
വര്‍ഷം 2021. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ കോടതി ഒരു നിര്‍ണായക വിധി പ്രസ്താവം നടത്തി. 1965ല്‍ നടന്ന മാൽക്കം എക്സെന്ന കറുത്തവര്‍ഗക്കാരനായ നേതാവിന്റെ കൊലപതാകത്തില്‍ പ്രതികളായി ജീവപര്യന്തം ശിക്ഷയനുഭവിച്ച രണ്ട് പേരെ കുറ്റവിമുക്തരാക്കുന്നതായിരുന്നു ആ വിധി. ഇരുപത് വര്‍ഷത്തോളം ശിക്ഷയനുഭവിച്ച പ്രതികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ കേസിലായിരുന്നു കോടതിവിധി പറഞ്ഞത്. കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ മുഹമ്മദ് അസീസ് മാത്രമേ ആ കോടതി മുറിയില്‍ വിധി കേള്‍ക്കാനെത്തിയിരുന്നുള്ളു. രണ്ടാമന്‍ ഖലീല്‍ ഇസ്ലാം 2009ല്‍ മരണപ്പെട്ടിരുന്നു. വിധികേട്ട് പൊട്ടിക്കരഞ്ഞ മുഹമ്മദ് അസീസ് പുറത്തിറങ്ങിയശേഷം പ്രതികരിച്ചത് അമേരിക്കൻ നീതിന്യായ സംവിധാനങ്ങളുടെ പാളിച്ചകളുടെ രക്തസാക്ഷിയാണ് താനെന്നായിരുന്നു. ഇവര്‍ നിരപരാധികളാണെന്ന തെളിവുകള്‍ അക്കാലത്ത് തന്നെ എഫ്.ബി.ഐയുടെ കയ്യിലുണ്ടായിരുന്നെന്നും അവര്‍ അത് മറച്ചുവെക്കുകയായിരുന്നെന്നുമായിരുന്നു പ്രതികളുടെ വക്കീല്‍ പ്രതികരിച്ചത്. ഈ കോടതി വിധി പുറത്ത് വന്നതോടെ പതിറ്റാണ്ടുകളായി അമേരിക്കന്‍ ജനതയുടെ ഉള്ളിലുണ്ടായിരുന്ന ഒരു ചോദ്യം കൂടുതല്‍ ശക്തമായി.. ആരാണ് ബ്രദര്‍ മാല്‍ക്കമിനെ വധിച്ചത്???
പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇതര രാജ്യങ്ങളിലേക്ക് മിസൈല്‍ തൊടുക്കുന്ന, ലോകത്തിലെ മഹത്തരമായ ജനാധിപത്യമെന്ന് സ്വയം അഭിമാനം കൊള്ളുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ ഇതേ രാജ്യത്തിന് സ്വന്തം നാട്ടിലെ കറുത്തവര്‍ഗക്കാരെയും അവരുടെ പൗരാവകാശ മുന്നേറ്റങ്ങളെയും കൈകാര്യം ചെയ്തതില്‍ അത്ര മികച്ച ചരിത്രമൊന്നുമല്ല പറയാനുള്ളത്. അബ്രഹാം ലിങ്കന്റെ കാലത്തോടെ അടിമത്തം ഔദ്യോഗികമായി ഉപേക്ഷിച്ചെങ്കിലും മെച്ചപ്പെട്ട ജീവിതത്തിനും തുല്യാവസരങ്ങള്‍ക്കും അമേരിക്കയിലെ കറുത്ത വംശജര്‍ പതിറ്റാണ്ടുകള്‍ പോരാടേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടില്‍ പോലും മാൽക്കം എക്‌സിനെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും പോലുള്ളവര്‍ക്ക് കറുത്തവരും മനുഷ്യരാണെന്ന് അംഗീകരിച്ചു കിട്ടാന്‍ ജീവന്‍ നല്‍കേണ്ടിവന്നു.
Also Read
ആരായിരുന്നു മാൽക്കം എക്സ്
1925 മെയ് 19 ന് അമേരിക്കയിലെ ഒമഹയില്‍ ലൂയീസ് ഹെലന്‍ ലിറ്റിലിന്റെയും ഏള്‍ ലിറ്റിലിന്റെയും ഏഴ് മക്കളില്‍ നാലാമത്തെയാളായാണ് മാൽക്കം ലിറ്റില്‍ ജനിക്കുന്നത്. യൂണിവേഴ്സല്‍ നീഗ്രോ ഇംപ്രൂവ്മെന്റ് അസോസിയേഷന്‍ എന്ന സംഘടനയുടെ പ്രാദേശിക നേതാവായിരുന്നു മാല്‍ക്കമിന്റെ പിതാവ്. അതിനാല്‍ തന്നെ ഓമഹയിലെ വെള്ളക്കാരുടെ നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ നിരന്തര വേട്ടയാടലുകളെ തുടര്‍ന്ന് ലിറ്റില്‍ കുടുംബം 1926ല്‍ മിവോക്കിയിലേക്കും വൈകാതെ മിഷിഗണിലേക്കും പലായനം ചെയ്തു. എന്നിട്ടും വേട്ടയാടലുകള്‍ തുടര്‍ന്നു. 1929ല്‍ ഇവരുടെ കുടുംബവീട് ചുട്ടെരിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. 14 വയസ്സ് മുതല്‍ 21 വയസ്സ് വരെ സഹോദരി എല്ല ലിറ്റിലിന്റെ കൂടെയായിരുന്നു മാൽക്കം താമസിച്ചിരുന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി അദ്ദേഹം പല ജോലികള്‍ ചെയ്തു. 1943ല്‍ ന്യൂയോര്‍ക്കില്‍ താമസമാക്കാനെത്തുമ്പോഴേക്കും മാല്‍ക്കം ഒരു തെരുവുഗുണ്ടയായി മാറിയിരുന്നു.
കൊള്ളയും പിടിച്ചുപറിയും ലഹരിയും ചൂതാട്ടവുമായിരുന്നു മാല്‍ക്കമിന്റെ പ്രധാന വിനോദങ്ങള്‍. സമ്പന്ന കുടുംബങ്ങള്‍ ആക്രമിച്ച് വിലപിടിച്ച സാധനങ്ങള്‍ മോഷ്ടിക്കലായിരുന്നു മാൽക്കമിന്റെ രീതി. 1946ല്‍ മോഷ്ടിച്ച വാച്ച് നന്നാക്കാന്‍ കൊടുക്കുന്നതിനിടെ അദ്ദേഹം പോലീസിന്റെ പിടിയിലായി. പിന്നീട് ദീര്‍ഘനാള്‍ ജയില്‍വാസം. ജയില്‍വാസത്തിനിടെ പരിചയപ്പെട്ട സഹതടവുകാരനാണ് മാൽക്കമിനെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അക്കാലത്ത് സഹോദരന്‍മാരുമായുള്ള കത്തെഴുത്തിലൂടെയാണ് മാൽക്കം നേഷന്‍ ഓഫ് ഇസ്ലാം എന്ന സംഘടയെ കുറിച്ച് മനസ്സിലാക്കിയത്.

നേഷന്‍ ഓഫ് ഇസ്ലാം
അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ അക്കാലത്ത് തരംഗമായി വന്ന ഒരു ഇസ്ലാമിക് കള്‍ട്ട് ഗ്രൂപ്പായിരുന്നു നേഷന്‍ ഓഫ് ഇസ്ലാം. ഈ ഗ്രൂപ്പിന്റെ പരമോന്നത നേതാവായി ഉയര്‍ന്നുവന്ന എലൈജാ മുഹമ്മദിന്റെ സ്വാധീനത്തില്‍ നിരവധി ആഫ്രിക്കന്‍ അമേരിക്കന്‍ യുവാക്കള്‍ ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായി. കറുത്തവരുടെ വിമോചനത്തിനുവേണ്ടി വന്ന ദൈവാവതാരമാണ് തങ്ങളുടെ പ്രസ്ഥാനസ്ഥാപകനെ നേഷന്‍ അംഗങ്ങള്‍ കരുതിപ്പോന്നിരുന്നത്. അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസമായിരുന്ന മുഹമ്മദ് അലി ഉള്‍പ്പടെയുള്ളവര്‍ ഈ പ്രസ്ഥാനത്തില്‍ അംഗങ്ങളായിരുന്നു. സഹോദരന്‍ റെജിനാള്‍ഡ് ലിറ്റിലിന്റെ കത്തുകളിലൂടെ ഈ പ്രസ്ഥാനത്തെ കുറിച്ചറിഞ്ഞ മാൽക്കം മാനസികമായി അതിലേക്ക് അടുത്തു. മാൽക്കമിന്റെ അവസ്ഥ വിശദീകരിച്ച് അദ്ദേഹത്തിന്റെ സഹോദന്‍ എലൈജാ മുഹമ്മദിന് കത്തെഴുതി. പിന്നീട് എലീജായുടെ ശിഷ്യനായി മാറിയ മാൽക്കം അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇസ്ലാമിക വിശ്വാസത്തിന് ജീവിതം അര്‍പ്പിച്ചാണ് തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞുകൂടിയത്. എലീജായുടെ സ്വാധീനത്തില്‍ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ മാൽക്കം ആഫ്രിക്കയിലെ തനിക്കറിയാത്ത തന്റെ പൂര്‍വികരെ സൂചിപ്പിക്കാനായി രണ്ടാമത്തെ പേരായി എക്‌സ് സ്വീകരിച്ചു. അങ്ങനെ മാൽക്കം ലിറ്റില്‍ മാൽക്കം എക്‌സായി മാറി.

1952 ല്‍ പരോളില്‍ ഇറങ്ങിയതിനുശേഷം മാൽക്കം മുഴുവന്‍ സമയവും എലൈജായുടെ കൂടെ ചെലവഴിച്ചു. അസാധാരണമായ പ്രഭാഷണ ശൈലിയുണ്ടായിരുന്ന മാൽക്കം വളരെ ചുരുങ്ങിയ കാലം കൊണ്ട് സംഘടനയുടെ നേതൃസ്ഥാനത്തേക്കെത്തി. കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ നീതിനിഷേധത്തിനെതിരായ കലാപത്തിന്റെ കനല്‍ കോരിയിടുന്നതായിരുന്നു മാൽക്കമിന്റെ പ്രഭാഷണങ്ങള്‍. ഇതിന് പുറമെ അദ്ദേഹത്തിന്റെ രൂപവും ശരീരസൗന്ദര്യവും കറുത്തവര്‍ഗക്കാരായ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ നായകനാക്കി മാറ്റി. ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ മാൽക്കമിന്റെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായി നേഷന്‍ ഓഫ് ഇസ്ലാമില്‍ അംഗങ്ങളായി . ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് മാൽക്കം സ്വന്തം സഹോദരനും വഴികാട്ടിയുമായിരുന്നു. അക്കാലത്താണ് മാലിക്ക് ഷഹബാസ് എന്ന പേരു കൂടി മാൽക്കം സ്വീകരിക്കുന്നത്.
അതിനിടയില്‍ യു.എന്‍ ജനറല്‍ അസംബ്ലിയിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. ഈജിപ്ത്, ക്യൂബ, യു.കെ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് അദ്ദേഹം പ്രഭാഷണത്തിനായി ക്ഷണിക്കപ്പെട്ടു. അവിടെയെല്ലാം പതിനായിരങ്ങള്‍ അദ്ദേഹത്തെ കേള്‍ക്കാനായി തടിച്ചുകൂടി. ക്യൂബ സന്ദര്‍ശനകാലത്ത് മാൽക്കം അന്നത്തെ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചു. കുറഞ്ഞ സമയം കൊണ്ടുതന്നെ മാല്‍ക്കവും ഫിദലും തമ്മില്‍ വല്ലാത്തൊരു വ്യക്തിബന്ധം രൂപപ്പെട്ടു.

തനിക്ക് പ്രിയപ്പെട്ട ഒരേ ഒരു വെള്ളക്കാരന്‍ ഫിദലാണെന്ന് മാൽക്കം പിന്നീട് പ്രഖ്യാപിക്കുകയുണ്ടായി. ഫിദലിനെ കൂടാതെ നിരവധി അന്താരാഷ്ട്ര നേതാക്കന്‍മാരുമായും മാൽക്കം സൗഹൃദം സ്ഥാപിച്ചു.
പ്രസ്ഥാനത്തിന് പുറത്തേക്ക് വളര്‍ന്ന ബ്രദര്‍ മാൽക്കം
ഇത്തരം സൗഹൃദങ്ങളും വിദേശ സന്ദര്‍ശനങ്ങളുമെല്ലാം മാൽക്കമിന്റെ ചിന്താഗതിയെ കാര്യമായി സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. കറുത്ത വർഗ്ഗക്കാരുടെ വിമോചനത്തിനായുള്ള പോരാട്ടത്തെ കേവലം വെള്ളക്കാരനെതിരായ വംശീയ സംഘട്ടനമാക്കി ഒതുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തിന് തോന്നി. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പോരാട്ടം അന്താരാഷ്ട്ര തലത്തിലുള്ള വലിയ രാഷ്ട്രീ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വാദിച്ചു. അത് മുതലാളിത്തത്തിനും കൊളോണിയലിസത്തിനും എതിരായ പോരാട്ടം കൂടിയാണെന്നും മാൽക്കം പ്രഖ്യാപിച്ചു. കറുത്തവർഗ്ഗക്കാരുടെ കലാപം വെളുപ്പിനെതിരായ കറുത്തവരുടെ സംഘട്ടനമോ ഒരു അമേരിക്കന്‍ ആഭ്യന്തരപ്രശ്നമോ ആക്കി ഒതുക്കാന്‍ അനുവദിക്കരുതെന്ന് മാൽക്കം തീരുമാനിച്ചു. അക്കാലത്ത് തന്നെ നേഷന്‍ ഓഫ് ഇസ്ലാമിന്റെ ആശയങ്ങളുമായും മാല്‍കത്തിന് അകല്‍ച്ചതോന്നിത്തുടങ്ങിയിരുന്നു. മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച് വന്നതോടെ മാൽക്കം സംഘടനയുടെ വിശ്വാസ ധാരയോടും അകന്നു. ഇസ്ലാം കറുത്തവരുടേത് മാത്രമാണെന്നും വെളുത്തവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്നുമുള്ള നേഷന്‍ ഓഫ് ഇസ്ലാമിന്റെ വാദം വിഡ്ഢിത്തമാണെന്നും ഇസ്ലാമില്‍ വംശീയതയ്ക്ക് സ്ഥാനമില്ലെന്നുമായിരുന്നു മക്കയില്‍ നിന്ന് തിരിച്ചെത്തിയ മാല്‍ക്കം തന്റെ അനുയായികളോട് പറഞ്ഞത്. നേഷന്‍ ഓഫ് ഇസ്ലാമിന്റെ കള്‍ട്ട് വിശ്വാസത്തില്‍ നിന്ന് പൂര്‍ണമായും അകന്ന് ഇസ്ലാമിന്റെ സുന്നി ധാരയോട് അടുക്കുകയായിരുന്നു മാൽക്കം. എലൈജാ മുഹമ്മദുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കെന്നഡി വധത്തെ കുറിച്ച് മാൽക്കം നടത്തിയ പ്രസ്താവനയോടെ രൂക്ഷമായി. ഇതോടെ നേഷനില്‍ നിന്ന് മാൽക്കം രാജിവെച്ചു.

മൂന്ന് കൊലയാളികള്‍ ഇരുപത്തഞ്ചോളം വെടിയുണ്ടകള്‍
നേഷന്‍ ഓഫ് ഇസ്ലാമിന് ശേഷവും മാൽക്കം തന്റെ വിദേശയാത്രകളും പ്രഭാഷണങ്ങളും തുടര്‍ന്നു. 1964ല്‍ യു.കെയിലെ ഒക്‌സ്‌ഫോര്‍ഡ് യൂണിയന്‍ സംഘടിപ്പിച്ച സംവാദത്തില്‍ അദ്ദേഹം പ്രസംഗിച്ചു. ഇത് ബി.ബി.സി സംപ്രേക്ഷണം ചെയ്തത് മാൽക്കമിന്റെ പ്രശസ്തി ആഗോളതലത്തില്‍ വര്‍ധിക്കാന്‍ കാരണമായി. അക്കാലത്തെല്ലാം നേഷന്‍ ഓഫ് ഇസ്ലാമില്‍ നിന്ന് മാൽക്കമിന് നിരന്തരം വധ ഭീഷണികളുണ്ടായിരുന്നു. 1965 ഫെബ്രുവരി 21 ന് മാന്‍ഹാട്ടനില്‍ അസോസിയേഷന്‍ ഓഫ് ആഫ്രോ അമേരിക്കന്‍ യൂണിറ്റി എന്ന തന്റെ പുതിയ സംഘടനയുടെ പരിപാടിക്കായി എത്തിയതായിരുന്നു മാൽക്കം. പരിപാടി പുരോഗമിക്കുന്നതിനിടെ സദസില്‍ നിന്ന് 'നീഗ്രോ...' എന്നൊരാള്‍ വിളിച്ചു പറയുന്നത് കേട്ടു. അലങ്കോലപ്പെട്ട സദസ്സിനെ ശാന്തരാക്കാന്‍ ശ്രമിക്കുകയായിരുന്നു മാല്‍ക്കമും അദ്ദേഹത്തിന്റെ അനുയായികളും. പെട്ടൊന്നൊരാള്‍ ഓടിയെത്തി മാൽക്കമിന് നേരെ തുരുതുരാ വെടിയുതിര്‍ത്തു. സ്റ്റേജില്‍ നിലയുറപ്പിച്ച രണ്ടുപേര്‍ പുറകില്‍ നിന്നു വെടിയുതിര്‍ത്തു. തന്റെ കുഞ്ഞുങ്ങളുടെയും ഗര്‍ഭിണിയായ ഭാര്യയുടെയും മുന്നിലാണ് മാൽക്കം വെടിയേറ്റ് വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരണത്തിന് കീഴടങ്ങിയിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത്തഞ്ചോളം വെടിയുണ്ടകളാണ് കണ്ടെടുത്തത്. ന്യൂയോര്‍ക്ക് ഹാര്‍ലമിലെ യുണിറ്റി ഫ്യൂണറല്‍ ഹോമില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അക്ഷരാര്‍ഥത്തില്‍ കറുത്തവന്റെ വിലാപയാത്രയായിരുന്നു അത്.

തെളിവുകള്‍ പരിഗണിക്കാത്ത വിചാരണ
വെടിയുതിര്‍ത്തവരില്‍ മുജാഹിദ് അബ്ദുല്‍ ഹാലിം എന്നറിയപ്പെട്ടിരുന്ന തോമസ് ഹാഗനെ പോലീസ് സംഭവ സ്ഥലത്ത് വെച്ചുതന്നെ പിടികൂടി. ദിവസങ്ങള്‍ക്കുള്ളില്‍ മുഹമ്മദ് അസീസ് (നോര്‍മന്‍ ബട്ട്ലര്‍), ഖലീല്‍ ഇസ്ലാം (തോമസ് ജോണ്‍സണ്‍ എന്നിവരെ എഫ്.ബി.ഐയും പിടികൂടി. നേഷന്‍ ഓഫ് ഇസ്ലാം പ്രവര്‍ത്തകരായ പ്രതികളുടെ പേരില്‍ കൊലപാതകത്തിന് കേസെടുത്ത് ജയിലിലടച്ചു. 1966ല്‍ തുടങ്ങിയ വിചാരണയില്‍ ഹാലിം കോടതിയില്‍ കുറ്റം സമ്മതിച്ചു. തന്റെ കൂടെ പിടികൂടിയ രണ്ട് പേരും നിരപരാധികളാണെന്നും ഹാലിം കോടതിയില്‍ വെളിപ്പെടുത്തി. പോലീസ് പിടികൂടിയവരല്ല മറ്റുചിലരാണ് തന്നോടൊപ്പം നിറയൊഴിച്ചതെന്ന് ഹാലിം കോടതിയില്‍ വിളിച്ചുപറഞ്ഞു. പക്ഷെ അത് ചെവികൊള്ളാന്‍ കോടതിയോ പ്രോസിക്യൂഷനോ തയ്യാറായില്ല. ഈ മൂന്ന് പേരെ തന്നെ കുറ്റക്കാരായി സ്ഥാപിക്കാനായിരുന്നു അവര്‍ക്ക് തിടുക്കം. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ബലം നല്‍കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സാക്ഷിമൊഴികള്‍ പലതും പരസ്പര വിരുദ്ധമായിരുന്നു. അക്കാലത്ത് തന്നെ മാൽക്കമിന്റെ അനുയായികള്‍ക്കിടയില്‍ ഇവരല്ല യഥാര്‍ത പ്രതികളെന്നുള്ള വാദം ശക്തമായി അലയടിക്കുന്നുണ്ടായിരുന്നു. 1966 മാര്‍ച്ച് 11ന് കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ മൂന്ന് പ്രതികളും ഇരുപത് വര്‍ഷത്തിലേറെക്കാലം അമേരിക്കയിലെ അതിസുരക്ഷാ ജയിലില്‍ തടവില്‍ കഴിഞ്ഞു.

മാൽക്കം വധിക്കപ്പെട്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് ടെന്നസിയിലെ മെംഫിസില്‍ വെച്ച് മറ്റൊരു ആഫ്രിക്കന്‍ അമേരിക്കന്‍ നേതാവായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും വധിക്കപ്പെട്ടു. ഈ രണ്ട് കൊലപാതകങ്ങളും അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ മുന്നേറ്റത്തെ വലിയ രീതിയില്‍ തളര്‍ത്തിക്കളഞ്ഞു. ഈ കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചില്ലെന്ന് ആരോപണങ്ങളുയര്‍ന്നു. മാൽക്കമിന്റെ കേസില്‍ വളരെ പ്രകടമായ പല വൈരുധ്യങ്ങളും അവഗണിച്ചാണ് കയ്യില്‍ കിട്ടിയ പ്രതികളെ കുറ്റക്കാരെന്ന് വിധിക്കാന്‍ കോടതി തിടുക്കം കാട്ടിയത്. നേഷന്‍ ഓഫ്സ് ഇസ്ലാമിലെ തന്നെ അംഗമായിയിരുന്ന വില്യം ബ്രാഡ്ലി എന്നയാളുടെ പേരും വിചാരണ കാലയളവില്‍ നിരന്തരം ഉയര്‍ന്നുകേട്ടിരുന്നു. ഏര്‍ണസ്റ്റ് ഗ്രീന്‍ എന്ന മുഖ്യ പ്രോസിക്യൂഷന്‍ സാക്ഷി നല്‍കിയ ആദ്യ മൊഴി വില്യം ബ്രാഡ്ലിയാണ് കൊലപാതകി എന്ന് സൂചിപ്പിക്കുന്നതായിരുന്നു. എന്നാല്‍, ഈ ലീഡ് അന്വേഷിക്കാന്‍ കോടതിയോ എഫ്.ബി.ഐയോ താത്പര്യം കാണിച്ചില്ല. വംശീയത മുറ്റിയ അമേരിക്കന്‍ ഭരണകൂടത്തിന് നിരന്തര തലവേദനകള്‍ സൃഷ്ടിച്ച മാൽക്കം ഇല്ലാതാവാന്‍ നേഷന്‍ ഓഫ് ഇസ്ലാമിന് പുറമെ മറ്റു പലരും ആഗ്രഹിച്ചിരുന്നു എന്നതിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടിയത്.

മാൽക്കമിനെ വധിച്ചത് എഫ്.ബി.ഐ?
മാൽക്കം എക്സിനെ വധിച്ചത് എഫ്.ബി.ഐ ആണെന്ന വാദം പില്‍കാലത്ത് ശക്തിപ്രാപിക്കുകയുണ്ടായി. ഈ വധത്തെ അടിസ്ഥാനമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ Who killed Malcolm X എന്ന ഡോക്യമെന്ററിയില്‍ വില്യം ബ്രാഡ്ലി എഫ്.ബി.ഐ ഏജന്റായിരുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാലാണ് ഏജന്‍സി ബ്രാഡ്ലിയെ കുറിച്ചുള്ള അന്വേഷണങ്ങള്‍ കുഴിച്ചുമൂടിയതെന്നാണ് പലരും ഉയര്‍ത്തിയ വാദം. ആ സമയത്ത് നിരവധി എഫ്.ബി.ഐ ഏജന്റുമാര്‍ നേഷന്‍ ഓഫ് ഇസ്ലാമില്‍ നുഴഞ്ഞുകയറിയിരുന്നെന്നും പിന്നീട് ഇവരാണ് മാൽക്കം വധം നടപ്പിലാക്കിയതെന്നുമാണ് ഈ വാദം. കൊല്ലപ്പെടുന്നതിന്റെ ഒരു വര്‍ഷം മുന്‍പ് മാൽക്കം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കറുത്തവര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള ഇരുവരുടെയും പോരാട്ടങ്ങള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയാണ് മാല്‍ക്കക്കമും കിങ്ങും തമ്മില്‍ അന്ന് സംസാരിച്ചതെന്ന വിവരം എഫ്.ബി.ഐക്ക് കിട്ടിയിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ബ്ലാക്ക് അമേരിക്കന്‍ നേതാക്കള്‍ ഒന്നിച്ചാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എഫ്.ബി.ഐയുടെ തലപ്പത്തിരിക്കുന്നവരുടെ ഉറക്കം കെടുത്തിയിരുന്നു. ഇതെല്ലാമാണ് മാൽക്കമിന്റെ ജീവനെടുക്കാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചതെന്നാണ് ഡോക്യുമെന്ററിയിലുള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.
പതിറ്റാണ്ടുകള്‍ക്കിപ്പുറം ഈ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ച രണ്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തതോടെ ആരാണ് മാൽക്കം എക്സിനെ വധിച്ചതെന്ന ചോദ്യം അമേരിക്കന്‍ പൊതുസമൂഹത്തില്‍ ഉയരെ മുഴങ്ങുന്നുണ്ട്. വര്‍ഷം അറുപതിലേക്കടുക്കവെ മാൽക്കമിന്റെ കൊലപാതകത്തില്‍ എഫ്.ബി.ഐക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി മകള്‍ ഇല്യാസ ഷഹബാസ് നിയമപോരാട്ടത്തിലാണ്. തോക്കിന്റെ കാഞ്ചി വലിച്ചവരല്ല അതിനായി തന്ത്രം മെനഞ്ഞവരാണ് ശിക്ഷിക്കപ്പെടേണ്ടത് എന്നാണ് ഇല്യാസ ഷഹബാസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
Content Highlights: Life of malcolm x and his assasination
Published: 23 Jun 2024, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented