1897-ൽ 'ലോഡ്ജ് മിഞ്ചിൻ' തിരുവനന്തപുരത്ത് സ്ഥാപിതമായി. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ ഇളയരാജ 1897 ഡിസംബറിൽ ലോഡ്ജ് മിഞ്ചിനിൽ അംഗത്വം നേടി.

നൂറ്റാണ്ടുകളോളം രഹസ്യങ്ങളുടെ മറവിലിരുന്ന് രാജാക്കന്മാരുടെയും ശാസ്ത്രജ്ഞരുടെയും ലോകനേതാക്കളുടെയും ചിന്തകളെ നിയന്ത്രിച്ച നിഗൂഢ ശക്തിയാണ് ലോകത്തിന് മുന്നിൽ ഫ്രീമേസൺറി. ഈ കൂട്ടായ്മയിലെ അംഗങ്ങൾ ഫ്രീമേസൺസ് എന്നറിയപ്പെടുന്നു. ഒരു രഹസ്യസംഘടനയായി തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും ഇവർ തങ്ങളെ “A society with secrets, not a secret society” എന്നാണ് വിശേഷിപ്പിക്കുന്നത്.
മധ്യകാല യൂറോപ്പിൽ കോട്ടകളും ദേവാലയങ്ങളും നിർമിച്ചിരുന്ന കൽപ്പണിക്കാരുടെ സംഘങ്ങളായ ‘ഗിൽഡു’കളിൽനിന്നാണ് ഫ്രീമേസൺസിന്‍റെ തുടക്കം. തങ്ങളുടെ തൊഴിൽനൈപുണ്യവും സാങ്കേതികവിദ്യകളും മറ്റുള്ളവർ ചോർത്താതിരിക്കാനും സ്വന്തം സംഘത്തിലുള്ളവരെ തിരിച്ചറിയാനും ഇവർ പ്രത്യേക ഹാൻഡ്‌ഷേക്ക് രീതികളും രഹസ്യവാക്കുകളും ഉപയോഗിച്ചിരുന്നു. കാലക്രമേണ കെട്ടിടനിർമാതാക്കൾ മാത്രമല്ല, ചിന്തകരും പ്രഭുക്കന്മാരും ഇതിൽ ചേർന്നു.
ഫ്രീമേസൺസിന്റെ ചിഹ്നമാണ് 'സ്ക്വയർ ആൻഡ് കോമ്പസ്' (Square and Compass). സ്ക്വയർ സദാചാരത്തെയും കോമ്പസ് അതിർത്തിയെയുമാണ് സൂചിപ്പിക്കുന്നത്. ലോഡ്ജുകളിൽ കാണുന്ന 'G' എന്ന അക്ഷരം ‘ഗോഡ്’ (ദൈവം) അല്ലെങ്കിൽ ‘ജിയോമെട്രി’ (ജ്യാമിതി) എന്നതിനെ കുറിക്കുന്നു. ഫ്രീമേസൺമാരുടെ പ്രാദേശിക സമ്മേളനസ്ഥലത്തെയും കൂട്ടായ്മയെയും 'ലോഡ്ജ്' എന്നാണ് വിളിക്കുന്നത്. ഭരണകേന്ദ്രത്തെ 'ഗ്രാൻഡ് ലോഡ്ജ്' എന്നും പറയുന്നു.
പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്തനായ പുരാവസ്തു ഗവേഷകനും ജ്യോതിഷിയും ആൽക്കെമിസ്റ്റും റോയൽ സൊസൈറ്റി സ്ഥാപകരിലൊരാളുമായ ഏലിയാസ് ആഷ്മോൾ, പ്രമുഖ സ്കോട്ടിഷ് സൈനികനും നയതന്ത്രജ്ഞനും ശാസ്ത്രജ്ഞനും റോയൽ സൊസൈറ്റി ഓഫ് ലണ്ടന്റെ സ്ഥാപകരിലൊരാളുമായ സർ റോബർട്ട് മോറെ എന്നിവർ ആൽക്കെമിയിലും ഹെർമെറ്റിക് തത്ത്വചിന്തകളിലും താൽപര്യമുള്ളവരായിരുന്നു. ഇവരാണ് ആൽക്കെമിയുടെ പ്രതീകങ്ങളെ ഫ്രീമേസൺറിയുടെ ആചാരങ്ങളിലേക്ക് ചേർത്തത്. സാധാരണ ലോഹങ്ങളെ ശുദ്ധീകരിച്ച് സ്വർണമാക്കി മാറ്റാനുള്ള ശാസ്ത്രമാണ് ‘ആൽക്കെമി’. ‘ഫ്രീമേസൺറി’യാകട്ടെ, മനുഷ്യന്റെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ആത്മീയപ്രക്രിയയും.
ആൽക്കെമിയിൽ സൂര്യൻ സ്വർണത്തെയും (പുരുഷൻ) ചന്ദ്രൻ വെള്ളിയെയും (സ്ത്രീ) കുറിക്കുന്നു. മസോണിക് ലോഡ്ജുകളിൽ പ്രകൃതിയിലെ വിപരീതശക്തികളുടെ സന്തുലിതാവസ്ഥയെ കാണിക്കാൻ സൂര്യനെയും ചന്ദ്രനെയും കിഴക്കും പടിഞ്ഞാറുമായി ചിത്രീകരിക്കുന്നു. ഫ്രീമേസൺറിയിലെ ചില ഉയർന്ന ഡിഗ്രികളിൽ ഭൂമി, വായു, ജലം, അഗ്നി എന്നീ നാല് പ്രകൃതിമൂലകങ്ങളെ ഉപയോഗിച്ചുള്ള ശുദ്ധീകരണ പരീക്ഷണങ്ങളുണ്ട്. ഇത് ആൽക്കെമിയിലെ നാല് മൂലകങ്ങളുടെ സങ്കല്പവുമായി ഒത്തുപോകുന്നതാണ്. ആൽക്കെമിസ്റ്റുകളുടെ പ്രശസ്തമായ ഒരു ലാറ്റിൻ ചുരുക്കെഴുത്താണ് "Visita Interiora Terrae Rectificando Invenies Occultum Lapidem" (ഭൂമിയുടെ അന്തർഭാഗം സന്ദർശിക്കുക, ശുദ്ധീകരിക്കുന്നതിലൂടെ നിങ്ങൾ ആ രഹസ്യ മാന്ത്രികക്കല്ല് കണ്ടെത്തും). ഫ്രീമേസൺറിയിലെ 'ചേംബർ ഓഫ് റിഫ്ലക്ഷൻ' എന്ന പരീക്ഷണമുറിയിൽ ഈ വാചകം എഴുതിവെക്കാറുണ്ട്.
1717 ജൂൺ 24-ന് ലണ്ടനിലെ ഗൂസ് ആൻഡ് ഗ്രിഡ്ഐറൺ ഏൽ ഹൗസിൽ 'പ്രീമിയർ ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇംഗ്ലണ്ട്' സ്ഥാപിതമായതോടെയാണ് ആധുനികരീതിയിലുള്ള ഫ്രീമേസൺറി ഔദ്യോഗികമായി ആരംഭിച്ചത്. 1717-നു വളരെമുമ്പുതന്നെ ഈ കൂട്ടായ്മയുടെ പാരമ്പര്യങ്ങളും വിവിധ ലോഡ്ജുകളും നിലവിലുണ്ടായിരുന്നു. 1390, 1598, 1599, 1646 എന്നീ കാലങ്ങളിലെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
ഫ്രീമേസൺറി ഒരു മതമോ രാഷ്ട്രീയപ്രസ്ഥാനമോ അല്ല; സാഹോദര്യമാണ് ഇതിന്റെ കാതൽ. ജാതി, മത, വർഗ, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നായിരുന്നു അവരുടെ ചിന്ത. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, വ്യക്തിപരമായ സദാചാരവും സത്യസന്ധതയും ഉയർന്ന ധാർമികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം.
ഫ്രീമേസൺറിയിൽ അംഗത്വം ആഗ്രഹിക്കുന്നവർക്ക് ഏതെങ്കിലും ഒരു പരമശക്തിയിൽ വിശ്വാസമുണ്ടായിരിക്കണം. നിരീശ്വരവാദികൾക്ക് ഇവിടെ പ്രവേശനമില്ല. അംഗങ്ങളുടെ യോഗങ്ങൾ അടച്ചിട്ട മുറികളിൽ നടക്കുന്നതിനാലും അംഗത്വം നേടുമ്പോൾ പ്രത്യേക ആചാരങ്ങളും ചടങ്ങുകളുമുള്ളതിനാലും ഫ്രീമേസൺറിയെപ്പറ്റി പല നിഗൂഢകഥകളുമുണ്ട്. ഇവർ സാത്താനെ ആരാധിക്കുന്നവരാണെന്നും നരബലി നൽകുന്നവരാണെന്നുമുള്ള പ്രചാരണങ്ങൾ കത്തോലിക്കാ സഭയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണ്.
ഒരു ഫ്രീമേസൺ പരമ്പരാഗതമായി തന്റെ സ്രഷ്ടാവിനെ കൂടുതൽ അറിയുന്നതിനായി പ്രകൃതിയുടെയും ശാസ്ത്രത്തിന്റെയും രഹസ്യങ്ങൾ പഠിക്കാൻ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിവാശികളുടെയും ഫലമായുണ്ടായ, പ്രതികാരദാഹിയായ പിതൃരൂപം എന്ന പ്രാകൃതസങ്കല്പത്തെ ഉപേക്ഷിക്കാനാണ് ഫ്രീമേസൺമാർ ശ്രമിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിലെ പ്രശസ്തരായ പല ഫ്രീമേസൺമാരും യഥാർഥത്തിൽ ആൽക്കെമി പരിശീലിച്ചിരുന്നവരായിരുന്നു. ചിലർ ആചാരപരമായ മാന്ത്രികവിദ്യകളിൽ പങ്കെടുത്തു. ഈ കാലഘട്ടത്തിലെ ചില ഫ്രീമേസൺമാർ, ടിബറ്റൻ ബുദ്ധിസത്തിലെ റിമ്പോച്ചെമാരെപ്പോലെ വിദൂര ഭൂതകാലത്തിലെ മഹദ്‌വ്യക്തികളുടെ പുനർജന്മങ്ങളായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
ജോർജ് വാഷിങ്ടൺ 1752-ൽ ഈ പ്രസ്ഥാനത്തിൽ അംഗമായി. 1774-ൽ ലണ്ടനിലെ ഒരു ലോഡ്ജിൽവെച്ച് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ തോമസ് പെയ്നെ കണ്ടുമുട്ടുകയും അമേരിക്കയിലേക്ക് കുടിയേറാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. പെയ്ൻ ഫ്രീമേസൺറിയുടെ മഹാനായ പ്രചാരകനായി മാറുകയും ‘ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക’ എന്ന പ്രയോഗം ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. അടിമത്തം നിർത്തലാക്കുന്നതിനും പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി ഭരണകൂടം സഹായം നൽകുന്നതിനുംവേണ്ടി അദ്ദേഹം വാദിച്ചു.
1775-ൽ കൊളോണിയൽ കോൺഗ്രസിലെ അംഗങ്ങൾ മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള ഒരു വീട്ടിൽ അമേരിക്കൻ പതാക രൂപകല്പന ചെയ്യാനായി ഒത്തുകൂടി. ജോർജ് വാഷിങ്ടണും ബെഞ്ചമിൻ ഫ്രാങ്ക്ലിനും അവിടെയുണ്ടായിരുന്നു. യാദൃച്ഛികമായി അവിടെ താമസിക്കുകയാണെന്നു തോന്നിച്ച ഒരു വൃദ്ധനായ പ്രൊഫസറെ അവർ പരിചയപ്പെട്ടു. മറ്റുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് വാഷിങ്ടണും ഫ്രാങ്ക്ലിനും ആ പ്രൊഫസറുടെ വാക്കിന് മുൻഗണന നൽകി. പതാകയുടെ രൂപകല്പനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എല്ലാ നിർദേശങ്ങളും സ്വീകരിക്കപ്പെട്ടു. അതിനുശേഷം അദ്ദേഹം അപ്രത്യക്ഷനായി; പിന്നീട് ഒരിക്കലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ല. ലോകചരിത്രത്തെ നിയന്ത്രിക്കുന്ന നിഗൂഢരായ 'ഹിഡൻ മാസ്റ്റർമാരിൽ' ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.
അമേരിക്കൻ പതാകയിലെ നക്ഷത്രങ്ങളുടെ രൂപവും ക്രമീകരിച്ചിരിക്കുന്ന രീതിയും ഈജിപ്തിലെ ഉനാസ് പിരമിഡിലെ ഒരു അറയുടെ മേൽക്കൂരയിലുള്ള ചിഹ്നങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഈജിപ്തിൽ അവ മനുഷ്യന് വഴികാട്ടിയായി പ്രകാശം പരത്തുന്ന ആത്മീയശക്തികളുടെ പ്രതീകമായിരുന്നു.
ഫ്രീമേസൺമാർ ജ്യോതിഷത്തിലും വിശ്വസിച്ചിരുന്നു. ജോർജ് വാഷിങ്ടൺ ക്യാപിറ്റോൾ മന്ദിരത്തിന് തറക്കല്ലിട്ട കൃത്യസമയത്ത് വ്യാഴം കിഴക്ക് ഉദിച്ചുയരുകയായിരുന്നു. ഡോളർ നോട്ടിലെ പിരമിഡിനു മുകളിൽ ആലേഖനം ചെയ്തിരിക്കുന്ന 'Annuit Coeptis' എന്ന വാചകം, വിർജിലിന്റെ 'ഈനിഡ്' എന്ന കാവ്യത്തിലെ "ജൂപ്പിറ്റർ, ഞങ്ങളുടെ ഈ ഉദ്യമത്തിൽ തുണയ്ക്കേണമേ" എന്ന വരിയിൽനിന്ന് രൂപപ്പെടുത്തിയെടുത്തതാണ്. ഡോളർ നോട്ടിൽ കാണപ്പെടുന്ന 'Novus Ordo Seclorum' എന്ന വാചകവും വിർജിലിൽനിന്നു സ്വീകരിച്ചതാണ്. 'എക്ലോഗ്സ്' എന്ന കൃതിയിൽ അദ്ദേഹം ഒരു പുതിയ യുഗത്തെയാണ് ഉറ്റുനോക്കുന്നത്. കന്നിരാശിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഐസിസ് ദേവിയെ സ്വാഗതം ചെയ്യുന്നതിനാണ് വാഷിങ്ടൺ ഡി.സി. വിഭാവനം ചെയ്യപ്പെട്ടതെന്നും പറയപ്പെടുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭൂമിയെ ആക്രമിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ദുഷ്ടശക്തികളോട് പോരാടാൻ ‘ആർക്കെഞ്ചൽ മിഖായേൽ’ വീണ്ടും വരുമെന്ന് ഇവർ വിശ്വസിച്ചിരുന്നു. മനുഷ്യന്റെ സഹായത്തോടെയുള്ള മിഖായേലിന്റെ വിജയം, ബി.സി. 3102-ൽ ശ്രീകൃഷ്ണന്റെ വിയോഗത്തോടെ ആരംഭിച്ച ഹൈന്ദവരുടെ ഇരുണ്ട യുഗമായ കലിയുഗത്തിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്നാണ് ഇവരുടെ വിശ്വാസമെന്ന് ചരിത്രകാരനായ മാർക്ക് ബൂത്ത് പറയുന്നു. ജ്യോതിശാസ്ത്രപരമായാണ് അവർ യുഗങ്ങൾ നിർണയിച്ചിരുന്നത്.
1961-ലാണ് ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യ നിലവിൽവന്നത്. സ്വാമി വിവേകാനന്ദൻ, ആനി ബസന്റ്, പണ്ഡിറ്റ് മോത്തിലാൽ നെഹ്റു, ഡോ. രാജേന്ദ്രപ്രസാദ്, സർ സി.വി. രാമൻ, ഡോ. എസ്. രാധാകൃഷ്ണൻ, സി. രാജഗോപാലാചാരി, ദാദാഭായ് നവറോജി, അഹമ്മദ് അലി, സർ സയ്യിദ് അഹമ്മദ് ഖാൻ, ടാറ്റ കുടുംബാംഗങ്ങൾ തുടങ്ങിയ പ്രമുഖർ ഫ്രീമേസൺറിയിലെ അംഗങ്ങളായിരുന്നു.
കേരളത്തിലെ ചരിത്രമെടുത്താൽ 1806-ൽ കൊല്ലത്ത് ആരംഭിച്ച 'ട്രാവൻകൂർ യൂണിയൻ' ആണ് ആദ്യത്തെ ലോഡ്ജ്. കൊല്ലം കൊച്ചുപിലാംമൂട്ടിൽ സ്ഥിതിചെയ്യുന്ന ‘ക്രൗതർ മസോണിക് ഹാൾ’ എന്ന ചരിത്രമന്ദിരം തിരുവിതാംകൂറിലെ ഫ്രീമേസൺറിയുടെ പ്രധാന ആസ്ഥാനങ്ങളിലൊന്നായിരുന്നു. 1897-ൽ 'ലോഡ്ജ് മിഞ്ചിൻ' തിരുവനന്തപുരത്ത് സ്ഥാപിതമായി. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ ഇളയരാജ 1897 ഡിസംബറിൽ ലോഡ്ജ് മിഞ്ചിനിൽ അംഗത്വം നേടി. രാജകുടുംബത്തിന്റെ പിന്തുണയോടെ തിരുവനന്തപുരം ജഗതിയിൽ സ്ഥലം ലഭിക്കുകയും അവിടെ ഒരു മസോണിക് ടെമ്പിൾ നിർമിക്കുകയും ചെയ്തു.
ഫോർട്ട് കൊച്ചിയിൽ 1921-ൽ 'ലോഡ്ജ് കൊച്ചിൻ' ആരംഭിച്ചു. അന്നത്തെ കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ടെത്തിയ ബ്രിട്ടീഷ് എൻജിനീയർമാർ, വ്യവസായികൾ, ഭരണാധികാരികൾ എന്നിവരാണ് ഇതിൽ അംഗങ്ങളായിരുന്നത്. കൊച്ചിയിലെ പ്രമുഖ യഹൂദ കുടുംബാംഗവും വ്യാപാരിയും ഫോർട്ട് കൊച്ചി നഗരസഭാ ചെയർമാനുമായിരുന്നു എസ്.എസ്. കോഡർ. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിച്ച 'കൊച്ചിൻ ഇലക്ട്രിക് കമ്പനി'യുടെ അമരക്കാരനായിരുന്നു അദ്ദേഹം. തികഞ്ഞൊരു ഫ്രീമേസൺ ആയിരുന്ന സാബ്ലൈ കോഡർ, ലോഡ്ജ് കൊച്ചിന്റെ സജീവ സാരഥിയാവുകയും പിൽക്കാലത്ത് മാസ്റ്റർ പദവി അലങ്കരിക്കുകയും ചെയ്തു. ലോഡ്ജിന് ആസ്ഥാനം നിർമിക്കുന്നതിനായി 1930-കളിൽ കോഡർ ഫോർട്ട് കൊച്ചി റോസ് സ്ട്രീറ്റിലുള്ള തന്റെ സ്ഥലം വിട്ടുനൽകി. അങ്ങനെ നിർമിക്കപ്പെട്ട മസോണിക് ഹാൾ, അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘കോഡർ ഹാൾ’ എന്ന് നാമകരണം ചെയ്യപ്പെട്ടു.
1961-ൽ ലണ്ടനിലെയും അയർലൻഡിലെയും ഗ്രാൻഡ് ലോഡ്ജുകളിൽനിന്ന് സ്വതന്ത്രമായി 'ഗ്രാൻഡ് ലോഡ്ജ് ഓഫ് ഇന്ത്യ' രൂപവത്കരിച്ചപ്പോൾ കേരളത്തിലെ ഭൂരിഭാഗം ലോഡ്ജുകളും ഇതിന്റെ കീഴിലായി. ഇന്ന് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, കൊച്ചി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മൂന്നാർ തുടങ്ങിയ കേന്ദ്രങ്ങളിൽ മസോണിക് ലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ മാസവും നിശ്ചിത ദിവസങ്ങളിൽ അംഗങ്ങൾ യോഗം ചേരുന്നു; ഉദാഹരണത്തിന്, കൊച്ചിയിൽ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചകളിൽ.
പരമ്പരാഗതമായി പുരുഷന്മാർക്കു മാത്രമായിരുന്നു ഇതിൽ അംഗത്വം. എന്നാൽ, ഇന്ന് സ്ത്രീകളും ഇതിൽ പ്രവർത്തിക്കുന്നുണ്ട്. 1712-ൽ അയർലൻഡിലെ ഡോണറെയിൽ കോർട്ടിലുള്ള കുടുംബവീട്ടിൽ എലിസബത്ത് ആൽഡ്‌വർത്തിന്റെ പിതാവ് ഒരു ലോഡ്ജ് യോഗം സംഘടിപ്പിച്ചു. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന തൊട്ടടുത്ത ലൈബ്രറിമുറിയിൽ ഉറങ്ങിപ്പോയ എലിസബത്ത്, ഭിത്തിയിലെ ഇളകിയ ഒരു ഇഷ്ടികയിലൂടെ ആളുകളുടെ സംസാരം കേട്ടുണർന്നു. കൗതുകം മൂത്ത അവർ ഇഷ്ടിക മാറ്റി നോക്കുകയും അംഗങ്ങളെ ചേർക്കുന്ന രഹസ്യച്ചടങ്ങുകൾ കാണുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 'ടൈലർ' എന്നറിയപ്പെടുന്ന ലോഡ്ജിന്റെ കാവൽക്കാരൻ അവരെ പിടികൂടി. ആചാരരഹസ്യങ്ങൾ കണ്ടുപിടിച്ച പുറത്തുനിന്നുള്ള ഒരാളെ എന്തുചെയ്യണമെന്ന ആശയക്കുഴപ്പത്തിലായ ലോഡ്ജ്, ആ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഒടുവിൽ എലിസബത്തിന് ഔദ്യോഗിക അംഗത്വം നൽകി. ജീവിതകാലം മുഴുവൻ അവർ ആ കൂട്ടായ്മയിൽ സജീവവും ആദരണീയവുമായ സാന്നിധ്യമായി തുടരുകയും ചെയ്തു.
Content Highlights: Discover how famous freemasons like George Washington and Benjamin Franklin shaped history and influenced global events through their masonic beliefs.
Published: 30 Sept 2026, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented