
മാനം മുടിത്തെയ്യം പോലെ ഉറഞ്ഞാടിയ ഇതുപോലൊരു മഴക്കാലത്താണ് ഓക്കി അന്തര്‍ജനത്തിന്റെ അന്തഃപുരത്തില്‍ മിന്നല്‍പ്പിണർ പോലൊരു കുഞ്ഞ് പിറന്നു വീണത്. കല്‍പകശ്ശേരി ഇല്ലത്തിന്റെ അകത്തളത്തിലാകെ കെട്ടിനിന്ന ഇരുട്ടിലും പ്രകാശിച്ച അവളുടെ മുഖം നോക്കി അഷ്ടമൂര്‍ത്തി നമ്പൂതിരിയുടെ ആദ്യ വേളിയായ ഓക്കി അന്തര്‍ജനം പേരുചൊല്ലി, താത്രിക്കുട്ടി! താത്രിക്കുട്ടിയുടെ കഥ നമ്മളിലെത്തിയത് ഐതിഹ്യവും ചരിത്രവുമെല്ലാം കൂടിക്കലർന്ന രൂപത്തിലാണ്. അതിലൊന്നിൽ ഇങ്ങനെ പറയന്നു- കല്‍പകശ്ശേരിയില്‍ കുഞ്ഞു പിറന്ന കഥ ആറങ്ങോട്ടുകരയില്‍ പാണന്മാര്‍ പാടിനടന്നു. വാര്‍ത്ത മഹാപണ്ഡിതനും ജ്യോതിഷിയുമായ കറുത്തേടത്ത് നമ്പൂതിരിയുടെ കാതിലുമെത്തി. കുട്ടി ജനിച്ച സമയം ചോദിച്ചറിഞ്ഞ കറുത്തേടത്തിന്റെ മുഖം കര്‍ക്കടകകടലു പോലെ കറുത്തു. ഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഗുണിച്ചു നോക്കി കറുത്തേടത്ത് പിറുപിറുത്തു, 'പെണ്ണ് പേര് കേള്‍പ്പിക്കൂലോ, വംശം മുടിക്കൂലോ..' അല്‍പമൊച്ച കൂടിപ്പോയ ആത്മഗതത്തിന്റെ മാറ്റൊലിയില്‍ അന്ധാളിച്ചുനിന്ന ഇല്ലച്ചുമരുകള്‍ അറിഞ്ഞില്ല അഗ്നിജ്വാല പോലെ കത്തിയ ആ പെണ്ണ് പുരുഷാധിപത്യം കൊടികുത്തി വാണ ജീർണമായ സാമൂഹികവ്യവസ്ഥയുടെ അടിവേരിളക്കുമെന്ന്.
നിലനിന്നിരുന്ന എല്ലാ ദുഷിച്ച സാമൂഹിക ക്രമങ്ങളുടെയും ഗതി മാറ്റിയത് ഓരോ കാലവും നിഷേധികളെന്നും കലഹപ്രിയരെന്നും മുൻവിധിയോടെ കണ്ട മനുഷ്യരാണ്. കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്ന കലഹപ്രിയരെ കുറിച്ചുള്ള പംക്തിയായ The Rebels ൽ ഇക്കുറി കുറിയേടത്ത് താത്രിയുടെ കഥയാണ്.
അതിസുന്ദരിയായിരുന്നു താത്രി. കഥകളിയിലും സംഗീതത്തിലുമൊക്കെ അതീവ ഗ്രാഹ്യവും പാണ്ഡിത്യവും വെച്ചുപുലര്‍ത്തിയിരുന്നവള്‍. കുട്ടിക്കാലത്ത് നല്ല ശാഠ്യക്കാരിയായിരുന്നെന്നും പറഞ്ഞു കേള്‍ക്കുന്നു. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കുന്നത് നാട്ടുനടപ്പല്ലാതിരുന്നിട്ടും അടുത്തുള്ള ഓയ്ക്കില്ലത്തെ ഗുരുകുലത്തില്‍ അച്ഛൻ അഷ്ടമൂര്‍ത്തി താത്രിക്കുട്ടിയെ ചേര്‍ത്തത് പഠിക്കണമെന്ന് അവൾ വാശി പിടിച്ചതുകൊണ്ടാണ്. ചെറുപ്പത്തില്‍ തന്നെ തീവ്രമായ സ്വാതന്ത്ര്യേച്ഛ താത്രിക്കുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
Also Read
കുറിയേടത്ത് ഇല്ലത്ത് നിന്ന് നേരിട്ട ആദ്യ അക്രമം
താത്രിക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ് അച്ഛൻപെങ്ങളെ വേളികഴിപ്പിച്ച കുറിയേടത്ത് ഇല്ലത്തേയ്ക്ക് അവളെ പാട്ട് പഠിക്കാനയച്ചത്. അവിടെ വെച്ചാണ് ആദ്യമായി അവൾ അക്രമിക്കപ്പെടുന്നത്. ഇല്ലത്തെ മൂത്ത നമ്പൂതിരിയായ നമ്പ്യാത്തൻ നമ്പൂതിരിയിൽ നിന്ന് ഒമ്പതാം വയസ്സിലായിരുന്നു ആ അതിക്രൂര പീഡനം. 12 ദിവസത്തോളമാണ് അയാള്‍ അവളെ പീഡനത്തിനിരയാക്കിയത്. നമ്പൂതിരിയെക്കൂടാതെ പാട്ടു പഠിപ്പിക്കാന്‍ വന്ന നമ്പൂതിരിയും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പിന്നീട് താത്രി വെളിപ്പെടുത്തിയിട്ടുണ്ട്.

നമ്പൂതിരിയുടെയും സംഗീതാധ്യാപകന്റെയും പീഡനവിവരം സ്വന്തം വീട്ടുകാരോട് താത്രി വെളിപ്പെടുത്തിയപ്പോൾ അവരവളെ ചേര്‍ത്തുപിടിക്കുമെന്ന് അവൾ വിശ്വസിച്ചു. എന്നാല്‍ ആ മനസ്സിനെ കൂടുതല്‍ കീറിമുറിച്ച പ്രതികരണമാണ് സ്വന്തം വീട്ടുകാരിൽ നിന്നു പോലും താത്രിക്കു നേരിടേണ്ടി വന്നത്. വിവരം പറഞ്ഞു കരഞ്ഞ താത്രിക്കുട്ടിയെ അതിലും ക്രൂരമായി അവളുടെ അമ്മാവന്‍ ലൈംഗികമായി ആക്രമിച്ചു.
ആദ്യ പീഡനം നടന്ന കുറിയേടത്ത് ഇല്ലത്തേക്ക് വീണ്ടും
വര്‍ഷങ്ങള്‍ക്ക് ശേഷം, അവളുടെ 12ാം വയസ്സില്‍ പാട്ടുപഠിക്കാൻ പോയ അതേ കുറിയേടത്ത് ഇല്ലത്തേക്ക് തന്നെ അവളുടെ വേളി നിശ്ചയിച്ചു. അതും അറുപത് വയസ്സുള്ള ഒരു വൃദ്ധനുമായി. കുട്ടിക്കാലത്ത് പാട്ടു പഠിക്കാൻപോയപ്പോൾ പാട്ടുപഠിപ്പിച്ചയാളെ കൂടാതെ താത്രിയെ നിഷ്ഠൂരമായി ഉപദ്രവിച്ച നമ്പ്യാത്തന്‍ നമ്പൂതിരിയുടെ അനുജന്‍ രാമന്‍ നമ്പൂതിരിയായിരുന്നു 'വരന്‍'. ഓരോ ഇല്ലത്തും മൂസ്സാമ്പൂരി എന്ന മൂത്ത നമ്പൂതിരിക്ക് മാത്രമേ വിവാഹത്തിനുള്ള അധികാരം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. നമ്പൂതിരിമാര്‍ക്കിടയില്‍ രണ്ടാമന്‍ അപ്ഫന്‍ വേളി കഴിക്കണമെങ്കില്‍ അന്നത്തെ കാലത്ത് ഒന്നേയുള്ളൂ മാര്‍ഗം. പരിവേദനം. പിതൃതര്‍പ്പണത്തിനുള്ള അവകാശിയുണ്ടാവാന്‍ മാത്രം അസാധാരണഘട്ടത്തില്‍ സ്മൃതികള്‍ അനുവദിക്കുന്ന സൗജന്യമാണ് പരിവേദനം. മൂസ്സാമ്പൂരിക്ക് വിവാഹം കഴിക്കാനും സന്തതിയുണ്ടാവാനും സാധ്യതയില്ലാത്ത വിധം എന്തെങ്കിലും അസുഖമാണെങ്കില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി വൈദികവിധി പ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്ത് അപ്ഫന് വേളിയാകാം. അനുജന്മാരായ നമ്പൂതിരിമാര്‍ അമ്പലവാസി ഭവനങ്ങളിലും നായര്‍ തറവാടുകളിലും നിത്യസംബന്ധവുമായി ജീവിതം കഴിച്ചു.
സമുദായത്തിലെ സ്വത്തുകളുടെയും സ്ത്രീകളുടെയും മേല്‍ പരമാധികാരമുണ്ടായിരുന്ന മൂസ്സാമ്പൂരിയാവട്ടെ പ്രായം വകവെക്കാതെ എട്ടും പത്തും വേട്ടു. 'തൊണ്ണൂറു കഴിഞ്ഞ വയോവൃദ്ധന് പതിനഞ്ചു തികയാത്ത വധു' എന്നത് അക്കാലത്ത് വിസ്മയമേ ആയിരുന്നില്ല എന്ന് ആലങ്കോട് ലീലാകൃഷ്ണൻ താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
താത്രിക്ക് പിന്നീട് സംഭവിച്ചത്
നമ്പ്യാത്തന്‍ നമ്പൂതിരി മാറാത്ത ദെണ്ണക്കാരനായിരുന്നു. ആ സൗജന്യത്തിലാണ് കുറിയേടത്തപ്ഫന്‍ രാമന്‍ നമ്പൂതിരി താത്രിയെ വേളി കഴിച്ചത്. കുറിയേടത്തില്ലത്തെ വേളിയായതോടെയാണ് താത്രിക്കുട്ടി കുറിയേടത്ത് താത്രിയായത്. എന്നാല്‍ വിവാഹശേഷം ആദ്യരാത്രിയില്‍ വേട്ട പുരുഷനെ കാത്തിരുന്ന താത്രിയുടെ മുന്നിലെത്തിയത് മൂസ്സാമ്പൂരി നമ്പ്യാത്തനായിരുന്നു.ഒൻപതാം വയസ്സില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരപരീക്ഷകളിലൂടെ താത്രി പിന്നെയും കടന്നുപോയി.

എന്നാല്‍ അന്നത്തെ രാത്രിയില്‍ താത്രി സുദൃഢമായ ഒരു പ്രതിജ്ഞയെടുത്തു, ഇനിമേല്‍ ഒരു പുരുഷനു മുന്നിലും താന്‍ തോറ്റു കൊടുക്കില്ലെന്ന്. അതിനവള്‍ തിരഞ്ഞെടുത്ത വഴി സ്വന്തം ശരീരം കൊണ്ടു തന്നെ പോരാടുകയെന്നതായിരുന്നു. തന്നെ കേവലം മാംസമായി കണ്ടവരോട് മാംസത്തിന്റെ ഭാഷയില്‍ തന്നെ നല്‍കിയ മറുപടി. പുരുഷാധികാരം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ലൈംഗികാധിപത്യത്തിന് അതേ ആയുധം കൊണ്ട് തിരിച്ചടിക്കുക എന്ന പ്രതിപ്രവര്‍ത്തനം. ദാസീവൃന്ദത്തിന്റെയും മറ്റു സഹചാരികളുടെയും സഹായത്തോടെ ഉന്നതരും പ്രശസ്തരും ശ്രേഷ്ഠന്മാരുമായവരെ തിരഞ്ഞുപിടിച്ച് വശീകരിച്ച് ഗൂഢസങ്കേതങ്ങളിലെത്തിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് കഥ. താത്രിയെന്ന വ്യാജേന ദാസിമാരാണ് ആള്‍മാറാട്ടം നടത്തി ചിലരോട് ലൈംഗികവേഴ്ച നടത്തിയതെന്നും കഥകളുണ്ട്.
പിന്നാലെ താത്രിക്കു നേരെ അടുക്കള ദോഷം എന്ന് വിളിക്കപ്പെട്ട ചാരിത്ര്യ ദോഷം ആരോപിക്കപ്പെട്ടു. അടുക്കള ദോഷം ആരോപിച്ച് താത്രിക്കെതിരേ അയല്‍വാസിയായ കണ്ടഞ്ചാത മനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ പരാതിയില്‍ താത്രിയെ സ്മാര്‍ത്തവിചാരം നടത്താനും ഉത്തരവായി. എന്നാല്‍ വാസുദേവന്‍ നമ്പൂതിരിയോട് തനിക്ക് അടുക്കള ദോഷം വന്നുപെട്ടുവെന്നും സ്മാര്‍ത്തവിചാരം നടത്താന്‍ അവസരമുണ്ടാക്കണമെന്നും താത്രി തന്നെയാണ് ആവശ്യപ്പെട്ടതെന്നും കഥകളുണ്ട്.
അടുക്കളദോഷം ആരോപിക്കപ്പെട്ട അന്തര്‍ജനത്തെിന്റെ ദാസിമാരെ വിചാരണ ചെയ്യുകയാണ് ആദ്യഘട്ടം. ഇതിനായി അന്തര്‍ജനത്തിന്റെ ഇല്ലത്തോട് അടുപ്പമുള്ള ഒരു ബന്ധുവിനെ ഇണങ്ങനായി നിശ്ചയിക്കും. താത്രിയുടെ കേസില്‍ ഇണങ്ങന്‍ സ്ഥാനം ഏറ്റെടുത്തത് വാസുദേവന്‍ നമ്പൂതിരി തന്നെയായിരുന്നു. ദാസീവിചാരണയില്‍ തമ്പുരാട്ടിക്ക് കളങ്കമേറ്റുവെന്ന് ദാസി സമ്മതിച്ചാല്‍ ഗ്രാമസഭയുടെ പ്രതിനിധി മഹാരാജാവിനെ വിവരമറിയിക്കും. തുടര്‍ന്ന് ഗ്രാമസഭ കൂടി വിചാരണകള്‍ നടത്തി പരിചയമുള്ള സ്മാര്‍ത്തനെ രേഖാമൂലം ചുമതലപ്പെടുത്തും. രാജാവിന്റെ പ്രതിപുരുഷനായി ഒരു ഉദ്യോഗസ്ഥനെയും വിചാരണയ്ക്കുള്ള അധികാരം നല്‍കി സ്മാര്‍ത്തനൊപ്പമയക്കും.
നിസ്സാരമല്ല 'സാധന'മെന്ന വിളി
അടുക്കളദോഷം ആരോപിക്കപ്പെട്ടാല്‍ പിന്നെ സ്ത്രീയെ അഭിസംബോധന ചെയ്യാന്‍ അവരുടെ പേരുപയോഗിക്കാന്‍ പാടില്ല. സാധനം എന്നാകും സ്മാര്‍ത്തവിചാരത്തിന്റെ ഒടുക്കം വരെയും സ്ത്രീയെ വിളിക്കുക (ഈ ചരിത്രമറിയാതെയാണ് നമ്മിൽ പലരും തമാശയ്ക്കും ദേഷ്യത്തിനും ആളുകളെ സാധനമെന്ന് വിളിക്കുന്നതെന്നത് മറ്റൊരു കാര്യം). ഇല്ലത്തു നിന്ന് മാറ്റി, രാജഭടന്മാരുടെ കാവലുള്ള മറ്റൊരിടത്തേക്ക് മാറ്റുകയാണ് അടുത്ത ഘട്ടം. അഞ്ചാംപുരയിലാക്കല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പിന്നീട് സ്മാര്‍ത്തവിചാരത്തിന്റെ അവസാനം വരെയും പുറത്തിറങ്ങാനനുവാദമില്ലാതെ അഞ്ചാംപുരയിലാകും അന്തര്‍ജനത്തിന്റെ താമസം. താത്രിയുടെ കാര്യത്തില്‍ അഞ്ചാംപുരയുടെ പടിപ്പുര മുതല്‍ സുശക്തമായ കാവലാണ് രാജാവ് ഏര്‍പ്പെടുത്തിയത്.
നവോത്ഥാനകാലത്തിനു മുന്‍പുതന്നെ കേരളത്തിലെ കീഴാള സമുദായങ്ങള്‍ മിക്കതും സ്ത്രീകള്‍ക്ക് കൂടി പ്രാതിനിധ്യമുള്ള കുടുംബവ്യവസ്ഥകളെ സ്വീകരിച്ചപ്പോള്‍ സവര്‍ണ സമുദായങ്ങളിലാണ് പുരുഷാധിപത്യം കൊടികുത്തിവാണത്. സ്മാര്‍ത്തവിചാരത്തില്‍ പോലും പണവും സ്വാധീനവുമുള്ള നമ്പൂതിരിമാര്‍ കുറ്റം ചെയ്തിരുന്നെങ്കില്‍ പോലും നിസ്സാരമായി രക്ഷപ്പെട്ട് പോയിരുന്നു.
40 ദിനം നീണ്ട വിചാരണ
വിചാരണയ്ക്ക് മുമ്പ് തന്നെ താത്രിയുടെ പട്ടികയില്‍ പ്രമുഖരായ പലരുമുണ്ടെന്ന ശ്രുതി പരന്നതോടെ താത്രിയെ കൊന്നുകളയാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായും സന്ദേഹങ്ങളുയര്‍ന്നു. കൊച്ചി രാജാവിനായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിനുള്ള ചുമതല. 1904-ന്റെ അവസാനത്തോടെയാണ് താത്രിയുടെ ആദ്യഘട്ട വിചാരണ പൂര്‍ത്തിയാവുന്നത്. ധാരാളം പരാതികളുയര്‍ന്നു വന്നതോടെ രാജാവ് വിചാരണ വീണ്ടും നടത്താന്‍ ഉത്തരവിട്ടു. 1905 ജൂലായ് 13-ന് രണ്ടാംഘട്ട വിചാരണയും നടന്നു. ചെമ്മന്തട്ടയില്‍ ദാസീവിചാരം നടന്നതിനു ശേഷം പള്ളിമണ്ണയിലും ഇരിങ്ങാലക്കുടയിലുമായി പിന്നീട് മാറിമാറി വിചാരണകള്‍ നടത്തിയതും താത്രിക്കു നേരെയുണ്ടായ കൊലപാതകഭീഷണി കാരണമാണ്.
വട്ടചോമയാരത്ത് ജാതവേദന്‍ നമ്പൂതിരിയായിരുന്നു താത്രിവിചാരത്തിന്റെ സ്മാര്‍ത്തന്‍. നാല്‍പത് ദിവസത്തോളമാണ് വിചാരണ നീണ്ടുനിന്നത്. ഭര്‍ത്താവ് രാമന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠന്‍ നമ്പ്യാത്തന്‍ നമ്പൂതിരിയുടെ പേരാണ് താത്രി ആദ്യം പറഞ്ഞത് പിന്നാലെ അമ്മാവനും സഹോദരനും പിതാവും വരെ ഉൾപ്പെടുന്ന പട്ടിക അവൾ പുറത്തുവിട്ടു. തന്നെ പീഡിപ്പിച്ചവരും താൻ വശീകരിച്ചവരുമായ അറുപത്തിനാലു പേരുടെ പേര് താത്രിക്കുട്ടി വിളിച്ചു പറഞ്ഞു. ലൈംഗികവേഴ്ചയ്ക്കിടെ ജാരന്മാരുടെ ശരീരത്തിലെയും മറ്റും അടയാളങ്ങള്‍ ബുദ്ധിമതിയായ താത്രി മനസ്സിലാക്കി വെച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം തെളിവുകള്‍ നിരത്തിയാണ് താത്രി പേര് വിളിച്ചുപറഞ്ഞത്.
സാധാരണ സ്മാര്‍ത്തവിചാരങ്ങളില്‍ പ്രതികളായ പുരുഷന്മാരുടെ വാദം കേള്‍ക്കാറില്ല. എന്നാല്‍ സ്മാര്‍ത്തവിചാരങ്ങളുടെ ചരിത്രത്തിലാദ്യമായി പ്രതികളായ പുരുഷന്മാരുടെ വാദവും താത്രിവിചാരത്തില്‍ ആരാഞ്ഞു. അങ്ങനെ താത്രി പേര് പറഞ്ഞ പ്രാമാണികര്‍ ചില എതിര്‍വാദങ്ങള്‍ ഉന്നയിച്ചു. കുലസ്ത്രീഗമനത്തിനാണ് ഭ്രഷ്ടെന്നും ആദ്യം ആരാണോ ഗമിച്ചത് അയാള്‍ക്ക് മാത്രമേ ഭ്രഷ്ട് നല്‍കാനാവൂയെന്നും ഒരാള്‍ പ്രാപിച്ചു കഴിഞ്ഞാല്‍ അവള്‍ കുലാംഗനയല്ല ദാസിയാണ് എന്നും ദാസീഗമനത്തിനു വേശ്യാഗമനത്തിനും ഭ്രഷ്ടില്ലായെന്നുമായിരുന്നു വാദം. ഇക്കാര്യം ഉന്നയിച്ച ഘട്ടത്തില്‍ സ്മാര്‍ത്തന്റെ വാദത്തെ ബലപ്പെടുത്താനുള്ള വാദം മുന്നോട്ടുവെച്ചത് താത്രിയാണ്. സ്മാര്‍ത്തവിചാരം പിന്തുടരുന്നത് ശങ്കരസ്മൃതിയാണെന്നും മനുസ്മൃതിയിലാണ് ഇത്തരം വിധിന്യായങ്ങളെന്നും താത്രി വ്യക്തമാക്കി.
64 പേരുടെ പേര് വിളിച്ചു പറഞ്ഞ ശേഷം 65-ാമന്റെ പേര് പറയുന്നതിനു മുമ്പ് താത്രിക്കുട്ടി ഒരു മോതിരം ഉയർത്തി കാണിച്ചു ചോദിച്ചു, ഈ പേരും ഞാൻ പറയേണ്ടതുണ്ടോ. അഞ്ചാം പുരയുടെ മതിലുകളിൽ ആ സ്വരം പ്രതിധ്വനിച്ചപ്പോൾ സ്മാർത്തനും ഇണങ്ങനും പരിവാരങ്ങളും നടുങ്ങി. വിചാരണയും വിധിപ്രസ്താവവും അവിടെ അവസാനിച്ചു എന്നാണ് കഥ. 65-ാമൻ രാജാവിന് വേണ്ടപ്പെട്ട ആരോ ആണെന്നും അതല്ല മഹാരാജാവ് തന്നെയാണെന്നും പഴംപാട്ടുകളുണ്ട്.
താത്രിയേയും പ്രതികളായ പുരുഷന്മാരെയും സമുദായഭ്രഷ്ടരാക്കി. താത്രിവിചാരത്തിൽ പ്രതികളായവരിൽ പ്രഗത്ഭരായ കലാകാരന്മാരും പണ്ഡിതന്മാരുമൊക്കെയുണ്ടായിരുന്നു. പ്രതികളായവരിൽ രണ്ട് പേർ വിചാരണയ്ക്ക് മുമ്പേ മരിച്ചിരുന്നു. ഭ്രഷ്ട കൽപ്പിക്കപ്പെട്ടവരിൽ കലാരംഗത്തേക്ക് തിരിച്ചുവന്നത് കാവുങ്ങൽ ശങ്കരപ്പണിക്കർ മാത്രമാണെന്ന് ആലങ്കാേട് ലീലാകൃഷ്ണൻ താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം എന്ന പുസ്തകത്തിൽ പറയുന്നു. മറ്റുള്ളവർക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നത് തന്നെയായിരുന്നു പ്രധാന കാരണം. കാവുങ്ങൽ ശങ്കരപ്പണിക്കർക്ക് കലാരംഗത്തേക്ക് തിരിച്ചെത്താനയത് മദ്ദളവിദഗ്ധനായ വെങ്കിച്ചൻ സ്വാമിയുടെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണത്രെ.
ഭ്രഷ്ടിനു പിന്നാലെ രാജാവിന്റെ വക കുടിലും ഭൂമിയും
ഭ്രഷ്ട് കൽപ്പിച്ച സ്ത്രീയുടെ ചുമതല പിന്നീട് മഹാരാജാവിനാണ്. അശുദ്ധമായ ഏതെങ്കിലും ഒരു നദിയുടെ വക്കത്ത് കുറച്ചു സ്ഥലവും വീടും. പെരിയാറിൻ്റെ തീരത്ത് ഒരു കുടിൽ താത്രിക്കും കിട്ടിയെന്നാണ് ആലങ്കോട് തൻ്റെ പുസ്തകത്തിൽ പറയുന്നത്. ചാലക്കുടി പുഴയുടെ തീരത്താണ് താത്രിക്ക് ഭൂമി പതിച്ചു കിട്ടിയത് എന്നും വാദങ്ങളുണ്ട്. എന്തായാലും രാജാവ് നൽകിയ ഭൂമിയിൽ താത്രി അധികകാലം താമസിച്ചില്ല. അവിടെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോയി. കുറച്ചു വർഷങ്ങൾക്കു ശേഷം കുറിയേടത്തില്ലത്തിൻ്റെ അയൽവാസികളായ കണ്ടഞ്ചാത മനയ്ക്ക് സമീപം ഭിക്ഷക്കാരിയെ പോലെ ഒരു യുവതിയെത്തിയെന്നും കുറിയേടത്ത് രാമൻ നമ്പൂതിരിയെ അന്വേഷിച്ചുവെന്നും കേട്ടുകേൾവിയുണ്ട്.

പിന്നീട് താത്രി ഏതോ ചെട്ടിയാരെയോ ക്രിസ്ത്യാനിയെയോ ആംഗ്ലോ ഇന്ത്യനെയോ വിവാഹം കഴിച്ച് മറുനാട്ടിലേക്ക് പോയി എന്നും പിന്നീട് മൂന്ന് മക്കളുണ്ടായി എന്നും കഥകളുണ്ട്. പെൺമക്കളിൽ ഒരാൾ പാലക്കാട്ടും മദ്രാസിലുമാണ് വിവാഹം കഴിച്ചതെന്നും അതിലൊരാൾ പിന്നീട് പ്രമുഖയായ കലാകാരിയായെന്നും വാസ്തവമില്ലാത്ത പലവിധ കഥകളുണ്ടായിരുന്നു. കുറിയേടത്ത് ഇല്ലത്തിനു സമീപം ഒരു സ്ത്രീ കാറിൽ വന്നിറങ്ങിയെന്നും കുറിയേടത്ത് ഇല്ലത്തെ ആളുകളെ പേരെടുത്ത് അന്വേഷിച്ച് പെട്ടെന്ന് തന്നെ തിരിച്ചു മടങ്ങിയെന്നും പറയപ്പെടുന്നുണ്ട്.
താത്രിയുടെ കഥയിൽ നിന്ന് ഊർജം കൊണ്ട് ഒട്ടേറെ സാഹിത്യരചനകളും പുറത്തിറങ്ങി. മാടമ്പ് കുഞ്ഞുകുട്ടൻ്റെ ഭ്രഷ്ട്, ലളിതാംബിക അന്തർജനത്തിൻ്റെ പ്രതികാര ദേവത, എം ഗോവിന്ദൻ്റെ ഒരു കൂടിയാട്ടത്തിൻ്റെ കഥ. എം.ടി-ഹരിഹരൻ ടീമിന്റെ പരിണയവും സ്മാർത്തവിചാരമാണ് വെള്ളത്തിരയിലെത്തിച്ചത്.
സ്ത്രീവിമോചന സമരങ്ങൾക്ക് വഴിതെളിച്ച താത്രി
1905-ലെ സ്മാർത്തവിചാരത്തിനു ശേഷമാണ് 1907-ൽ നമ്പൂതിരി ക്ഷേമസഭ രൂപീകൃതമാകുന്നുത്. ഈ മുന്നേറ്റത്തിൽ താത്രീവിചാരത്തിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു എന്ന് വി.ടി. ഭട്ടതിരിപ്പാടുൾപ്പടെയുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. നമ്പൂതിരിമാരുടെ ബഹുഭാര്യത്വം, സംബന്ധം, വിധവാ വിവാഹനിഷേധം തുടങ്ങിയവയിലൊക്കെ ചർച്ചകൾ നടക്കാനും താത്രീവിചാരണ കാരണമായി.

താത്രിയുടെ ചിത്രങ്ങളോ രൂപരേഖകളോ ഒന്നും ലഭ്യമല്ല. ചിത്രകാരന്മാർ ഭാവനയിൽ വരച്ച ചിത്രങ്ങൾ മാത്രമാണ് ലഭ്യം. താത്രിയെ വിചാരണ നടത്തിയ പട്ടശ്ശ മന ഇന്നുമുണ്ട്. പാലക്കാട് തൃശ്ശൂർ അതിർത്തിയിൽ ഇന്നും കൽപകശ്ശേരി ഇല്ലത്തിൻ്റെ ശേഷിപ്പുകളുണ്ട്. ഇല്ലം അഗ്നിക്കിരയായി നശിച്ചു എന്നാണ് കേട്ടുകേൾവി. അവിടെ കുറിയേടത്ത് താത്രിയുടെ സംഭവബഹുലമായ ജീവിതത്തിൻ്റെ ശേഷിപ്പു പോലെ അവളെ കുടിയിരുത്തിയ താത്രിക്കല്ലും.
Content Highlights: the iconic revenge story of kuriyedathu thathri and her trial smarthavicharam
Published: 12 Jun 2024, 11:14 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented