
പലസ്തീൻ വിമോചനപോരാട്ടത്തിന്റെ വിപ്ലവമുഖമായിരുന്നു മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഗസാന്‍ കനഫാനി. കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലതല്ലേ സന്ധിചെയ്യുന്നതെന്ന് ചോദിച്ച ഇംഗ്ലീഷുകാരനായ മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ക്ക് ചിലപ്പോള്‍ അങ്ങനെയായിരിക്കും ഞങ്ങള്‍ക്ക് അങ്ങനെയല്ല എന്നുപറഞ്ഞ പലസ്തീൻ നേതാവ്. എഴുത്തിലും രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കുമ്പോഴാണ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ അദ്ദേഹത്തെ മൊസാദ് (ഇസ്രായേൽ ഇന്റലിജൻസ് ഏജൻസി) കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുന്നത്. കൊലപാതകത്തിനെതിരേ അറബ് ലോകത്ത് പ്രതിഷേധം അലയടിച്ചു. ആധുനിക പലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായി വിലയിരുത്തപ്പെടുന്ന ഗസാന്‍ കനഫാനിയുടെ കഥയാണ് ഇത്തവണ Assasination Files ല്‍
ആരാണ് ഗസാന്‍ കനഫാനി?
Also Read
പലസ്തീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്റ് കാലത്ത് 1936ലാണ് ഗസാന്‍ കനഫാനി ജനിച്ചത്. അത്യാവശ്യം അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു പിതാവ്. മികച്ച നിലവാരമുള്ള ഫ്രഞ്ച് സ്‌കൂളുകളിലായിരുന്നു കനഫാനി പഠനം പൂര്‍ത്തിയാക്കിയത്. പലസ്തീൻ ഭൂമികള്‍ സയണിസ്റ്റ് സൈന്യം പിടിച്ചെടുത്ത് ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിച്ചപ്പോള്‍ കുടുംബത്തോടൊപ്പം പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് പലസ്തീൻ കുടുംബങ്ങളില്‍ ഒന്നായിരുന്നു കനഫാനി കുടുംബവും. ആദ്യം ലബനനിലും പിന്നീട് ഡമാസ്‌കസിലുമൊക്കെയായാണ് അവര്‍ അഭയം തേടിയത്. 13 വയസ്സുള്ളപ്പോള്‍ നടത്തേണ്ടി വന്ന പലായനത്തെയും പിന്നീടുണ്ടായ ജീവിതത്തെയും കുറിച്ച് ദ ലാന്‍ഡ് ഓഫ് സാഡ് ഓറഞ്ചസ് എന്ന ലേഖനത്തില്‍ കനഫാനി പിന്നീട് എഴുതിയിട്ടുണ്ട്. ഡമാസ്‌ക്കസ് ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. കുടുംബത്തെ സഹായിക്കാനായി കനഫാനി ഒരു പ്രിന്റിങ് പ്രസ്സിൽ ജോലിക്ക് കയറി. അവിടെ വെച്ചാണ് അദ്ദേഹം പുസ്തകങ്ങളുമായും എഴുത്തുമായും അടുക്കുന്നത്. പഠനം പൂര്‍ത്തിയാക്കി വൈകാതെ ഒരു അധ്യാപകനായി ജോലി നേടി. യു.എന്‍ നിയന്ത്രണത്തിലുള്ള പലസ്തീൻ അഭയാര്‍ഥി ക്യാമ്പുകളിലെ സ്‌കൂളുകളില്‍ ജോലി നോക്കുന്നതിനിടയിലാണ് കനഫാനി പലസ്തീൻ വിപ്ലവകവി ജോര്‍ജ് ഹബ്ബാഷിനെ പരിചയപ്പെടുന്നത്. കൗമാരക്കാരനായ കനഫാനിയുടെ മനസ്സില്‍ പലസ്തീൻ വിമോചന വിപ്ലവത്തിന്റെ കനലുകള്‍ കോരിയിട്ടത് ഹബ്ബാഷായിരുന്നു.
കനഫാനിയെ പോലെ പലസ്തീനില്‍ നിന്ന് പലായനം ചെയ്യപ്പെടേണ്ടിവന്നയാളായിരുന്നു ഹബ്ബാഷും. അദ്ദേഹത്തിന്റെ അറബ് ദേശീയവാദവും സോഷ്യലിസ്റ്റ് വിപ്ലവപാതയും കനഫാനിയെ സ്വാധീനിച്ചു. അല്‍-റായ് എന്ന ഇംഗ്ലീഷ് പത്രത്തില്‍ എഴുതാന്‍ കനഫാനിയോട് ആദ്യമായി ആവശ്യപ്പെട്ടത് ഹബ്ബാഷായിരുന്നു. ഇക്കാലത്ത് തന്നെയാണ് അദ്ദേഹം ചെറുകഥകള്‍ എഴുതിത്തുടങ്ങുന്നതും. 1967ലാണ് ഹബ്ബാഷ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീൻ (PFLP) എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന രൂപീകരിക്കുന്നത്. പാന്‍ അറബ്, സെക്കുലര്‍ ഇടതുപക്ഷ ചിന്തയുളള വിപ്ലവ സംഘടനയായിരുന്നു ഇത്. കനഫാനിയായിരുന്നു സംഘടനയുടെ വക്താവ്. അതിന്റെ മുഖപ്രസിദ്ധീകരണമായ അല്‍-ഹദാഫിന്റെ എഡിറ്ററുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു.
1960 ന്റെ തുടക്കത്തില്‍ കനഫാനി തന്റെ പ്രവര്‍ത്തനം ബെയ്‌റൂത്തിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് അദ്ദേഹം ഡാനിഷ് ആക്ടിവിസ്റ്റായ ആനി ഹൂവറിനെ പരിചയപ്പെടുന്നത്. പലസ്തീൻ ജനതയുടെ വിമോചനപോരാട്ടത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു ആനി . ആനിയുമായി പ്രണയത്തിലായ കനഫാനി വൈകാതെ അവരെ തന്റെ ജീവിതസഖിയാക്കി. 1961ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളും പിറന്നു. ലൈലയെന്നും ഫയേസ് എന്നുമായിരുന്നു ഇവര്‍ക്ക് പേരിട്ടത്.
ചെറുത്തുനില്‍പ്പിന്റെ സാഹിത്യം
37 വര്‍ഷം മാത്രം നീണ്ട ആയുസ്സില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഇടവേളയില്‍ ലഭിക്കുന്ന ചെറിയ സമയത്ത് മാത്രമായിരുന്നു കനഫാനി എഴുതിയിരുന്നത്. അറിയപ്പെടുന്ന എഴുത്തുകാരനാവുക എന്നതിനപ്പുറത്ത് പാലസ്തീന്‍ ജനതയെ അടയാളപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവരുടെ ദുഃഖങ്ങളും രോഷവും സ്വപ്‌നങ്ങളും നിറച്ചായിരുന്നു അദ്ദേഹം ഓരോ വരികളുമെഴുതിത്. നോവലുകള്‍ക്ക് പുറമെ ചെറുകഥകളും കവിതകളും നാടകങ്ങളും രാഷ്ട്രീയ ലേഖനങ്ങളുമെല്ലാമെഴുതിയ കനഫാനി പലസ്തീൻ സാഹിത്യത്തിലെ നിര്‍ണായക സാന്നിധ്യമായി മാറി.
പലസ്തീൻ ഭൂമികയില്‍ ജീവശാസ്ത്രപരമായ അവകാശവാദം ഉന്നയിക്കുന്ന ഇസ്രായേല്‍ വാദങ്ങള്‍ക്ക് ശക്തമായ മറുപടി കൊടുക്കുന്ന നോവലാണ് Returning to Haifa. പൊടുന്നനെ ഒരു രാത്രി തങ്ങളുടെ കുഞ്ഞിനെ എടുക്കാന്‍ പോലും സമയമില്ലാതെ ആട്ടിയോടിക്കപ്പെട്ട പലസ്തീൻ ദമ്പതികളുടെ കഥയാണ് ഇതില്‍ പറയുന്നത്. മകനെ അന്വേഷിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന ദമ്പതികള്‍ കാണുന്നത് തങ്ങളുടെ വീട് കയ്യേറിയ ഇiസ്രായേലി ദമ്പതികള്‍ അവനെ ദത്തെടുത്ത് ജൂതനായി വളര്‍ത്തി വലുതാക്കിയതാണ്. ഇസ്രായേലി സൈനികനായി ജോലി ചെയ്യുന്ന ആ മകന് തന്റെ പലസ്തീന്‍ മാതാപിതാക്കളെ അംഗീകരിക്കാനാവുന്നില്ല. ദമ്പതികളുടെ മറ്റൊരു മകനാവട്ടെ പലസ്തീൻ പ്രതിരോധമുന്നണിയിലെ അംഗവുമാണ്. ഒരു യുദ്ധത്തിന്റെ ഇരുമുഖങ്ങളില്‍ തന്റെ രണ്ട് മക്കള്‍ പോരാടുന്നത് നിസ്സഹായതയോടെ ആ മാതാപിതാക്കള്‍ നോക്കി നില്‍ക്കുന്നു.
ഈ നോവലിന് പുറമെ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന പുസ്തകമാണ് Men in the Sun. കൂടാതെ All That's Left to You, The Door, The Hat and the Prophet തുടങ്ങിയ കൃതികളും ഏറെ വായിക്കപ്പെട്ടു. Men in the Sun 1973 ല്‍ The dupes എന്ന പേരില്‍ സിനിമയായി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇരുപതിലേറെ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ തര്‍ജമ ചെയ്യപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ഇവ പ്രസിദ്ധീകരിച്ചു. ഇസ്രായേലിനെതിരേ ചെറുത്തുനില്‍പ്പിന്റെ, പ്രതിരോധത്തിന്റെ സാഹിത്യമായിരുന്നു കനഫാനി ഉയര്‍ത്തിയത്.
മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റ്
മാധ്യമപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മേഖല. നിരവധി അറബ്, അന്താരാഷ്ട്ര പത്രങ്ങളിലും മാസികകളിലും അദ്ദേഹം പലസ്തീൻ ജനതയ്ക്ക് വേണ്ടി നിരന്തരമെഴുതി. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച് എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തോട് പലരും ഉപദേശിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് താന്‍ എഴുതുന്നത്, രാഷ്ട്രീയമില്ലാതായാല്‍ എന്റെ എഴുത്തും ശൂന്യമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മികച്ച ചിത്രകാരന്‍ കൂടിയായ കനഫാനിയുടെ പെയിന്റിങ്ങുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എഫ്.എല്‍.പിയുടെ രാഷ്ട്രീയ വക്താവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനങ്ങളും ലഘുലേഖനങ്ങളും അറബ് ലോകത്ത് കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
അറുപതുകളുടെ അവസാനത്തോടെ പി.എഫ്.എല്‍.പിയുടെ മുന്‍നിര നേതാവും ബുദ്ധിജീവിയുമായി കനഫാനി മാറി. ഈ സമയത്ത് പി.എഫ്.എല്‍.പിയുടെ സൈനിക വിഭാഗം ബോംബ് സ്‌ഫോടനങ്ങളിലൂടെയും ഗറില്ലാ മുന്നേറ്റങ്ങളിലൂടെയും ഇസ്രായേലിന് നിരന്തരം തലവേദനകള്‍ സൃഷ്ടിച്ചിരുന്നു. 1972ല്‍ ടെല്‍ അവീവിലെ ലോഡ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പി.എഫ്.എല്‍.പിയോട് സഹകരിക്കുന്ന ജപ്പാനീസ് റെഡ് ആര്‍മി അംഗങ്ങള്‍ക്ക് ഇതില്‍ ബന്ധമുള്ളതായി മൊസാദ് കണ്ടെത്തി. ഇതിനിടെയില്‍ 1970ല്‍ ബെയ്‌റൂത്തില്‍ വെച്ച് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ റിച്ചാര്‍ഡ് കാര്‍ല്‍ടണ്‍ കനഫാനിയുമായി നടത്തിയ ഒരു അഭിമുഖം വലിയ ശ്രദ്ധ നേടി. പലസ്തീൻ ജനതയുടേത് കേവലം സംഘര്‍ഷമല്ലെന്നും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ഒരു ജനതയുടെ ചെറുത്തുനില്‍പ്പാണെന്നും കനഫാനി അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകളെയെല്ലാം തള്ളിക്കളഞ്ഞ അദ്ദേഹം ഇത്തരം ചര്‍ച്ചകളെ വാളിനും കഴുത്തിനുമിടയിലുള്ള സംഭാഷണമെന്നും വിശേഷിപ്പിച്ചു. ഇതോടെ ലോഡ് ആക്രമണത്തില്‍ പ്രതിചേര്‍ത്ത് ഇസ്രായേല്‍ കനഫാനിയെ ലക്ഷ്യം വെക്കാന്‍ തുടങ്ങി.
ഓസ്റ്റിന്‍ 1100 ലെ കാര്‍ബോംബ്
കൊല്ലപ്പെടുമ്പോള്‍ 36 വയസ്സായിരുന്നു കനഫാനിക്ക്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം വൈകാതെ മൊസാദ് ഏറ്റെടുത്തു. എന്നാല്‍ ലോഡ് വിമാനത്താവള ആക്രമണവുമായി കനഫാനിയെ ബന്ധപ്പെടുത്തുന്ന ഒരു തെളിവ് പോലും മൊസാദിന്റെ കയ്യിലുണ്ടായിരുന്നില്ല. കൊലപാതകത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം അലയടിച്ചു. പിറ്റേദിവസം പുറത്തിറങ്ങിയ ലെബനന്‍ പത്രമായ ഡെയ്‌ലി സ്റ്റാര്‍ കനഫാനിയെ കുറിച്ച് ഇങ്ങനെ എഴുതി
'ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാത്ത കമാന്‍ഡര്‍ വിടവാങ്ങുന്നു... പേനയായിരുന്നു അദ്ദേഹത്തിന്റെ ആയുധം... പത്രത്താളുകളായിരുന്നു അദ്ദേഹത്തിന്റെ യുദ്ധഭൂമി...
Content Highlights: ghassan kanafani palestinian writers and leaders assassination story
Published: 20 Jul 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented