
മൂന്ന് പതിറ്റാണ്ടുകള്‍ മുമ്പ് ഒരു കൂട്ടം കാപാലികർ നടത്തിയ കൊടുംപീഡനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ വാച്ചാത്തി ഗ്രാമം ഇപ്പോഴും നടുങ്ങും. ഗ്രാമത്തിലെ പുരുഷന്‍മാരെ മുഴുവന്‍ ക്രൂരമായി മര്‍ദിച്ച് ആട്ടിപ്പായിച്ച ശേഷം വാച്ചാത്തിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുടിലുകള്‍ ചുട്ടെരിച്ച ഭരണകൂട ക്രൂരതയോട് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് അവര്‍ നീതി നേടിയെടുത്തിരിക്കുന്നത്. പ്രതികളുടെ അപ്പീലുകള്‍ തള്ളിക്കൊണ്ട് തമിഴ്‌നാട് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ 215 പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത ഈ കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട വേട്ടയായിരുന്നു വീരപ്പന്റെ പേരില്‍ ഈ ഉദ്യോഗസ്ഥര്‍ വാച്ചാത്തി എന്ന ആദിവാസി ഗ്രാമത്തില്‍ നടത്തിയത്.
വീരപ്പന്‍ വേട്ടയുടെ പേരില്‍ നടന്ന കൊടുംക്രൂരത
ധര്‍മപുരിയിലെ ഹരൂരില്‍നിന്നു 12 കിലോ മീറ്റര്‍ അകലെയാണ് ചിത്തേരി മലനിരകളുടെ താഴ്‌വാരത്തിലുള്ള വാച്ചാത്തി ഗ്രാമം. മലയാലി എന്ന ആദിവാസി വിഭാഗത്തിലുള്ളവര്‍ പ്രകൃതിയോടിണങ്ങി സ്വസ്ഥമായി ജീവിച്ചിരുന്ന വാച്ചാത്തിയിലേക്ക് 1992 ജൂണ്‍ 20-നാണ് വനംവകുപ്പിലെയും പോലീസിലെയും 269 ഉദ്യോഗസ്ഥര്‍ കുതിച്ചെത്തിയത്. ഗ്രാമീണര്‍ വീരപ്പനെ സഹായിക്കുന്നുവെന്നും മുറിച്ചു കടത്തിയ ചന്ദനമരം സൂക്ഷിക്കുന്നുവെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലാണ് ഇതെന്നായിരുന്നു പറഞ്ഞിരുന്നത്. ആയുധങ്ങളുമായി ഈ വനഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥര്‍ കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. 154 വീടുകള്‍ ചുട്ടെരിച്ചു. 18 ആദിവാസി സ്ത്രീകളെയാണ് കെട്ടിയിട്ട് ബലാത്സംഗം ചെയ്തത്. ഗ്രാമത്തില്‍ തമ്പടിച്ച ഉദ്യോഗസ്ഥ സംഘം ആദിവാസികളുടെ വളര്‍ത്തുമൃഗങ്ങളെ പോലും ചുട്ടുതിന്നു. പീഡനങ്ങള്‍ രണ്ട് ദിവസം തുടര്‍ന്നു. നിരപരാധികളായ 133 പേരെ കള്ളക്കേസില്‍ കുടുക്കി ജയിലിടച്ചു. പോലീസിന്റെ കയ്യില്‍പ്പെടാതെ രക്ഷപ്പെട്ട ചുരുക്കം ഗ്രാമീണര്‍ ദിവസങ്ങളോളമാണ് കൊടുംകാട്ടില്‍ കഴിച്ചുകൂട്ടിയത്. പിന്നീട് രഹസ്യമായി പുറത്തെത്തിയ ഇവര്‍ സഹായം അഭ്യര്‍ഥിച്ച് ധര്‍മ്മപുരിയിലെ രാഷ്ട്രീയ നേതാക്കളെ കണ്ടതോടെയാണ് ഈ കൊടുംക്രൂരത പുറംലോകമറിഞ്ഞത്.

സി.പി.എം ഇടപെടല്‍
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എം. അണ്ണാമലൈ എം.എല്‍.എ., ആദിവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. ഷണ്‍മുഖം, എസ്.ആര്‍. ഗണേശന്‍, കൃഷ്ണമൂര്‍ത്തി, ചിത്തേരി പൊന്നുസ്വാമി, ദില്ലി ബാബു തുടങ്ങിയ സി.പി.എം. നേതാക്കള്‍ വാച്ചാത്തിയിലെത്തി. പിന്നീട് സേലം ജയിലെത്തി തടവുകാരോട് സംസാരിച്ചു. മാധ്യമങ്ങളിലൂടെ വാച്ചാത്തി ക്രൂരത പുറംലോകത്തെ അറിയിച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് പരാതിയും നല്‍കുകയുണ്ടായി. വീരപ്പനെ സഹായിക്കുകയും കാട്ടിലെ ചന്ദനമരങ്ങള്‍ മുറിച്ച് കടത്തുകയും ചെയ്തവര്‍ക്കെതിരെയുണ്ടായ സ്വാഭാവിക നിയമനടപടി മാത്രമാണിതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ഇതെ തുടര്‍ന്ന് സി.പി.എം. നേതൃത്തത്തിലുള്ള സമരസമിതി പ്രതിഷേധങ്ങള്‍ ശക്തമാക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറിയും എം.പിയുമായിരുന്ന എ. നല്ലശിവം വാച്ചാത്തിയിലെത്തി സമരത്തില്‍ പങ്കെടുത്തു. പതിറ്റാണ്ടുകള്‍ നീണ്ട വാച്ചാത്തി സമരത്തിന് അതോടെ തുടക്കമായി.

പാര്‍ലമെന്റില്‍ നല്ലശിവം വിഷയം ഉന്നയിച്ചതോടെ വാച്ചാത്തി ദേശീയ ശ്രദ്ധയിലെത്തി. മഹിള അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനയുടെ ദേശീയ ഭാരവാഹികള്‍ വാച്ചാത്തി സമരത്തിന്റെ ഭാഗമായി. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വലിയ പിന്തുണയും വാച്ചാത്തി സമരത്തിന് ലഭിച്ചു. സമര പരിപാടികളില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. വാച്ചാത്തി പോരാളികള്‍ക്ക് കേസ് നടത്താനുള്ള പണം ഹോസൂരിലെ അശോക് ലൈലാന്‍ഡ് തൊഴിലാളികള്‍ സംഭാവന ചെയ്ത സംഭവം ശ്രദ്ധിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ ഉന്നത പോലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരമെന്നോണം ഉണ്ടായി. ബലാത്സംഗം ഉണ്ടായിട്ടില്ല എന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ ജഡ്ജിമാരെ പോലും ഭീഷണിപ്പെടുത്തുകയും തിരിച്ചറിയല്‍ പരേഡിനെത്തിയ സ്ത്രീകളുള്‍പ്പടെയുള്ള ഇരകളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. മൈഥിലി ശിവരാമനെ പോലുള്ള നേതാക്കന്മാര്‍ വാച്ചാത്തിയില്‍ താമസിച്ച് കേസിനായുള്ള തെളിവുകള്‍ ശേഖരിച്ചു. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പി. ഷണ്‍മുഖം നിരാഹാര സമരം ആരംഭിച്ചു.
സി.ബി.ഐ. അന്വേഷണം
തമിഴ്‌നാട് പോലീസ് കേസെടുക്കാന്‍ പോലും വിസമ്മതിച്ചതിനെ തുടര്‍ന്ന് നടത്തിയ നിയമപോരാട്ടം സുപ്രീം കോടതി വരെ എത്തിയ ശേഷമാണ് കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. 1995-ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുകയും 269 പ്രതികള്‍ക്കെതിരെ 1996-ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസിലെ വാദം കൃഷ്ണഗിരിയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ 14 വര്‍ഷം നീണ്ടു. അപ്പോഴേക്കും 54 പ്രതികള്‍ മരിച്ചു. ശേഷിക്കുന്ന 215 പ്രതികള്‍ക്ക് 2011 സെപ്തംബര്‍ 29-ന് കോടതി ശിക്ഷ വിധിച്ചു. ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ അടക്കമുള്ള പ്രതികള്‍ക്ക് രണ്ട് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇത്രത്തോളം ഉദ്യോഗസ്ഥരെ കൂട്ടമായി ശിക്ഷിച്ച സംഭവം അപൂര്‍വമായിരുന്നു. ഗ്രാമീണര്‍ക്കെതിരായി ചുമത്തിയ കള്ളക്കേസുകള്‍ റദ്ദാക്കി ഇരകള്‍ക്ക് മൂന്ന് കോടി രൂപ നഷ്ടപരിഹാരവും വിധിച്ചു. സെഷന്‍സ് കോടതി ശിക്ഷ വിധിച്ച 126 വനപാലകരും 84 പോലീസുകാരും അഞ്ച് റവന്യു ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
വിധി പറയും മുന്‍പ് ജഡ്ജി വാച്ചാത്തിയില്‍

അപ്പീലില്‍ വാദം കേട്ടതിന് ശേഷം അന്തിമവിധി പറയുന്നതിന് മുന്‍പായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. വേല്‍മുരുകന്‍ 2023 മാര്‍ച്ച് നാലിന് വാച്ചാത്തി ഗ്രാമത്തിലെത്തി. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് കൊടുംക്രൂരതകള്‍ അരങ്ങേറിയ വാച്ചാത്തിയിലെ മണ്ണ് നേരിട്ട് കാണാനായിരുന്നു ജസ്റ്റിസ് വേല്‍മുരുകനെത്തിയത്. അക്രമണത്തിനിരയായവരോടും മരിച്ചുപോയവരുടെ ബന്ധുക്കളോടും അദ്ദേഹം സംസാരിച്ചു. 1992-ല്‍ വനംവകുപ്പ് ഗ്രാമത്തില്‍ സ്ഥാപിച്ച ചെക്ക്‌പോസ്റ്റുകളെ കുറിച്ച് അന്വേഷിച്ച ജഡ്ജി അന്ന് സ്ത്രീകളെ കൂട്ടത്തോടെ കെട്ടിയിട്ട ആല്‍മരവും സന്ദര്‍ശിച്ച ശേഷമായിരുന്നു മടങ്ങിയത്. സെപ്തംബര്‍ 29-ന് 215 പ്രതികളുടെയും അപ്പീലുകള്‍ ഹൈക്കോടതി തള്ളി. തടവുശിക്ഷയില്‍ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കാനായി പ്രതികളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്കയക്കാന്‍ ജസ്റ്റിസ് വേല്‍മുരുകന്‍ ഉത്തവിട്ടു.

ബലാത്സംഗം ചെയ്യപ്പെട്ട 18 സ്ത്രീകള്‍ക്ക് പത്ത് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാനും ഈ തുക പ്രതികളില്‍നിന്ന് ഈടാക്കാനും കോടതി വിധിച്ചു. ബലാത്സംഗത്തിന് ഇരയായവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ജോലി നല്‍കാനും അന്നത്തെ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും ഡി.എഫ്.ഒയ്ക്കുമെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും കോടതി ഉത്തരവില്‍ പറയുന്നു. നീതി നടപ്പാകാൻ മൂന്ന് പതിറ്റാണ്ട് വൈകിയെങ്കിലും കോടതി വിധിയെ വാച്ചാത്തിയിലെ ഗ്രാമീണര്‍ സ്വാഗതം ചെയ്തു. സി.പി.എം. നേതൃത്വത്തിലുള്ള തമിഴ്‌നാട് ഹില്‍ പീപ്പിള്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമായിരുന്നു വിധി ആഘോഷിച്ചത്. ഭരണകൂടത്തിന്റെ കൊടുംക്രൂരതകള്‍ക്കെതിരായി ഒരു ഗ്രാമത്തിലെ ജനങ്ങള്‍ നീതിക്കു വേണ്ടി നടത്തിയ മൂന്ന് പതിറ്റാണ്ട് കാലത്തെ പോരാട്ടത്തിന്റെ വിജയാഘോഷമായിരുന്നു അത്.
Content Highlights: Vachathi brutality 1992 , CPIM, tamil nadu, veerappan hunt
Published: 30 Sept 2023, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented