യു.എസ്. ഔദ്യോഗിക വെബ്സൈറ്റിൽ ചൈനീസ് എഐ മോഡൽ ഉപയോഗിച്ചത് വിവാദമാകുന്നു. യു.എസ്. സർക്കാരിന്റെ പുതിയ നിയമനിർമാണ നിർദേശങ്ങൾ പ്രസിദ്ധീകരിക്കുന്ന 'ഫെഡറൽ രജിസ്റ്റർ' വെബ്‌സൈറ്റിലാണ് ചൈനീസ് കമ്പനിയുടെ എഐ മോഡൽ ഉപയോഗിച്ചത്. ചൈനീസ് കമ്പനിയായ ആലിബാബയുടെ ക്വെൻ എന്ന എഐ മോഡലാണ് ഉപയോഗിച്ചത്. ആന്ത്രോപിക്കിന്റെ സാങ്കേതികവിദ്യ ആലിബാബ മോഷ്ടിച്ചുവെന്ന എഫ്.ബി.ഐ.യുടെ ആരോപണവും നിലനിൽക്കെയാണ് ഒരു സർക്കാർ ഏജൻസിയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു നടപടി.

To advertise here,

നാഷണൽ ആർക്കൈവ്സ് നടത്തുന്ന വെബ്സൈറ്റാണ് 'ഫെഡറൽ രജിസ്റ്റർ'. യു.എസ്. സർക്കാരിന്റെ പുതിയ നിർദിഷ്ട നിയമങ്ങളും ചട്ടങ്ങളും ദിവസേന ഈ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കുക. ഈ വെബ്സൈറ്റിൽ പൊതുജനങ്ങൾ സമർപ്പിച്ച അഭിപ്രായങ്ങൾ പരിശോധിക്കുന്നതിനായി ഒരു സെർച്ച് ടൂളായാണ് ചൈനീസ് കമ്പനിയായ ആലിബാബയുടെ ക്വെൻ (Qwen) എഐ മോഡൽ ഇവിടെ ലഭ്യമാക്കിയിരുന്നത്. എപ്പോഴാണ് ഇത് വിന്യസിച്ചതെന്ന് വ്യക്തമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രചരിച്ചതോടെ ബുധനാഴ്ച ഈ സെർച്ച് സൗകര്യം വെബ്‌സൈറ്റിൽനിന്ന് നീക്കംചെയ്തു.

സ്വന്തമായി എഐ മോഡലുകൾ നിർമിക്കാൻ ആലിബാബ ആന്ത്രോപിക്കിന്റെ മോഡലുകൾ പകർത്തിയെന്ന ആരോപണവുമായി കഴിഞ്ഞയാഴ്ചയാണ് എഫ്.ബി.ഐ. രംഗത്തുവന്നത്. ചൈനീസ് കമ്പനികൾ വ്യാവസായികാടിസ്ഥാനത്തിൽ യു.എസ്. സാങ്കേതികവിദ്യ മോഷ്ടിക്കുകയാണെന്ന ആരോപണവും യു.എസ്. അധികൃതർ ഉയർത്തുന്നുണ്ട്.

ആലിബാബയുടെ 'ക്വെൻ' ഒരു ഓപ്പൺ-വെയ്റ്റ് (open-weight) മോഡലാണ്. ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയ കമ്പനികളുടെ ക്ലോസ്ഡ് മോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ഇവ ഡൗൺലോഡ് ചെയ്യാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും സാധിക്കും. സ്ഥാപനങ്ങൾക്ക് തങ്ങളുടെ സ്വന്തം ഐടി ഇൻഫ്രാസ്ട്രക്ചറിൽ ഇത് പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ വിവരങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണം ലഭിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ഈ എഐ മോഡൽ ഭീഷണിയായാലും അല്ലെങ്കിലും, ചൈനീസ് എഐ മോഡലുകളെക്കുറിച്ച് നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന യു.എസ്. അധികൃതരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു നീക്കമുണ്ടായത് മറ്റുള്ളവരെ അതിശയിപ്പിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യയിൽ യു.എസും ചൈനയും തമ്മിൽ കടുത്ത മത്സരം നിലനിൽക്കെ, ഒരു അമേരിക്കൻ ഏജൻസി തന്നെ ചൈനീസ് എഐ മോഡൽ തിരഞ്ഞെടുത്തത് വൈരുധ്യമാണെന്ന് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡാനിയൽ കാസ്ട്രോ പറഞ്ഞു.

അമേരിക്കക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ചൈനീസ് എഐ ടൂളുകൾ ഉൾപ്പെടുത്തുന്നത് ഉണ്ടാക്കുന്ന ദേശീയസുരക്ഷാ ഭീഷണികളെക്കുറിച്ച് യു.എസ്. ജനപ്രതിനിധിസഭ അന്വേഷണം നടത്തുന്നുണ്ട്. ക്വെൻ മോഡൽ ഉപയോഗിക്കുന്ന എയർബിഎൻബിക്കും (Airbnb) ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ യു.എസ്. സഭാസമിതികൾ വിശദീകരണം തേടി കത്തയച്ചിരുന്നു.