു ബസ് സമീപമെത്തി നിര്‍ത്തുന്നു.

ബസ് ദ്വാരക ഭാഗത്തേക്ക് പോകുകയാണെന്നും കയറിക്കോളൂ എന്നും ഇരുവരോടും പറഞ്ഞത് ബസിന്റെ വാതിലിന് സമീപംനിന്ന ഒരു കുട്ടിയാണെന്ന് അന്നത്തെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിന്റെ Khaki Files Inside Stories of Police Investigations എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഡ്രൈവര്‍ ക്യാബിനിൽ ഡ്രൈവര്‍ക്കു പുറമെ മറ്റുനാലുപേരും ക്യാബിന് പിന്നിലെ സീറ്റില്‍ മറ്റു രണ്ടുപേരും ഇരിക്കുന്നത് ബസില്‍ കയറിയ ഇരുവരും ശ്രദ്ധിച്ചിരുന്നു. ജനലുകളെല്ലാം കര്‍ട്ടനിട്ട് മറച്ചിരുന്ന ആ ബസ്സില്‍ ഈ എട്ടുപേരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ബസിലുണ്ടായിരുന്ന ഒരാള്‍ യാത്രാക്കൂലിയായി 20 രൂപ ഇവരില്‍നിന്ന് വാങ്ങി. അതിനിടെ ബസ് മറ്റാരെയും കയറ്റാതെ ദ്വാരക ഭാഗത്തേക്ക് ഓടിച്ചുപോയി. വൈകാതെ ക്യാബിനിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ ഇരുവരുടെയും അടുത്തെത്തി 'പെണ്‍കുട്ടിയ്ക്കൊപ്പം രാത്രി എവിടെപ്പോയതാണ്' എന്നുചോദിച്ച് ശല്യംചെയ്തു തുടങ്ങി.

പിന്നാലെ മറ്റുള്ളവരും ശല്യംചെയ്യാനെത്തിയതോടെ യുവാവ് ശക്തമായി എതിര്‍ത്തു. പ്രകോപിതരായ അക്രമികള്‍ ബസിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് യുവാവിന്റെ തലയിലും കാലിലും അടിച്ച് നിലത്തുവീഴ്ത്തി. അക്രമികള്‍ വിനയ്, പവന്‍ എന്നീ പേരുകള്‍ പരസ്പരം വിളിക്കുന്നത് യുവാവും യുവതിയും അതിനിടെ കേട്ടിരുന്നു. പോലീസിനെ വിളിക്കാന്‍ യുവതി ഫോണെടുത്തതോടെയാണ് അക്രമികള്‍ അവര്‍ക്കുനേരെ തിരിയുന്നത്. ബസിന്റെ പിന്നിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയശേഷമാണ് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്.

ഒരി നിമിഷംപോലും പാഴാക്കിയില്ല; ആ രാത്രിതന്നെ അന്വേഷണം തുടങ്ങിയ ഡി.സി.പി

placeholder
ഛായ ശര്‍മ | AFP

രാത്രി 10.20നുശേഷം ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കരാറെടുത്തിരുന്ന സ്വകാര്യ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ വാഹനം സാവധാനം ഓടിച്ച് റോഡില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് ഗുരുതരമായ പരിക്കേറ്റനിലയില്‍ ഒരു യുവാവിനെയും യുവതിയേയും റോഡരികില്‍ കണ്ടത്തുന്നത്. ക്രൂരമായി ഉപദ്രവിച്ചശേഷം ബസില്‍നിന്ന് അക്രമികള്‍ വലിച്ചെറിഞ്ഞ ഇരുവരും അവശനിലയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ 100-ല്‍ വിളിച്ച് വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെയും യുവതിയേയും സഫ്ദര്‍ജങ് ആശുപത്രിയിലെത്തിക്കുന്നത്.

ആശുപത്രിയിലേക്ക് പോകുംവഴിതന്നെ അവശനിലയിലുള്ള യുവാവും യുവതിയും നടന്ന സംഭവങ്ങള്‍ പോലീസ് കോണ്‍സ്റ്റബില്‍ റാം ചന്ദറിനോട് വിശദീകരിച്ചിരുന്നു. പോലീസില്‍നിന്ന് വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ഡിസിപി ഛായ ശര്‍മ രാത്രിതന്നെ ആശുപത്രിയിലെത്തി. അവിടെനിന്നാണ് അക്രമികളെ പിടികൂടാനും അവര്‍ക്കെതിരായ തെളിവുകള്‍ ശേഖരിക്കാനും അവര്‍ക്ക് കടുത്തശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ദൗത്യത്തിന് പോലീസ് തുടക്കംകുറിക്കുന്നത്.

മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരേസ്ഥലത്തുകൂടി രണ്ടുതവണ കടന്നുപോയ ബസ്  

placeholder
പ്രതീകാത്മകചിത്രം | PTI

അക്രമികളെ പിടികൂടാന്‍ ആദ്യം ചെയ്യേണ്ടത് ആ ബസ് കണ്ടെത്തുകയാണ് എന്നതിനാല്‍ ആ ദൗത്യം പൂർത്തീകരിക്കാൻ സമര്‍ഥരായ പോലീസ് ഉദ്യോഗസ്ഥരെത്തന്നെ ഡിസിപി ഛായ ശര്‍മ ചുമതലപ്പെടുത്തി. ആക്രമിക്കപ്പെട്ടവരില്‍നിന്ന് വെള്ള നിറത്തിലുള്ള ആ ബസിന്റെ സവിശേഷതകള്‍ ചോദിച്ചറിഞ്ഞ പോലീസ് ബസ് കണ്ടെത്തുന്നതിനായി ഉടന്‍തന്നെ ഡല്‍ഹി ഗതാഗതവകുപ്പ് അധികൃതരെ സമീപിച്ചു.

അക്രമം നടന്ന ബസിന് സമാനമായ 320 ബസുകളുടെ വിവരങ്ങളാണ് ഗതാഗതവകുപ്പ് പോലീസിന് കൈമാറിയത്. ഇതില്‍നിന്ന് അക്രമം നടന്ന ബസ് എങ്ങനെ കണ്ടെത്തും? രാജേന്ദര്‍ സിങ് എന്ന അന്വേഷണ മികവ് തെളിയിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഛായ ചുമതലപ്പെടുത്തി. കുറ്റകൃത്യം നടന്ന പ്രദേശത്തെ ഹൈവേയ്ക്ക് സമീപമുള്ള ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ എല്ലാ കെട്ടിടങ്ങളിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് ശേഖരിച്ചു. ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് യാദവ് എന്ന് വശങ്ങളില്‍ എഴുതിയ ബസ് ഒരേസ്ഥലത്തുകൂടി മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടുതവണ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഡല്‍ഹിയില്‍നിന്ന് ഗുരുഗ്രാം ഭാഗത്തേക്കുപോയ ബസ് 19 മിനിട്ടുകഴിഞ്ഞ് വീണ്ടും അതേദിശയില്‍തന്നെയെത്തി. അതില്‍നിന്നാണ് പോലീസിന് ആദ്യ സൂചന ലഭിക്കുന്നത്. ബസിനുള്ളില്‍ യുവതി ആക്രമിക്കപ്പെടുന്നതിനിടെ അക്രമികള്‍ ബസ് പലതവണ യൂടേണെടുത്ത് പ്രദേശത്തുകൂടി കറങ്ങിയതാകാം എന്ന നിഗമനത്തില്‍ പോലീസെത്തി.

ബസ് കണ്ടെത്താന്‍ പോലീസ്; ഒരേയൊരു സൂചന മുന്‍ചക്രത്തിലെ ഹബ് ക്യാപ്  

placeholder
യുവാവും യുവതിയും ആക്രമിക്കപ്പെട്ട ബസ് | PTI

ഈ ബസിന്റെ വലതുവശത്തെ മുന്‍ ചക്രത്തില്‍ ഒരു ഹബ് ക്യാപ് (വീല്‍ ക്യാപ്) ഉണ്ടായിരുന്നില്ല എന്നതാണ് ബസ് തിരിച്ചറിയുന്നതിനായി ആ സമയത്ത് പോലീസിന് ലഭിച്ച ഏകസൂചന. ഈ പിടിവള്ളിവച്ചുതന്നെ ബസ് കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച പോലീസ് ഡല്‍ഹിയിലെ നിരവധി ബസ് ഉടമകളെയും ബസ് ജീവനക്കാരെയും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. അവരില്‍നിന്നാണ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള ദിനേശ് യാദവിന് നിരവധി ബസ്സുകളുണ്ടെന്നും അവയുടെ വശങ്ങളില്‍ യാദവ് എന്ന് എഴുതിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ പോലീസ് ദിനേശ് യാദവിനെ കസ്റ്റഡിലെടുത്ത് സിസിടിവി ദൃശ്യമടക്കം കാണിച്ച് ചോദ്യംചെയ്തതോടെ വലതുവശത്തെ മുന്‍ചക്രത്തിന്റെ ഹബ് ക്യാപ് നഷ്ടപ്പെട്ട നിലയിലുള്ള ആ ബസ് തന്റേതാണെന്ന് സമ്മതിച്ച അയാള്‍ അത് സാകേതിലെ ഒരു സ്‌കൂളിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും റാം സിങ് എന്നയാളാണ് ഡ്രൈവറെന്നും പോലീസിനോട് വെളിപ്പെടുത്തി. കേസിലെ പ്രതിയെക്കുറിച്ചുള്ള ആദ്യസൂചന പോലീസിന് ലഭിക്കുന്നത് ബസ് ഉടമ ദിനേശ് യാദവില്‍നിന്നാണ്.

placeholder
രവിദാസ് ക്യാമ്പ് | Photo - PTI

റാം സിങ് താമസിക്കുന്നത് സൗത്ത് ഡല്‍ഹിയില ഗുരു രവിദാസ് ക്യാമ്പ് എന്ന ചേരിപ്രദേശത്താണെന്ന് മനസിലാക്കിയ പോലീസിന് അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആ സ്ഥലത്ത് എത്താനായി. ബസ് ആ ചേരിപ്രദേശത്തുതന്നെ നിര്‍ത്തിയിട്ടിരുന്നു. റാം സിങ്ങിനെ കസ്റ്റഡിയിലെടുത്ത പോലീസ് അയാളെ ഉടന്‍തന്നെ ബസ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബസ് കഴുകി വൃത്തിയാക്കിയ അയാള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യമായ ശ്രമങ്ങളെല്ലാം അതിനിടെ നടത്തിയിരുന്നു. എന്നാല്‍ ഫോറന്‍സിക് വിദഗ്ധരെ ഉടന്‍തന്നെ സ്ഥലത്തെത്തിച്ച പോലീസ് ബസില്‍നിന്ന് രക്തക്കറ പുരണ്ട രണ്ട്  ഇരുമ്പ്കമ്പികളും മുടിയിഴകളുമടക്കം കണ്ടെത്തി. ബസില്‍നിന്ന് തെളിവുകള്‍ ലഭിച്ചുവെങ്കിലും പോലീസിന് കാര്യങ്ങള്‍ എളുപ്പമായില്ല. കുറ്റം സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന റാം സിങ്, തന്റെ സഹോദരന്‍ മുകേഷ് കഴിഞ്ഞ ദിവസം വൈകീട്ട് തന്റെ അനുമതിയില്ലാതെ ബസ് എടുത്തുകൊണ്ട് പോയിരുന്നുവെന്നും പിന്നീട് നടന്ന സംഭവങ്ങളൊന്നും തനിക്കറിയില്ലെന്നും അവകാശപ്പെട്ടു. മുകേഷ് എവിടെ എന്ന് പോലീസ് അന്വേഷിച്ചപ്പോള്‍ അയാള്‍ രാജസ്ഥാനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയെന്ന വിവരമാണ് ലഭിച്ചത്. ഒരു പകല്‍ മുഴുവന്‍ ചോദ്യംചെയ്തിട്ടും ആദ്യഘട്ടത്തില്‍ വഴങ്ങാതിരുന്ന റാം സിങ് വൈകീട്ട് നാലോടെ കുറ്റം സമ്മതിക്കാന്‍ തയ്യാറായി. നടന്ന സംഭവങ്ങളെല്ലാം അയാള്‍ പോലീസിനോട് വിശദീകരിച്ചു. നിര്‍ഭയയുടെ സുഹൃത്ത് പോലീസിന് നല്‍കിയ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്ന തരത്തിലുള്ളതായിരുന്നു റാം സിങ്ങിന്റെ കുറ്റസമ്മത മൊഴി. ഇതോടെ അയാളെ പോലീസ് അറസ്റ്റുചെയ്തു. രാജ്യതലസ്ഥാനത്ത് വന്‍ജനക്കൂട്ടം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി അണിനിരക്കുന്നതിനിടെ, സംഭവം നടന്നതിന്റെ പിറ്റേദിവസം വൈകീട്ടോടെതന്നെ അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന ആദ്യപ്രതിയെ അറസ്റ്റുചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു.

റാം സിങ്ങിനെ ചോദ്യംചെയ്തതോടെയാണ് അയാളുടെ സഹോദരന്‍ മുകേഷ് (26), അയല്‍ക്കാരായ പവന്‍ (19), വിനയ് (20), ബസ് ക്ലീനര്‍ അക്ഷയ് കുമാര്‍ സിങ് (28), കുട്ടിക്കുറ്റവാളി (രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം ഇയാളുടെ പേര് വെളിപ്പെടുത്താനാകില്ല) എന്നിവര്‍ക്ക് സംഭവത്തിലുള്ള പങ്കാളിത്തംസംബന്ധിച്ച നിര്‍ണായക വിവരം പോലീസിന് ലഭിക്കുന്നത്. ഇവരെയെല്ലാം ഉടന്‍ പിടികൂടുന്നതിന് പോലീസ് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് നീക്കംതുടങ്ങി.

അന്വേഷണസംഘം രാജസ്ഥാനിലെ ഉള്‍ഗ്രാമത്തിലേക്ക്  

placeholder
കേസിൽ വധശിക്ഷ ലഭിച്ച അക്ഷയ് ഠാക്കൂർ, മുകേഷ് സിങ്, വിനയ്, പവൻ ഗുപ്ത എന്നിവർ | PTI

റാം സിങ്ങിന്റെ സഹോദരന്‍ മുകേഷിനെ പിടികൂടാന്‍ എസ്.ഐ അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഡല്‍ഹിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള രാജസ്ഥാനിലെ കരോളിയിലേക്ക് യാത്രതിരിച്ചു. പോലീസ് സംഘം പുലര്‍ച്ചെ കരോളിയില്‍ എത്തിയെങ്കിലും മുകേഷ് താമസിക്കുന്ന വീട് റോഡില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളില്‍ വാഹനം കടന്നുചെല്ലാത്ത പ്രദേശത്താണ് എന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പുലര്‍ച്ചെതന്നെ പോലീസ് സംഘം കാല്‍നടയായി വീടിനടുത്ത് എത്തിയെങ്കിലും മറ്റൊരു പ്രതിബന്ധംകൂടി മുന്നിലുണ്ടെന്ന് അവര്‍ക്ക് മനസിലായത് അപ്പോഴാണ്. വെള്ളം നിറഞ്ഞൊഴുകുന്ന ഒരു തോടിന്റെ മറുകരയില്‍ വിശാലമായ കൃഷിസ്ഥലത്തിന്റെ മധ്യഭാഗത്തായാണ് വീട്. രാത്രിയില്‍ അതീവ രഹസ്യനീക്കം പദ്ധതിയിട്ട പോലീസ് സംഘത്തിന് പുഴ കടക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല എന്നതിനാല്‍ തോട് കടക്കാന്‍തന്നെ പോലീസ് തീരുമാനിച്ചു. എത്ര ആഴമുണ്ടെന്നതടക്കം അറിയാതെ പുഴ കടക്കാനൊരുങ്ങുന്നത് അപകടകരമായതിനാല്‍ സംഘത്തിലുണ്ടായിരുന്ന നീന്തല്‍ വശമുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ആദ്യം തോട്ടിലിറങ്ങി പരിശോധന നടത്തി. അധികം ആഴമില്ലെന്നും കഴുത്തോളം വെള്ളമുള്ള തോട് മറികടക്കുന്നത് അപകടകരമല്ലെന്നും മനസിലാക്കിയ സംഘം മറുകരകടക്കാന്‍ തീരുമാനിച്ചു. തോക്കുകള്‍ നനയാതിരിക്കാന്‍ അവ ഇരുകൈകളിലും ഉയര്‍ത്തിപ്പിടിച്ച് പുലര്‍ച്ചെ കൊടും തണുപ്പ് അവഗണിച്ച് തോടിന്റെ മറുകരയെത്തിയ സംഘം മുകേഷ് ഒളിവില്‍ക്കഴിഞ്ഞ വീട്ടിലെത്തുകയും അയാള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കാന്‍ സമയം നല്‍കാതെ അയാളെയുംകൂട്ടി ഡല്‍ഹിയിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

മുകേഷുമായി അന്വേഷണസംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയതോടെ റാം സിങ് കൂടുതല്‍ പ്രതിരോധത്തിലായി. നടന്ന കാര്യങ്ങളെല്ലാം തത്ത പറയുന്നതുപോലെ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. കേസിലെ മറ്റുരണ്ട് പ്രതികളെയും പോലീസിന് ഉടന്‍ പിടികൂടാന്‍ കഴിഞ്ഞത് ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. റാംസിങ്ങിന്റെ അയല്‍ക്കാരന്‍ പവനെ ചേരിയിലെ അയാളുടെ കുടിലില്‍നിന്നും ജിം ഇന്‍സ്ട്രക്ടറായിരുന്ന വിനയ് എന്നയാളെ അയാളുടെ ജിമ്മിന് പുറത്തുനിന്നും പോലീസ് അനായാസം പിടികൂടി.

ഹീനമായ അക്രമം നടന്ന ദിവസം പ്രതികള്‍ ആറുപേരും ചേര്‍ന്ന് പാര്‍ട്ടി നടത്തിയെന്നും അതിനുശേഷമാണ് ബസ് എടുത്ത് കറങ്ങാനിറങ്ങിയതെന്നും റാം സിങ് വിശദീകരിച്ചു. ആദ്യം അവര്‍ ഒരു മരപ്പണിക്കാരനെ ബസില്‍ വിളിച്ചുകയറ്റി അദ്ദേഹത്തിന്റെ 1500 രൂപയും കൈയിലുണ്ടായിരുന്ന വസ്തുക്കളും അപഹരിച്ചിരുന്നു. പിന്നീടാണ് യുവാവും യുവതിയും ഇതൊന്നുമറിയാതെ ക്രൂരന്മാരായ അക്രമികളുടെ ആ ബസില്‍ കയറിയത്.

മാവോവാദി മേഖലയില്‍ രഹസ്യനിരീക്ഷണം; പ്രതിയുടെ ഓരോ നീക്കവും തിരിച്ചറിഞ്ഞു

ബിഹാറിലെ മാവോവാദികളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഗ്രാമത്തിലെത്തിയാണ് ബസിലെ ക്ലീനറായിരുന്ന പ്രതി അക്ഷയ് കുമാര്‍ സിങ്ങിനെ പോലീസ് പിടികൂടാനുള്ള പദ്ധതിയിടുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസ് ഇയാള്‍ ബിഹാറിലെ സ്വന്തം ഗ്രാമത്തില്‍തന്നെ ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി. ഉടന്‍തന്നെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഋതുരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനമാര്‍ഗം ബിഹാറിലെ പട്‌നയിലെത്തി. ബിഹാറിലെ ടാംഡ്വ പോലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെടുന്ന ഗ്രാമത്തിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന് മനസിലാക്കിയ സംഘം ഉടന്‍തന്നെ ടാംഡ്വ പോലീസുമായി ബന്ധപ്പെടുകയും കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മാവോവാദികളുടെ ശക്തികേന്ദ്രമാണ് പ്രദേശമെന്നും നാല് തവണ പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹിയില്‍നിന്നെത്തിയ സംഘം മനസിലാക്കുന്നത് അപ്പോഴാണ്. ഏത് സമയവും ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ ബിഹാര്‍ മിലിട്ടറി പോലീസിന്റെ അധികസുരക്ഷ ഈ പോലീസ് സ്റ്റേഷന് ഏര്‍പ്പെടുത്തിയിരുന്നു.

placeholder
നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിക്ക് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ | PTI

ലൈറ്റ് മെഷീന്‍ ഗണ്ണുകളുമായി സ്റ്റേഷന്റെ മേല്‍ക്കൂരയിലടക്കം പോലീസ് കാവല്‍നില്‍ക്കുന്നതാണ് ഡല്‍ഹിയില്‍നിന്നെത്തിയ സംഘത്തിന് കാണാന്‍ കഴിഞ്ഞത്. ഇതോടെ പ്രതിയെ അതിവേഗം പിടികൂടാന്‍ ശ്രമിക്കുന്നത് അബദ്ധമാകുമെന്ന് പോലീസ് മനസിലാക്കി. ഇതോടെ അക്ഷയ് കുമാര്‍ സിങ്ങിനെ പിടികൂടാനുള്ള മറ്റൊരുപദ്ധതി ഡല്‍ഹിയില്‍നിന്നെത്തിയ പോലീസ് സംഘം തയ്യാറാക്കി. ടാംഡ്വ പോലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ളവരുടെ പിന്തുണയോടെ നക്‌സല്‍ ബാധിത പ്രദേശത്തെ ഗ്രാമങ്ങളില്‍ പോലീസ് വേഷംമാറി ശക്തമായ നിരീക്ഷണം നടത്തി. ഇതിനിടെ കൂട്ടബലാത്സംഗക്കേസ് പ്രതിയുടെ ബന്ധുക്കളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചുമുള്ള വന്‍ വിവരശേഖരണവും പോലീസ് നടത്തി. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്തിരുന്ന വാച്ച്മാന്മാരുടെ സഹായമടക്കം പോലീസ് തേടി. ഇതിനിടെ അയാള്‍ സ്വന്തം ഗ്രാമത്തില്‍നിന്ന് ബന്ധുക്കള്‍ താമസിക്കുന്ന മറ്റൊരു ഗ്രാമത്തിലേക്ക് ഒളിയിടം മാറ്റാനൊരുങ്ങുന്നുവെന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചു. ഇതോടെ പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണ് അയാള്‍ ടാംഡ്വ റെയില്‍വെ സ്റ്റേഷനിലെത്തിയെന്ന വിവരം ഒരാള്‍ പോലീസിന് കൈമാറുന്നത്. ഉടന്‍തന്നെ റെയില്‍വെ സ്റ്റേഷനിലേക്ക് കുതിച്ചെത്തിയ പോലീസ് സംഘം അയാളെ അറസ്റ്റുചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

50 ലക്ഷംപേര്‍ വസിക്കുന്ന പ്രദേശം, ഇരുട്ടില്‍തപ്പി പോലീസ്; കണ്ടെത്തേണ്ടത് കുട്ടിക്കുറ്റവാളിയെ

കേസിലെ കുട്ടിക്കുറ്റവാളിയെ പരിചയമുണ്ടായിരുന്നത് ബസ് ഡ്രൈവര്‍ റാം സിങ്ങിന് മാത്രമായിരുന്നു. ഇരുവരും മുമ്പ് ഒരുമിച്ച് ജോലിചെയ്തിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്കൊന്നും അയാളെ പരിചയമുണ്ടായിരുന്നില്ല. റാം സിങ്ങിന് അയാളുടെ യഥാര്‍ഥ പേരോ ഫോണ്‍നമ്പറോ അറിയില്ലായിരുന്നു. ഇതോടെ കൃത്യമായ സൂചനകള്‍ ഒന്നുതന്നെയില്ലാതെ കുട്ടിക്കുറ്റവാളിയെത്തേടി ഈസ്റ്റ് ഡല്‍ഹിയില്‍ 50 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 50 ലക്ഷത്തോളംപേര്‍ അധിവസിക്കുന്ന പ്രദേശം അരിച്ചുപെറുക്കാന്‍ പോലീസ് തീരുമാനിച്ചു. വിവിധ ബസ് സ്റ്റേഷനുകളിലും ബസ് ജീവനക്കാര്‍ക്കിടയിലും മൂന്ന് പകലും മൂന്ന് യാത്രിയുമാണ് അയാളെത്തേടി പോലീസ് അലഞ്ഞത്. ഇയാളെ തിരിച്ചറിയാനുള്ള സൂചനകള്‍ വിവരിച്ച് നാട്ടുകാരോടെല്ലാം പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചു. ഇയാല്‍ ബസില്‍ കയറുന്നവരെ ഒരു പ്രത്യേകരീതിയില്‍ അഭിവാദ്യം ചെയ്യാറുണ്ടെന്ന വിവരമാണ് ഇയാളെ തിരിച്ചറിയാന്‍ പോലീസ് ഉപയോഗിച്ചത്. അതിനിടെ ആനന്ദ് വിഹാറിനും നോയിഡയ്ക്കുമിടെ സര്‍വീസ് നടത്തുന്ന ഒരു ബസില്‍ പോലീസ് പറയുന്ന സവിശേഷതകളുള്ള ഒരാള്‍ ജോലിചെയ്യുന്നുണ്ടെന്ന വിവരം ഒരാള്‍ പോലീസിന് നല്‍കി. ഇതോടെ ബസ് കണ്ടെത്തിയ പോലീസ് നോയിഡയില്‍നിന്ന് ആ ബസ് എത്തുന്നതുംകാത്ത് ആനന്ദ് വിഹാര്‍ ബസ് സ്റ്റേഷനില്‍ നിലയുറപ്പിച്ചു. ബസ് എത്തിയുടന്‍ കുട്ടിക്കുറ്റവാളിയെ പോലീസ് പിടികൂടി പിടികൂടി.

കുറ്റമറ്റ അന്വേഷണം; നാല് പ്രതികള്‍ക്കും തൂക്കുകയര്‍

placeholder
തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയവരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ പുറത്തേക്ക് കൊണ്ടുപോകുന്നു. PTI

പ്രതികളെല്ലാം വലയിലായശേഷം നടന്നത് കേസിലെ അതിവേഗ വിചാരണ. അതിനിടെ ബസ് ഡ്രൈവര്‍ റാം സിങ്ങിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ പുലര്‍ച്ചെ 5.45-ന് അയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2020 മാര്‍ച്ച് 20-ന് കേസിലെ പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. കുറ്റകൃത്യം നടന്ന സമയത്ത് 17 വയസും ആറുമാസവും പ്രായമുണ്ടായിരുന്ന കുട്ടിക്കുറ്റവാളി വളരെ ചുരുങ്ങിയകാലത്തെ ശിക്ഷ അനുഭവിച്ചശേഷം മോചിപ്പിക്കപ്പെട്ടുവെങ്കിലും അയാളെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ലെന്നാണ് പുറത്തുവന്ന വിവരം. നാല് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചതോടെ ആക്രമിക്കപ്പെട്ട യുവതിക്ക് നീതിലഭിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പ്രതികരിച്ചത്. കേസ് രജിസ്റ്റര്‍ചെയ്ത രജൗരി ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ അനില്‍ ശര്‍മയ്ക്ക് കേസുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണക്കമ്മീഷന് മുമ്പാകെ ഹാജരാകേണ്ടി വന്നിട്ടുണ്ട്. അവയൊന്നും പോലീസിനെ കുറ്റപ്പെടുത്തിയിട്ടില്ല എന്നുമാത്രമല്ല പോലീസ് അന്വേഷണത്തെ പ്രശംസിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കം പ്രതികളെ പിടികൂടിയ പോലീസിന് അതിനുശേഷം അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു കനത്ത വെല്ലുവിളി. ആള്‍ക്കൂട്ടം പ്രതികളെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്ന് പോലീസ് പറയുന്നു.

ആക്രമിക്കപ്പെട്ട യുവതി ചികിത്സയില്‍ കഴിഞ്ഞ സമയത്ത് പലതവണ അവരെ സന്ദര്‍ശിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കാന്‍ ശ്രമിച്ചിരുന്നു. (വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലേക്ക് വ്യോമമാര്‍ഗം യുവതിയെ എത്തിച്ചുവെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല). 18 ദിസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഠിനമായ അധ്വാനം വേണ്ടിവന്നുവെന്ന് ഡിസിപി ഛായ ശര്‍മ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന് 18 മണിക്കൂറിനുള്ളില്‍ മൂന്ന് പ്രതികളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞു. കുട്ടിക്കുറ്റവാളിയേയും മാവോവാദി മേഖലയിലേക്ക് കടന്ന അക്ഷയ് സിങ് എന്നയാളെയും പിടികൂടാനാണ് കടുത്ത പരിശ്രമം വേണ്ടിവന്നത്. വെല്ലുവിളിനിറഞ്ഞ കേസില്‍ അഞ്ച് ദിവസംകൊണ്ട് തുമ്പുണ്ടാക്കാനും 17 ദിവസംകൊണ്ട് കുറ്റപത്രം നല്‍കാനും കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അന്നത്തെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പ്രതികരിച്ചിട്ടുണ്ട്.