വളാഞ്ചേരി: തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബര്‍ കണ്ണൂര്‍ കല്യാശ്ശേരി മങ്ങാട് 'മഫസ്' വീട്ടില്‍ നിഹാദി(24)നെ വളാഞ്ചേരി പോലീസ് കൊച്ചിയില്‍നിന്ന് അറസ്റ്റുചെയ്തു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളം എടത്തല കഴുവേലിപ്പടിയിലെ വീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വളാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം തൊപ്പിയെ അറസ്റ്റുചെയ്തത്. വളാഞ്ചേരിയിലെത്തിച്ച തൊപ്പിയെ പിന്നീട് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടു.

To advertise here,

വാതില്‍ തുറക്കാനാവശ്യപ്പെട്ട് ഏറെനേരം മുറിയുടെ മുന്‍പില്‍ കാത്തുനില്‍ക്കേണ്ടിവന്ന പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ അറസ്റ്റുചെയ്തത്. വാതില്‍ തുറക്കാത്തത് തെളിവുകള്‍ നശിപ്പിക്കാനാണെന്ന സംശയത്തെത്തുടര്‍ന്നാണ് ബലമായി തുറക്കേണ്ടിവന്നതെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ ഈ നടപടിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എ.എസ്.ഐ. ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, വിനീത്, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലാപ്ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍, മൈക്ക് തുടങ്ങിയവ മുറിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

17-ന് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് തൊപ്പി വളാഞ്ചേരിയിലെത്തിയത്. തൊപ്പിയെ കാണാന്‍ കൗമാരക്കാരായ കുട്ടികള്‍ കൂട്ടമായെത്തിയതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പൊതുവേദിയില്‍നിന്ന് അറപ്പുളവാക്കുന്ന തെറിപ്പാട്ടുകള്‍ തൊപ്പി പാടിയതായും ആക്ഷേപം ഉയര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സെയിഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടപടികള്‍ വിലയിരുത്താനായി തിരൂര്‍ ഡിവൈ.എസ്.പി. ബിജുവും സ്റ്റേഷനില്‍ എത്തിയിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അശ്ലീലസംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് കണ്ണൂര്‍ കണ്ണപുരം പോലീസ് സ്റ്റേഷനില്‍ ഐ.ടി. വകുപ്പനുസരിച്ച് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണപുരം പോലീസ് ഇയാളെ ചോദ്യംചെയ്യാനായി വളാഞ്ചേരിയില്‍ എത്തിയിരുന്നു.

അറസ്റ്റിനിടയിലും തൊപ്പിയുടെ 'ഇന്‍ഫ്‌ളുവന്‍സ്'

അതുല്യ ഗോപ്

മലപ്പുറം: 'തൊപ്പി'ക്കേസ് ചര്‍ച്ചയായപ്പോഴാണ് നമുക്കിടയില്‍ ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന വിവരം വലിയൊരു വിഭാഗം അറിഞ്ഞത്. അതുവരെ കൗമാരക്കാരുടെ ഹീറോയായി വിലസുകയായിരുന്നു ഈ വിദ്വാന്‍. സാമൂഹികമാധ്യമങ്ങളിലൂടെ തരംഗമായ 'ഇന്‍ഫ്‌ളുവന്‍സര്‍' തൊപ്പിയുടെ അറസ്റ്റാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.

കഴിഞ്ഞദിവസം വളാഞ്ചേരിയില്‍ വസ്ത്രശാല ഉദ്ഘാടനംചെയ്യാനെത്തിയ 'തൊപ്പി' എന്ന കണ്ണൂര്‍ സ്വദേശി നിഹാദിന്റെ പേരില്‍ വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നു. പൊതുസ്ഥലത്ത് അസഭ്യവാക്കുകളുപയോഗിച്ചെന്നും റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. വെള്ളിയാഴ്ച എറണാകുളത്തുവെച്ച് അറസ്റ്റുംചെയ്തു.

അറസ്റ്റിനോട് സമൂഹം സമ്മിശ്രരീതിയിലാണ് പ്രതികരിച്ചത്. അറസ്റ്റിനെ ന്യായീകരിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ടായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചതിലാണ് വിമര്‍ശകര്‍ക്ക് ധാര്‍മികരോഷം. കൊലപാതകികളും പീഡകരും വ്യാജന്‍മാരുമൊക്കെ വിലസുമ്പോള്‍ അസഭ്യം പറഞ്ഞതിന്റെ പേരില്‍ ഇങ്ങനെ ചെയ്യണമായിരുന്നോ എന്നാണ് അവരുടെ ചോദ്യം.

അതേസമയം, സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാഴ്ചകഴിഞ്ഞുവരാം എന്ന മറുപടിയാണു പ്രകോപിപ്പിച്ചതെന്ന് പോലീസും പറയുന്നു. മാത്രമല്ല, അറസ്റ്റുചെയ്യാന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. ആ സമയം ലൈവ് ചെയ്യുകയായിരുന്നു. കുറേസമയം കാത്തിരുന്നിട്ടും വാതില്‍ തുറക്കാത്തതിനാലാണ് ചവിട്ടിപ്പൊളിച്ചതെന്ന് പോലീസ് പറയുന്നു.

ആരാധകര്‍ ലക്ഷങ്ങള്‍

സാമൂഹികമാധ്യമത്തില്‍ ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള 'തൊപ്പി' ലോക്കോ ലൈവ് ഗെയിം സ്ട്രീം ആപ്പിലൂടെ സ്ട്രീമിങ് നടത്തുന്ന ഗെയിമറാണ്. യൂട്യൂബിലൂടെ ലൈവ് സ്ട്രീമിങ് നടത്തുകയാണ് ചെയ്യുന്നത്. ഫോളോവേഴ്സ് കൂടുതലും 18 വയസ്സിനു താഴെയുള്ളവര്‍. ലൈവ് സ്ട്രീമിങ്ങിലൂടെ അസഭ്യം നിറഞ്ഞ വാക്കുകളും സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും നിറഞ്ഞ പരിപാടികളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. 'ഇന്‍ഫ്‌ളുവന്‍സേഴ്സ്' എന്ന പേരിലറിയപ്പെടുന്ന യൂട്യൂബേഴ്സും സാമൂഹികമാധ്യമങ്ങളും കൗമാരക്കാരായ കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.

ഗെയിമിന് രക്ഷിതാക്കളുടെ അനുവാദം വേണം

ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ലോക്കോ. ഗെയിമിങ് വീഡിയോകളെല്ലാം ഒരിടത്തുകാണാന്‍ പറ്റുന്ന ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പാണിത്. മികച്ച ഗെയിമര്‍മാരെയും ഗെയിമുകളും തത്സമയം കാണാം. 18 വയസ്സിനു മുകളിലുള്ളവര്‍ മാത്രമേ ഇതുപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിബന്ധനയുണ്ട്. അതിനു താഴെയുള്ളവര്‍ ഈ ആപ്പുപയോഗിക്കുന്നതിന് രക്ഷിതാവിന്റെ അനുവാദം വേണം. കെ.വൈ.സി. അപ്രൂവല്‍ നല്‍കണമെന്നും മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നുണ്ട്.