
വീട്ടുകാർ അറിയാതെ കൊടുത്തൊരു അപേക്ഷ. അത് കലഹത്തിൽ കലാശിച്ചെങ്കിലും ലഖ്നൗക്കാരൻ ശുഭാംശുവിന്റെ ബഹിരാകാശത്തോളം നീളുന്ന, ചരിത്രംകുറിച്ച യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു. കാര്‍ഗില്‍ യുദ്ധകാലമായിരുന്നു അത്. ഇന്ത്യയുടേയും പാകിസ്താന്റേയും യുദ്ധവാര്‍ത്തകള്‍ വായിച്ചും കേട്ടും പതിനാലു വയസ്സുകാരനായ ശുഭാംശുവിന് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അടങ്ങാത്ത ആഗ്രഹം വളരുന്നു. എന്നാല്‍, പൊതുവേ കണിശക്കാരായ അച്ഛനും അമ്മയും മകന്റെ മോഹത്തിന് മുന്നില്‍ തുടക്കത്തിലേ ചുവപ്പു കൊടി കാട്ടി. എങ്കിലും സൈനികനാവണമെന്ന മോഹം ശുഭാംശു കൈവിട്ടില്ല. പ്രായമെത്തിയപ്പോള്‍, വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ വീട്ടുകാരറിയാതെ അവന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിൽ ചേരാന്‍ അപേക്ഷ നല്‍കി. പ്രതീക്ഷകള്‍ സഫലമാക്കിക്കൊണ്ട് അക്കാദമിയില്‍ അവന് പ്രവേശനം ലഭിക്കുകയും ചെയ്തു.
അനുവാദമില്ലാതെ സൈനിക പരിശീലനത്തിനായി അപേക്ഷിച്ചതിന്റെ പേരില്‍ കലഹമുണ്ടായെങ്കിലും മനസ്സില്ലാമനസ്സോടെ അവരും മകന്റെ ആഗ്രഹത്തിനൊപ്പം കൂട്ടുനില്‍ക്കുകയല്ലാതെ അച്ഛനും അമ്മയ്ക്കും മുന്നില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ സൈനികനായി സേവനമനുഷ്ഠിക്കുന്നത് സ്വപ്‌നം കണ്ടുനിന്ന അവന്‍ ഇതാ ഇപ്പോള്‍ ആകാശത്തേയും നക്ഷത്രങ്ങളേയും തൊടാനൊരുങ്ങുകയാണ്. രാജ്യത്തിന് വേണ്ടി യുദ്ധനിരയിലേക്ക് വരെ ഇറങ്ങാന്‍ സജ്ജമായിരുന്ന ശുഭാംശു ഇന്ത്യന്‍ പതാകയും നെഞ്ചോട് ചേര്‍ത്ത് ബഹിരാകാശത്ത് ചരിത്രമെഴുതാന്‍ പുറപ്പെടുന്നു. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ആക്സിയം-4 ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന നാല് യാത്രികരിലൊരാളാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബഹിരാകാശ ദൗത്യത്തിനായി പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല എന്ന 39 വയസ്സുകാരന്‍.
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാണ് ശുഭാംശു ശുക്ല. ബഹിരാകാശരംഗത്തെ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാവുകയാണ് ശുഭാംശു ശുക്ല. 1984ല്‍ സോവിയറ്റ് യൂണിയന്‍ നിര്‍മിത സോയൂസ്-ടി-11 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു രാകേഷ് ശര്‍മ സഞ്ചരിച്ചത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തില്‍ 8 ദിവസം അദ്ദേഹം ചെലവഴിച്ചു. ബഹിരാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.
ആക്‌സിയം മിഷന്‍ 4 (ആക്‌സ്-4)ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ സുപ്രധാന പങ്കാളിത്തത്തിന് കൊടിപിടിക്കുകയാണ് ലഖ്‌നൗ സ്വദേശിയായ ശുഭാംശു. സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ മിഷന്‍ പൈലറ്റായാവും ശുഭാംശു പ്രവര്‍ത്തിക്കുക.

ആരാണ് ശുഭാംശു ശുക്ല?
1985ല്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ശുഭാംശു ജനിച്ചത്. വീട്ടിലെ മൂന്ന് കുട്ടികളിലെ ഏറ്റവും മുതിര്‍ന്നവനായിരുന്നു ശുഭാംശു. നിധി, സുചി എന്നിവരാണ് സഹോദരികളായ മറ്റ് രണ്ടുപേര്‍. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുകയായിരുന്ന പിതാവ് ശംഭു ദയാല്‍ ശുക്ലയും മാതാവ് ആശ ശുക്ലയും കടുത്ത ചിട്ടകളോടെയാണ് മക്കളെ വളര്‍ത്തിയത്. അതിനാല്‍ തന്നെ അച്ചടക്കമുള്ള പെരുമാറ്റ രീതികള്‍ ചെറുപ്പത്തിലേ തന്നെ മക്കള്‍ മൂവരും പിന്തുടര്‍ന്നുവന്നിരുന്നു. അലിഗഢിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ നിന്നാണ് ശുഭാംശു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിന് പുറമേ കായികാഭ്യാസങ്ങളില്‍ ചെറുപ്പം മുതല്‍ക്കേ ശുഭാംശുവിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. സ്‌കൂളിലും കോളേജിലും കായികമത്സരങ്ങളില്‍ മുന്‍പന്തിയിലെന്നും അവനുമുണ്ടായി. പഠനത്തിലെ മിടുക്കിനൊപ്പം ചെറുപ്പം മുതല്‍ക്കേ തന്നെ വിവിധ ഭാഷകളിലും ശുഭാംശുവിന് പ്രാവീണ്യം നേടി.
1999ലെ കാര്‍ഗില്‍ യുദ്ധത്തിനിടെയാണ് സൈന്യത്തില്‍ ചേരാനുള്ള കലശലായ ആഗ്രഹം ശുഭാംശുവിനുണ്ടാവുന്നത്. എന്നാല്‍ മാതാപിതാക്കള്‍ക്ക് അതില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. 2001ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കള്‍ക്ക് അത് അംഗീകരിച്ചില്ല. അതിനാല്‍ വീട്ടുകാര്‍ അറിയാതെയാണ് ശുഭാംശു നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരാനുള്ള പ്രവേശന പരീക്ഷ എഴുതുന്നത്. ആഗ്രഹം പോലെ തന്നെ ആ വര്‍ഷം ശുഭാംശുവിന് എന്‍.ഡി.എയില്‍ പ്രവേശനവും ലഭിച്ചു. കാഡറ്റ് ബേസിക് ട്രെയിനിങ്ങിനും മൂന്ന് വര്‍ഷ ബി.ടെക് കോഴ്‌സും അക്കാദമിയില്‍ പൂര്‍ത്തിയാക്കി. അക്കാദമിയിലെ കടുത്ത പരിശീലനവും പഠനവും ഒരു സൈനികനാവുക എന്നതിനപ്പുറമുള്ള ചിന്തകളിലേക്കാണ് ശുഭാംശുവിനെ കൊണ്ടെത്തിച്ചത്. വ്യോമയാനരംഗത്തോടുള്ള മോഹം അവനില്‍ വളര്‍ന്നതും അക്കാദമിയില്‍ നിന്നാണ്. അതിനാല്‍ ഏവിയേഷനില്‍ തുടര്‍പഠനം നടത്താമെന്ന് അവന്‍ തീരുമാനിച്ചു.
2006ല്‍ എവിയേഷന്‍ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശുഭാംശുവിനെ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന വിഭാഗത്തിലേക്ക് കമ്മീഷന്‍ ചെയ്തു. ഫ്‌ളയിങ് ഓഫീസറായിട്ടായിരുന്നു നിയമനം. സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും ശക്തമായ വിമാനങ്ങളിലെ മിഗ് -21, മിഗ് -29, എസ്.യു -30 എംകെഐ, ഡോര്‍ണിയര്‍, ഹോക്ക്, എഎന്‍-32 തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള ചുമതല ശുഭാംശുവിന് ലഭിച്ചു. ഓരോ യുദ്ധവിമാനങ്ങളും നിയന്ത്രിച്ചതിലൂടെയാണ് കടുത്ത സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് ശുഭാംശു സ്വായത്തമാക്കിയത്. വിവിധ വിമാനങ്ങളിലായി 2000 മണിക്കൂര്‍ പറന്നതിന്റെ പരിചയമാണ് അദ്ദേഹത്തിനുള്ളത്. 2019ല്‍ വിങ് കമാന്‍ഡറായി ശുഭാംശുവിന് സ്ഥാനക്കയറ്റം ലഭിച്ചു. കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവി ശുഭാംശുവിലെ നേതൃപാടവത്തെ പരുവപ്പെടുത്തി.

ശുഭാംശുവും ഇന്ത്യയുടെ ഗഗന്‍യാനും
വിങ് കമാന്‍ഡറായി ചുമതലയേറ്റ 2019ല്‍ തന്നെയാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി ഇന്ത്യ അന്വേഷണം ആരംഭിച്ചത്. ആയിരക്കണക്കിന് പേര്‍ അപേക്ഷിച്ചതില്‍ നിന്ന് ശുഭാംശു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് മെഡിസിന്‍ ആയിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്തിയത്. സൈനികസേവന ചരിത്രവും ദൃഢനിശ്ചയവും അനുഭവസമ്പത്തുമാണ് ഇന്ത്യയുടെ നിര്‍ണായക ബഹിരാകാശ ദൗത്യത്തിലേക്ക് ശുഭാംശുവിനെ എത്തിച്ചത്. ശുഭാംശു ശുക്ല, പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് പുറമെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ് എന്നിവരെയാണ് മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിനായി ഐ.എ.എമ്മും ഇസ്രോയും ചേര്‍ന്ന് തിരഞ്ഞെടുത്തത്.
ബഹിരാകാശയാത്രയ്ക്ക് സജ്ജമാക്കാനായി തിരഞ്ഞെടുത്ത നാല് പേര്‍ക്ക് റോസ്‌കോസ്മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു അടിസ്ഥാന പരിശീലനം. 2020 ഫെബ്രുവരി പത്തിനാണ് പരിശീലനം ആരംഭിച്ചത്. ഇസ്രോയും റഷ്യയുടെ വിക്ഷേപ സേവനസ്ഥാപനമായ ഗ്ലാവ്കോസ്മോസും തമ്മില്‍ 2019 ജൂണിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കിയത്.
2021ല്‍ ഈ പരിശീലനം പൂര്‍ത്തിയാക്കിയ നാല് പേരും ഇന്ത്യയിലേക്ക് തിരിച്ചെത്തി ബെംഗളൂരുവിലെ ആസ്‌ട്രോണറ്റ് ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനേര്‍പ്പെട്ടു. ഈ കാലയളവിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ശുഭാംശു എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷം 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഗഗന്‍യാന്‍ സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ത്യയുടെ പ്രഥമസഞ്ചാര പേടകപദ്ധതിയാണ് ഗഗന്‍യാന്‍. 2018 ലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയത്. 2021 ഡിസംബറില്‍ പേടകം വിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് കാരണം വൈകി. 2025 അവസാനം നടക്കുന്ന റോബോ മിഷനോടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരീക്ഷണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമമിത്ര എന്നാണ് ക്രൂ ഇല്ലാത്ത പരീക്ഷണത്തിനായി ഇസ്രോ വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേര്. 201.93 ബില്ല്യണ്‍ ആണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന് ശേഷം 2040 ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഒപ്പം ഇന്ത്യയുടെ സ്വന്തം സ്‌പേസ് സ്റ്റേഷനായ ഭാരത് അന്തരീക്ഷ് നിര്‍മിക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. 2035 ആണ് ഇത് പൂര്‍ത്തിയാക്കാനായി കണക്കാക്കിയ കാലയളവ്.

നാസയുടെ ആക്‌സിയം മിഷനിലെ ഇന്ത്യക്കാരന്‍
40 വര്‍ങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയാണ്. ആക്‌സിയം മിഷന്‍-4 അഥവാ ആക്‌സ്- 4 എന്നാണ് ദൗത്യത്തിന്റെ പേര്. ഇന്ത്യയുടെ ഇസ്രോ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ഹംഗേറിയന്‍സ് ടു ഓര്‍ബിറ്റ് പ്രോഗ്രാം (hunor), എന്നീ ഏജന്‍സികള്‍ സംയുക്തമായാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ബഹിരാകാശരംഗത്തെ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് (39) അവസരം ലഭിച്ചത്.
ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും ബഹിരാകാശ യാത്രയ്ക്കായി നാല് വര്‍ഷങ്ങള്‍ നീണ്ട പരിശീലനമാണ് ശുഭാംശു ശുക്ലയുള്‍പ്പെടുന്ന സംഘത്തിന് ലഭിച്ചിരുന്നത്. ഇതിനു പുറമേ സംഘത്തിലുള്‍പ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്കും ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനും ആക്സിയം-4 ദൗത്യത്തിന് വേണ്ടി എട്ടാഴ്ച അധിക പരിശീലനവും ലഭിച്ചിട്ടുണ്ട്.
ശുക്ലയ്ക്ക് പുറമെ പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നും യുഎസ്സില്‍ നിന്നുമായി മൂന്ന് പേര്‍കൂടി ദൗത്യത്തിലുണ്ടാവും. 14 ദിവസമാണ് ആക്സിയം-4 പേടകം നിലയത്തില്‍ തങ്ങുക. സഞ്ചാരികള്‍ക്ക് പുറമെ നിലയത്തിലേക്ക് വേണ്ട സാധന സാമഗ്രികളും പേടകത്തിലുണ്ടാവും. പൈലറ്റ് ശുഭാംശു ശുക്ലയ്ക്ക് പുറമെ അമേരിക്കയുടെ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്ടണ്‍, പോളണ്ടില്‍ നിന്ന് മിഷന്‍ സ്‌പെഷ്യലിസ്റ്റ് സ്ലവോസ് ഉസ്‌നാസ്‌കി വിസ്‌നീസ്‌കി, ഹംഗറിയില്‍ നിന്ന് ടിപോര്‍ കാപു എന്നിവരാണ് ദൗത്യത്തിലെ അംഗങ്ങള്‍. യുഎസ് ഒഴികെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ ദൗത്യവും 40 വര്‍ഷത്തിനിടെയുള്ള, സര്‍ക്കാര്‍ പിന്തുണയുള്ള രണ്ടാമത്തെ മനുഷ്യദൗത്യം കൂടിയാണ് ആക്‌സിയം-4. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഹംഗറിയില്‍ നിന്നുള്ള ജൂലചെറെല്‍നിയുമാണ് ദൗത്യത്തിലെ ബാക്ക് അപ് അംഗങ്ങള്‍. നിശ്ചയിച്ച നാല് പേരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ ഇവരിലൊരാള്‍ക്ക് ദൗത്യത്തിലേക്ക് അവസരം ലഭിക്കും. 14 ദിവസം നീണ്ടുനിൽക്കുന്നതാകും ദൗത്യം.
ആക്‌സിയം-4 ദൗത്യവും ലക്ഷ്യങ്ങളും
അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌പേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ആക്‌സിയം. ഇവരുടെ നാലാമത്തെ ദൗത്യമാണ് ആക്‌സിയം-4 അഥവാ ആക്‌സ്-4. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ എന്ന പേടകമാണ് ആ ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരിച്ച് ഭൂമിയിലേക്കും എത്തിക്കുന്ന തരത്തില്‍ പുനരുപയോഗിക്കാവുന്ന ഒരു ബഹിരാകാശ പേടകമാണ് സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍. ആക്‌സിയം നടത്തിയ മൂന്ന് ദൗത്യങ്ങള്‍ക്ക് ശേഷമാണ് നാല് രാജ്യങ്ങളുമായും നാസ, ഇസ്രോ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് ആക്‌സിയത്തിന്റെ നാലാമത് ദൗത്യം. 14 ദിവസത്തെ ദൗത്യമാണ് ആക്‌സിയം 4 ലക്ഷ്യമിടുന്നത്.
പ്രധാന ലക്ഷ്യങ്ങള്‍ ഇവ
- വാണിജ്യ ബഹിരാകാശ സംരംഭങ്ങള്‍: ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ (LEO) ബഹിരാകാശ ടൂറിസം പോലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിശോധിക്കല്‍. ബിസിനസ്സിനും ഗവേഷണത്തിനുമുള്ള കേന്ദ്രങ്ങളായി ബഹിരാകാശ നിലയങ്ങളെ ഉപയോഗപ്പെടുത്താമോ എന്ന് പരിശോധിക്കും.
- അന്താരാഷ്ട്ര സഹകരണം: ബഹിരാകാശ പര്യവേഷണത്തില്‍ ആഗോള സഹകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ദൗത്യം നടത്തുക. അതിനായാണ് യുഎസ്സിന് പുറമേ ഇന്ത്യയുടേയും പോളണ്ടിന്റേയും ഹംഗറിയുടേയും സഹകരണം തേടിയത്.
- ബഹിരാകാശ പഠനത്തില്‍ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംയുക്ത ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
- ഗവേഷണവും വികസനവും: സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിലെ പരീക്ഷണങ്ങളെ പിന്തുണയ്ക്കല്‍. ഇതില്‍ മെറ്റീരിയല്‍ സയന്‍സ്, ബയോളജി, ഭൂമി നിരീക്ഷണം എന്നിവ ഗവേഷണ മേഖലകളില്‍ ഉള്‍പ്പെടുന്നു.
- ഇതിനു പുറമേ സ്വതന്ത്രമായ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ദൗത്യം ലക്ഷ്യമിടുന്നുണ്ട്.
ശുഭാംശുവിന്റെ യാത്രയ്ക്ക് പിന്നിലുണ്ട് മറ്റ് ലക്ഷ്യങ്ങള്‍
ആക്സിയം 4 ദൗത്യത്തിനൊരുങ്ങുന്ന ശുഭാംശു ശുക്ലയ്ക്ക് ലഭിക്കാന്‍ പോവുന്ന അനുഭവസമ്പത്തും പരിചയവും ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് ഇസ്രോ കരുതുന്നത്. ഇക്കാര്യങ്ങള്‍ ഐഎസ്ആര്‍ഒ മുൻ മേധാവി എസ്. സോമനാഥ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ക്കപ്പുറം നിരവധി ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്ന പ്രക്രിയ അനവധി കാര്യങ്ങള്‍ പഠിക്കാനുള്ള വലിയൊരു അവസരമാണ്. മനുഷ്യനെ ബഹിരാകാശത്ത് അയക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍. ഈ ദൗത്യത്തിന് ശുക്ലയുടെ അനുഭവങ്ങള്‍ നേട്ടമാവുമെന്ന് സോമനാഥ് പറയുന്നു. നിലയത്തിലേക്ക് പറക്കല്‍, പേടകത്തിനുള്ളിലെ യാത്ര, ഐഎസ്എസിലേക്കുള്ള പ്രവേശനം, അന്താരാഷ്ട്ര ക്രൂ അംഗങ്ങള്‍ക്കൊപ്പമുള്ള ജോലി എന്നിവയെല്ലാം അവര്‍ക്ക് പഠന അനുഭവങ്ങള്‍ നല്‍കും. അവ നമ്മുടെ സ്വന്തം ദൗത്യത്തിന് എങ്ങനെ തയ്യാറാവണം എന്ന് അറിയാന്‍ സാധിക്കുമെന്ന് എസ്. സോമനാഥ് പറഞ്ഞു.
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടിയുള്ള അനുഭവ പരിചയം നേടിയെടുക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ മുഖ്യമായും ലക്ഷ്യമിടുന്നത്. ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തല്‍ കൂടിയാവുകയാണ് ആക്‌സിയം ദൗത്യവും ഇന്ത്യയുടെ ശുഭാംശു ശുക്ലയും.
Content Highlights: From a childhood dream fueled by the Kargil War to becoming India`s Gaganyaan astronaut, Shubhanshu
Published: 25 Jun 2025, 11:55 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented