മാധാനത്തോടെയുള്ള ജീവിതം മാത്രമാണ് ഭയ്യാലാല്‍ ആഗ്രഹിച്ചിരുന്നത്. തന്റെ കുടുംബവുമൊത്തുള്ള ഒരോ നിമിഷവും അയാള്‍ അത്രയ്ക്കും ആസ്വദിച്ചിരുന്നു. മക്കളുടെയും കൂടി നല്ല ജീവിതം കൊതിച്ചാണ് അയാള്‍ മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലേക്ക് എത്തുന്നത്. ഖൈര്‍ലാഞ്ചിയിൽ കാല് കുത്തിയതോടെ അയാളുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. തന്റെ കുടുംബം കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞു പോവുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനായിരുന്നു ആ കര്‍ഷകന്റെ വിധി. ജാതിയുടെ പേരിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന അനേകം ദളിതരിൽ ഒരാളാണ് ഭയ്യാലാല്‍ ഭോട്ട്മാംഗേ. അദ്ദേഹത്തിന്റെ ഭാര്യയും 17 കാരിയായ മകളെയും മേല്‍ജാതിക്കാരായ ആള്‍ക്കൂട്ടം മാറി മാറി ബലാത്സംഗം ചെയ്തു കൊന്നു. ബാക്കിയുള്ള രണ്ട് ആണ്‍മക്കളോട് അമ്മയെയും സഹോദരിയേയും ബാലാത്സംഗം ചെയ്യാന്‍ പറയുകയും വിസമ്മതിച്ച അവരെ തല്ലിക്കൊല്ലുകയും ചെയ്തു. ഇന്ത്യയിലെ ദളിത് പീഡനങ്ങളില്‍ ഖൈര്‍ലാഞ്ചി കൂട്ടക്കൊലപാതകം രക്തത്തില്‍ കുതിര്‍ന്ന ഏടാണ്

To advertise here,

പട്ടികജാതിയില്‍ പെട്ട ഭോട്മാംഗേ വിഭാഗക്കാരായിരുന്നു ഭയ്യാലാലും കുടുംബവും. മഹാരാഷ്ട്രയിലെ തന്നെ അംബാഗഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കൃഷിയും കൂലിപ്പണിയുമായിരുന്നു ഇവരുടെ വരുമാനം. ഭാര്യ സുരേഖ, മകള്‍ പ്രിയങ്ക ആണ്‍മക്കളായ സുധീര്‍, റോഷന്‍ എന്നിവരടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. ഭാര്യ സുരേഖ സ്ത്രീ ഉന്നമന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

പ്രശ്‌നങ്ങളുടെ തുടക്കം

ഭയ്യാലാലും കുടുംബവും വര്‍ഷങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലേക്ക് തിരിച്ചുവന്നപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്‌. ഭയ്യാലാലിന്റെ അമ്മയുടെ അച്ഛന്റെ ഗ്രാമമാണ് ഖൈര്‍ലാഞ്ചി. വര്‍ഷങ്ങളോളം ഭയ്യാലാലും കുടുംബവും ഖൈര്‍ലാഞ്ചിയിലേക്ക് വന്നിരുന്നില്ല. ഇവിടേക്ക് ഭയ്യാലാലും കുടുംബവും തിരികെയത്തില്ലെന്ന് വിചാരിച്ച് ജാതിപ്രമാണിമാര്‍ ഇദ്ദേഹത്തിന്റെ ഏക്കറുകണക്കിന്  വരുന്ന ഭൂമി കൈയടക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഭയ്യാലാലിന്റെ വരവോടെ അവരുടെ ആസൂത്രണമൊക്കെ തെറ്റി. തങ്ങള്‍ പിടിച്ചുവെച്ചിരുന്ന ഭൂമി തിരികെ നല്‍കാനായി ജാതിപ്രമാണിമാര്‍ സമ്മതിച്ചില്ല. തങ്ങളുടെ സ്വന്തം ഭൂമിക്ക് വേണ്ടി ഭയ്യാലാലും കുടുംബവും വലിയ പോരാട്ടം തന്നെ നടത്തി.

ഭൂമി വിട്ടുകിട്ടാനായി നിയമത്തിന്റെ സഹായവും ഇവര്‍ തേടി. ഭയ്യാലാലിന്റെ ഭാര്യ സുരേഖയുടെ അകന്ന ബന്ധുകൂടിയായ അയല്‍ഗ്രാമത്തിലെ സിദ്ധാര്‍ത്ഥ് എന്ന പോലീസുകാരന്റെ ഇടപെടലില്‍ ഇവര്‍ക്ക് ഭൂമി തിരിച്ചുകിട്ടി. ഇതോടെ സിദ്ധാര്‍ത്ഥ് ഖൈര്‍ലാഞ്ചിയിലെ പ്രമാണിമാരുടെ കണ്ണിലെ കരടായി. മുഴുവന്‍ ഭൂമി തിരിച്ചുകിട്ടിയില്ലെങ്കിലും ഏറെ കുറെ തിരിച്ചുപിടിക്കാന്‍ ഇവര്‍ക്കായി. ചില സ്ഥലങ്ങള്‍ ഒരു നിവൃത്തിയുമില്ലാതെ ഭയ്യാലാലിന് വിട്ടുകൊടുക്കേണ്ടി വന്നു.

ഭൂമി തിരിച്ചുകിട്ടിയെങ്കിലും ഇവര്‍ക്ക് സമാധാനം തിരിച്ചുകിട്ടിയില്ല.നാട്ടിലെ പ്രമാണിമാര്‍ ഈ കുടുംബത്തെ ഒറ്റപ്പെടുത്താന്‍ ആരംഭിച്ചു. നിരന്തരം അനാവശ്യ വഴക്കുകള്‍ ഉണ്ടാക്കാൻ തുടങ്ങി.  തങ്ങളെക്കൊണ്ട് ആവുന്ന തരത്തില്‍ ഈ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും ചെറിയ രീതിയില്‍ സ്ഥലം വിട്ടുനല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭയ്യാലാലും കുടുംബവും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ജാതിപ്പേര് വിളിച്ച് അപമാനിക്കലും ഒറ്റപ്പെടുത്തലും പതിവ് സംഭവങ്ങളായി. പ്രമാണിമാരെ പേടിച്ച് മറ്റ് ഗ്രാമവാസികളും ഭയ്യാലാലിന്റെ കുടുംബത്തോടൊപ്പം നിന്നില്ല.

സിദ്ധാര്‍ത്ഥ് ആക്രമിക്കപ്പെടുന്നു

ഒരു ദിവസം സുരേഖയുടെ ബന്ധുകൂടിയായ പോലിസുകാരന്‍ സിദ്ധാര്‍ത്ഥിനെ ചിലര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ജാതിയമായി അധിക്ഷേപിക്കുകയും ചെയ്തു. ഉന്നതജാതിയില്‍പ്പെട്ട സക്രു ബിഞ്ചേശ്വറിനെ കൂലിപ്രശ്‌നത്തിന്റെ തല്ലിയതിനെ തുടര്‍ന്നുള്ള പ്രതീകാരത്തിന്റെ പേരില്‍ നടന്ന ആക്രമണമായിരുന്നു ഇതെന്നാണ് പറയുന്നത്. ക്രൂരമായി മര്‍ദിക്കുന്നത് കണ്ട ഗ്രാമവാസികള്‍ സിദ്ധാര്‍ത്ഥിനെ സഹായിക്കാനോ കേസില്‍ ദൃക്‌സാക്ഷി പറയാനോ എത്തിയിരുന്നില്ല. സിദ്ധാര്‍ത്ഥിനെ ആക്രമിക്കുന്നതിന് ദൃക്‌സാക്ഷിയായ സുരേഖയും മകള്‍ പ്രിയങ്കയും കേസില്‍ ദൃക്സാക്ഷികളാവുകയും സിദ്ധാര്‍ത്ഥിന് വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്തു.

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ സിദ്ധാര്‍ത്ഥ് തന്നെ മര്‍ദിച്ചവര്‍ക്കെതിരെ പട്ടികജാതിവര്‍ഗ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോയെങ്കിലും അധികൃതര്‍ സിദ്ധാര്‍ത്ഥിനെ അപമാനിച്ചിറക്കി വിട്ടു. എന്നാല്‍ സുരേഖയുടെയും പ്രിയങ്കയുടെ സാക്ഷിമൊഴികള്‍ക്ക് മുന്നില്‍ അധികൃതര്‍ക്ക് കേസെടുക്കാന്‍ നിവൃത്തിയില്ലാതായി. കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സിദ്ധാര്‍ത്ഥിനെ വീണ്ടും ആക്രമിച്ചു. വിചാരണനടപടികള്‍ പുരോഗമിക്കുന്ന സമയമായിരുന്നു ഇത്. ജാതിയില്‍ ഉയര്‍ന്ന തങ്ങളെ അധികാര ശൃംഖലയ്ക്ക് യാതൊന്നും ചെയ്യാനാവില്ലെന്ന ധാര്‍ഷ്ട്യമായിരുന്നു കുറ്റവാളികള്‍ക്കുണ്ടായിരുന്നത്. സുരേഖയും പ്രിയങ്കയും കേസില്‍ സാക്ഷി പറയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്നും പ്രമാണിമാര്‍ ഭീഷണി മുഴക്കി.

കേസില്‍ സുരേഖയും മകളും സാക്ഷി പറയേണ്ട ദിനം വന്നെത്തി. സാക്ഷി പറയാന്‍ ഇവരെത്തില്ലെന്നും തങ്ങള്‍ സുരക്ഷിതരാവുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരേ സുരേഖയും മകളും കടുകിടെ വൃത്യാസമില്ലാതെ മൊഴി നല്‍കി.സിദ്ധാര്‍ത്ഥിനെ മര്‍ദിച്ച സംഘവും ഇവരുടെ ബന്ധുക്കളായ ഗ്രാമവാസികളും ഇതില്‍ ക്ഷുഭിതരായി. താഴ്ന്ന ജാതിക്കാരന് മുന്നിലുള്ള വലിയ തോല്‍വിയായി അവര്‍ ഇതിനെ കണ്ടു. എങ്ങനെയും സിദ്ധാര്‍ത്ഥിനെ കൊല്ലണമെന്ന് ഈ കൂട്ടം തീരുമാനിച്ചു.

ആ രാത്രി നടന്നത്‌

സിദ്ധാര്‍ത്ഥിനെ ആക്രമിക്കാന്‍ ഗ്രാമത്തിലെ വലിയൊരു സംഘം തന്നെ അയാളുടെ വീട്ടിലേക്ക്  പാഞ്ഞെത്തി. എന്നാല്‍,  സിദ്ധാര്‍ഥ് സ്ഥലത്തില്ലാത്തതിനാല്‍ വന്ന കൃത്യം നിര്‍വഹിക്കാനാവാതെ അവര്‍ തിരിച്ചുപോയി. അന്ന് വൈകിട്ട് സ്ഥലത്തെ എംഎല്‍എയും എംപിയും ഗ്രാമവാസികളും യോഗം ചേര്‍ന്നു. ഭയ്യാലാലിന്റെ കുടുംബത്തെ  വകവരുത്തുന്നതിനെ കുറിച്ചായിരുന്നു യോഗം ചര്‍ച്ച ചെയ്തത്. ആ കുടുംബത്തെ മുഴുവനായും ഉന്മൂലനം ചെയ്യാനായി  സംഘം തീരുമാനിച്ചു.

ആക്രമിസംഘം ഭയ്യാലാലിന്റെ കുടുബത്തിലേക്ക് ഇരച്ചെത്തി. ഈ സമയം വീട്ടില്‍ ഭയ്യാലാല്‍ ഉണ്ടായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ സുരേഖയെയും മകളെയും വീട്ടില്‍ നിന്ന് മുറ്റത്തേക്ക് വലിച്ചിഴച്ചു. പിന്നീട് ഇവരെ കെട്ടിയിട്ട് മര്‍ദിച്ചു. അമ്മയെയും സഹോദരിയെയും രക്ഷിക്കാനെത്തിയ  ആണ്‍മക്കള്‍ സുധീറിനെയും റോഷനെയും ഗ്രാമവാസികള്‍ മര്‍ദിക്കാന്‍ തു​ടങ്ങി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു കൊണ്ടായിരുന്നു ഒരോ അടിയും. ആണ്‍മക്കളോട് അമ്മയെയും സഹോദരിയെയും ബലാത്സംഗം ചെയ്യാന്‍ ആജ്ഞാപിച്ചു കൊണ്ട് വീണ്ടും മര്‍ദിക്കാന്‍ തുടങ്ങി. സുരേഖയെയും മകളെയും ഗ്രാമവാസികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇരുവരെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു. ക്രൂരമായ പീഡനമാണ് സുരേഖയും മക്കളും ഏറ്റുവാങ്ങിയത്. കുടുംബത്തിലെ നാലുപേരെയും ഈ സംഘം തല്ലിക്കൊന്നു. ഇതിനിടയിലേക്ക് ഭയ്യാലാല്‍ ഓടിവന്നെങ്കിലും ഭയം കാരണം അയാള്‍ക്ക് പൊന്തക്കാട്ടിൽ ഒളിച്ചിരിക്കേണ്ടി വന്നു. കണ്‍മുന്നില്‍ തന്റെ കുടുംബമില്ലാതാവുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമേ അയാള്‍ക്ക് സാധിച്ചുള്ളൂ.

സുരേഖയും മക്കളും മരിച്ചെന്നുറപ്പാക്കിയ അക്രമിസംഘം നാലുപേരുടെയും ശരീരം ടിപ്പറിലാക്കി അടുത്തുള്ള കനാലില്‍ തള്ളി. അന്നു രാത്രി മുഴുവന്‍ ഭയ്യാലാല്‍ സഹായത്തിനായി കരഞ്ഞു നിലവിളിച്ച് നടന്നെങ്കിലും ആരും എത്തിയില്ല.സുരേഖയുടെ തലയോട്ടിയും ഒരു കണ്ണും മാരകമായി തകര്‍ന്നു പോയിരുന്നു. എല്ലാവരുടെയും ലൈംഗിക അവയവങ്ങളും തകര്‍ത്തിരുന്നു. 

ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനുള്ള യാതൊരു ശ്രമങ്ങളും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. മാത്രമല്ല, കുറ്റം ചെയ്തവര്‍ ഗ്രാമത്തില്‍ തലയുയര്‍ത്തി നടക്കുന്നുമുണ്ടായിരുന്നു. ഭയ്യാലാലിന്റെ ജീവന്‌ വരെ ഭീഷണിയായി അവര്‍ നിന്നു.

ഖൈര്‍ലാഞ്ചി ആക്​ഷൻ കമ്മിറ്റി

പിന്നീട് ചില സാമുഹിക പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഖൈര്‍ലാഞ്ചി ആക്​ഷൻ കമ്മിറ്റിയാണ് കേസിന് വേണ്ടി പ്രവര്‍ത്തിച്ചത്‌. കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം പ്രതിഷേധ പരിപാടികള്‍ നടത്തി. 2006 നവംബര്‍ എട്ടിന് നാഗ്പൂരിലെ തിലക് പത്രകര്‍ ഭവനില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭയ്യാലാല്‍ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് ലോകം ഈ കൂട്ടകുരുതിയെ കുറിച്ചറിയുന്നത്. ഈ തുറന്നുപറച്ചില്‍ കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു. ഖൈര്‍ലാഞ്ചിക്ക് പുറത്തും ജനവികാരം ഉയർന്നു. ദളിത് വനിത സംഘടനയായ സമൃദ്ധ ബൗധ മഹിള സംഘടന മഹാരാഷ്ട്രിയില്‍ ഉടനീളം ആയിരക്കണകിന് പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിഷേധത്തിന് അക്രമ സ്വഭാവം കൈവന്നു. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. അതേ വര്‍ഷം നവംബറില്‍ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലേക്ക് രണ്ടായിരത്തോളം വരുന്ന ജനങ്ങള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരു ദളിത് യുവാവ് കൊല്ലപ്പെട്ടു.

പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് ഭയ്യാലാലിന്റെ വീട്ടിലെത്തി നഷ്ടപരിഹാരത്തുകയും ജോലി വാഗ്ദാനവും നല്‍കിയെങ്കിലും ഭയ്യാലാല്‍ ആദ്യം അത് നിരസിച്ചു. പിന്നീട് നിവൃത്തിക്കേട് കൊണ്ട് അയാള്‍ക്ക് അതെല്ലാം സ്വീകരിക്കേണ്ടി വന്നു.

അപൂര്‍ണമായ നീതി

നിരവധി സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം 38 പേരെ അറസ്റ്റ് ചെയ്തു. ലഭ്യമായ വിവരപ്രകാരം ഇതിലുമധികം പേര്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ട്. പ്രബലരായ പലരും രക്ഷപ്പെടുകയും ചെയ്തു. ഭണ്ഡാര അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്.2008ല്‍ വിധി പ്രസ്താവിച്ചു.

38 പേരെ അറസ്റ്റ് ചെയ്തതില്‍ 8 പേരെ കുറ്റക്കാരായി കണ്ടെത്തി അവരില്‍ ആറ് പേര്‍ക്ക് വധശിക്ഷയും മറ്റ് രണ്ട് പേര്‍ക്ക് ജീവപര്യന്തം കഠിന തടവുമാണ് വിധിച്ചത്. കൊലയ്ക്ക് കാരണം ജാതിസ്പര്‍ദ്ധയാണെന്ന വാദം കോടതി തള്ളുകയും പകരം പ്രതികാരമാണെന്ന് ശരിവെയ്ക്കുകയും ചെയ്തു.

പ്രതികള്‍ മേല്‍ക്കോടതയിലേക്ക് അപ്പീല്‍ പോവുകയും വധശിക്ഷ 25 വര്‍ഷത്തില്‍ കുറയാതെയുള്ള ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു. അത്യപൂര്‍വങ്ങളില്‍ അപൂര്‍വമല്ല എന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി വധശിക്ഷ ഇളവ് ചെയ്തത്. മാത്രമല്ല കേസില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ സാധ്യതയും കേസില്‍ തള്ളിക്കളഞ്ഞു.

ദളിതരായ ഭയലാലിന്റെ കുടുംബത്തിന് പൂര്‍ണമായ നീതി ലഭിച്ചില്ലെന്ന് വേണം പറയാന്‍. കേസിന്റെ ഒരു ഘട്ടത്തില്‍ പോലും ഭയ്യാലാലിന്റെ കുടുംബത്തിന് അനുകൂലമായ തരത്തിലുള്ള നടപടികള്‍ അധികാരികള്‍ കൈക്കൊണ്ടിരുന്നില്ല. കൊല്ലപ്പെട്ടവരുടെ മെഡിക്കല്‍ നടപടികള്‍ വൈകിപ്പിച്ചത് മുതല്‍ എല്ലാ ഘട്ടത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. നീതിപൂര്‍വമായിട്ടല്ല ഈ കേസുകള്‍ പരിഗണിച്ചതെന്നുള്ള വാദങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. 2017ല്‍ ഭയ്യാലാല്‍ ഭോട്ട്മാംഗേ ഹൃദയാഘാതം മുലം മരിച്ചു. ഖൈലര്‍ലാഞ്ചി കൊലപാതകം ജാതി ഇന്ത്യയുടെ കറുത്ത ഏടായി ഇന്നും അവശേഷിക്കുന്നു.