
ദൃശ്യം-2 സിനിമയുടെ അവസാനഭാഗത്ത് അന്വേഷണോദ്യോഗസ്ഥന്റെ ഈ ചോദ്യം കാണികള്‍ മറന്നുകാണില്ല. കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടി ഒരു സാധാരണ കുടുംബനാഥന്‍ ചെയ്യുന്ന അസാധാരണമായ പ്രവൃത്തികളാണ് ആ സിനിമയുടെ ഇതിവൃത്തം. ഇത് ആ നായകന്റെ മാത്രം കാര്യമല്ല. കുടുംബം മനുഷ്യര്‍ക്ക് ഏറെ വൈകാരികമായ വിഷയമാണ്. അഭിമാനപ്രശ്നവുമാണ്. അതുകൊണ്ടാണ് 'കുടുംബത്തില്‍ പിറന്ന' എന്ന വിശേഷണം പോലുമുണ്ടായത്. എന്നാല്‍, എന്നാണ് നമുക്കൊക്കെ കുടുംബമുണ്ടായത് എന്നന്വേഷിക്കുന്നത് രസകരമായിരിക്കും. അതിനു മുന്‍പ് നമുക്കല്ലാതെ വേറെയാര്‍ക്കെങ്കിലും കുടുംബവും സാമൂഹിക ജീവിതവുമുണ്ടോ എന്നുകൂടി നോക്കുന്നത് അതിലും രസകരമാണ്.
മറ്റേതെങ്കിലും ജീവികള്‍ കുടുംബജീവിതം നയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ 'കുടുംബം' എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ട്. അതാണെങ്കില്‍ ഒറ്റ വാചകത്തിലോ വാക്യത്തിലോ ഒതുക്കാനാവില്ല. അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബന്ധങ്ങളെ വ്യത്യസ്തമായ വൈകാരിക ഭാവത്തോടെ സമീപിക്കുകയും അതു പ്രകാരം ജീവിത വ്യവസ്ഥ ചിട്ടപ്പെടുത്തുകയും ചെയ്യുന്നതാണ് കുടുംബത്തിന്റെ ഏകദേശ ഘടന. അതിനുസരിച്ച് സാമൂഹികജീവിതവും രൂപപ്പെടും. അങ്ങനെ നോക്കുമ്പോള്‍ ഇതിന് സമാനമായ ജീവിതം നയിക്കുന്ന ഒട്ടേറേ ജീവികള്‍ നമുക്കു ചുറ്റുമുണ്ട്.
കുഞ്ഞന്‍മാര്‍ മുതല്‍ കൊമ്പന്‍മാര്‍ വരെ...
ഉറുമ്പ്, തേനീച്ച മുതലായ കുഞ്ഞന്‍ ജീവികള്‍ മുതല്‍ ചിമ്പാന്‍സി, കഴുതപ്പുലി, നീര്‍നായ തുടങ്ങി ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ ആനകള്‍ വരെ വളരെ കൗതുകകരമായ കുടുംബ-സാമൂഹിക ജീവിതം നയിക്കുന്നവരാണ്. ഉറുമ്പുകളുടെ ജീവിതം നമ്മെ അത്ഭുതപ്പെടുത്തും. മനുഷ്യര്‍ക്കുള്ളതുപോലെ വര്‍ണാശ്രമധര്‍മങ്ങള്‍ പോലും ഉണ്ടെന്ന് തോന്നിപ്പോവും. റാണി, കൂലിപ്പണിക്കാര്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേകം ധര്‍മങ്ങളുണ്ട്, ഒരുതരത്തില്‍ തൊഴില്‍ വിഭജനം തന്നെ. റാണിക്കും തന്റെ സമൂഹത്തിനും വേണ്ടി ചാവേറുകളാവുന്നവര്‍, കൂടുകൂട്ടുന്നവര്‍, കുട്ടികളെ നോക്കുന്നവര്‍ ഒക്കെയുണ്ട്. ചില ഉറുമ്പുകള്‍ മനുഷ്യരെപ്പോലെ കൃഷിപോലും ചെയ്യുന്നുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? ഭക്ഷണത്തിനായി ചില ഫംഗസുകളെ ഇലകളും മറ്റും കൊടുത്ത് വളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്.
ആനകളുടെ സാമൂഹികജീവിതം വളരെ പ്രസിദ്ധമാണല്ലോ. അമ്മകേന്ദ്രീകൃതമാണ് അവരുടെ ജീവിതം. മിക്കവാറും കൂട്ടത്തിലെ പ്രായം ചെന്നതോ വലുതോ ആയ പെണ്ണാനയാവും സംഘത്തലൈവി. പ്രായപൂര്‍ത്തിയായാല്‍ ആണ്‍പിള്ളേര്‍ സ്വയം കൂട്ടത്തില്‍ നിന്നൊഴിഞ്ഞുപോയി ഇണയെ കണ്ടെത്തി കുടുംബമുണ്ടാക്കും. ചിമ്പാന്‍സികള്‍ കുട്ടികളേയും മറ്റും പരിചരിക്കുന്നത് മനുഷ്യന് സമാനമായ രീതിയില്‍ത്തന്നെയാണ്. ഇങ്ങനെ മേല്‍പ്പറഞ്ഞ ഓരോ ജീവികള്‍ക്കും മികച്ച സാമൂഹിക ജീവിതമുണ്ട്.
മനുഷ്യന് കുടുംബമുണ്ടായ കഥ...
ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യന്റെ കുടുംബജീവിതം കുറച്ച് വ്യത്യസ്തം തന്നെയാണ്. വൈവിധ്യമാര്‍ന്ന കണ്ണികള്‍ കൊണ്ട് കെട്ടുപിണഞ്ഞതാണ് നമ്മുടെ കുടുംബ-സാമൂഹിക വ്യവസ്ഥ. ഈ ബന്ധങ്ങളില്‍ കാലദേശങ്ങള്‍ക്കനുസൃതമായി നമ്മള്‍ പരിഷ്‌കരണങ്ങളും ഭേദഗതികളും വരുത്തുന്നു എന്നതാണ് ഇതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അതിസങ്കീര്‍ണമായ ന്യൂറോണ്‍ ശൃംഖലയുള്ള മസ്തിഷ്‌കം തന്നെയാണ് ഇതിന് കാരണം. കാലത്തിനനുസരിച്ച് മനുഷ്യബന്ധങ്ങളെ നിര്‍വചിക്കുന്നവരാണ് നമ്മള്‍. വിവാഹ ബന്ധങ്ങളിലൊക്കെ ഈ ത്യാജഗ്രാഹ്യ വിവേചനം കാണാം. ചില സമൂഹത്തില്‍ അമ്മാവന്റെ മകളെ വിവാഹം കഴിക്കാമെങ്കില്‍ മറ്റുചിലര്‍ക്ക് അത് പാടില്ല. തമിഴ്നാട്ടില്‍ അമ്മാവനെത്തന്നെ വിവാഹം കഴിക്കാന്‍ അനുവാദമുള്ള സമൂഹമുണ്ട്. 'മുറൈമാമന്‍' എന്നാണ് ഈ മാമന്‍മാരെ പറയുക. അമ്മയുടെ സഹോദരീമക്കളെ വിവാഹം കഴിക്കുന്നത് ചിലര്‍ക്ക് നിഷിദ്ധമാവുമ്പോള്‍ ചിലര്‍ക്ക് അത് സ്വീകാര്യമാവുന്നു. അങ്ങനെ വിവാഹനിയമങ്ങള്‍ കെട്ടുപിണഞ്ഞതാണ്.
എന്നായിരിക്കും മനുഷ്യന്‍ കുടുംബജീവിതം തുടങ്ങിയിട്ടുണ്ടാവുക എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും നരവംശ ശാസ്ത്രകാരന്‍മാര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്. നിലവില്‍ മൂന്നു ലക്ഷം വര്‍ഷം മുന്‍പ്, ഹോമോസാപിയന്‍സ് ഏറെക്കുറേ വ്യവസ്ഥാപിതമായ കുടുംബജീവിതം നയിച്ചിരുന്നതിന് തെളിവുകളുണ്ട്. അതായത്, പരമാവധി അയ്യായിരം വര്‍ഷം മുന്‍പുണ്ടായ ഇന്നത്തെ മതങ്ങളും ദൈവങ്ങളുമൊക്കെ ഉണ്ടാവുന്നതിനും മുമ്പുതന്നെ! ലോകത്തിലെ ഏറ്റവും പഴയതും പ്രമുഖവുമായ നരവംശശാസ്ത്ര പഠനമേഖലയായ ടാന്‍സാനിയയിലെ 'ഓള്‍ഡുവായ് ഗോര്‍ജ്' ല്‍ നിന്നാണ് ഇത്തരം അടയാളങ്ങള്‍ പലതും ലഭിച്ചത്. ഏറ്റവും ആദ്യത്തെ മനുഷ്യാധിനിവേശ കേന്ദ്രങ്ങളിലൊന്നാണിത്. എന്നാലും അവരുടെ കുടുംബ ബന്ധങ്ങളുടെ ക്രമങ്ങളോ ഉച്ചനീചത്വങ്ങളോ ഒന്നും വ്യക്തമായിട്ടില്ല.
കാലത്തിനനുസരിച്ച് മാറും, കുടുംബവും ബന്ധങ്ങളും
കുടുംബ ബന്ധങ്ങളെ കാലികമായി നിര്‍വചിക്കുന്നതാണ് മനുഷ്യന്റെ സവിശേഷതയെന്ന് പറഞ്ഞല്ലോ. വേട്ടയാടി നടന്ന കാലത്തെ കുടുംബഘടനയല്ല പിന്നീടുണ്ടായത്. വീണിടം വിഷ്ണുലോകം എന്ന മട്ടില്‍ അലഞ്ഞുനടന്ന നമ്മുടെ പൂര്‍വികര്‍ ഒരിടത്ത് താമസമുറപ്പിച്ചത് കൃഷിതുടങ്ങിയ കാലം മുതലാണ്. അതിന് പരമാവധി 13000 കൊല്ലത്തെ പഴക്കമേയുള്ളൂ. തൊഴില്‍വിഭജനം തുടങ്ങുന്നതും അക്കാലം മുതല്‍ തന്നെ. സ്ത്രീകൾക്ക് മേൽ കുഞ്ഞുങ്ങളെ നോക്കൽ ചുമതലയേൽപിക്കപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥത, കൃഷി, സ്വത്തുസമ്പാദനം തുടങ്ങി ക്രമത്തിലുള്ള സാമൂഹിക വികാസത്തിന്റെ ഫലമായി പുരുഷന്‍ കുടുംബത്തിന്റെ ഉടയോനായി. അന്നുമുതല്‍ ഇന്നുവരെ സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിമത്തത്തിന് ഇങ്ങനെ ഒരു വലിയ ചരിത്രപശ്ചാത്തലമുണ്ട്.
സിന്ധൂനദീതട സംസ്‌കാര നിവാസികളുടെ വീടുകള്‍ പലതും ഒട്ടേറേ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്നതായിരുന്നു. 'ബാത്ത് അറ്റാച്ച്ഡ്' ആയ മുറികള്‍ ധാരാളമുണ്ടായിരുന്നു. ചില മുറികളില്‍ നിന്ന് കിണറുകളിലേക്ക് തുറക്കുന്ന വാതിലുണ്ടായിരുന്നു. ഇതെല്ലാം സ്വകാര്യത അനുഭവിച്ചിരുന്ന ഒരു കൂട്ടുകുടുംബ ജീവിതത്തിന്റെ അടയാളങ്ങളാണ്. സ്ത്രീ-പുരുഷ തരംതിരിവിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു വ്യവസ്ഥയായിരുന്നു അത്. ശവക്കല്ലറകളില്‍ പോലും ഒരേ മാതിരിയുള്ള ശവസംസ്‌കാര രീതികള്‍ തന്നെയാണ് കാണപ്പെട്ടത്. സ്ത്രീദേവതകളെ കുറിക്കുന്ന ശില്പങ്ങളും പ്രതിമകളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പൊതുവില്‍ സ്ത്രീപുരുഷ തുല്യതയനുഭവിച്ചിരുന്ന ഒരു സാമൂഹികവ്യവസ്ഥയാണ് ഹാരപ്പന്‍ ജനത പിന്തുടര്‍ന്നിരുന്നത്.
വേദകാലത്തെ കുടുംബങ്ങള്‍
ആര്യന്‍മാര്‍ പഞ്ചനദീ പ്രദേശത്തെത്തുമ്പോള്‍ അവരുടെ സമൂഹം തൊഴിലടിസ്ഥാനത്തില്‍ വിവിധവര്‍ഗ്ഗങ്ങളായി പിരിഞ്ഞിരുന്നില്ലെന്നാണ് ചരിത്രപണ്ഡിതന്‍ ഡോ.എം.ആര്‍.രാഘവവാരിയര്‍ തന്റെ 'ചരിത്രത്തിലെ ഇന്ത്യ' എന്ന പുസ്തകത്തില്‍ പറയുന്നത്. 'സാമൂഹികമായ ഉച്ചനീചത്വങ്ങളും ഉണ്ടായിത്തുടങ്ങിയിരുന്നില്ല. സമൂഹത്തിന്റെ അടിസ്ഥാനമാത്ര അച്ഛന്‍, അമ്മ, മക്കള്‍ എന്നിവരടങ്ങിയ കുടുംബമായിരുന്നു' അദ്ദേഹം എഴുതുന്നു. കുടുംബത്തിന്റെ നായകന്‍ അച്ഛന്‍. പല കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രാമം. ആ ഗ്രാമത്തിന് ഒരു ഗ്രാമപതി. അങ്ങനെയായിരുന്നു ഘടന. സ്ത്രീകള്‍ക്ക് സാമാന്യം സ്വാതന്ത്ര്യവും വിദ്യാഭ്യാസവും അന്നുണ്ടായിരുന്നു. ഗാര്‍ഗ്ഗിയേയും മൈത്രേയിയേയുംപോലുള്ള ബ്രഹ്‌മവാദിനിമാരുമുണ്ടായിരുന്നു. ജൈനസമൂഹവും സ്ത്രീകള്‍ക്ക് സാധ്വിമാരാവാന്‍ അവസരം നല്‍കി. അത്തരത്തിലുള്ള ഒട്ടേറേ വനിതകളെക്കുറിച്ച് ജൈനകൃതികളില്‍ പരാമര്‍ശമുണ്ട്. ബുദ്ധന്‍ തന്റെ സംഘത്തില്‍ ഭിക്ഷുണികളെ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും ഭിക്ഷുക്കളെ അപേക്ഷിച്ച് അവര്‍ക്ക് രണ്ടാം സ്ഥാനം മാത്രം.
ഗാന്ധര്‍വം, പൈശാചികം, കളവ്, കര്‍പ്പ്.. വിവാഹങ്ങള്‍ പലതരം
ഹൈന്ദവപുരാണങ്ങളില്‍ എട്ടുവിധം വിവാഹങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. അത് ബ്രാഹ്‌മം, ദൈവം, ആര്‍ഷം, പ്രാജപത്യം, ഗാന്ധര്‍വം, ആസുരം, രാക്ഷസം, പൈശാചികം എന്നിവയാണ്. ഇതോരോന്നിനും പ്രത്യേകതകളുമുണ്ട്. പ്രതിഫലമൊന്നും കൂടാതെ ബ്രഹ്‌മചാരിക്ക് പിതാവ് പുത്രിയെ നല്‍കുന്ന രീതിയാണ് ബ്രാഹ്‌മം. പുരോഹിതന് യാഗവേളയില്‍ പുത്രിയെ നല്‍കുന്നത് ദൈവം എന്ന ഗണത്തില്‍ പെടും. വരനില്‍ നിന്ന് പശുവിനേയോ കാളയേയോ ഏറ്റുവാങ്ങി പിതാവ് പുത്രിയെ നല്‍കുന്നതാണ് ആര്‍ഷം. പ്രത്യേകിച്ചൊരു ഇടപാടും നടത്താതെ അനുഗ്രഹം മാത്രം നല്‍കി പിതാവ് പുത്രിയെ വരനെ ഏല്‍പിക്കുന്നത് പ്രാജപത്യം. ഗാന്ധര്‍വ വിവാഹം വധൂവരന്‍മാര്‍ രഹസ്യമായി നടത്തുന്നതാണ്. സമ്പത്ത് പിതാവിന് നല്‍കി വധുവിനെ വരന്‍ വാങ്ങുന്നതാണ് ആസുരം. സ്ത്രീകളുടെ അനുമതിയില്ലാതെ തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയുമൊക്കെ നടത്തുന്ന വിവാഹം രാക്ഷസം. മനസ്ഥൈര്യമില്ലാത്ത സാഹചര്യത്തിലോ ബോധമില്ലാത്ത സാഹചര്യത്തിലോ സ്ത്രീയെ ഭാര്യയാക്കി മാറ്റുന്ന രീതിയാണ് പൈശാചികം. ഇതിന് സമാനമായി സംഘകാലത്തും ചില വിവാഹരീതികളുണ്ടായിരുന്നു. അവയാണ് കളവും കര്‍പ്പും. പുരാണത്തില്‍ പറഞ്ഞ ഗാന്ധര്‍വ വിവാഹമാണ് 'കളവ്'. കളവിന് ശേഷം വിവരം വീട്ടുകാര്‍ അറിയുകയും അവരുടെ അനുമതിയോടെ പരസ്യമായ കുടുംബജീവിതത്തിലേക്ക് കടക്കുകയും ചെയ്താല്‍ അത് 'കര്‍പ്പ്' ആയി. ഇതിലെ പല വിവാഹരീതികളും ചില ഭേദഗതികളോടെ നമ്മള്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് കാണാം. സംഘകാല വിവാഹങ്ങളില്‍ പുരോഹിതരുടേയോ മന്ത്രങ്ങളുടേയോ സാന്നിധ്യമുണ്ടായിരുന്നില്ല.

മകളെ വിവാഹംകഴിച്ചവര്‍
ഇന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അവജ്ഞ തോന്നുന്ന തരത്തിലുള്ള ബന്ധങ്ങള്‍ കേരളീയസമൂഹത്തിലും ഉണ്ടായിരുന്നുവെന്നാണ് ചരിത്രം നമ്മോട് പറയുന്നത്. കെ.ദാമോദരന്റെ സമ്പൂര്‍ണ കൃതികളില്‍ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ലോകത്തെ കുടുംബബന്ധങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ലൂബോക്ക്, മോര്‍ഗന്‍, ബച്ചോഹന്‍ തുടങ്ങിയവരുടെ കണ്ടെത്തലുകളെപ്പറ്റി പറയുന്നുണ്ട്. അതുപ്രകാരം പ്രാകൃതമനുഷ്യന് മൃഗങ്ങളെപ്പോലെ അനിയന്ത്രിതമായ ലൈംഗികജീവിതമായിരുന്നു. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്ന വേര്‍തിരിവൊന്നുമുണ്ടായിരുന്നില്ല. പിന്നീട് അതത് ഗോത്രങ്ങള്‍ ഇതിനെല്ലാം നിയന്ത്രണം കൊണ്ടുവന്നു. അങ്ങനെ ഒരേ മാതാവിന്റെ പെണ്‍മക്കളും ആണ്‍മക്കളും വ്യത്യസ്ത കുടുംബങ്ങളുടെ കേന്ദ്രങ്ങളായിമാറി.
ഒരു സംഘത്തിലെ പുരുഷന്‍മാര്‍ മറ്റൊരു സംഘത്തിലെ എല്ലാ സ്ത്രീകളുമായും ബന്ധംപുലര്‍ത്തുന്ന രീതിയുംവന്നു. അതിനെ 'പുനലുവന്‍' കുടുംബസമ്പ്രദായമെന്നാണ് സാമൂഹികശാസ്ത്രകാരന്മാർ വിശേഷിപ്പിച്ചത്. ഒരു സ്ത്രീ പ്രധാന ഭാര്യയായും ഒരു പുരുഷന്‍ പ്രധാന ഭര്‍ത്താവായും മാറി. എപ്പോള്‍ വേണമെങ്കിലും വേര്‍പെടുത്താവുന്ന ഒരു വിവാഹബന്ധമായിരുന്നു അത്. അതിനെയാണ് ശാസ്ത്രകാരന്‍മാര്‍ 'പെയ്റിങ്' എന്ന് വിശേഷിപ്പിച്ചത്. ഇതില്‍ നിന്നാണ് ആധുനികമായ ഏകഭാര്യാ-ഭര്‍ത്തൃ ബന്ധരൂപത്തിലുള്ള വിവാഹങ്ങളും കുടുംബവും ഉണ്ടാകുന്നതെന്ന് ഇവര്‍ പറയുന്നു. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ എഡ്ഗാര്‍ തര്‍സ്റ്റന്‍ എഴുതിയ 'കാസ്റ്റ് ആന്‍ഡ് ട്രൈബ്സ് ഓഫ് സതേൺ ഇന്ത്യ' എന്ന പുസ്തകത്തില്‍ മറ്റൊരു കൗതുകകരമായ വിവരംകൂടിയുണ്ട്. മലബാറിലെ അറണാടന്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പുരുഷന്‍ തന്റെ മൂത്തമകളെ രണ്ടാം ഭാര്യയാക്കുന്ന സമ്പ്രദായമുണ്ടായിരുന്നത്രെ ! ഇതത്ര സാധാരണമായിരുന്നില്ലെന്ന് മാത്രം. നേരത്തേ പറഞ്ഞ പുനലുവന്‍ കുടുംബരീതിയും അതിന്റെ തുടര്‍ച്ചയായ സംഘവിവാഹ രീതികളുമെല്ലാം ചില പരിഷ്‌കാരങ്ങളോടെ കേരളത്തിന്റെ പലഭാഗങ്ങളിലും നിലനിന്നിരുന്നതായി കെ.ദാമോദരന്‍ പറയുന്നു.
എന്താണ് സംഘവിവാഹം...?
ഒരു സംഘത്തിലെ പുരുഷന്‍മാര്‍ക്ക് മറ്റൊരു സംഘത്തിലെ എല്ലാ സ്ത്രീകളുമായും ബന്ധം പുലര്‍ത്താന്‍ കഴിയുന്ന രീതിയാണ് സംഘവിവാഹം. ഒരുതരത്തില്‍ ബഹുഭര്‍തൃവ്യവസ്ഥ തന്നെ. ഇതില്‍ അച്ഛന്‍മാര്‍ക്ക് പ്രത്യേകിച്ച് പ്രാധാന്യമില്ല, കാരണം ഓരോ കുട്ടികളുടേയും അച്ഛനാരാണെന്ന് പറയുക എളുപ്പമല്ല. അമ്മ ഒരു യാഥാര്‍ത്ഥ്യവും അച്ഛന്‍ സങ്കല്‍പവുമാകുന്ന കുടുംബ വ്യവസ്ഥ. സംഘവിവാഹം നിലനില്‍ക്കുന്നിടത്തെല്ലാം സ്ത്രീവഴിക്കുള്ള പിന്തുടര്‍ച്ചാവകാശം മാത്രമേ അംഗീകരിക്കപ്പെടൂ എന്ന് ഫ്രെഡറിക് ഏംഗല്‍സ് 'ദ ഒറിജിന്‍ ഓഫ് ദ ഫാമിലി' യില്‍ പറയുന്നു. പ്രാചീന ശിലായുഗത്തിന്റെ ഉത്തരാര്‍ധം മുതല്‍ നവീന ശിലായുഗത്തിന്റെ അവസാനം വരെ ലോകത്തെല്ലായിടത്തും മാതൃമേധാവിത്തം നിലനിന്നുപോന്നതായി നരവംശശാസ്ത്രകാരന്‍മാര്‍ തെളിയിച്ചിട്ടുണ്ട്.
സമാന ഗോത്രത്തില്‍ നിന്ന് മാത്രം വിവാഹം കഴിക്കുന്ന രീതി കേരളത്തിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുവരെയുണ്ടായിരുന്നു. ഏഷ്യയിലെത്തന്നെ അപൂര്‍വ പ്രാക്തന ഗോത്രവര്‍ഗ്ഗമായ ചോലനായ്ക്കര്‍ സ്വന്തം ഗോത്രം വിട്ടൊരു വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍ അംഗസംഖ്യ ഏറെ ചുരുങ്ങിയതുകൊണ്ട് ഇപ്പോള്‍ കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്നൊക്കെ വിവാഹബന്ധമുണ്ടാക്കുന്നുണ്ട്. കുടുംബം സംബന്ധിച്ച ഏതൊരു കടുത്ത നിയമവും മാറുന്നു എന്നതിന്റെ തെളിവാണിത്. ചില ഗോത്രവര്‍ഗങ്ങളില്‍ സ്വന്തം ഗോത്രത്തിലെ സ്ത്രീയെ കല്യാണംകഴിക്കാന്‍ അനുവാദമില്ല. അവര്‍ മറ്റൊരു ഗോത്രത്തിലെ സ്ത്രീയെ വരിക്കും. അതിലുണ്ടാകുന്ന കുഞ്ഞ് സ്ത്രീയുടെ ഗോത്രത്തിലാണ് പെടുക. ഇത്തരം സ്ത്രീ കേന്ദ്രീകൃത വ്യവസ്ഥയാണ് പില്‍ക്കാലത്ത് മരുമക്കത്തായക്രമത്തിലേക്ക് നയിച്ചത്. മരുമക്കത്തായത്തിലും പുരുഷന്റെ മക്കള്‍ അയാളുടെ ഗോത്രത്തിലല്ല, ഭാര്യയുടെ ഗോത്രത്തിലാണ് പെടുന്നത്.
മരുമക്കത്തായം, അധികാരം മരുമക്കളിലേക്ക്
പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത ഒരു ദായക്രമമാണിത്. കുടുംബത്തിന്റെ അധികാരി അമ്മാവനാകുന്ന, അച്ഛന് 'ഉത്പാദകന്‍' എന്നതില്‍ കവിഞ്ഞ സ്ഥാനമൊന്നുമില്ലാത്ത കുടുംബ വ്യവസ്ഥ. ഇതില്‍ അധികാരവും സമ്പത്തും അമ്മാവനില്‍ നിന്ന് മരുമക്കളിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുക. സ്വത്ത് കൈകാര്യം ചെയ്യുന്നത് അമ്മാവനാണെങ്കിലും അയാള്‍ അതിന്റെ ഉടമയല്ല, കൈകാര്യക്കാരന്‍ മാത്രമാണ്. ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ'യില്‍ ഇത്തമൊരു ജീവിതത്തിന്റെ വ്യക്തമായ ചിത്രം തെളിയുന്നുണ്ട്. മിക്ക രാജകുടുംബങ്ങളും വലിയ തറവാട്ടുകാരും ബ്രാഹ്‌മണരും നായന്‍മാരുമൊക്കെ ഈ ദായക്രമമാണ് പിന്തുടര്‍ന്നു പോന്നിരുന്നത്. കണ്ണൂരിലെ അറയ്ക്കല്‍, തലശ്ശേരിയിലെ കേയി തുടങ്ങിയ മുസ്ലിംകുടുംബങ്ങള്‍പോലും ഈ വഴിപിന്തുടര്‍ന്നു. ബഹുഭര്‍തൃത്വം ഉണ്ടായിരുന്ന കാലത്തെ ഈ സമ്പ്രദായം ഇപ്പോഴും ചിലരിലെങ്കിലും ഉണ്ട്. ചില നായര്‍ തറവാടുകളില്‍ വിവാഹം കഴിഞ്ഞാല്‍ പെണ്ണിന്റെ വീട്ടിലാണ് ചെറുക്കന്‍ താമസിക്കുക. ചില മുസ്ലിം കുടുംബങ്ങളിലും ഈ സമ്പ്രദായമുണ്ട്. 'വീട്ടുപ്പുയ്യാപ്ല' എന്ന ഓമനപ്പേരിലാണ് ഇതറിയപ്പെടുന്നത്. ലക്ഷദ്വീപിലും മുസ്ലിങ്ങള്‍ക്കിടയില്‍ ഈ സമ്പ്രദായമാണ് നിലവിലുള്ളത്. അമ്മാവന്റെ മകളെ (മുറപ്പെണ്ണ്) വിവാഹം കഴിക്കുന്ന രീതി മരുമക്കത്തായത്തിന്റെ സൃഷ്ടിയാണ്. പുതിയ കാലത്ത് ആരോഗ്യപരമായ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് പലരും ഇതില്‍ നിന്ന് പിന്തിരിയുന്നുണ്ട്.
ഹൈന്ദവരിലും മുസ്ലിങ്ങളിലും ചില ആദിവാസി ഗോത്രങ്ങളില്‍പ്പോലുമുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ആര് തുടങ്ങി, ആര്‍ക്കുവേണ്ടി തുടങ്ങി എന്ന കാര്യത്തിലൊക്കെ ചരിത്രകാരന്‍മാര്‍ ഭിന്നാഭിപ്രായക്കാരാണ്. മരുമക്കത്തായവും ഇതിന്റെ ഭാഗമായ അനിയന്ത്രിത ബന്ധങ്ങളും അവസാനിപ്പിക്കാനും പലശ്രമങ്ങളുമുണ്ടായി. 1788-ല്‍ ടിപ്പുസുല്‍ത്താന്‍ ഒരു വിജ്ഞാപനം തന്നെ പുറപ്പെടുവിപ്പിച്ചു. ഇത്തരം മോശം ആചാരങ്ങള്‍ ഉപേക്ഷിച്ച് മനുഷ്യരെപ്പോലെ ജീവിക്കണമെന്നായിരുന്നു ആഹ്വാനം. പക്ഷേ ഒരുകാര്യവുമുണ്ടായില്ല. ഒരു പുരുഷന്‍ സ്ത്രീയേയും അവരുടെ സഹോദരിയേയും വിവാഹം കഴിക്കുന്ന രീതിയും ഒരു സ്ത്രീതന്നെ ജ്യേഷ്ഠാനുജന്‍മാരെ വിവാഹം കഴിക്കുന്ന രീതിയും കേരളത്തിലെ ചില ജാതികളിലുണ്ടായിരുന്നു. ഇത്തരത്തിലൊരു ഇതിവൃത്തം 'വെങ്കലം' എന്ന മലയാള സിനിമയിലുമുണ്ട്. ഇങ്ങനെ വൈചിത്ര്യങ്ങളുടേയും വൈരുധ്യങ്ങളുടേയും ശൃംഖലതന്നെയായിരുന്നു മലയാളിയുടെ കുടുംബജീവിതചരിത്രം.
കിണ്ടി കമിഴ്ത്തിയാല്‍ പ്രവേശനമില്ല
ബ്രാഹ്‌മണരില്‍ മൂത്ത പുരുഷന് മാത്രമേ വിവാഹം കഴിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ക്കൊക്കെ സംബന്ധമാണ്. അത് എത്ര വേണമെങ്കിലും ആവാം താനും. പറന്നുനടന്ന് സംബന്ധം കഴിച്ചവരുടെ കഥകളൊക്കെ ഒട്ടേറേയുണ്ട്. ഇതിന്റെ വലിയൊരു സൗകര്യം ഭാര്യയുടെ മാത്രമല്ല, മക്കളുടെ പോലും ഉത്തരവാദിത്തം സംബന്ധക്കാരനില്ല എന്നതാണ്. കൂടുതല്‍പേരുമായി സംബന്ധത്തിലാവാനുള്ള അവകാശം നായര്‍സ്ത്രീക്കുമുണ്ടായിരുന്നുവെന്നതാണ് പ്രധാനം. 'പാതിവ്രത്യം' എന്ന വലിയ ഭാരമില്ലാതെ സ്ത്രീകള്‍ ജീവിച്ചിരുന്ന കാലമായിരുന്നു അത്. ബ്രാഹ്‌മണര്‍ സംബന്ധത്തിനായി ആശ്രയിച്ചിരുന്നത് പ്രധാനമായും നായര്‍ സ്ത്രീകളെയാണ്. ഇതുസംബന്ധിച്ച് രസകരങ്ങളായ ഒട്ടേറേ കഥകളും പ്രചരിച്ചിരുന്നു.
രാത്രി ചൂട്ടുകറ്റയും വീശി സംബന്ധത്തിനിറങ്ങുന്ന നമ്പൂതിരിമാരുടെ ചിത്രങ്ങള്‍ ഒട്ടേറേ നോവലുകളിലും സിനിമകളിലുമൊക്കെ നാം കണ്ടിട്ടുണ്ട്. കാമിനിയുടെ വീട്ടിലെത്തുമ്പോഴാവും ഉമ്മറപ്പടിയില്‍ ഒരു കിണ്ടി കമിഴ്ത്തി വെച്ചത് കാണുക. അല്ലെങ്കില്‍ കെടുത്തിയ മറ്റൊരു ചൂട്ടുകറ്റ. അതുമല്ലെങ്കില്‍ ഒരു ഊന്നുവടിയോ രണ്ടാംമുണ്ടോ. ഉള്ളില്‍ വേറേ സംബന്ധക്കാരനുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം. ഇനി അടുത്ത ദിവസമേ അവസരമുള്ളൂ. കറ്റ വീശി നേരേ അടുത്ത സംബന്ധകേന്ദ്രത്തിലേക്ക് നീങ്ങാം. സൂരിനമ്പൂതിരിപ്പാടും ലക്ഷ്മിക്കുട്ടിയുമൊന്നും അക്കാലത്ത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
ഒടുവില്‍ മക്കത്തായത്തിലേക്ക്
കേരള സമൂഹം മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായത്തിലേക്ക് മാറിയതാണോ അതോ മക്കത്തായത്തില്‍ നിന്ന് മരുമക്കത്തായത്തിലേക്കു വന്ന് വീണ്ടും തിരിച്ചുപോയതാണോ എന്നൊക്കെയുള്ള കാര്യത്തിലുള്ള തര്‍ക്കം ചരിത്രകാരന്‍മാര്‍ക്കിടയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്തുതന്നെയായാലും ഇന്ന് മിക്കവാറും എല്ലാവിഭാഗക്കാരും അംഗീകരിച്ചിട്ടുള്ളത് മക്കത്തായമാണെന്ന് നിസ്സംശയം പറയാം. അതിന് പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം കൂട്ടുകുടുംബം അണുകുടുംബങ്ങളായി മാറിയതാണ്. അച്ഛന്‍, അമ്മ, മക്കള്‍ എന്ന ചെറുവലയത്തിലേക്ക് ഒതുങ്ങാനാണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം. അതില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാലും ആവശ്യത്തിന് സ്വകാര്യതയുണ്ട്. ബന്ധങ്ങളുടെ ദാര്‍ഢ്യമുണ്ട്. പരസ്പരം കേള്‍ക്കാനും ശ്രദ്ധിക്കാനും അവസരമുണ്ട്. സ്വന്തം ഇഷ്ടങ്ങളെ കാരണവരുടെ കാല്‍ക്കീഴില്‍ വെച്ച് അനുമതിക്കായി പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട. ഇങ്ങനെയൊക്കെയുള്ള സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് ഇന്നത്തെ കുടുംബങ്ങളില്‍ കാണുന്നത്.
അപ്പോള്‍ തുടങ്ങിയേടത്തേക്കുതന്നെ തിരിച്ചുവരാം. ഈ കഥയുടെ രത്നച്ചുരുക്കം ഇതാണ്. 'കുടുംബത്തില്‍ പിറന്നവര്‍' എന്ന തറവാടിത്തഘോഷണം ഇനി കേട്ടാല്‍ നമുക്ക് നമ്മുടെ കുടുംബത്തിന്റെ ചരിത്രവഴികള്‍ ഓര്‍മവരണം. അത് 'തറവാടി'കളെ ഓര്‍മിപ്പിക്കുകയും വേണം. ഇന്നുകാണുന്ന കുടുംബബന്ധങ്ങള്‍ ഇങ്ങനെത്തന്നെ കാലങ്ങളോളം നിലനില്‍ക്കണമെന്നില്ല. കാലത്തിനും ജീവിതസാഹചര്യത്തിനുമനുസരിച്ച് രൂപപ്പെടുന്നതും രൂപംമാറ്റപ്പെടുന്നതുമാണ് കുടുംബവ്യവസ്ഥ.
Content Highlights: evolution of family social column
Published: 14 Jun 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented