
ജൂലൈ 30 ന് പുലര്‍ച്ചെ 1 മണിക്ക് ഉരുള്‍പൊട്ടലുണ്ടായി മൂന്ന് മണിക്കൂറാവുമ്പോഴേക്കും(4.30) കേരളസര്‍ക്കാറിന്റെ സഹായ അഭ്യര്‍ഥന സൈന്യത്തിന്റെ കേരള ആസ്ഥാനത്തിലേക്കും ബംഗളൂരു ആസ്ഥാനത്തിലേക്കും എത്തിയിരുന്നു. വേഗതയേറിയ ആ ആശയവിനിമയമാണ് ദുരന്തസ്ഥലത്ത് പട്ടാളത്തെ വേഗമെത്തിച്ചതും നൂറ് കണക്കിനാളുകളെ രക്ഷപ്പെടുത്താന്‍ സഹായിച്ചതും. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം വഹിക്കുന്ന ഓപ്പറേഷന്റെ ഭാഗമാവാന്‍ 200 പേരുള്ള സൈന്യത്തിന്റെ മൂന്ന് കോളത്തിനെ 30ന് ഉച്ചക്ക് 12.30 ആവുമ്പോഴേക്കും സൈന്യത്തിന് സംഭവസ്ഥലത്ത് അണിനിരത്താനായി. കോഴിക്കോട് നിന്നും കണ്ണൂരു നിന്നുമെത്തിച്ച ജീവന്‍രക്ഷാ ഉപകരണങ്ങളുമായെത്തിയ സൈനികരും കൂട്ടത്തിലുണ്ടായിരുന്നു. 31ാം തീയതിയാവുമ്പോഴേക്ക് മദ്രാസ് മറാത്താ റജിമെന്റില്‍ നിന്നും സൈന്യത്തെ എയര്‍ലിഫ്റ്റ് ചെയ്ത് സംഭവസ്ഥലത്തെത്തിച്ചു. രക്ഷാ സേനക്കൊപ്പം തന്നെ ആദ്യം മൂന്ന് മെഡിക്കല്‍ എയ്ഡ് പോസ്റ്റുകളും പിന്നീട് രണ്ടെണ്ണവും തയ്യാറായി.
മേജര്‍ ജനറല്‍ വിനോദ് ടി മാത്യുവാണ് കമാന്‍ഡിങ് ചാര്‍ജ്ജും മുഴുവന്‍ മേല്‍നോട്ടവും വഹിക്കുന്നത്. എന്ത് ദുരന്തങ്ങള്‍ സംഭവിച്ചാലും അവിടെ സഹായിക്കാനുള്ള ദൗത്യത്തിനു പ്രത്യേക പരിശീലനം ലഭിച്ച സൈനിക വിഭാഗമാണ് എച്ചഎഡിആര്‍ അഥവാ ഹ്യുമന്‍ ആന്‍ഡ് അസിസ്റ്റന്‍സ് ഡിസാസ്റ്റര്‍ റിലീഫ്. ഇതിന്റെ കര്‍ണാടക കേരള ചുമതലയുള്ള വ്യക്തി കൂടിയാണ് വിനോദ് ടി മാത്യു.
Also Read

പുഴ കടക്കാൻ പാതയില്ലെന്ന വെല്ലുവിളി
സൈന്യത്തിന്റെ കോളംസ് ദുരന്തസ്ഥലത്ത് എത്തപ്പെടുക എന്നതായിരുന്നു സൈന്യം നേരിട്ട ആദ്യ വെല്ലുവിളി. ഗൂഗിള്‍ മാപ് ഉപയോഗിച്ച് പോലും എത്തിപ്പൈടാന്‍ ബുദ്ധിമുട്ടുന്ന ഇടത്ത് കിലോമീറ്റര്‍ നീളത്തില്‍ പ്രദേശമാകെ കുത്തിയൊലിച്ച് ഒന്നും അവശേഷിപ്പിക്കാതെ കിടക്കുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. ലക്ഷ്യസ്ഥാനമില്ലായിരുന്നു. പോകുന്ന വഴി മുഴുവന്‍ പരിശോധിച്ചു പോവുക എന്നതായിരുന്നു ആ സമയങ്ങളിലെ സ്ട്രാറ്റജി. അല്‍പമെങ്കിലും ജീവനവശേഷിച്ച, പരിക്കു പറ്റിയ, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടുപിടിച്ച്, രക്ഷിച്ചെടുത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു എത്തിയ ശേഷമുള്ള സൈന്യത്തിന്റെ പ്രാഥമിക ദൗത്യം. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുക, കുടുങ്ങിക്കിടക്കുന്നയാളുകള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് അവരെ രക്ഷിക്കുക എന്നതെല്ലാമാണ് ചെയ്തത്. പട്ടാളക്കാർ മാത്രമല്ല, പട്ടാളത്തോടൊപ്പം, എന്‍ഡിആര്‍എഫ്, പോലീസ്, അഗ്നിരക്ഷാ സേന,മെഡിക്കൽ സംഘം എന്നിവരെല്ലാം ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമായിരുന്നു നടന്നത്. ആദ്യം തന്നെ പട്ടാളം ഒരു താത്ക്കാലിക പാലം നിര്‍മ്മിച്ചു. പെട്ടെന്ന് മനുഷ്യര്‍ക്ക് കടന്നു ചെല്ലാനുള്ള പാലം നിമിഷ നേരം കൊണ്ടാണ് നിര്‍മ്മിച്ചത്. തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമാക്കി.
മനുഷ്യ ശരീരങ്ങള്‍ മണത്ത് കണ്ടെത്താന്‍ സ്‌നിഫര്‍ ഡോഗുകള്‍
പട്ടാളം മനുഷ്യ സാന്നിധ്യം രണ്ട് രീതിയിലാണ് തിരിച്ചറിയുന്നത്. സ്‌നിഫര്‍ ഡോഗ്‌സിനെ ഉപയോഗിച്ചും തെര്‍മല്‍ ഇമേജ് ഉപയോഗിച്ചും. ജീവനുള്ള ശരീരത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് കണ്ടുപിടിക്കുന്ന രീതിയാണ് തെര്‍മല്‍ ഇമേജിങ് സിസ്റ്റം. ഹീറ്റ് എമിറ്റ് ചെയ്യുന്നതെല്ലാം കറുപ്പായിട്ടും അല്ലാത്തത് വെള്ളയായും ഉപകരണം രേഖപ്പെടുത്തും. പക്ഷെ വിസിബിലിറ്റിയുണ്ടെങ്കിലേ അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ. അകത്താണെങ്കില്‍ തെര്‍മല്‍ ഇമേജ് കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല. അതിനാലാണ് സ്നിഫർ ഡോഗ്സിനെ സൈന്യം എത്തിച്ചത്. മണ്ണില്‍പൂണ്ട ആളുകളുടെ മണം പിടിച്ച് അറിയിക്കുകയാണ് സ്‌നിഫര്‍ ഡോഗുകളുടെ ദൗത്യം. മൃതദേഹാവശിഷ്ടങ്ങളും ജീവനുള്ള മനുഷ്യരെയും മണം പിടിച്ച് ഇവ കണ്ടുപിടിച്ച് തരും. ഇത്തരം ഘട്ടങ്ങളില്‍ മണം മാത്രമാണ് മനുഷ്യരെയും മനുഷ്യ ശരീരങ്ങളെയും തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗ്ഗം ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌നിഫര്‍ ഡോഗ്‌സ് എത്തുന്നത്. ശ്വാന സേന വന്നതിനു ശേഷം ചില മൃതദേഹങ്ങളും ഇവയുടെ സഹായത്താല്‍ ലഭിച്ചിരുന്നു.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കണമെങ്കില്‍ വലിയ കോണ്‍ക്രീറ്റ് കട്ടകളും മറ്റും പൊളിച്ചു മാറ്റാന്‍ കഴിയണം. അതിന് മനുഷ്യകരങ്ങള്‍ കൊണ്ട് മാത്രം സാധിക്കില്ല. കമ്പിപ്പാരാകളോ കോണ്‍ക്രീറ്റ് കട്ടറുകളോ മാത്രം പോര. വലിയ ഉപകരണങ്ങളും ഹിറ്റാച്ചിയും ജെസിബിയും ഹൈഡ്രോളിക് മെഷീനുകളും പുഴ കടന്നെത്തിക്കണം. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കിൽ പാലം കൂടിയേ തീരൂ. അതിനാലാണ് പട്ടാളം ബെയ്ലി പാല നിർമ്മാണത്തിന് മുന്‍ഗണന കൊടുക്കുന്ന രീതിയിൽ അവരുടെ ഓപ്പറേഷൻ സ്ട്രാറ്റജി മാറ്റിയതും.

ബെയ്ലി പാലം നിര്‍മ്മിക്കുന്നത് പട്ടാളത്തിലെ എന്‍ജിനിയറിങ് വിഭാഗമാണ്. എന്‍ജിനിയറിങ് ഗ്രൂപ്പിലെ ടെക്ക്നിക്കലി ക്വാളിഫൈഡ് ആയ പരിശീലനം ലഭിച്ച പട്ടാള എന്‍ജിനിയര്‍മാരാണ് ഇത് നിര്‍മ്മിക്കുന്നത്. യുദ്ധമുഖത്ത് ആവശ്യമുള്ള ഭാരമേറിയ ടാങ്കറുകളും മറ്റും കടന്നു ചെല്ലാനാണ് സാധാരണ ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത്. 25-30 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ വളരെ സുഖമമായി ഈ പാലത്തിലൂടെ കടന്നു പോകും. അതിനാലാണ് ഇത് നിര്‍മ്മിക്കാന്‍ രണ്ട് ദിവസത്തെ സമയമെടുത്തതും. പോര്‍ട്ടബിള്‍ പാലമാണ് ബെയ്‌ലി. റോഡുകളും പ്ലെയ്റ്റുമെല്ലാം അസംബിൾ ചെയ്താണ് ബെയ്ലി പാലം ഉണ്ടാക്കുന്നത്. പല ഗ്രൂപ്പായി അടുക്കിവെച്ച ഇരുമ്പു കഷണങ്ങൾ അസംബിൾ ചെയ്തുണ്ടാക്കുന്ന മോഡുലാർ പാലമാണിത്. 25 ടണ്‍ വരെ താങ്ങാന്‍ കഴിയുന്ന ബെയ്‌ലി പാലമാണ് നിലവില്‍ വയനാട്ടില്‍ നിര്‍മ്മിക്കുന്നത്. ഇരുകരകളിലും ബേസ് വേണമെന്നതാണ് പാലം നിര്‍മ്മാണത്തിന് വേണ്ട അടിസ്ഥാന ആവശ്യം. ഹോം ബാങ്കെന്നും ഫാര്‍ ബാങ്കെന്നുമാണ് ഈ രണ്ട് ബേസുകളെയും പട്ടാളഭാഷയില്‍ വിളിക്കുന്നത്. ഇതൊരു താത്ക്കാലിക പാലമല്ല. എത്രകാലം വേണമെങ്കിലും അവിടെ കേടുകൂടാതെ നിലനില്‍ക്കും. ജെസിബിയും ഹിറ്റാച്ചിയും പോയെന്ന് കരുതി പാലത്തിന്റെ ഇരുമ്പ് ദണ്ഡുകൾ വളയുകയോ ഒടിയുകയോ ചെയ്യുമെന്ന ഭയവും വേണ്ട.മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്.
സാധ്യമായതിലും കൂടുതല്‍ വേഗത്തിലാണ് പാലം പണി പുരോഗമിക്കുന്നത്. സാധാരണ ചുരുങ്ങിയത് മൂന്ന് ദിവസം പാലനിർമ്മാണത്തിനെടുക്കാറുണ്ട്. 2023ല്‍ സിക്കിമിൽ 170 അടി നീളമുള്ള ബെയ്‌ലി ബ്രിഡ്ജ് മുമ്പ് നിർമ്മിച്ചിരുന്നു. അതിന് മൂന്ന് ദിവസമെടുത്തു. വയനാട്ടിൽ 190 അടി നീളമുള്ള പാലമാണ് വേഗതയില്‍ തയ്യാറാവുന്നത്.
ജെസിബിയും മറ്റ് വലിയ ഉപകരണങ്ങളും എത്തിക്കാന്‍ കഴിയാത്തതാണ് വലിയ പരിമിതി. പുഴയുടെ ഒഴുക്ക് കുറഞ്ഞപ്പോള്‍ ചില ജെസിബികളൊക്കെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആളുകള്‍ തയ്യാറാണ്. നൂറ് കണക്കിന് ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായെത്തിയത്. അവരെ തടഞ്ഞുനിര്‍ത്തേണ്ട അവസ്ഥയാണു നിലവിലുള്ളത്.

"ഉപകരണങ്ങളും ജെസിബിയുമെല്ലാം പാലം കടത്താനായാല്‍ വഴി ക്ലിയര്‍ ചെയ്യാനാവും. നfലവില്‍ അവിടം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വഴിയില്ലാത്തതാണ്. നടന്നു പോവാനുള്ള വഴി പോലുമില്ല. വഴിയാണ് ഏതൊരു ഓപ്പറേഷന്റെയും ഏറ്റവും പ്രാധാന്യമുള്ള കാര്യം. അതിനാൽ പാലം തയ്യാറായി വലിയ രക്ഷാ ഉപകരണങ്ങൾ പ്രദേശത്തെത്തിയാൽ അകത്തു കുടുങ്ങിക്കിടക്കുന്ന ആളുകളെ ഇനിയും രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷയും ഹേമന്ദ് രാജ് പങ്കുവെച്ചു.'കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍ ഗാപ്പുകള്‍ ഉണ്ടാവാറുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ പ്രത്യേകിച്ചും. ആ ഗാപ്പിനിടയില്‍ ശ്വാസം കിട്ടാവുന്ന രീതിയില്‍ മനുഷ്യരുണ്ടെങ്കില്‍ അവര്‍ പത്ത് പന്ത്രണ്ട് ദിവസം വരെ ജീവനോടെ കഴിയും'. ഇന്നവിടെ എത്തിയാല്‍ കുറച്ചു പേരെയങ്കിലും ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷയും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ് പ്രകടിപ്പിച്ചു. ചെരിവുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നുമുള്ള പ്രതീക്ഷയും ഹേമന്ദ് രാജ് പങ്കുവെച്ചു.
പാരാാ കമാന്‍ഡോസ്
വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി പട്ടാളത്തിലെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗമായ പാരാ കമാന്‍ഡോസും ഉണ്ടായിരുന്നു. സ്‌പെഷ്യല്‍ ഓപ്പറേഷനുകള്‍ക്കൊക്കെ പരിശീലനം ലഭിച്ച വിഭാഗമാണ് പാരാ കമാന്‍ഡോസ്. അവരും ദുരന്തഭൂമിയില്‍ പൗരന്‍മാരുടെ സഹായത്തിനായി എത്തിയിട്ടുണ്ട്. സൈന്യത്തിലെ തന്നെ ഏറ്റവും മികച്ച സെപ്ഷ്യലൈസ് ട്രെയിനിങ്ങ് കിട്ടിയ അതി വൈദഗ്ധ്യമുള്ള ടീമാണ് പാരാ കമാന്‍ഡോസ്. പലതരം യന്ത്രങ്ങളും ആയുധങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ലഭിച്ചതിനൊപ്പം മെന്റല്‍ സ്‌ട്രെങ്തും അവര്‍ക്ക് കൂടുതല്‍. പാരാ റജിമെന്റ് സെന്റര്‍ ബെംഗളൂരു ആയതിനാല്‍ അവരെ പെട്ടെന്ന് എത്തിച്ചുവെന്നേയുള്ളൂ.
മെഡിക്കല്‍ സംഘം
സാധാരണ മെഡിക്കല്‍ സംഘത്തില്‍ നിന്ന് സൈന്യത്തിന്റെ മെഡിക്കല്‍ സംഘത്തിനുള്ള പ്രത്യേകത എന്ന് പറയുന്നത് റിസ്‌കുള്ള പ്രദേശത്തിലെത്തി അവിടേക്ക് വൈദ്യപരിശോധന എത്തിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്. അവര്‍ പരിശീലനം ലഭിച്ച യോദ്ധാക്കള്‍ കൂടിയായിരിക്കും. കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്കടുക്കലേക്കെത്തി അവരേ ട്രീറ്റ് ചെയ്യാനാവും. ആര്‍മിയിലെ ഏത് ഗ്രൂപ്പിനും ശാരീരികമായും മാനസ്സികമായും പരിശീലനം ലഭിക്കും. ആര്‍മിയുടെ എല്ലാ കോളത്തിനകത്തും ബാറ്റില്‍ഫീല്‍ഡ് നഴ്‌സിങ് അസിസ്റ്റന്‍ഡുമാരുണ്ടാവും. ഉദാഹരണത്തിന് എല്ലൊടിഞ്ഞയാളെ ട്രാന്‍സ്‌പോര്‍ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും ആര്‍മി മെഡിക്കല്‍ സംഘം അത് കമ്പോ മറ്റോ ഉപയോഗിച്ച് നേരെയാക്കിവെച്ച് കെട്ടി പരിക്ക് പറ്റിയ ആളെ ട്രാന്‍സ്‌പോര്‍ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പരിചരിക്കും.
സൈന്യവും എൻഡിആർഎഫും പോലീസും ഫയര്‍റെസ്‌ക്യു സർവ്വീസും മറ്റ് സന്നദ്ധസംഘടകളെല്ലാം ചേര്‍ന്ന് ഒരുവലിയ സൈന്യം തന്നെ ദുരന്തസ്ഥലത്തുണ്ട്. ബെയ്‌ലി പാലം തയ്യാ റായിക്കഴിഞ്ഞാല്‍ കുറെപേരെയെങ്കിലും ജീവനോടെ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘങ്ങളെല്ലാം
Content Highlights: indian military,hadr,wayanad landslide,para commandos, medicalteam,armyengineers
Published: 01 Aug 2024, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented