എസ്.എഫ്.ഐ. നേതാവ് പി.എം. ആർഷോയുടെ പരാതിയിൽ മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനും കെ.എസ്.യു. നേതാക്കൾക്കും മറ്റുള്ളവർക്കും എതിരെ എടുത്ത കേസിൽ ഐ.പി.സി. 500 വകുപ്പ് ചേർത്തിരിക്കുകയാണ് എറണാകുളം സെൻട്രൽ പോലീസ്. ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് അപകീർത്തിപെടുത്തിയെന്ന ഉള്ളടക്കമുള്ള  പരാതിയിൽ പോലീസിന് എഫ് ഐ ആർ. രജിസ്റ്റർ ചെയ്യാൻ നിയമപ്രകാരം സാധ്യമല്ല. അപകീർത്തിയെക്കുറിച്ച് പരാതിപ്പെടുന്ന അവസരങ്ങളിൽ അങ്ങനെ ചെയ്യരുതെന്നു കോടതി വിധികൾ ഉണ്ട്. അങ്ങനെയെങ്കിൽ ഈ എഫ്.ഐ.ആർ. ചോദ്യം ചെയ്യാൻ പ്രതി ചേർക്കപ്പെട്ടവർക്ക് കഴിയും. ഐ.പി.സി. 500 വകുപ്പ് ഉൾപ്പെടുന്ന പരാതി മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായമായി ഹർജി നൽകി കോടതിയിൽ മാത്രം തുടരുന്ന നടപടിക്രമമായാണ് ക്രിമിനൽ നടപടി നിയമം പറയുന്നത്.

To advertise here,

ഐ.പി.സി. അധ്യായം 21-ലാണ്‌ ക്രിമിനല്‍ അപകീര്‍ത്തി കുറ്റത്തെ പറ്റി പ്രതിപാദിക്കുന്നത്. വകുപ്പ് 499-ല്‍ നിര്‍വചിച്ചിട്ടുള്ള കുറ്റത്താല്‍ ഒരു വ്യക്തിക്ക് കഷ്ടനഷ്ടങ്ങള്‍ക്ക് ഇടയാവുന്ന സന്ദര്‍ഭത്തില്‍ വകുപ്പ് 500 അനുസരിച്ചുള്ള ശിക്ഷ ലഭിക്കാവുന്ന രീതിയില്‍ കുറ്റം ചുമത്തി കേസെടുക്കാവുന്നതിനെ പറ്റി ക്രിമിനല്‍ നടപടി നിയമവും വിവരിക്കുന്നു.

ക്രിമിനല്‍ നടപടി നിയമം വകുപ്പ് 199 പറയുന്നത്

അപകീര്‍ത്തിക്ക് ഇരയായ ആള്‍ പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് പറയുന്നത്. വേണ്ടത്ര തെളിവുകളും രേഖകളും മറ്റും ശേഖരിച്ച് തനിക്ക് ഉണ്ടായ മാനഹാനിയെ പറ്റി വിവരിച്ച് നല്‍കുന്ന പരാതിയെ കോടതിയില്‍ സ്വകാര്യ അന്യായം അഥവാ പ്രൈവറ്റ് കംപ്ലയിന്റ് എന്ന് വിളിക്കുന്നു. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 190-ലാണ് ഇപ്രകാരം സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നതിന്റെ നടപടി ക്രമം വ്യക്തമാക്കുന്നത്.

എന്തുകൊണ്ട് മജിസ്‌ട്രേറ്റ് കോടതി?

ക്രിമിനല്‍ അപകീര്‍ത്തി കുറ്റം എന്നത് രാജ്യത്ത് ഏറ്റവും കൂടിയത് രണ്ട് വര്‍ഷം സാധാരണ തടവോ അല്ലെങ്കില്‍ പിഴയോ ഇനി ഇത് രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഇതിനെ നോണ്‍ കൊഗ്നിസബിള്‍ എന്ന ഗണത്തിലാണ് ക്രിമിനല്‍ നടപടി നിയമപ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരാതിക്കാരന്‍ സ്വകാര്യ അന്യായം തന്നെ ഫയല്‍ ചെയ്യണം. തുടര്‍ന്ന് മജിസ്‌ട്രേറ്റ് പരാതിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍  പരിശോധിച്ച് സാക്ഷികളെ വിളിച്ച്  മൊഴി എടുക്കുന്നു. അപകീര്‍ത്തിക്ക് അടിസ്ഥാനമായ പരാതിയില്‍ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെടുന്നുവെങ്കില്‍ പ്രതിയെ സമന്‍സ് അയച്ച് വരുത്തി വിചാരണയിലേക്ക് കടക്കുന്നു.

മജിസ്‌ട്രേറ്റ് നേരിട്ടാണ് സ്വാകാര്യ അന്യായം പരിഗണിച്ച് ഇപ്രകാരം പ്രവര്‍ത്തിക്കേണ്ടത്.  ഇത്തരം ഘട്ടങ്ങളില്‍ ക്രിമിനല്‍ അപകീര്‍ത്തി കുറ്റത്തില്‍ പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഫയല്‍ അയക്കുന്നത് തെറ്റാണെന്ന്  2019-ലെ സുരേഷ് Vs  ദി സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, വടകര പോലീസ് സ്‌റ്റേഷന്‍ ആന്‍ഡ് അദേഴ്‌സ്‌ എന്ന കേസില്‍ കേരള ഹൈക്കോടതി പറയുന്നു. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 155 (2) അനുസരിച്ച് മജിസ്‌ട്രേറ്റ് കോടതിക്ക് അപകീര്‍ത്തി കേസ് അന്വേഷിക്കാന്‍ വേണ്ടി പോലീസിനെ ചുമതലപ്പെടുത്താന്‍ കഴിയില്ല എന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ച് നിരീക്ഷിക്കുന്നു. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 156 ( 3) ന്റെ അര്‍ത്ഥത്തിന് വിരുദ്ധമായി മജിസ്‌ട്രേറ്റ് ഫയല്‍ അയച്ചു കൊടുത്താലും പോലീസിന് ഐ.പി.സി. വകുപ്പ് 500 ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനോ  അന്വേഷണം നടത്താനോ അധികാരമില്ല. 

 ക്രിമിനല്‍ നടപടി നിയമം വകുപ്പ് 155 (5) പറയുന്നത്  മജിസ്‌ട്രേറ്റ്  കോടതി ഉത്തരവിലൂടെ  ആവശ്യപ്പെട്ടാല്‍ മാത്രം ഒരു നോണ്‍ കൊഗ്നിസബിള്‍ കുറ്റത്തിന്  (താരതമ്യേന ലഘുവായതും ശിക്ഷ കുറഞ്ഞതുമായ കുറ്റകൃത്യങ്ങള്‍ ) പോലീസിന് അന്വേഷണം നടത്താം എന്നാണ്. വകുപ്പ് 199 ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ ക്രിമിനല്‍ അപകീര്‍ത്തി എന്ന ഐ.പി.സി. വകുപ്പ് 500-ലെ ശിക്ഷ ലഭിക്കുന്ന നോണ്‍ കൊഗ്നിസബിള്‍ ഗണത്തില്‍പെട്ട കുറ്റം മജിസ്‌ട്രേറ്റ് കോടതി തന്നെ നേരിട്ട് അന്വേഷിച്ച് വിചാരണ നടത്തേണ്ട കേസാണെന്നു കാണാം.

പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്. ഐ. ആര്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല

അപകീര്‍ത്തിപ്പെടുത്തി എന്ന ഉള്ളടക്കമുള്ള പരാതിയുമായി  നേരിട്ട് പോലീസിനെ സമീപിച്ചാല്‍ ഐ.പി.സി. 500-ാം വകുപ്പ് വച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത് പ്രഥമദൃഷ്ട്യാ  നിയമവിരുദ്ധമാണ്. ക്രിമിനല്‍  നടപടി നിയമപ്രകാരം പോലീസിന് ഇതിന് അധികാരമില്ല. 

അപകീര്‍ത്തി കേസില്‍ പോലീസ് കേസെടുക്കുന്നത് അധികാരദുര്‍വിനിയോഗം

നിയമനിര്‍മ്മാതാക്കളുടെ ഉദ്ദേശ്യം ക്രിമിനല്‍ അപകീര്‍ത്തി പരാതികളില്‍  കേസെടുക്കുന്നത് സംബന്ധിച്ച വിവേചനാധികാരം ഉപയോഗിക്കേണ്ടത് ആത്യന്തികമായി കോടതി ആയിരിക്കണം എന്നതാണ്. വ്യാജ അപകീര്‍ത്തി പരാതികള്‍ അവഗണിക്കാനും പോലീസിനെ ദുരുപയോഗപ്പെടുത്തുന്നത് തടയുകയുമാണ് ലക്ഷ്യം. 

 2016-ലെ സുബ്രഹ്മണ്യ സ്വാമി Vs യൂണിയന്‍ ഓഫ് ഇന്ത്യ ആന്‍ഡ് അതേഴ്‌സ് കേസില്‍ അപകീര്‍ത്തി കേസിന്റെ പരാതിയില്‍ പോലീസിന് ഒന്നും ചെയ്യാന്‍ ക്രിമിനല്‍ നടപടി നിയമം ചുമതലപ്പെടുത്തുന്നില്ല എന്ന് സുപ്രീം കോടതി പറയുന്നു. ഒരു നോണ്‍ കൊഗ്നിസബിള്‍  കുറ്റമായ ക്രിമിനല്‍ അപകീര്‍ത്തിക്കൊപ്പം  മറ്റ് കൊഗ്നിസബിള്‍   കുറ്റങ്ങള്‍  ആരോപിക്കപ്പെടുന്ന അവസരത്തിലും ഐ.പി.സി. വകുപ്പ് 500-ലെ കുറ്റം സംബന്ധിച്ച്  മജിസ്‌ട്രേറ്റിന് കേസിന്റെ ഫയല്‍ , അന്വേഷണത്തിന് ചുമതലപ്പെടുത്തി  പോലീസിന് കൈമാറാന്‍ കഴിയില്ല. എന്നാല്‍, പരാതിയില്‍ പറയുന്ന മറ്റ് കൊഗ്നിസബിള്‍ കുറ്റങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍  അന്വഷണത്തിനായി പോലീസിനെ ചുമതലപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന് വിവേചനാധികാരം ഉപയോഗിക്കാം.

ചുരുക്കത്തില്‍  ഐ.പി.സി. വകുപ്പ് 500-ലെ ക്രിമിനല്‍ അപകീര്‍ത്തി എന്ന കുറ്റം ആരോപിക്കപ്പെടുന്ന പരാതി പോലീസ്  നേരിട്ട് സ്വീകരിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത് പോലീസിന്റെ അമിതാധികാര പ്രയോഗമാണ്. എഫ് .ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷന്റെ  മേല്‍നോട്ട ചുമതല ഉള്ള പോലീസ് സൂപ്രണ്ടിന് വേണമെങ്കില്‍ പിശക് ചൂണ്ടിക്കാട്ടി തിരുത്ത് നിര്‍ദ്ദേശിക്കാനാകും.പലപ്പോഴും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരത്തില്‍ ജാഗ്രത കാട്ടാറില്ല എന്നതു കൊണ്ട് തന്നെ പ്രതിയാക്കപ്പെട്ടവര്‍ നിയമനടപടിക്ക് മുന്‍കൈ എടുക്കേണ്ടി വരും. ഹൈക്കോടതിയില്‍ എഫ്.ഐ.ആര്‍. ഘട്ടത്തിലോ കുറ്റപത്രം സമര്‍ച്ചു കഴിഞ്ഞോ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 482 പ്രകാരം ഹര്‍ജി സമര്‍പ്പിച്ച്  ആദ്യം കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനും പിന്നീട് എഫ്.ഐ.ആര്‍.  റദ്ദാക്കാനും ആവശ്യപ്പെടാം. ഇതുകൂടാതെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷന്റെ അധികാര പരിധി ഉള്ള മജിസ്‌ട്രേറ്റ് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ഐ.പി.സി. 500-ാം വകുപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഫയല്‍ പോലീസിന് മടക്കി അയക്കാനും കഴിയും.

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍ )