തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറ്റാരോപിതനായ വ്യക്തിക്ക് തത്ക്കാലം ജയില്‍മോചിതനാകാന്‍ അവസരമൊരുക്കിയിരിക്കുന്നു സുപ്രീം കോടതി. നാളെകളില്‍ ഇത് ഒരു തെറ്റായ കീഴ്​വഴക്കമായി മാറും എന്ന എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ ശക്തമായ എതിര്‍പ്പിനെ പരിഗണിക്കാതെയാണ് നീതിപീഠത്തിന്റെ തീരുമാനം.

To advertise here,

സാധാരണയായി വിചാരണ കോടതിയില്‍ ആദ്യ ജാമ്യഹര്‍ജി തള്ളിയാല്‍ ജില്ലാ കോടതി അല്ലെങ്കില്‍ ഹൈക്കോടതി എന്നിവിടങ്ങളില്‍ സമാന ആവശ്യമായി സമീപിക്കാം. അവിടെയും ജാമ്യം നിരസിക്കപ്പെട്ടാൽ ക്രിമിനല്‍ ഗണത്തിലുള്‍പ്പെടുത്തിയുള്ള പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ച് സുപ്രീം കോടതിയോട് ജാമ്യം ആവശ്യപ്പെടാം. ഉപ ഹര്‍ജിയായി കേസ് തീര്‍പ്പാകുംവരെ ഇടക്കാല ജാമ്യം ചോദിക്കുകയും ആകാം. ഇത് സുപ്രീം കോടതി ഉള്‍പ്പടെ അനുവദിക്കുക, ക്രിമിനല്‍ നടപടി നിയമത്തിലെ ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചാണ്.

placeholder
അരവിന്ദ് കെജ്​രിവാളിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. Photo: PTI:

അറസ്റ്റിനെ ചോദ്യം ചെയ്ത് പരമോന്നത നീതിപീഠത്തിലേക്ക്

ജാമ്യം ആവശ്യപ്പെട്ട് ഹര്‍ജി ഫയലാക്കിയാല്‍ മദ്യനയ കേസിലെ അറസ്റ്റ് അംഗീകരിക്കുന്ന പോലെയാകും എന്ന നിയമോപദേശം ലഭിച്ച കെജ്‌രിവാള്‍ തിരഞ്ഞെടുത്തത് മറ്റൊരു പാതയാണ്. അറസ്റ്റ് തന്നെ നിയമവിരുദ്ധം എന്ന് കാട്ടിയാണ് ആദ്യം ഡല്‍ഹി ഹൈക്കോടതിയിലും അവിടെ നിന്നുള്ള ഉത്തരവ് പ്രതികൂലമായതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അനുച്ഛേദം 136 ന്റെ കീഴില്‍ പ്രത്യേക അനുമതി ഹര്‍ജിയായും കെജ്‌രിവാള്‍ എത്തിയത്.

ജാമ്യം വേണ്ട, അറസ്റ്റ് തന്നെ തെറ്റ്

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായതും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അടങ്ങിയതുമായ ബഞ്ചാണ് സുപ്രീം കോടതിയില്‍  കെജ്‌രിവാളിന്റെ കേസ് പരിഗണിച്ചത്. രണ്ടാം നമ്പര്‍ കോടതിയിലെ ഈ ന്യായാധിപര്‍  ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജാമ്യം നേരിട്ട് ചോദിച്ചു കൊണ്ട് ക്രിമിനല്‍ നടപടി നിയമം അനുസരിച്ച്  ഒരു ഉപഹര്‍ജി പോലും സമര്‍പ്പിക്കാന്‍ കെജ്‌രിവാള്‍ തയ്യാറായില്ല. ബഞ്ച് തീരുമാനമെടുക്കാന്‍ പ്രയാസപ്പെട്ടു.

placeholder
തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്‌രിവാൾ സ്വീകരിക്കാനെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകർ അടക്കമുള്ളവരെ അഭിസംബോധന ചെയ്യുന്നു | Photo - AP

ജനാധിപത്യം ഭരണഘടനയുടെ അടിസ്ഥാന തത്വം

രാജ്യം പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന നിര്‍ണായക മുഹൂര്‍ത്തത്തില്‍ സുപ്രീം കോടതി അതിന്റെ ഭരണാഘടനാ ദൗത്യം നിറവേറ്റണമെന്നായിരുന്നു കെജ്‌രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്​വി  വാദമുയര്‍ത്തിയത്. കെജ്‌രിവാള്‍ മാത്രമല്ല ഡല്‍ഹി തന്നെയാണ് തടവിലാക്കപ്പെടുന്നത്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിച്ചിട്ടില്ല.  ഇ ഡി മാപ്പ് സാക്ഷിയാക്കുന്നവര്‍  കൂടുതലായി ഒരു തെളിവും നല്‍കിയിട്ടില്ല. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 164 അനുസരിച്ചുള്ള ചട്ടങ്ങള്‍ പാലിച്ചല്ല മജിസ്ട്രേറ്റ്  കുറ്റസമ്മത മൊഴികള്‍ എടുത്തിട്ടുള്ളത്. ഒരു പാര്‍ട്ടി കൈപ്പറ്റുന്ന പണത്തിന്റെ പേരില്‍ പദവിയിലുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിന്റെ  വകുപ്പ് 70 ഉദ്ദേശിക്കുന്നത് കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതാണ്. ജനപ്രാതിനിധ്യ നിയമത്തിന്റെ കീഴില്‍ വരുന്ന ആം ആദ്മി പാര്‍ട്ടിക്കെതിരേ ഈ വകുപ്പ് ഉപയോഗിക്കരുത് എന്നെല്ലാം കെജ്‌രിവാളിന് വേണ്ടി വാദമുയര്‍ന്നു.

ഈ കാലം ഇനി തിരിച്ചുവരില്ലല്ലോ: ജസ്റ്റിസ്. ഖന്ന

അഞ്ച് വര്‍ഷം കൂടുമ്പോഴേ പൊതു തിരഞ്ഞെടുപ്പ് എന്നും ജാമ്യഹര്‍ജി ഫയല്‍ ചെയ്തില്ലെങ്കിലും സുപ്രീം കോടതിയുടെ പ്രത്യേക അധികാരം വച്ച് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയും എന്ന് ജ. ഖന്ന അഭിപ്രായപ്പെട്ടതോടെ സുപ്രധാന തീരുമാനത്തിന് കോടതി ഒരുങ്ങിക്കഴിഞ്ഞു എന്ന് വ്യക്തമായി. പ്രധാന ഹര്‍ജി മുഴുവനായും കേട്ട് തീരുമാനത്തിലെത്താന്‍ കൂടുതല്‍ ദിവസങ്ങളെടുക്കും എന്നതിനാലും ഡെൽഹിയിൽ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു എന്നതും സവിശേഷ സാഹചര്യമായി കോടതി പരിഗണിച്ചു.

പാടത്ത് വിത്തു വിതയ്ക്കുന്ന കര്‍ഷകന്‍ പ്രതിയായാല്‍ ഈ നീതി തന്നെയോ?

ജോര്‍ജ് ഓര്‍വെലിന്റെ ഉദ്ധരണികളുമായി കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍വാദങ്ങളുയര്‍ത്തി. എല്ലാവരും തുല്യരാണെങ്കിലും ചിലര്‍ക്ക് മുന്തിയ പരിഗണന ലഭിക്കുന്നു. പാടത്ത് വിത്തു വിതയ്ക്കുന്ന കര്‍ഷകന്‍ പ്രതിയാകുന്ന സമയത്ത് കൊടുക്കാവുന്ന പ്രാധാന്യമേ ഡല്‍ഹി മുഖ്യമന്ത്രിക്കും കൊടുക്കാവൂ. കെജ്‌രിവാള്‍ പ്രചാരണത്തിന് എത്തിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല. ഭരണഘടന പ്രകാരം ഒരാള്‍ അറസ്റ്റിലായാല്‍ വോട്ടിംഗ് അവകാശം തന്നെ താല്‍ക്കാലികമായി റദ്ദാകുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണം എന്നത് ഒരു അവകാശമേ അല്ല. കെജ്‌രിവാളിനെതിരായ തെളിവുകള്‍ വിശദീകരിക്കാനാണ് എന്‍ഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റിന് വേണ്ടിയെത്തിയ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ശ്രമിച്ചത്. ഒൻപത് തവണ നോട്ടീസ് നല്‍കിയിട്ടും ഒഴിഞ്ഞുമാറിയ കെജ്‌രിവാളാണ് ഒടുക്കം അറസ്റ്റിലായത്.

placeholder
ഇ.ഡി.കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാള്‍ കോടതിയില്‍ |ഫോട്ടോ:PTI

താത്ക്കാലിക ജയില്‍ മോചനത്തിന് സുപ്രീം കോടതി വഴി 

തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ നേതാക്കളെയും തങ്ങളുടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന ആരോപണം നേരിടുന്ന  കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളുടെ മുന സുപ്രീം കോടതിയില്‍ ഒടിഞ്ഞു. മറ്റ് കേസുകളിലൊന്നും വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ട പശ്ചാത്തലം ഇല്ലാത്തത് കെജ്‌രിവാളിന് തുണയായി.

വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കേസുകളില്‍ രാഷ്ട്രീയക്കാരെന്നല്ല ഏതൊരു സാധാരണ പൗരനും ശിക്ഷാ വിധി മരവിപ്പിച്ച് അപ്പീല്‍ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാകും വരെ ജയിലില്‍ നിന്നിറങ്ങാം. നമ്മുടെ  ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ അത്തരം അവസരങ്ങളുണ്ടായിരിക്കെ സുപ്രീം കോടതി ഇടപെടലിലൂടെ കെജ്‌രിവാള്‍  ജയില്‍ മോചിതനാകുന്നത് കുറ്റാരോപിതനായിരിക്കെ മാത്രമാണ്. പക്ഷേ എന്‍ഫോഴ്​സ്​മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടെ ഭരണമുന്നണിക്കെതിരായി ശബ്ദമുയര്‍ത്തുന്നവരെ വരിവരിയായി അറസ്റ്റ് ചെയ്യുന്ന കാലത്ത് കെജ്‌രിവാളിന്റെ കേസ് വ്യത്യസ്തമാകുന്നത് അറസ്റ്റ് അംഗീകരിക്കാത്ത താന്‍ എന്തിനാണ് ജാമ്യഹര്‍ജി ഫയലാക്കുന്നത് എന്ന നിലപാടിലാണ്. അത് രാജ്യത്തുടനീളം പ്രതിപക്ഷത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നു കഴിഞ്ഞു.

ഇതിന് മറ്റൊരു വശമുണ്ട്. കെജ്‌രിവാള്‍ വെട്ടിതുറന്ന ഈ വഴി ജയിലിന് പുറത്തിറങ്ങാനുള്ളവര്‍ക്ക് കുറുക്കുവഴിയാകും. വിചാരണ കോടതിയില്‍ ജാമ്യം കിട്ടാത്തവര്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാതെ സുപ്രീം കോടതിയിലെത്തും. പാടത്ത് വിത്ത് വിതയ്ക്കാന്‍ ഇടക്കാലത്തേക്ക് എങ്കിലും തന്നെ ജയില്‍ മോചിതനാക്കണമെന്ന് പ്രതിയായ കര്‍ഷകന്‍ സമീപ ഭാവിയില്‍ ആവശ്യപ്പെട്ടേക്കാം.