തിരുവനന്തപുരത്തെ ലോഡ്ജില്‍നിന്നു ചീട്ടുകളി കേസില്‍ പിടിയിലായ ഒമ്പത്‌ പേര്‍ക്കെതിരെ കേസെടുത്തത്  വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇത്തരമൊരു കാര്യം ചെയ്തതിന് കേസെടുക്കണോ എന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിൽ പൊതുവേ ' റമ്മി' , ' പോക്കർ' എന്നീ ഗണങ്ങളിലെ ചീട്ടുകളികളിലാണ് പണം വച്ച് കളിക്കുന്ന പ്രവണത കാണാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ കേസിന് പിന്നിലുള്ള നിയമവശങ്ങള്‍ എന്തെല്ലാമാണ്? എന്തിനാണ് കേസെടുത്തത്? വിശദമായി അറിയാം

To advertise here,

ചീട്ടുകളി സംഭവത്തില്‍ ഒമ്പത്‌ പേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് പിടിയിലായ ഒമ്പത്‌ പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നഗരത്തിലെ സമ്പന്നരുടെ പ്രധാന ക്ലബ്ലായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍ പണം വച്ച് ചീട്ടു കളിക്കുന്നുഎന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. 

എഫ്.ഐ.ആറിലെ കുറ്റ ചുരുക്കം ഇപ്രകാരമാണ്

പണം വച്ചുള്ള ചീട്ടുകളി നിസ്സാരമായതോ സ്റ്റേറ്റിന്  കണ്ടില്ല എന്ന് നടിക്കാവുന്നതായ കാര്യമോ ആണോ എന്ന് സംശയം തോന്നിയേക്കാം. അതിന്റെ നിയമ പശ്ചാത്തലം പരിശോധിക്കാം.

ഗെയിമുകളിലെ അമിതാദായ പ്രവണതകള്‍ക്കെതിരെ

ചീട്ടുകളി എന്ന വിനോദത്തിനല്ല ഭരണകൂടം തടയിടുന്നത്. പണംവച്ച് ആ വിനോദത്തെ ക്രിമിനല്‍ കുറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയാണ് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. പണത്തിനോ മൂല്യമുള്ള വസ്തുക്കള്‍ക്കോ വേണ്ടി ഇതിഹാസങ്ങളില്‍ ചൂതുകളി അരങ്ങേറിയിട്ടുണ്ടല്ലോ. കൗരവരുമായുള്ള ചൂതുകളി സീമകള്‍ ലംഘിച്ച് വാശിയോടെ തുടര്‍ന്നപ്പോഴാണ് ദ്രൗപതിയെ പാണ്ഡവര്‍ക്ക് നഷ്ടമായത്. ഏതൊരു ഗെയിമില്‍ ഏര്‍പ്പെടുന്നവരും ആ ഗെയിം പണം വച്ചുള്ള  'ലക്ഷ്യം'  നേടുക എന്ന നിലയില്‍ മുന്നോട്ടു പോയാല്‍ അത് വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കും വ്യക്തി - സൗഹൃദ - കുടുംബ ബന്ധങ്ങളിലെ താളപ്പിഴയ്ക്കും തുടര്‍ന്നുള്ള ക്രമസമാധാന തകര്‍ച്ചയ്ക്കും കാരണമാകും എന്ന് ഭരണകൂടങ്ങള്‍ ആശങ്കപ്പെടുന്നു.

രാജ്യത്ത് പൊതുവായി 1867-ലാണ് ബ്രിട്ടീഷുകാര്‍ ഒരു നിയമം കൊണ്ടുവരുന്നത്. ' ദി പബ്ലിക്ക് ഗാംബ്ലിംഗ് ആക്ട് '  എന്ന് ഇത് അറിയപ്പെട്ടു. വാതുവയ്പ്പു കേന്ദ്രങ്ങളുടെ അല്ലെങ്കില്‍ അത്തരം കളികളുടെ  നടത്തിപ്പും അവിടേക്കുള്ള വ്യക്തികളുടെ സന്ദര്‍ശനവും കുറ്റകരമാക്കി. 100 മുതല്‍ 200 രൂപ വരെ പരമാവധി പിഴയും പരമാവധി മൂന്നു മാസം വരെ തടവുമായിരുന്നു ശിക്ഷ നിശ്ചയിച്ചിരുന്നത്.

വിവിധ പ്രസിഡന്‍സികളിലെയും പിന്നീട് സ്വാതന്ത്ര്യാനന്തരം സംസ്ഥാനങ്ങളും നിയമനിര്‍മ്മാണം നടത്തി. സംസ്ഥാനങ്ങള്‍ അവരുടെ പ്രദേശത്ത് നിലവിലുള്ള നാടന്‍ ഗെയിമിങ്ങ് രീതികളിലെ ദുരുദ്ദേശ്യപരമായ പ്രവണതകളെ കൂടി കൂച്ചുവിലങ്ങിട്ടു. ഈ നിയമങ്ങളിലെല്ലാം കാണുന്ന പൊതുവായ ലക്ഷ്യങ്ങള്‍ ഒരു പോലെയാണ്. ഒന്നാമതായി ചൂതാട്ടത്തിന് സ്ഥലസൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ വകുപ്പുകള്‍ പറയുന്നു. രണ്ടാമതായി പൊതുസ്ഥലത്ത് ചൂതാട്ടത്തെ സംബന്ധിച്ച് പരസ്യങ്ങള്‍ നല്‍കുന്നതും ആകര്‍ഷിക്കുന്നതും കുറ്റമാണെന്ന് പറയുന്നു. 1930-ലെ ബ്രിട്ടീഷ് മദ്രാസ് പ്രസിഡന്‍സിയില്‍ ഉണ്ടായിരുന്ന 'മദ്രാസ് ഗെയിമിംഗ് ആക്ട് ' ആയിരുന്നു കേരളത്തിലെ മലബാര്‍ മേഖലയില്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്.

കേരള ഗെയിമിങ് ആക്ട് , 1960

ഐക്യ കേരള രൂപീകരണ ശേഷം സംസ്ഥാനത്ത്  ഈ നിയമം നിലവില്‍ വന്നു. തുടക്കത്തില്‍ സൂചിപ്പിച്ച ട്രിവാന്‍ഡ്രം ലോഡ്ജ് കേസിലും പോലീസ് ഉപയോഗിച്ചിരിക്കുന്നത് ഇതിലെ വകുപ്പുകളാണ്. വകുപ്പ് 2-ന്റെ ആദ്യ ഉപവകുപ്പില്‍ 'കോമണ്‍ ഗെയിമിങ്ങ് ഹൗസ് '  അഥവാ 'പൊതുവായ കളി ഇടം '  നിര്‍വചിച്ചിരിക്കുന്നു. വീടോ കൂടാരമോ വാഹനമോ ബോട്ടോ ഒക്കെ ഇതില്‍ പെടും. വകുപ്പ് 5 അനുസരിച്ച് ഇത്തരം കളി ഇടത്തെ പറ്റി ലഭിക്കുന്ന വിശ്വസനീയമായ വിവരത്തെ ആസ്പദമാക്കി മജിസ്ട്രേറ്റിനോ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോ സെര്‍ച്ച് അഥവാ പരിശോധന നടത്താം. വാറന്റ് സഹിതമോ അല്ലാതയോ നടത്താവുന്ന ഇത്തരം പരിശോധനയ്ക്ക് ഇവര്‍ക്ക് രേഖാമൂലം കീഴ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അയക്കുകയും ആകാം. ചീട്ട് , വിവിധ ഇനം കാര്‍ഡുകള്‍, വിരിപ്പുകള്‍, പ്ലേ ബോര്‍ഡുകള്‍, ഡയസ്, പണം എന്നിവയെല്ലാം പിടിച്ചെടുത്ത് മഹസര്‍ തയ്യാറാക്കും.

പൊതു കളി ഇടം പ്രവര്‍ത്തിപ്പിക്കാനായി അറിഞ്ഞുകൊണ്ട്  സ്ഥലം ഒരുക്കുന്നത്, അവിടെ മേശ കസേര ഒരുക്കുന്നത്, പണംവച്ച് ചീട്ടുകളിക്കായി പണം സജ്ജീകരിക്കുന്നത്, ശേഖരിച്ച് വയ്ക്കുന്നത് എല്ലാം കുറ്റകരമെന്ന് പറയുന്നു വകുപ്പ് 7-ല്‍. 500 രൂപ വരെയാകാവുന്ന പിഴയോ 3 മാസം  കവിയാത്ത തടവുശിക്ഷയോ രണ്ടും ഒന്നിച്ചോ നല്‍കാം. പൊതു കളി ഇടത്തില്‍ നിങ്ങളെ കണ്ടെത്തിയാല്‍ തന്നെ കുറ്റം ചുമത്താം എന്ന് വകുപ്പ് 8 പറയുന്നു. ഇത്തരം പണം വച്ചുള്ള കളിക്കായി നിങ്ങള്‍ വന്നു എന്ന രീതിയില്‍ ആണ് നിയമം ഇതിനെ കാണുന്നത്. * 200 രൂപ വരയാകാവുന്ന പിഴയോ അല്ലെങ്കിൽ പരമാവധി ഒരു മാസം വരയാകാവുന്ന തടവോ ശിക്ഷയായി ലഭിച്ചേക്കാം. കളിയില്‍ ഏര്‍പ്പെടാനായല്ല അവിടെ എത്തിച്ചേര്‍ന്നത് എന്ന് തെളിയിക്കാനായില്‍ കേസില്‍ വെറുതെ വിടും. 1999-ലെ ആന്തുമായി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ സ്വകാര്യ വസതിയിലെ പണം വച്ചല്ലാത്ത നിര്‍ദ്ദോഷമായ ചീട്ടുകളി പൊതു കളി ഇടത്തെ  ചീട്ടുകളി ആയി കാണാന്‍ കഴിയില്ല എന്നും കേസ് എടുക്കാന്‍ പറ്റില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

വിവരം കൊടുത്തവര്‍ക്ക് പാരിതോഷികം

ഒടുവിലായി രസകരമായി ഒരു കാര്യം. പണം വച്ചുള്ള ചീട്ടുകളിയെക്കുറിച്ച് പോലീസിന് വിവരം നല്‍കുന്നര്‍ക്ക് നന്നേ ചെറിയ ഒരു പാരിതോഷികത്തിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. കുറ്റക്കാരായവര്‍ പിഴ ഒടുക്കിയാല്‍ അതിന്റെ നേര്‍പകുതി  ഇപ്രകാരം വിവരം നല്‍കിയ ആള്‍ക്കും കേസില്‍ പരിശോധന നടത്തിയ പോലീസുകാര്‍ക്കും അവകാശപ്പെട്ടതാണ്. പിഴ ഈടാക്കുന്ന വിചാരണ ജഡ്ജ് ആയ മജിസ്ട്രേറ്റ് ഈ പാരിതോഷിക തുക അവകാശപ്പെട്ടവര്‍ക്ക് കൃത്യമായി പങ്കുവച്ച് നല്‍കാന്‍ സ്ഥലം പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തും.

ചുരുക്കത്തില്‍ ചീട്ടുകളി എന്ന വിനോദത്തെ ഇല്ലാതാക്കാനല്ല നിയമം ശ്രമിക്കുന്നത്. ചീട്ടുകളി അല്ലെങ്കില്‍ ബുദ്ധിശക്തിയും കായികശക്തിയും മാറ്റുരയ്ക്കുന്നതില്‍നിന്നു വിഭിന്നമായതും സമാനഗണത്തില്‍ പെടുന്നതുമായ ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ മേമ്പൊടിയില്‍ ചാലിച്ച വിവിധ ഗെയിമുകളിലൂടെ അമിത ആദായം നേടാനുള്ള ചിലരുടെയെങ്കിലും ക്രിമിനല്‍ കുറ്റവാസനയെ നിയന്ത്രിക്കുകയാണ് സ്റ്റേറ്റ്.

( ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍ )