
സാമൂഹികമാധ്യമങ്ങളിൽ തെറിവിളിയും റേപ്പ് ജോക്സും പറയുന്ന ഒരു കൂട്ടം വ്ളോഗർമാരും അവരെ ആഘോഷിക്കുന്ന ആരാധകക്കൂട്ടവുമുണ്ടെന്നത് യാഥാർഥ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരാ ലോകം അറിയാതെ ഇതൊരു ഭീകരമായ സമാന്തര ലോകം സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരാളായ തൊപ്പി അഥവാ നിഹാദാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. കുട്ടികളുടെ ആരാധ്യപുരുഷനായ തൊപ്പിക്കെതിരേ ആദ്യം മലപ്പുറം വളാഞ്ചേരി പോലീസും പിന്നാലെ കണ്ണൂര്‍ കണ്ണപുരം പോലീസും കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ നിഹാല്‍ അസഭ്യം കലര്‍ന്ന പാട്ട് പാടിയതിനും നിയമലംഘനം നടത്തിയെന്നും മറ്റുമുള്ള പ്രദേശവാസിയുടെ പരാതി ഉള്‍പ്പെടയുളള പരാതികളാണ് നിഹാലിന് വിനയായത്. അശ്ലീലം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് നിഹാലിനെതിരേ ഇന്‍ഫര്‍മേഷന്‍ ടെക്ക്‌നോളജി (ഐ.ടി) നിയമത്തിലെ വകുപ്പ് 67 പ്രകാരവും ജനക്കൂട്ടം കേള്‍ക്കെ അസഭ്യം കലര്‍ത്തിയ പാട്ട് പാടിയതിന് ഐ പി സി വകുപ്പ് 294 ( ബി ) പ്രകാരവും പൊതുവഴിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് ഐ പി സി 283 ആം വകുപ്പ് പ്രകാരവും പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇതില്‍ ഐ.പി സി പ്രകാരമുള്ള കുറ്റങ്ങള്‍ ജാമ്യം നല്‍കാവുന്നവയായതിനാലാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തശേഷം തൊപ്പിക്ക് ജാമ്യത്തിലിറങ്ങാനായത്. പക്ഷേ തൊപ്പിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ ഉള്ളടക്കം ഗൗരവകരമായ ഐ.ടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി പറയുന്ന കണ്ണപുരം പോലീസിന്റെ എഫ്. ഐ. ആറിലെ ഐ. ടി നിയമം 67 ആം വകുപ്പ് ഉള്‍പ്പടെയുള്ളവ മൂന്നുവര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ട് തന്നെ ഗൗരവമേറിയ കുറ്റാരോപണം തൊപ്പിക്കെതിരേ ഉണ്ട്.
എന്നാൽ വെറുമൊരു പദപ്രയോഗം കൊണ്ടു മാത്രം എന്തിന് തൊപ്പിയെ കടന്നാക്രമിക്കുന്നുവെന്നാണ് തൊപ്പി ഫാൻസിന്റെ ചോദ്യം. നിയമപരമായും യുക്തിപരമായും ഇതിനപ്പുറത്തേക്ക് നിരവധി പിഴവുകൾ തൊപ്പിയുടെ പക്കൽ നിന്ന് പറ്റിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലെ തെറിവിളി, അശ്ലീലത പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ഈ ഗണത്തിൽ പെടും. ഈ വിഷയത്തെ നിയമപരമായി അവലോകനം ചെയ്തു നോക്കാം.
പരാതിയുമായി ആരെങ്കിലും ഒരാള്‍ പോലീസിനെ സമീപിച്ചാല്‍
ക്രിമിനല്‍ നടപടി നിയമപ്രകാരം മേല്‍പ്പറഞ്ഞ രീതിയിലുള്ള പ്രവൃത്തികള്‍ സാമൂഹ്യ മാധ്യമത്തിലും മറ്റും ഒരു വ്യക്തിയില്‍ നിന്ന് ഉണ്ടായാല്‍ അത് മൂലം ബുദ്ധിമുട്ടനുഭവിച്ച ഏതൊരാള്‍ക്കും സ്ഥലത്തെ അധികാരപരിധിയുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാം. പോലീസ് ക്രിമിനല്‍ നടപടി നിയമം വകുപ്പ് 154 പ്രകാരം ഉചിതമായ വകുപ്പ് ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകൊള്ളും. ഇതില്‍ പോലീസ് അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ മാത്രം മജിസ്‌ട്രേറ്റ് കോടതിയെ സ്വകാര്യ അന്യായത്തിലൂടെ (പരാതി) സമീപിച്ച് പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെടാം. ഏത് രീതിയിലാണെങ്കിലും നിയമലംഘനം ചൂണ്ടിക്കാട്ടി ഉറച്ചു നില്‍ക്കാന്‍ ഒരു പരാതിക്കാരന്‍ ഉണ്ടായാല്‍ മതി.
സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യവര്‍ഷം ചൊരിയുന്നവര്‍ക്കുള്ള ശിക്ഷ ഇപ്രകാരം
ഐ. ടി നിയമം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലീസ് നിയമത്തിലെ 67 ആം വകുപ്പ് ചുമത്തുന്നുണ്ട്. സ്ത്രീ വിരുദ്ധവും അശ്ലീലവുമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ ഉപകരണങ്ങളും വഴി പ്രസിദ്ധപ്പെടുത്തുകയും പ്രചരിപ്പിക്കുന്നവര്‍ക്ക് ആദ്യവട്ടം കുറ്റം തെളിഞ്ഞാല്‍ കാത്തിരിക്കുന്നത് മൂന്ന് വര്‍ഷം വരെയാകാവുന്ന തടവും അഞ്ച് ലക്ഷം വരെയാകാവുന്ന പിഴയുമാണ്. ഒരുവട്ടം ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷം വരെയാകാവുന്ന തടവും 10 ലക്ഷം വരയാകാവുന്ന പിഴയും ശിക്ഷയായി ലഭിച്ചേക്കും.
കുറ്റമായി ആരോപിക്കപ്പെട്ട ഡിജിറ്റല്‍ ദൃശ്യശ്രാവ്യ ഉള്ളടക്കം കാണുന്നവര്‍ക്കും
കേള്‍ക്കുന്നവര്‍ക്കും കാമവികാരജനകമായ ഒന്നാണ് അല്ലെങ്കില്‍ അശ്ലീലാശയങ്ങളാല്‍ നിറഞ്ഞതെന്ന് പോലീസിന് പരാതിയുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാലാണ് ഈ വകുപ്പ് ഉപയോഗിക്കുക. ഇനി ഇത് തന്നെ ലൈംഗിക പ്രവൃത്തിയുടെ പ്രസിദ്ധീകരണമോ പ്രചരിപ്പിക്കലോ ആണെങ്കില്‍ ശിക്ഷ കാലാവധി ഏഴു വര്‍ഷം വരെയായി ഉയര്‍ന്നേക്കും എന്ന് വകുപ്പ് 67 എ പറയുന്നു. കുട്ടികളെ ബന്ധപ്പെടുത്തി ലൈംഗിക പ്രവൃത്തി അടങ്ങുന്ന വിവിധ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് പ്രസിദ്ധപ്പെടുത്തിയാലും പ്രചരിപ്പിച്ചാലും ഏഴു വര്‍ഷം വരയാകാവുന്ന തടവ് തന്നെ ലഭിക്കുമെന്നും 10 ലക്ഷം രൂപ വരെ പിഴ ചുമത്തിയേക്കും എന്ന് വകുപ്പ് 67 ബി വ്യക്തമാക്കുന്നു.
ഇതിന് പുറമേ അസഭ്യം പറയുന്നതിന് അഥവാ അശ്ലീല പദപ്രയോഗങ്ങള്‍ക്ക് ഐ പി സി വകുപ്പ് 294 ( ബി ) ചുമത്താം. മൂന്നു മാസം തടവു ശിക്ഷയോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കും.ഉചിതമായ സന്ദര്‍ഭങ്ങളില്‍ 2011 ലെ കേരള പോലീസ് ആക്ടിലെ ഉചിതമായ വകുപ്പുകളും പരാതിക്ക് അനുസൃതമായി പോലീസ് കേസെടുക്കുമ്പോള്‍ ചേര്‍ത്തുവരുന്നുണ്ട്.
സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. വേണ്ടത് കുട്ടികളില്‍ നിരന്തരമായ ഇടപെടല്‍
തൊപ്പി ഉള്‍പ്പടെ പല വ്‌ളോഗര്‍മാരുടെയും യൂട്യൂബ് ചാനലുകളുടേയും ലൈവ് സ്ട്രീമിംങ്ങ് പ്ലാറ്റ്‌ഫോമുകളുടെയും ഫാന്‍സില്‍ ബഹുഭൂരിപക്ഷവും കൊച്ചു കുട്ടികളാണ് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുകയും അസഭ്യം, ലൈംഗിക ചുവയോടെ തമാശ എന്ന മട്ടില്‍ അവതരിപ്പിക്കുകയും തെറിപ്പാട്ട് പാടുകയും ചെയ്യുന്നത് കുട്ടികളെ നെഗറ്റീവ് രീതിയില്‍ സ്വാധീനിക്കുന്നു. ഇത് എല്‍.പി-യു.പി ക്ലാസുകളിലെ കുട്ടികളുടെ മനോഭാവം മാറ്റുന്നതിന് ഇടയാക്കുന്നു. തൊപ്പിയുടെ റോസ്റ്റിംഗ് വീഡിയോകള്‍ എന്ന പേരിലുള്ള പെണ്‍കുട്ടികളെ അവഹേളിക്കുകയും ബോഡി ഷേയിമിംഗ് നടത്തുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ കാണുന്ന ആണ്‍കുട്ടികള്‍ ക്ലാസില്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളോട് പെരുമാറ്റവൈകൃതങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയാക്കുന്നുവെന്ന് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം തടയിടാന്‍ താഴ്ന്ന ക്ലാസുകള്‍ മുതല്‍ കുട്ടികളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാമൂഹ്യ സുരക്ഷാ - ബാലാനീതി വകുപ്പുകളും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികളും മറ്റും അടങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം ജാഗ്രത പുലര്‍ത്തണം.
മുന്‍പ് കേന്ദ്ര ടെലികോം മന്ത്രാലയം മുന്‍കൈ എടുത്ത് 2022 ല്‍ 63 അശ്ലീല വെബ്‌സൈറ്റുകളും രാജ്യത്ത് നിരോധിച്ച മികച്ച മാതൃക ഈ വിഷയത്തിലു ഉപയോഗിക്കാം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴില്‍ പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കുട്ടികളെ വഴി തെറ്റിക്കുന്ന ഉള്ളടക്കമുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ലിങ്കുകളും പൂട്ടിക്കെട്ടാനും നീക്കം ചെയ്യാനും സാധിക്കും. ചിലത് ഒരു മുന്നറിയിപ്പ് എന്ന രീതിയില്‍ താത്ക്കാലികമായി പ്രവര്‍ത്തന രഹിതമാക്കാനും കഴിയും.
പുതിയ തലമുറയെ അസന്മാര്‍ഗിക വഴികളില്‍ നടത്തുന്ന ഡിജിറ്റല്‍ ഉള്ളടക്കം നിര്‍മിക്കുന്നവരെ നിയമത്തിന് മുന്‍പില്‍ എത്തിക്കേണ്ടതും അവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കേണ്ടത് ഉത്തരവാദിത്വമുള്ള പൗരന്മാരുടെയും ചുമതലയാണ്. ഇത്തരം വിഷയങ്ങളില്‍ പരാതിയുമായി പോലീസിനെക്കൊണ്ട് കേസെടുപ്പിക്കാന്‍ ആര്‍ജവമുള്ളവര്‍ മുന്നോട്ട് വരുന്നതോടെ വഴിവിട്ട രീതികളിലൂടെ സഞ്ചരിക്കുന്ന വ്‌ളോഗര്‍മാര്‍ സ്വയം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരാകും എന്നും പ്രത്യാശിക്കാം.
(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍ )
Content Highlights: social media influnencer thoppi arrest
Published: 29 Jun 2023, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented