കാരംചേഡു ഒരു വെറും ഭൂപ്രദേശമല്ല. അതൊരു കറുത്ത പൊട്ടാണ്. മാനക്കേടിന്റെ തീരാകളങ്കം പേറുന്നൊരു അടയാളമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദളിത് കൂട്ടക്കൊലകളിൽ ഒന്നിന്റെ ഭൂമിയാണ് ആന്ധ്രപ്രദേശിലെ ഈ ഗ്രാമം. കുടിവെള്ളം മലിനമാക്കിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് രാജ്യത്തിന് തീരാകളങ്കമായി മാറിയ കൂട്ടക്കൊലയിൽ കലാശിച്ചത്. 1985 ജൂലായ് 17നാണ് മേൽജാതിക്കാരുടെ അധികാരഗർവിനെയും ആൾബലത്തെയും ദളിതർ സ്വാഭിമാനം കൊണ്ട് ചോദ്യംചെയ്തതും ഇതിനെതിരേ മേൽജാതിക്കാർ കണ്ണിൽ ചോരയില്ലാത്ത അക്രമം അഴിച്ചുവിട്ടതും. പ്രതികരിച്ചവരെയെല്ലാം കൊന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. കിട്ടിയതെല്ലാം മോഷ്ടിച്ചു. ആ ദളിത് ഗ്രാമത്തെ ഉന്നത ജാതിക്കാര്‍ മുച്ചൂടും മുടിച്ചു. ആക്രമണത്തില്‍ ആറ് മഡിഗകള്‍ (ദളിതര്‍) കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. നിരവധി പേര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു. അഭയം തേടി പോലീസ് സ്റ്റേഷനിലേക്ക് എത്തിയവരെയും പോലീസുകാര്‍ ആക്രമിച്ചു. അവർക്കതിരേ കേസ് ചുമത്തി. ആരോരുമില്ലാത്ത അശരണരായി അവര്‍ തെരുവിലൂടെ അലഞ്ഞു.

To advertise here,

ജാതിവെറിയിൽ കാരംചേഡു

ആന്ധ്രപ്രദേശിലെ കാരംചേടില്‍ ഭൂരിപക്ഷ വിഭാഗം ഉന്നതജാതിക്കാരായ കമ്മ വിഭാഗക്കാരാണ്. ദളിത് വിഭാഗത്തിലുള്‍പ്പെട്ട മടിഗകളും മല്ലകളും ന്യൂനപക്ഷമായിരുന്നു. ഫലഭൂയിഷ്ടമായ ഭൂമികളെല്ലാം കമ്മ വിഭാഗത്തിന്റെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. ഭൂപ്രഭുക്കളും ധനികരുമായിരുന്നു കമ്മകള്‍ക്ക് മുന്നില്‍ ദളിതര്‍ മൃഗീയയാതനകള്‍ അനുഭവിച്ചായിരുന്നു ജീവിച്ചിരുന്നത്. വളരെ ചെറിയ ഭാഗം ഭൂമി മാത്രമായിരുന്നു ദളിതരുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ ആ ഭൂമിയിലും സമാധാനപരമായി കൃഷി ചെയ്യാന്‍ ഉന്നതജാതിക്കാര്‍ സമ്മതിച്ചിരുന്നില്ല. പല വിലക്കുകളും അവര്‍ നേരിട്ടു. സാമൂഹികമായും സാമ്പത്തികമായും പ്രബലരായ കമ്മകള്‍ അയിത്താചരണത്തിന്റെ അതിഭീകരമായ അന്തരീക്ഷമാണ് ഗ്രാമത്തിലാകമാനം സൃഷ്ടിച്ചിരുന്നത്. 

കമ്മകളുടെ കൃഷിയിടങ്ങളില്‍ വളരെ തുച്ഛമായ കൂലിക്കായിരുന്നു ദളിതര്‍ ജോലി ചെയ്തിരുന്നത്. തുച്ചമായ വേതനത്തില്‍ എല്ലുമുറിയെ പണിയെടുക്കണം. ഇതിനും പുറമേ ശാരീരിക പീഡനങ്ങളും സഹിക്കണം. ഒരു തരത്തില്‍ പറഞ്ഞാല്‍ അടിമജീവിതമായിരുന്നു ഗ്രാമത്തിലെ ദളിതര്‍ നേരിട്ടിരുന്നത്. വളരെ തുച്ഛമായ കൂലിയായി ലഭിച്ചിരുന്നത്.  2000 രൂപയായിരുന്നു പലരുടെയും വാര്‍ഷിക വരുമാനം. സ്ത്രീകള്‍ക്ക് ദിവസേന ആറ് മുതല്‍ എട്ട് രൂപ വരെയായിരുന്നു ദിവസ വേതനം. പുരുഷന്‍മാര്‍ക്ക് 10 മുതല്‍ 12 രൂപ വരേയും. അന്നത്തെ കാലത്തെ ഏറ്റവും തുച്ഛമായ കൂലിയായിരുന്നു അത്. എന്തെങ്കിലും കാരണങ്ങളാല്‍ തൊഴിലിടങ്ങളിൽ എത്തിയില്ലെങ്കില്‍ അതിക്രൂരമായ മര്‍ദനങ്ങളും ദളിതര്‍ ഏറ്റുവാങ്ങേണ്ടിവരും

കമ്മകളുടെ തോട്ടം പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന ദളിതര്‍ ഭൂവുടമകളുടെ വീട്ടുജോലിയും കൂലിയില്ലാതെ എടുക്കണമായിരുന്നു. പൊതുമുതലുകളൊന്നും തന്നെ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ദളിതരുടെ സാമൂഹിക ജീവിതത്തിനും വലിയ രീതിയിലുള്ള വിലക്കുകളുണ്ടായിരുന്നു. ദളിതര്‍ ആരും സംഘടിക്കാന്‍ പാടില്ലായിരുന്നു. തൊഴിലാളികള്‍ സംഘടിച്ച് മുതലാളിമാര്‍ക്ക് ഭീഷണിയാവതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ഭയത്തിന്റെ വിത്തുകള്‍ പാകുകയായിരുന്നു അവര്‍. ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് ഉന്നതജാതിയിലെ ഭൂപ്രഭുക്കള്‍ തീരുമാനിക്കും അതിഭീകരമായ മര്‍ദനം നേരിടേണ്ടി വരുമെന്നതിനാല്‍ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കാറില്ല.

തുടക്കം ജലസംഭരണിയിൽ

ഗ്രാമത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രശ്നമായിരുന്നു പിന്നീടൊരു ഗ്രാമത്തെ മുഴുവനും ചുട്ടെരിക്കുന്നതിലേക്ക് നയിച്ചത്. രണ്ട് പ്രധാനപ്പെട്ട ജലസംഭരണികളായിരുന്നു ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. ഒന്ന് ഉന്നത ജാതിക്കാര്‍ക്കും മറ്റൊന്ന് ദളിതര്‍ക്കും. കമ്മകളുടെ കുളം മികച്ച രീതിയില്‍ നിര്‍മിച്ചവയും നന്നായി പരിപാലിക്കുന്നവയുമായിരുന്നു. ദളിതര്‍ക്ക് വേണ്ടിയുള്ള കുളത്തിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ദളിതര്‍ തങ്ങളെ കൊണ്ട് പറ്റുന്ന രീതിയില്‍ ടാങ്കിനെ നോക്കുന്നുണ്ടെങ്കിലും കാര്യമുണ്ടായിരുന്നില്ല. ടാങ്ക് പരിപാലിക്കാനുള്ള ഫണ്ടുകളൊന്നും തന്നെ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.

ജൂലായ് 16-ന് കമ്മ വിഭാഗത്തിലെ  ശ്രീനിവാസ റാവു എന്ന യുവാവ് ദളിതർ ഉപയോഗിക്കുന്ന കുളത്തില്‍ നിന്ന് തന്റെ പോത്തിന് വെള്ളം കൊടുക്കാനും ആ വെള്ളം ഉപയോഗിച്ച് പോത്തിനെ കുളിപ്പിക്കാനും തുടങ്ങി. പോത്തിനെ കുളിപ്പിക്കുന്ന വെള്ളം ദളിതരുടെ ജലസംഭരണിയിലേക്ക് തന്നെ ഒഴുകിപ്പോവുന്നുമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട  ദളിതരായ കാതി ചന്ദ്രയ്യയും മുന്നംഗി സുവര്‍ത്തമ്മയും ഇതിനെതിരെ പ്രതികരിച്ചു. ദളിത് സ്ത്രീകള്‍ പ്രതികരിച്ചത് കണ്ട് സഹിക്കവയ്യാതെ ശ്രീനിവാസ റാവു ഇവരെ കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി. അവിടെയുണ്ടായിരുന്നു കമ്മ വിഭാഗത്തിലെ റായിനെഡു പ്രസാദും ഈ ക്രൂരകൃത്യത്തില്‍ പങ്കുചേര്‍ന്നു. പോത്തിനെ കെട്ടുന്ന വലിയ കയർ ഉപയോഗിച്ചായിരുന്നു ഇവരെ ഉപദ്രവിച്ചത്. 

ദളിത് സ്ത്രീകളെ അതിക്രൂരമായി ആക്രമിക്കുന്നത് കണ്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത് ദളിതനായ പാണ്ഡിരി നാഗേശ്വര റാവു ആയിരുന്നു. ഇദ്ദേഹം വളരെ പണിപ്പെട്ട് പ്രശ്നത്തില്‍ ഇടപ്പെടുകയും സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. നാഗേശ്വര റാവു സ്ത്രീകളെ വളരെ ശ്രമപ്പെട്ട് വീട്ടിലെത്തിച്ചു.

അന്ന് വൈകുന്നേരം സുവര്‍ത്തമ്മയുടെ വീട്ടിലേക്ക് ശ്രീനിവാസ റാവുവും മറ്റ് ഇരുപത് പേരും ചേര്‍ന്ന് ചെല്ലുകയും സുവര്‍ത്തമയെ വീണ്ടും ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ ആളുകള്‍ ഓടിയെത്തി സുവര്‍ത്തമയെ രക്ഷിച്ചു. അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണ് ഗ്രാമത്തിലെ ദളിതര്‍ കരുതിയത്. എന്നാല്‍ അവരെ കാത്തിരുന്നത് അതിലും വലിയ പ്രശ്നങ്ങളെയായിരുന്നു. താഴ്ന്ന ജാതിക്കാരുടെ മുന്നില്‍ തങ്ങള്‍ തോറ്റുപോയെന്ന ചിന്ത കമ്മ വിഭാഗത്തിനെ ആകെ ബാധിച്ചു. 

പിറ്റേന്ന് സുവര്‍ത്തമ്മയുടെ പ്രവൃത്തിയില്‍ വിശദീകരണം നല്‍കാനായി ഭൂപ്രഭുക്കള്‍ സുവര്‍ത്തമ്മയുടെ ഭര്‍തൃപിതാവ് മുന്നംഗി അങ്കയ്യയെ വിളിപ്പിച്ചു. പിറ്റേന്ന് ജൂലായ് 17ന് അങ്കയ്യ ഭൂപ്രഭവായ മാധവ രാമകൃഷ്ണ മൂര്‍ത്തിയുടെ വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ വിശദമായി തന്നെ അവതരിപ്പിച്ചു.

ഈ സമയം അക്രമിസംഘം ദളിത് ഗ്രാമത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആദ്യ ചുവടായി പാണ്ഡിരി നാഗേശ്വര റാവുവിനെ ആക്രമിക്കുകയും പിന്നീട് ഭൂപ്രഭുവിന്റെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുന്ന അങ്കയയ്യെ ആക്രമിക്കാനായി സംഘം ഇരച്ചെത്തി. പിന്നീട് ഇവര്‍ രങ്കയയ്യെ മാരകയാധുങ്ങള്‍ കൊണ്ട് ആക്രമിക്കുകയും അവിടെയുള്ള ഷെഡില്‍ കെട്ടിയിടുകയും ചെയ്തു. പിന്നീട് ഗ്രാമത്തെ ലക്ഷ്യമാക്കി സംഘം പാഞ്ഞു. ഗ്രാമത്തിലെ ജനങ്ങള്‍ എല്ലാം അവിടെ തന്നെയുണ്ടായിരുന്നു. ആര്‍ക്കും രക്ഷപ്പെടാനാവാത്ത വിധം സംഘം ഈ ഗ്രാമത്തെ വളഞ്ഞു.

കോളനിയെ മൊത്തത്തില്‍ നശിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. വീടുകള്‍ തീവെച്ചു. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചു. ഗര്‍ഭിണികളെ വരെ വെറുതെ വിട്ടില്ല. ഓടിയൊളിച്ചവരെ പിന്നാലെ തുരത്തി പിടിച്ച് ആക്രമിച്ചു. ചിലരെ തല്ലികൊന്നു. ചിലരെ മൃഗീയമായി പരിക്കേല്‍പ്പിച്ചു. ദളിതരുടെ പണവും മുതലും വരെ അപഹരിച്ചു. ചിലറ തുട്ടുകള്‍ പോലും വെറുതെ വിട്ടില്ല. അക്ഷാരാര്‍ത്ഥത്തില്‍ അനീതി വിളയാടിയ യുദ്ധക്കളമായി മാറി ആ ഗ്രാമം. ആക്രമണ വിളയാട്ടം മണിക്കൂറുകളോളം നീണ്ടു.ഈ ക്രൂരമായ ആക്രമണത്തില്‍ ആറ് ദളിതര്‍ കൊല്ലപ്പെട്ടു. മൂന്ന് സത്രീകള്‍ ബലാത്സംഗത്തിന് ഇരയായി. ഇത് രേഖകളില്‍ ഉള്‍പ്പെട്ട കണക്കുകള്‍ മാത്രമാണ് യഥാര്‍ത്ഥത്തിലുള്ളത് അതിലുമേറെയാണ്

കാത്തുരക്ഷിക്കേണ്ടവര്‍ കൈയൊഴിഞ്ഞു

ഇരയായവരെ ഒരു തരത്തിലും സംരക്ഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവര്‍ കമ്മകളുടെ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കിയത്. ചിരാള പോലീസ് സ്റ്റേഷനിലേക്ക് സഹായം അന്വേഷിച്ച് ഓടിയെത്തിയ ദളിതരെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ഗ്രാമത്തിനോട് അടുത്തുള്ള ടൗണിലെ ക്രിസ്ത്യന്‍ ദേവാലയത്തിലാണ് അവസാനം ഈ ദളിതര്‍ക്ക് അഭയം ലഭിച്ചത്. 500 ലധികം ദളിതര്‍ ഈ ക്രിസ്ത്യന്‍ ദേവാലയത്തില്‍ അഭായര്‍ത്ഥികളായി. അന്ന് അവിടെ നിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ടവരില്‍ പലരും തിരികെ ഗ്രാമത്തിലേക്ക് ചെന്നില്ല. 

കാരംചേടില്‍ നടന്ന ദാരുണസംഭവം സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായി. ദളിതര്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങളെ തടയേണ്ടതിനെ കുറിച്ചും നീതിനിഷേധത്തെ കുറിച്ചും ശക്തമായ ചര്‍ച്ചകള്‍ ഉയര്‍ന്നു. ദളിത് നേതാക്കളായ് ഭോജ താരകം, കട്ടി പത്മ റാവു എന്നിവരുടെ നേതൃത്വത്തില്‍ സ്വതന്ത്ര ദളിത് പ്രസ്ഥാനത്തിന് തുടക്കമിട്ടു. ആന്ധ്രപ്രദേശ് ദളിത് മഹാസഭയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതിലൂടെ അസംഘടിതരായി നിന്ന് ദളിതരെ ഏറെ കുറെ ഒരൊറ്റ കുടകീഴിലേക്ക് കൊണ്ടു വരാന്‍ സാധിച്ചു. ചൂഷണങ്ങള്‍ക്കെതിരെ ഉറച്ച ശബ്ദമാവാന്‍ ദളിതര്‍ക്ക് ശക്തി നല്‍കി. അംബേദ്കറുടെ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചു കൊണ്ടാണ് സംഘടന മുന്നോട്ട് യാത്ര ചെയ്തത്. 

കൂട്ടകുരുതിക്ക് ദൃക്സാക്ഷിയായ ദളിത് യുവതി പിന്നീട് അതിക്രൂരമായി കൊലചെയ്യപ്പെട്ടു. തുടര്‍ന്ന് ദളിത് സംഘടനകളുടെ ഇടപെടല്‍ കൊണ്ട് പ്രശ്നബാധിതര്‍ക്ക് സുരക്ഷയും സഹായങ്ങളും നല്‍കി. ഇതെല്ലാം ന്യായമായ രീതിയിലാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് വേണം പറയാന്‍. കണ്ണില്‍ പൊടിയിടാനായി പേരിന് മാത്രം നല്‍കപ്പെട്ടു. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടാനായും ഒരുപാട് തവണ ഇവര്‍ നീതി മന്ദിരങ്ങള്‍ തോറും കയറി ഇറങ്ങി. പല അധികാരികളും പട്ടികളെ പോലെ ഇവരെ ആട്ടിയോടിച്ചു.

159 പേര്‍ക്ക് ആന്ധ്രയിലെ ഓംഗോള ജില്ല കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ പിന്നീട് ഇവരെ ആന്ധ്ര ഹൈക്കോടതി വെറുതെ വിട്ടു. കുറ്റം ചെയ്തവര്‍ തലയുയര്‍ത്തി സമൂഹത്തില്‍ നടക്കാന്‍ തുടങ്ങി. സംഭവം നടന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനപ്രതിക്ക് സുപ്രീം കോടതി ജീവപര്യന്തം  ശിക്ഷ വിധിച്ചു. 30 പേര്‍ക്ക് മൂന്ന് വര്‍ഷം തടവും.

അക്കാലത്ത് ഉയര്‍ന്നു വന്ന തീവ്ര വിപ്ലവ പ്രസ്ഥാനങ്ങളിൽ ഒന്നായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ഈ കലാപത്തിന് പിന്നീലെ പ്രധാന വ്യക്തിയെന്ന് പറയപ്പെടുന്ന ഭൂപ്രഭുവായ ചെഞ്ചു രാമയ്യയെ കൊലപ്പെടുത്തി. ഗ്രാമത്തിലെ പ്രമുഖനായിരുന്ന കമ്മ ഭൂപ്രഭുവായിരുന്നു ഇദ്ദേഹം. ടിഡിപി സ്ഥാപകനായി എന്‍ടി രാമറാവുവുമായി ഇദ്ദേഹത്തിന് ശക്തമായ ബന്ധങ്ങളുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.എന്നാല്‍ ഈ കൊലപാതകത്തില്‍ ദളിത് മഹാസഭ തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു. ഇത്തരം ആക്രമണരീതികളോട് തങ്ങള്‍ക്ക് താത്പര്യമില്ലെന്നും സംഘടന ഉറപ്പിച്ചു പറഞ്ഞു.

ഗ്രാമത്തെ തച്ചുടച്ച പലരെയും പോലീസ് അറസ്റ്റ് പോലും ചെയ്തിരുന്നില്ല. കേസില്‍ ശിക്ഷ അനുഭവിച്ച ചിലര്‍ ഉന്നത ജാതി തലവന്‍മാരുടെ വെറും ഡമ്മികള്‍ മാത്രമായിരുന്നു. കേസില്‍ പോലീസ് ഇടപെടലല്‍ നടന്നിട്ടും ജാതി പ്രമുഖര്‍ ദളിതരെ ഉപദ്രവിച്ചിരുന്നു. പലരും വര്‍ഷങ്ങളോളം ജീവനെ ഭയന്നാണ് അവിടെ നിലനിന്നിരുന്നത്. ഇന്നും ജാതി ആ ഗ്രാമങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പ്രതീകരിക്കാന്‍ പോലും ഭയന്ന് നിരവധി ജനങ്ങളും. വര്‍ഷങ്ങള്‍ക്കിപ്പുറവും ജാതി വടവൃക്ഷമായി ഈ ഗ്രാമങ്ങളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.